Movie prime

നവീന ഭാവുകത്വമുള്ള സിനിമകൾ ഐ എഫ് എഫ് കെ യിൽ പോലും തഴയപ്പെടുന്നതായി ഡോ. ബിജു

പരീക്ഷണാത്മകവും രാഷ്ട്രീയ പ്രമേയങ്ങളുള്ളതുമായ സിനിമകളാണ് കാലം ആവശ്യപ്പെടുന്നതെന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഡോ. ബിജു. സംസ്ഥാന സർക്കാർ നടത്തുന്ന കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പോലും നവീന ഭാവുകത്വമുള്ള സിനിമകൾ തഴയപ്പെടുകയും മുഖ്യധാര കച്ചവട സിനിമകൾ സ്ഥാനം പിടിക്കുകയും ചെയ്യുന്നത് നല്ല സിനിമകളെ സ്നേഹിക്കുന്നവർക്ക് തിരിച്ചടിയാണെന്ന് ഡോ. ബിജു കുറ്റപ്പെടുത്തി. എട്ടാമത് ഓപ്പൺ ഫ്രെയിം അന്താരാഷ്ട്ര ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫിലിം സൊസൈറ്റികൾ പോലും അവരുടെ ദൗത്യം വിസ്മരിച്ച് രസിപ്പിക്കുന്ന സിനിമകളുടെ പക്ഷത്തേക്ക് മാറുകയാണ്. ക്ലാസിക് സിനിമകളെ ചലച്ചിത്രാസ്വാദകർക്ക് പരിചയപ്പെടുത്തിയ നിരൂപകന്മാർ More
 
നവീന ഭാവുകത്വമുള്ള സിനിമകൾ ഐ എഫ് എഫ് കെ യിൽ പോലും തഴയപ്പെടുന്നതായി ഡോ. ബിജു
പരീക്ഷണാത്മകവും രാഷ്ട്രീയ പ്രമേയങ്ങളുള്ളതുമായ സിനിമകളാണ് കാലം ആവശ്യപ്പെടുന്നതെന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഡോ. ബിജു. സംസ്ഥാന സർക്കാർ നടത്തുന്ന കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പോലും നവീന ഭാവുകത്വമുള്ള സിനിമകൾ തഴയപ്പെടുകയും മുഖ്യധാര കച്ചവട സിനിമകൾ സ്ഥാനം പിടിക്കുകയും ചെയ്യുന്നത് നല്ല സിനിമകളെ സ്നേഹിക്കുന്നവർക്ക് തിരിച്ചടിയാണെന്ന് ഡോ. ബിജു കുറ്റപ്പെടുത്തി. എട്ടാമത് ഓപ്പൺ ഫ്രെയിം അന്താരാഷ്ട്ര ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫിലിം സൊസൈറ്റികൾ പോലും അവരുടെ ദൗത്യം വിസ്മരിച്ച് രസിപ്പിക്കുന്ന സിനിമകളുടെ പക്ഷത്തേക്ക് മാറുകയാണ്. ക്ലാസിക് സിനിമകളെ ചലച്ചിത്രാസ്വാദകർക്ക് പരിചയപ്പെടുത്തിയ നിരൂപകന്മാർ പോലും ഇന്ന് മുഖ്യധാരാ സിനിമകളെയാണ് കൊണ്ടാടുവാൻ മത്സരിക്കുന്നത്.
ആർട്ട് ഹൗസ് സിനിമകൾ മറ്റെല്ലാ ഭാഷകളിലും കൂടുതൽ ശക്തമാകുന്ന സമയത്ത് മലയാളത്തിൽ ഏറ്റവും മോശമായ ഒരു സമയത്തിലൂടെ കടന്നു പോവുകയാണെന്ന് ഡോ. ബിജു പറഞ്ഞു. ലോക സിനിമാ ഭൂപടത്തിൽ ലോകത്തിലെ ഏറ്റവും പ്രധാന മേളകളിൽ മലയാള സിനിമകൾ ഇടം പിടിക്കുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്യുന്ന അതേ കാലത്താണ് സ്വന്തം നാട്ടിൽ ആ സിനിമകൾ തിരസ്കൃതമാകുന്നത് എന്ന വൈചിത്ര്യം കൂടി അടയാളപ്പെടുത്തുന്ന സമയം ആണിത്. പുതിയ ചെറുപ്പക്കാരുടെ പരീക്ഷണ സ്വഭാവമുള്ള സിനിമകളെ അതിന്റെ ബാലാരിഷ്ടതകൾക്കൊപ്പവും ചേർത്തു പിടിച്ചു പ്രോത്സാഹിപ്പിക്കേണ്ട ഒരിടത്തു നിന്നും അവരുടെ സിനിമകളെ നിഷ്കരുണം തിരസ്കരിക്കുന്ന രീതി കൂടുതലാകുന്ന ഒരു അരാഷ്ട്രീയ കാലമാണിത്. സിനിമ എന്നാൽ കേവലം എന്റർടെയ്ൻമെന്റ് മാത്രമാണ് എന്ന തെറ്റിദ്ധാരണയിലേക്ക് വഴുതി വീണ ഫിലിം സൊസൈറ്റി പ്രവർത്തകർ പോലും വർദ്ധിച്ചു വരുന്ന കാലമാണിത്.
പ്രദർശിപ്പിക്കുന്ന സിനിമകളുടെ രാഷ്ട്രീയത്തിലും കലാമൂല്യത്തിലും അണുവിട വിട്ടു വീഴ്ച്ച ഇല്ലാതെ നിലപാടുകളിലും രാഷ്ട്രീയത്തിലും ഉറച്ചു നിൽക്കുന്ന കേരളത്തിലെ അപൂർവം പ്രാദേശിക ചലച്ചിത്രമേളകളിൽ ഒന്നാണ് പയ്യന്നൂർ ഓപ്പൺ ഫ്രെയിം ചലച്ചിത്ര മേളയെന്ന് സംവിധായകൻ പറഞ്ഞു. അതുകൊണ്ടു തന്നെ ഗൗരവ പൂർവം സിനിമയെ സമീപിക്കുന്ന പ്രേക്ഷകരും പുതു തലമുറയിലെ സംവിധായകരും ഏറെ പ്രതീക്ഷയോടെ നോക്കി കാണുന്ന മികച്ച പ്രാദേശിക ചലച്ചിത്ര മേളയാണിത് എന്നത് തെളിയിക്കപ്പെട്ടു കഴിഞ്ഞു.