Movie prime

ലോകം ചലിച്ചുതുടങ്ങി, ചലച്ചിത്രമേളകളിലൂടെ

Film Festival കോവിഡ് കാല നിശ്ചലതയെ മറികടന്ന് ഫിലിം ഫെസ്റ്റിവൽ സർക്യൂട്ട് സജീവമായി തുടങ്ങി. ഗോവൻ മേളയുടെ വിജയം പകർന്ന ആത്മവിശ്വാസത്തിലാണ് ഇത്തവണത്തെ തിരുവനന്തപുരം മേള നടന്നത്. തലസ്ഥാനത്തിനു പുറമെ കൊച്ചിയിലും തലശ്ശേരിയിലും പാലക്കാടും മേള സംഘടിപ്പിക്കപ്പെട്ടു. വികേന്ദ്രീകൃത രീതിയിൽ പലയിടങ്ങളിലായി സംഘടിപ്പിച്ചിട്ടും മേള വിജയമായെന്ന വിലയിരുത്തലിലാണ് ചലച്ചിത്ര അക്കാദമി. തിരുവനന്തപുരം മേളയിൽ നിന്ന് ഊർജം ഉൾക്കൊണ്ട് തൃശൂരിലടക്കം മേള നടക്കാനിരിക്കുകയാണ്. അകലം പാലിച്ചും അടുപ്പം കൂട്ടാം എന്ന ന്യൂ നോർമൽ ദർശനം മുന്നോട്ടുവെച്ചു കൊണ്ടാണ് More
 
ലോകം ചലിച്ചുതുടങ്ങി, ചലച്ചിത്രമേളകളിലൂടെ

Film Festival
കോവിഡ് കാല നിശ്ചലതയെ മറികടന്ന് ഫിലിം ഫെസ്റ്റിവൽ സർക്യൂട്ട് സജീവമായി തുടങ്ങി. ഗോവൻ മേളയുടെ വിജയം പകർന്ന ആത്മവിശ്വാസത്തിലാണ് ഇത്തവണത്തെ തിരുവനന്തപുരം മേള നടന്നത്. തലസ്ഥാനത്തിനു പുറമെ കൊച്ചിയിലും തലശ്ശേരിയിലും പാലക്കാടും മേള സംഘടിപ്പിക്കപ്പെട്ടു. വികേന്ദ്രീകൃത രീതിയിൽ പലയിടങ്ങളിലായി സംഘടിപ്പിച്ചിട്ടും മേള വിജയമായെന്ന വിലയിരുത്തലിലാണ് ചലച്ചിത്ര അക്കാദമി. തിരുവനന്തപുരം മേളയിൽ നിന്ന് ഊർജം ഉൾക്കൊണ്ട് തൃശൂരിലടക്കം മേള നടക്കാനിരിക്കുകയാണ്. അകലം പാലിച്ചും അടുപ്പം കൂട്ടാം എന്ന ന്യൂ നോർമൽ ദർശനം മുന്നോട്ടുവെച്ചു കൊണ്ടാണ് കോവിഡ് കാലത്തെ അന്താരാഷ്ട്ര ചലച്ചിത്ര മേളകൾ അരങ്ങേറുന്നത്. ഈ സാഹചര്യത്തിൽ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലൂടെ പ്രേക്ഷക അംഗീകാരവും നിരൂപക പ്രശംസയും പിടിച്ചു പറ്റിയ ഏതാനും ചലച്ചിത്രങ്ങളെ ഇവിടെ പരിചയപ്പെടുത്തുകയാണ്. Film Festival

കോൾഡ് വാർ

അടുത്ത കാലത്ത് ഫെസ്റ്റിവൽ സർക്യൂട്ടിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട പോളിഷ് ഫ്രഞ്ച് ചിത്രമാണ് കോൾഡ് വാർ. പാവേൽ പവ്ലികോവ്സ്കിയാണ് സംവിധാനം.

ലോകം ചലിച്ചുതുടങ്ങി, ചലച്ചിത്രമേളകളിലൂടെ

1950-കളിലെ പോളണ്ടാണ് സിനിമ ചിത്രീകരിക്കുന്നത്. രണ്ടാം ലോക മഹായുദ്ധാനന്തര കാലം. വിക്ടറും ഐറീനയും ഉൾപ്പെട്ട സംഘം സ്റ്റേറ്റ് സ്പോൺസേഡ് ഫോക് മ്യൂസിക് എൻസെമ്പിളിനായി ഓഡിഷൻ നടത്തുകയാണ്. വ്യാജ കർഷക ഐഡന്റിറ്റിയിൽ അവിടെ എത്തിയ, പിതാവിനെ ആക്രമിച്ച കുറ്റത്തിന് ജയിലിൽ കഴിഞ്ഞ സുല എന്ന സുന്ദരിയായ യുവതി വിക്ടറിൻ്റെ ശ്രദ്ധ പിടിച്ചുപറ്റുന്നു. വിക്ടറും സുലയും പെട്ടന്നു തന്നെ അടുക്കുന്നു. ട്രൂപ്പിൻ്റെ
പ്രകടനങ്ങളിൽ കമ്മ്യൂണിസ്റ്റ്- സ്റ്റാലിനിസ്റ്റ് അനുകൂല പ്രൊപ്പഗാൻഡ ഉൾപ്പെടുത്താൻ വിക്ടറിനും ഐറിനയ്ക്കും ബ്യൂറോക്രാറ്റുകളുടെ ഭാഗത്തു നിന്നും സമ്മർദം ഉണ്ടാവുന്നു. ഈസ്റ്റേൺ ബ്ലോക്കിൽ മുഴുവൻ പര്യടനം നടത്താനുളള അവസരമാണ് ട്രൂപ്പിന് അതുവഴി ലഭിക്കുക. വിക്ടറും ഐറീനയും ഇതിനെ എതിർക്കുന്നു. പക്ഷേ കരിയറിസ്റ്റും അവസരവാദിയുമായ കാസ്മറെക് അനുകൂലിക്കുന്നു. തീരുമാനത്തിൽ പ്രതിഷേധിച്ച് ഐറീന ട്രൂപ്പ് വിടുന്നു. കാസ്‌മറെക്കിനും സുലയോട് താത്പര്യമുണ്ട്. വിക്ടറിനെതിരെ ചാരപ്പണി നടത്താൻ അയാൾ അവളെ സമ്മർദത്തിലാക്കുന്നു. എന്നാൽ വിക്ടറിനെ അപകടത്തിലാക്കുന്ന വിവരങ്ങൾ നൽകാൻ സുല തയ്യാറാവുന്നില്ല. ട്രൂപ്പ്
കിഴക്കൻ ബെർലിനിൽ പര്യടനം നടത്തുമ്പോൾ സുലയ്‌ക്കൊപ്പം പടിഞ്ഞാറോട്ട് പലായനം ചെയ്യാൻ വിക്ടർ പദ്ധതിയിടുന്നു. പക്ഷേ വിക്ടറുമായുള്ള കൂടിക്കാഴ്ചയിൽ സുല പരാജയപ്പെടുന്നതിനാൽ വിക്ടർ ഒറ്റയ്ക്ക് അതിർത്തി കടക്കുന്നു. പിന്നീട് വർഷങ്ങൾക്കുശേഷം, പാരീസിലെ ഒരു ജാസ് ക്ലബ്ബിൽ വെച്ച് ഇരുവരും കണ്ടുമുട്ടുന്നു.

88 മിനിറ്റ് ദൈർഘ്യമുള്ള ഈ പോളിഷ് ഫ്രഞ്ച് ചിത്രം തിരക്കഥ, സംവിധാനം, അഭിനയം, ഛായാഗ്രഹണം ഉൾപ്പെടെ സിനിമയുടെ എല്ലാ വിഭാഗങ്ങളിലും മികവ് പുലർത്തുന്നുണ്ട്. മികച്ച വിദേശഭാഷാ ചിത്രത്തിനും തിരക്കഥയ്ക്കും സംവിധാനത്തിനുമുള്ള അക്കാദമി, ബാഫ്റ്റ നോമിനേഷനുകൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. സുല എന്ന കഥാപാത്രത്തെഅവതരിപ്പിച്ച പോളിഷ് നടിയും ഗായികയുമായ യോവന്ന കൂളിഗിന് യുറോപ്യൻ ഫിലിം അവാർഡിൽ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു. ഐഡ, ലവിങ്ങ് വിൻസൻ്റ് തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറ ചെയ്ത ലൂക്കസ് സിയാൽ ആണ് കോൾഡ് വാറിൻ്റെ ഛായാഗ്രാഹകൻ.

ലവിങ് പാബ്ലോ

ലോകം ചലിച്ചുതുടങ്ങി, ചലച്ചിത്രമേളകളിലൂടെ

1983-1987 കാലഘട്ടം. കൊളംബിയൻ മയക്കുമരുന്ന് കള്ളക്കടത്തുകാരനും നാർകോ ടെററിസ്റ്റ് എന്ന് കുപ്രസിദ്ധനുമായിരുന്ന പാബ്ലോ എസ്കോബാർ കൊളംബിയൻ പത്രപ്രവർത്തകയും ടെലിവിഷൻ അവതാരകയുമായ വെർജീനിയ വലെഹോയു മായി പുലർത്തിയ പ്രണയബന്ധമാണ് ലവിങ് പാബ്ലോയുടെ പ്രമേയം.

വെർജീനിയ വലേഹോയുടെ ഓർമക്കുറിപ്പായ ‘ലവിംഗ് പാബ്ലോ, ഹേറ്റിംഗ് എസ്‌കോബാർ’ എന്ന കൃതിയെ അധികരിച്ച് ഫെർണാണ്ടോ ലിയോൺ ഡി അരനോവ സംവിധാനം ചെയ്ത ഇംഗ്ലീഷ് ചിത്രമാണ് ലവിംഗ് പാബ്ലോ. മികച്ച നടനുള്ള അക്കാദമി അവാർഡ് ആദ്യമായി നേടിയ പ്രശസ്ത നടൻ ഹാവിയെയ് ബാർഡം ആണ് എസ്കോബാറായി വേഷമിടുന്നത്. വെർജീനിയയായി അദ്ദേഹത്തിൻ്റെ ഭാര്യ കൂടിയായ പെനലപി ക്രൂസാണ് അഭിനയിക്കുന്നത്.

ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലൂടെ കാനിലും മികച്ച നടനുള്ള പുരസ്കാരം നേടിയ ബാർഡമിൻ്റെ മികച്ച പ്രകടനമാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്. വെനീസ്, ടൊറന്റോ ഉൾപ്പെടെ ലോകത്തെ പ്രമുഖ മേളകളിൽ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്.

എസ്കേപ്പ് ഫ്രം പ്രിട്ടോറിയ

ലോകം ചലിച്ചുതുടങ്ങി, ചലച്ചിത്രമേളകളിലൂടെ

ഫ്രാൻസിസ് ആനൻ സംവിധാനം ചെയ്ത ഇംഗ്ലിഷ് സിനിമയാണ് എസ്കേപ്പ് ഫ്രം പ്രിട്ടോറിയ.

1979. ദക്ഷിണാഫ്രിക്കയിൽ വർണ്ണവിവേചനത്തിനെതിരെ പൊരുതുന്ന വെള്ളക്കാരായ ദക്ഷിണാഫ്രിക്കക്കാരാണ് ടിം ജെൻകിനും സ്റ്റീഫൻ ലീയും. അവർ അറസ്റ്റിലാവുകയും വിചാരണ നേരിടുകയുമാണ്. ജെൻകിന് പന്ത്രണ്ട് വർഷവും ലീക്ക് എട്ട് വർഷവുമാണ് ശിക്ഷ. കോടതിമുറിയിൽ ലീ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രിട്ടോറിയ ജയിലിലേക്കാണ് ഇരുവരേയും കൊണ്ടുപോകുന്നത്. വർണ്ണവിവേചനത്തിനെതിരായ പോരാട്ടങ്ങളുടെ പേരിൽ നാല് ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന പഴയ രാഷ്ട്രീയ തടവുകാരനായ ഡെനിസ് ഗോൾഡ്ബെർഗിനെ അവർ ജയിലിൽവെച്ച് കണ്ടുമുട്ടുന്നു. അയാൾ അവരെ ജയിൽ ചാടാനുള്ള കയറുകൾ കാണിക്കുന്നുണ്ടെങ്കിലും രക്ഷപ്പെടാൻ ശ്രമിക്കുന്നതിൽ നിന്നും നിരുത്സാഹപ്പെടുത്തുകയാണ്.

കൗമാരകാലത്തെ ഹാരി പോട്ടർ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ഡാനിയൽ റാഡ് ക്ലിഫാണ് ടിം ജെൻകിൻ്റെ വേഷത്തിൽ.ഡാനിയൽ വെബർ സ്റ്റീഫൻ ലീ ആയും ഇയാൻ ഹാർട് ഡെന്നിസ് ഗോൾഡ് ബെർഗ് ആയും വേഷമിടുന്നു.

2003-ൽ പുറത്തിറങ്ങിയ ടിം ജെൻകിൻ്റെ ഇൻസൈഡ് ഔട്ട്: എസ്കേപ്പ് ഫ്രം പ്രിട്ടോറിയ പ്രിസൺ എന്ന കൃതിയാണ് സിനിമയ്ക്കാധാരം. ദക്ഷിണാഫ്രിക്കൻ ജയിലിൽ അടയ്ക്കപ്പെട്ട മൂന്ന് രാഷ്ട്രീയത്തടവുകാരുടെ യഥാർഥ ജയിൽ ചാട്ടമാണ് സിനിമ ചിത്രീകരിക്കുന്നത്.

ബീൻപോൾ

കൻ്റമിർ ബലാഗൊവ് സംവിധാനം ചെയ്ത റഷ്യൻ ചിത്രമാണ് ബീൻപോൾ.

1945. ലെനിൻഗ്രാഡ്. രണ്ടാം ലോകമഹായുദ്ധം നഗരത്തെ തകർത്തു. കെട്ടിടങ്ങൾ നിലംപൊത്തി. ശാരീരികമായും മാനസികമായും തകർക്കപ്പെട്ട നിലയിലാണ് നഗരവാസികൾ. ഇതിനിടയിലും രണ്ട് യുവതികൾ അവശിഷ്ടങ്ങൾക്കിടയിൽ തങ്ങളുടെ ജീവിതം പുനർനിർമിക്കാനുള്ള പോരാട്ടത്തിലാണ്. ജീവിതത്തിൻ്റെ അർഥവും പ്രത്യാശയുമാണ് ഇരുവരും തേടുന്നത്.

ലോകം ചലിച്ചുതുടങ്ങി, ചലച്ചിത്രമേളകളിലൂടെ

യുദ്ധം അവസാനിച്ചതിന് തൊട്ടുപിന്നാലെ ലെനിൻഗ്രാഡിലാണ് ചിത്രം ആരംഭിക്കുന്നത്. രണ്ട് സ്ത്രീകളെ കേന്ദ്രീകരിച്ചാണ് ചിത്രം മുന്നേറുന്നത്. ‘ബീൻപോൾ’ എന്ന് വിളിപ്പേരുള്ള ഇയ സെർഗുവേവയും(വിക്ടോറിയ മിറോഷ്നിചെങ്കോ), മാഷയും (വാസിലിസ പെരെലിഗന) ആണ് ഇവർ. കൂട്ടത്തിൽ നല്ല ഉയരമുള്ള സുന്ദരിയായ സ്ത്രീയാണ് ബീൻപോൾ. ഡോ. നിക്കോളായ് ഇവാനോവിച്ചിൻ്റെ (ആൻഡ്രി ബൈക്കോവ്) കീഴിൽ ഒരു ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്നതിനിടയിൽ ഇയയ്ക്ക് പിടിഎസ്ഡി ബാധിക്കുന്നു. മകൻ പഷ്കയെ ഒരു കമ്മ്യൂണിറ്റി അപ്പാർട്ട്മെന്റിൽ പരിചരിക്കുകയാണ് ഇയ. എന്നാൽ കുട്ടിക്കൊപ്പം കളിക്കുന്നതിനിടെ രോഗം ബാധിക്കുന്ന ഇയ ആകസ്മികമായി അവനെ ശ്വാസം മുട്ടിച്ച് കൊല്ലുന്നു. മടങ്ങിയെത്തുന്ന മാഷ, പഷ്കയെ തിരക്കുന്നു. പഷ്ക ഇയയുടെ കുട്ടിയല്ല, മറിച്ച് മാഷയുടെ കുട്ടിയാണെന്ന യാഥാർഥ്യമാണ് പുറത്തു വരുന്നത്. യുദ്ധസമയത്താണ് മാഷ പഷ്കയ്ക്ക് ജന്മം നൽകിയത്. അകലെയായിരിക്കുമ്പോൾ സുരക്ഷിതത്വത്തിനായി ഇയയെ ഏൽപ്പിക്കുകയായിരുന്നു. പഷ്കയെ തിരികെ ചോദിക്കുന്ന മാഷ ഇയയുടെ പെരുമാറ്റത്തിൽ നിന്ന് കുഞ്ഞ് മരിച്ചുവെന്ന് ശരിയായി ഊഹിക്കുന്നു.

നെവർ റെയർലി സംടൈംസ് ഓൾവെയ്സ്

എലിസ ഹിറ്റ്മാനാണ് ചിത്രം സംവിധാനം ചെയ്തത്.

ലോകം ചലിച്ചുതുടങ്ങി, ചലച്ചിത്രമേളകളിലൂടെ

17 കാരിയായ ഓട്ടം താൻ ഗർഭിണിയാണെന്ന് സംശയിക്കുന്നു. ക്രൈസിസ് പ്രഗ്നൻസി സെൻ്ററിലേക്കാണ് അവൾ പോകുന്നത്. പരിശോധനയിൽ അവൾ 10 ആഴ്ച ഗർഭിണിയാണെന്ന് സ്ഥിരീകരിക്കുന്നു. തുടർന്ന് അവൾ അഡോപ്ഷനെ കുറിച്ച് വായിക്കുകയും ഗർഭച്ഛിദ്ര വിരുദ്ധ വീഡിയോ കാണുകയും ചെയ്യുന്നു. മാതാപിതാക്കളുടെ അനുമതിയില്ലാതെ പെൻ‌സിൽ‌വാനിയയിൽ ഗർഭച്ഛിദ്രം നടത്താൻ കഴിയില്ലെന്ന് അറിയുന്നതോടെ ഗുളികകൾ വിഴുങ്ങിയും വയറ്റിലടിച്ചും ഗർഭം അലസിപ്പിക്കാൻ അവൾ ശ്രമിക്കുന്നു. പരാജയപ്പെടുമ്പോൾ താൻ ഗർഭിണിയാണെന്ന വിവരം കസിൻ സ്കൈലറോട് പറയുന്നു. താൻ ജോലി ചെയ്യുന്ന പലചരക്ക് കടയിൽ നിന്ന് പണം മോഷ്ടിക്കുന്ന സ്കൈലർ, ഗർഭിണിയെയും കൊണ്ട് ന്യൂയോർക്ക് നഗരത്തിലേക്ക് പുറപ്പെടുന്നു.

മികച്ച ചിത്രത്തിനും നടിക്കും തിരക്കഥയ്ക്കും ഛായാഗ്രഹണത്തിനുമുള്ള നിരവധി പുരസ്കാരങ്ങൾ ചിത്രം നേടിയിട്ടുണ്ട്. അമേരിക്കൻ നടിയും ഗായികയും ഗാന രചയിതാവുമായ സിഡ്നി ഫ്ലാനിഗനാണ് ഗർഭിണിയായ കൗമാരക്കാരിയുടെ വേഷത്തിൽ. കനേഡിയൻ നടി തിയഡോർ പെല്ലെറിൻ സ്കൈലറായും അമേരിക്കൻ താരം റിയാൻ ജെയിംസ് എഗോൾഡ് ടെഡ് ആയും അഭിനയിക്കുന്നു. പ്രശസ്ത ഫ്രഞ്ച് ക്യാമറാവുമൺ എലൻ ലുവാ ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിച്ചിട്ടുള്ളത്.

മിനാരി

ലോകം ചലിച്ചുതുടങ്ങി, ചലച്ചിത്രമേളകളിലൂടെ

കൊറിയൻ അമേരിക്കക്കാരായ യി കുടുംബം കാലിഫോർണിയയിൽ നിന്ന് ഗ്രാമീണ അർക്കൻസാസിലെ അവരുടെ പുതിയ സ്ഥലത്തേക്ക് താമസം മാറ്റുന്നു. ഡാളസിലെ വ്യാപാരികൾക്ക് വിൽക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ കൊറിയൻ ഉത്പന്നങ്ങൾ കൃഷി ചെയ്യാനാണ് ജേക്കബിൻ്റെ ശ്രമം. വാട്ടർ ഡിവൈനറുടെ സേവനം നിരസിക്കുകയാണ് അദ്ദേഹത്തിന്റെ ആദ്യ തീരുമാനങ്ങളിലൊന്ന്. സ്വന്തമായി കണ്ടെത്തിയ സ്ഥലത്ത് ജേക്കബ് കിണർ കുഴിക്കുന്നു. പ്രദേശവാസിയും കൊറിയൻ യുദ്ധവിദഗ്ധനുമായ പൗലോസിന്റെ സഹായമാണ് അയാൾ തേടുന്നത്. മുന്നിലുള്ള ജീവിതത്തെക്കുറിച്ച് ജേക്കബിന് ശുഭാപ്തി വിശ്വാസമുണ്ട്. എന്നാൽ ഭാര്യ മോണിക്ക നിരാശയാണ്. മകൻ ഡേവിഡിന്റെ ഹൃദയത്തെ കുറിച്ചാണ് അവൾ ആശങ്കപ്പെടുന്നത്. ജേക്കബും മോണിക്കയും അടുത്തുള്ള ഹാച്ചറിയിലാണ് ജോലി ചെയ്യുന്നത്. ഇളയ കുട്ടി ഡേവിഡും സഹോദരി ആനും അച്ഛനമ്മമാരുടെ തർക്കങ്ങളിൽ ദുഃഖിതരാണ്.

ഇരുവരും ജോലിക്കു പോകുന്ന പകൽസമയങ്ങളിൽ കുട്ടികളെ നോക്കാൻ മോണിക്കയുടെ അമ്മ സൂൺ-ജായെ ദക്ഷിണ കൊറിയയിൽ നിന്ന് വരുത്തുന്നു. അമ്മൂമ്മയുമായി മുറി പങ്കിടാൻ കുഞ്ഞു ഡേവിഡ് നിർബന്ധിതനാവുന്നു. ഡേവിഡിന് അവരെ തീരെ ഇഷ്ടമാവുന്നില്ല. ഒരു മുത്തശ്ശി എങ്ങനെയായിരിക്കണം എന്ന ഡേവിഡിൻ്റെ ആശയങ്ങളുമായി അവർ ഒരു വിധത്തിലും പൊരുത്തപ്പെടുന്നില്ല. എന്നിട്ടും, അമേരിക്കൻ ജീവിതവുമായി സമരസപ്പെടാനും കുട്ടികളുമായുള്ള ബന്ധം മെച്ചപ്പെടുത്താനും മുത്തശ്ശി
സൂൺ-ജാ ശ്രമിക്കുന്നു.

ബോങ് ജൂൻ ഹൊയുടെ പാരസൈറ്റ് എന്ന ചിത്രത്തിനു ശേഷം ആഗോള തലത്തിൽ ചർച്ച ചെയ്യപ്പെട്ട കൊറിയൻ ചിത്രമാണ് മിനാരി. ലീ ഐസക് ചങ് ആണ് സംവിധാനം. ഗോൾഡൻ ഗ്ലോബിൽ മികച്ച വിദേശഭാഷാ ചിത്രത്തിനുൾപ്പെടെയുള്ള പുരസ്കാരം സ്വന്തമാക്കി. ജേക്കബ് യി ആയി സ്റ്റീവൻ യെന്നും മോണിക്കയായി ഹൻ യെ-രി യും മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്.
ഇത്തവണത്തെ ഓസ്കർ പ്രതീക്ഷ കൂടിയാണ് മിനാരി.

സർ

ലോകം ചലിച്ചുതുടങ്ങി, ചലച്ചിത്രമേളകളിലൂടെ

ധനിക കുടുംബത്തിലെ വേലക്കാരിയായി ഗ്രാമത്തിൽ നിന്നും മുബൈ മഹാനഗരത്തിലെത്തുന്ന രത്ന എന്ന യുവതിയുടെ കഥയാണ് റൊഹീന ജെറയുടെ ‘ഈസ് ലവ് ഇനഫ് സർ’ എന്ന ഹിന്ദി ചിത്രം പറയുന്നത്. എഴുത്തുകാരൻ ആവണമെന്ന മോഹം പാതിവഴിയിൽ ഉപേക്ഷിച്ച് ന്യൂയോർക്കിൽ നിന്നും അടുത്തിടെയാണ് അശ്വിൻ മുംബൈയിൽ തിരിച്ചെത്തുന്നത്. ഫാഷൻ ഡിസൈനറാവണം എന്നാണ് രത്നയുടെ ആഗ്രഹം. പഠനം പോലും പൂർത്തിയാക്കാതെ, സ്വന്തം ആഗ്രഹ പ്രകാരമല്ലാതെ പത്തൊമ്പതാം വയസ്സിൽ വിവാഹിതയായി നാലു മാസത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം വിധവയാകേണ്ടി വന്നവളാണ് രത്ന. പൂർത്തീകരിക്കാത്ത മോഹങ്ങളാണ് ഇരുവർക്കുമുള്ളത്. കാമുകി സബിനയുമായി തെറ്റിപ്പിരിയുന്ന അശ്വിൻ വീട്ടു ജോലിക്കാരിയായ രത്നയുമായി അടുക്കുന്നു. വിലക്കപ്പെട്ട ബന്ധമാണ് അവരുടേത്.

മൺസൂൺ വെഡ്ഡിങ്ങ്, എ ഡെത്ത് ഇൻ ദി ഗുഞ്ച്, കഡ്വി ഹവാ, അംഗ്രേസി മീഡിയം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ബംഗാളി അഭിനേത്രി തിലോത്തമ ഷോമും വിവേക് ഗോംബറുമാണ് മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. 99 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം ഹിന്ദി, മറാത്തി, ഇംഗ്ലിഷ് ഭാഷകൾ സംസാരിക്കുന്നു.

എക്സുർസാന്തെ

ലിത്വാനിയൻ ചലച്ചിത്ര പ്രതിഭ ഓഡ്രിയസ് ജൂസനാസ് സംവിധാനം ചെയ്ത ചിത്രമാണ് എക്സുർസാന്തെ അഥവാ ദി എസ്കർഷനിസ്റ്റ്.

ലോകം ചലിച്ചുതുടങ്ങി, ചലച്ചിത്രമേളകളിലൂടെ

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ബാൾട്ടിക് രാജ്യങ്ങളിൽനിന്ന് ജനങ്ങളെ
കൂട്ടത്തോടെ സോവിയറ്റ് യൂണിയന്റെ വിദൂര പ്രദേശങ്ങളിലേക്ക് നാടുകടത്തുന്നു. ഒരു ലക്ഷത്തിലധികം ലിത്വാനിയക്കാരെയാണ് സൈബീരിയയിലേക്ക് നാടുകടത്തിയത്. 10 വയസുകാരിയായ മരിയ ഭീഷണിയുടെയും ഭയപ്പാടിൻ്റെയും നിഴലിലാണ്. ഗർഭിണിയായ അമ്മയ്ക്കും മറ്റ് സ്ത്രീകൾക്കുമൊപ്പം തിരക്കേറിയ ചരക്ക് വണ്ടിയിൽ ഗുലാഗിലേക്കുള്ള യാത്രയിലാണ് ആ പെൺകുട്ടി. യാത്രാമധ്യേ അമ്മ മരിക്കുമ്പോൾ രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് മരിയ. 6000 കിലോമീറ്റർ ദൂരെയുള്ള ഗ്രാമത്തിലേക്ക് ഇതിഹാസ സമാനമായ യാത്രയാണ് അവൾ ആരംഭിക്കുന്നത്. അപകടങ്ങൾ പലതും വഴിയിൽ അവളെ കാത്തിരിക്കുന്നുണ്ട്. യഥാർഥ കഥയെ അടിസ്ഥാനമാക്കിയാണ് എസ്കുർസാന്തെ എന്ന ലിത്വാനിയൻ റോഡ് മൂവി ചെയ്തിരിക്കുന്നത്.

ഡൗൺഫോൾ

ലോകം ചലിച്ചുതുടങ്ങി, ചലച്ചിത്രമേളകളിലൂടെ

ഒലിവര്‍ ഹെഷ്ബിഗൽ സംവിധാനം ചെയ്ത ജർമൻ ചിത്രമാണ് ഡൗൺഫോൾ. ജർമൻ പത്രപ്രവർത്തകനായ യൊവാഹിം ഫെസ്റ്റിൻ്റെ ‘ഇൻസൈഡ് ഹിറ്റ്ലേഴ്സ് ബങ്കർ’ , ഹിറ്റ്ലറുടെ അവസാനത്തെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന ട്രൗഡ്ൽ യുങെയും ഓസ്ട്രിയൻ ജേണലിസ്റ്റും എഴുത്തുകാരിയും ആയ മെലിസ മുള്ളറും ചേർന്നെഴുതിയ ‘അൺടിൽ ദി ഫൈനൽ അവർ ‘ എന്നീ കൃതികളാണ് ചിത്രത്തിനാധാരം. ഹിറ്റ്ലറുടെയും

നാസിപ്പടയുടെയും അവസാന പത്തു ദിവസങ്ങളെ അദ്ദേഹത്തിൻ്റെ അവസാനത്തെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന യുവതിയുടെ കണ്ണിലൂടെയാണ് അവതരിപ്പിക്കുന്നത്. സ്വേച്ഛാധിപതിയുടെ അവസാന നാളുകളിലെ
ഉന്മാദാവസ്ഥയെ ഹിറ്റ്ലറായി വേഷമിട്ട ബ്രൂണോ ഗൻസ് അതിഗംഭീരമായി ആവിഷ്കരിക്കുന്നുണ്ട്.

റിലീസിന് മുമ്പും ശേഷവും ജർമൻ നിരൂപകർക്കിടയിൽ തർക്കവിഷയമായിരുന്നു ഡൗൺഫോൾ. പ്രവർത്തനങ്ങളോ പ്രത്യയശാസ്ത്രമോ വകവെയ്ക്കാതെ വികാരങ്ങളുള്ള ഒരു മനുഷ്യനായി ഹിറ്റ്‌ലറിനെ സിനിമയിൽ അവതരിപ്പിച്ചതിനെക്കുറിച്ചായിരുന്നു പ്രധാന വിമർശനം. ജർമനിയിൽ വലിയ രീതിയിലുള്ള രാഷ്ട്രീയ സംവാദങ്ങൾക്ക് ഈ സിനിമ കാരണമായി. ഹിറ്റ്ലറെന്ന രാക്ഷസനെ ഒരു മനുഷ്യനായി കാണിക്കാൻ പാടുണ്ടോ എന്ന തർക്കമാണ് സംവാദങ്ങളിൽ ഉയർന്നു വന്നത്. ഹിറ്റ്ലറുടെ ക്യാരക്റ്ററൈസേഷനെ പലരും തെറ്റായിട്ടാണ് മനസ്സിലാക്കിയതെന്നും മോശം ആളുകളെല്ലാം ദുഷ്ട രാക്ഷസന്മാരെപ്പോലെ നഖങ്ങളുമായി ചുറ്റിനടക്കുന്നില്ല എന്നുമായിരുന്നു സംവിധായകനായ ഹെഷ്ബിഗലിൻ്റെ മറുപടി. മുഖത്തെ പുഞ്ചിരിക്കൊപ്പം മറച്ചുവെച്ച നിലയിലാണ് തിന്മയും ഉള്ളതെന്ന് തിരിച്ചറിയുന്നവരാണ് ബുദ്ധിമാന്മാരെന്നും അദ്ദേഹം പറഞ്ഞു.

പെയ്ൻ ആൻഡ് ഗ്ലോറി

സ്പാനിഷ് ചലച്ചിത്രകാരൻ പെഡ്രോ അൽമദോവറിൻ്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രമാണ് പെയ്ൻ ആൻഡ് ഗ്ലോറി.

ലോകം ചലിച്ചുതുടങ്ങി, ചലച്ചിത്രമേളകളിലൂടെ

സ്പാനിഷ് ചലച്ചിത്രകാരൻ സാൽവദോർ മാല്ലോ സർഗാത്മക പ്രതിസന്ധികളുടെ നടുവിലാണ്. ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടുന്നുണ്ട്. പഴയ ചങ്ങാതി സുലെമായുടെ പ്രേരണയാൽ അയാൾ തന്റെ ആദ്യകാല ചിത്രമായ സെയ്ബറിലെ നായകൻ ആൽബർട്ടോ ക്രെസ്പോയെ സന്ദർശിക്കുന്നു. ഏതാണ്ട് മുപ്പതു കൊല്ലമായി അവർ തമ്മിൽ മിണ്ടിയിട്ട്. ക്രെസ്‌പോയുടെ മയക്കുമരുന്നുപയോഗം അയാളുടെ സർഗാത്മകതയെ ബാധിക്കുന്നതായുള്ള മാല്ലോയുടെ ആരോപണവും തുടർന്നുള്ള വഴക്കുമാണ് അവരെ പരസ്പരം അകറ്റിയത്. പുനഃസമാഗമ വേളയിൽ നടന്റെ പ്രേരണയിൽ സംവിധായകൻ ആദ്യമായി ഹെറോയിൻ ഉപയോഗിക്കുന്നു. അതോടെ ഭൂതകാലത്തെ നിരവധി ഓർമകൾ അയാളിലേക്ക് മടങ്ങിയെത്തുകയായി. അന്റോണിയോ ബാൻഡേരസിന്‌ കാനിൽ മികച്ച നടനുള്ള അംഗീകാരം നേടിക്കൊടുത്ത ചിത്രം.