Movie prime

കോവിഡ് കാലത്തെ അന്താരാഷ്ട്ര ചലച്ചിത്രമേളകൾ

അഭിമുഖം -നന്ദിനി രാംനാഥ് / ദീപ്തി ഡി കുൻഹ ലോകമെങ്ങുമുള്ള സിനിമാ തിയറ്ററുകൾ അടഞ്ഞുകിടപ്പാണ്. റിലീസുകൾ മാറ്റിവെച്ചു. നിർമാണത്തിൻ്റെ വിവിധ ഘട്ടങ്ങളിലുള്ള സിനിമകളിൽ പലതും പാതിവഴികളിൽ. ഫിലിം ഫെസ്റ്റിവൽ സർക്യൂട്ടുകളിലും അനിശ്ചിതത്വം നിഴലിച്ചു കിടക്കുന്നു. ലോകത്തെ പേരുകേട്ട ചലച്ചിത്ര മേളകൾ റദ്ദാക്കുകയോ മാറ്റിവെയ്ക്കുകയോ ചെയ്തിരിക്കുന്നു. കാൻ മേള അടുത്ത വർഷത്തേക്ക് മാറ്റിവെച്ചു. വെനീസ് മേളയും ടൊറൻ്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയും മാറ്റി വെച്ചിട്ടില്ലെങ്കിലും നടത്തിപ്പിൻ്റെ കാര്യത്തിൽ ആശങ്കകൾ ഉയർന്നിരിക്കുന്നു. ന്യൂയോർക്കിലെ ട്രിബേക്ക ഫിലിമോത്സവം പോലെ പ്രധാനപ്പെട്ട മേളകളുടെ ചില More
 
കോവിഡ് കാലത്തെ അന്താരാഷ്ട്ര ചലച്ചിത്രമേളകൾ

അഭിമുഖം -നന്ദിനി രാംനാഥ് / ദീപ്തി ഡി കുൻഹ

ലോകമെങ്ങുമുള്ള സിനിമാ തിയറ്ററുകൾ അടഞ്ഞുകിടപ്പാണ്. റിലീസുകൾ മാറ്റിവെച്ചു. നിർമാണത്തിൻ്റെ വിവിധ ഘട്ടങ്ങളിലുള്ള സിനിമകളിൽ പലതും പാതിവഴികളിൽ. ഫിലിം ഫെസ്റ്റിവൽ സർക്യൂട്ടുകളിലും അനിശ്ചിതത്വം നിഴലിച്ചു കിടക്കുന്നു. ലോകത്തെ പേരുകേട്ട ചലച്ചിത്ര മേളകൾ റദ്ദാക്കുകയോ മാറ്റിവെയ്ക്കുകയോ ചെയ്തിരിക്കുന്നു. കാൻ മേള അടുത്ത വർഷത്തേക്ക് മാറ്റിവെച്ചു. വെനീസ് മേളയും ടൊറൻ്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയും മാറ്റി വെച്ചിട്ടില്ലെങ്കിലും നടത്തിപ്പിൻ്റെ കാര്യത്തിൽ ആശങ്കകൾ ഉയർന്നിരിക്കുന്നു.

ന്യൂയോർക്കിലെ ട്രിബേക്ക ഫിലിമോത്സവം പോലെ പ്രധാനപ്പെട്ട മേളകളുടെ ചില ഭാഗങ്ങളെങ്കിലും ഓൺലൈനിലേക്ക് മാറ്റി. സ്വിറ്റ്സർലൻ്റിലെ ലൊക്കാർണോ പ്രധാന ഈവൻ്റുകൾ റദ്ദാക്കുകയും അതിനു വേണ്ടി മാറ്റിവെച്ച തുക സ്വതന്ത്ര സിനിമയെ സഹായിക്കാൻ വകയിരുത്തുകയും ചെയ്തു.

ക്ലാസ്സുകളും കൺസൾട്ടേഷനുകളും ഓൺലൈനിലേക്ക് മാറിയ കാലത്ത് ചലച്ചിത്ര മേളകൾക്കും ഓൺലൈൻ സാധ്യതയില്ലേ?

കാൻ, ലൊക്കാർണോ, പിൻജിയാവോ ഉൾപ്പെടെ ലോകത്തെ ഒന്നാംനിര ചലച്ചിത്ര മേളകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഫിലിം പ്രോഗ്രാമറാണ് ദീപ്തി ഡി കുൻഹ. നാഷണൽ ഫിലിം ഡവലപ്മെൻ്റ് കോർപറേഷൻ്റെ വർക്ക്-ഇൻ-പ്രോഗ്രസ് ലാബിനു വേണ്ടിയും വ്യൂവിങ്ങ് റൂം സെക്ഷനുവേണ്ടിയും സിനിമകൾ ശേഖരിക്കുന്ന, ക്യൂറേറ്റ് ചെയ്യുന്ന പ്രൊഫഷണലാണ് ദീപ്തി. 2015 മുതൽ 2019 വരെ മാമി മുംബൈ ഫിലിം ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.

ചലച്ചിത്രോത്സവങ്ങൾക്ക് പകരം നില്ക്കാൻ ഓൺ ലൈൻ പോർട്ടലിനാവില്ല എന്നും ചലച്ചിത്രമേളകളുടെ ഒരു ഭാഗം മാത്രമാണ് ഫിലിം സ്ക്രീനിങ്ങ് എന്നും ദീപ്തി ഡി കുൻഹ പറയുന്നു.

കോവിഡ് ബാധ ലോകത്തെ ചലച്ചിത്രോത്സവങ്ങളെ എങ്ങിനെയാണ് ബാധിച്ചിരിക്കുന്നത്?

ചലച്ചിത്രമേളകൾക്ക് ഇതൊരു പരീക്ഷണ കാലമാണ്. കൂടിച്ചേരലുകൾക്ക് അനുവാദമില്ല. തിയറ്ററുകൾ അടഞ്ഞുകിടപ്പാണ്. യാത്രകൾക്കും അനുമതിയില്ല. ഈ വർഷം മേളകൾ നടത്തണമെങ്കിൽ വേറെ മാർഗം കണ്ടെത്തണം. ഓരോ മേളയും തങ്ങളുടെ മേളകളെ അനന്യമാക്കുന്നത് എന്തെന്ന് തിരിച്ചറിയണം. അനന്യമായ ആ ഘടകത്തെ നിലനിർത്തുന്നത് എങ്ങനെയെന്ന് ആത്മപരിശോധന നടത്തണം.

കാനിലെ ഡയറക്ടേഴ്സ് ഫോർട്ട് നൈറ്റിൽ ഞാൻ പ്രവർത്തിക്കുന്നുണ്ട്. ലൊക്കാർണോ മേളയുമായും ബന്ധപ്പെട്ടു പ്രവർത്തിക്കുന്നുണ്ട്. ലോകത്തെ ഏറ്റവും പഴക്കം ചെന്ന മേളകളിൽ ഒന്നാണ് ലൊക്കാർണോ. 8000 പേർ ഒന്നിച്ചിരുന്ന് സിനിമ ആസ്വദിക്കുന്ന പിയാസാ ഗ്രാൻഡെ ലൊക്കാർണോയിലെ ഏറ്റവും വലിയ സ്ക്രീനിംഗ് വേദിയാണ്. മേളയുടെ എഴുപത്തിമൂന്നാം എഡിഷനാണ് ഇത്തവണ നടക്കേണ്ടിയിരുന്നത്. സ്വതന്ത്രമായി സിനിമ ചെയ്യുന്നവരെ പിന്തുണച്ചുകൊണ്ടുള്ള ഓൺലൈൻ മേളയാണ് ഇത്തവണ ആലോചനയിൽ. കൃത്യമായ രൂപം ആയിട്ടില്ല.

കോവിഡ് കാലത്തെ അന്താരാഷ്ട്ര ചലച്ചിത്രമേളകൾ

എല്ലായിടത്തും ആശങ്കയുണ്ട്, യുറോപ്പിലെ എ ലിസ്റ്റ് മേളകളിൽ പ്രത്യേകിച്ചും. ഒട്ടേറെ സ്വതന്ത്ര സിനിമാ പ്രവർത്തകരുടെ കരിയർ ആശങ്കയിലാണ്. ഈ വർഷം സിനിമാ നിർമാണം കാര്യമായി നടക്കുമെന്ന് കരുതാനാവില്ല.

ഈ വർഷം അവസാനത്തോടെയാണ് 2021-ലെ കാൻ മേളയുടെ ഡയറക്റ്റേഴ്സ് ഫോർട് നൈറ്റിലേക്കുള്ള എൻട്രികൾ ക്ഷണിക്കേണ്ടത്. 2020-ൽ സമർപ്പിച്ച എൻട്രികൾ കൂടി അടുത്ത തവണ പരിഗണിക്കേണ്ടി വരും. അതായത് ഒരു വർഷം എന്തെങ്കിലും കാരണത്താൽ മേള നടക്കാതിരുന്നാൽ ആ വർഷത്തെ എൻട്രികൾ കൂടി അടുത്ത വർഷത്തെ മേളയിൽ പരിഗണിക്കേണ്ട അവസ്ഥ വരും.

പരമ്പരാഗത രീതി വിട്ട് ഓൺലൈനിലേക്ക് മാറുന്നതു കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ?

ഓൺലൈൻ പോർട്ടലുകളിലേക്ക് മാറ്റി പ്രതിഷ്ഠിക്കാവുന്നതല്ല ചലച്ചിത്രമേളകൾ. ഫിലിം സ്ക്രീനിങ്ങ് എന്നത് ചലച്ചിത്രോത്സവത്തിൻ്റെ ഒരു വശം മാത്രമാണ്. സിനിമയുടെ സമാന്തര വിതരണ ശൃംഖലയാണ് ചലച്ചിത്രമേളകൾ. കാനിൻ്റെ കാര്യം നോക്കൂ. അത് പ്രധാനമായും ഉന്നം വെയ്ക്കുന്നത് പ്രേക്ഷകരെയല്ല. മറിച്ച് സിനിമാ പ്രൊഫഷണലുകളെയാണ്. വേൾഡ് റൈറ്റുകളുടെ വാങ്ങലും വില്പനയും നടക്കുന്നത് മേളയിൽ വെച്ചാണ്. വരാനിരിക്കുന്ന പ്രോജക്റ്റുകൾക്കു വേണ്ടിയുള്ള മീറ്റിങ്ങ് ഇടം കൂടിയാണ് ഇത്തരം ലോകോത്തര ചലച്ചിത്ര മേളകൾ. മികച്ച ചിത്രങ്ങളുടെ ടെസ്റ്റിങ്ങ് ഗ്രൗണ്ട് കൂടിയാണ് കാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവം. അങ്ങേയറ്റം മത്സരാധിഷ്ഠിതമായാണ് മേളയിലെ സെലക്ഷൻ പ്രക്രിയ നടക്കുന്നത്. സിനിമയുടെ ഗുണനിലവാരത്തെ പറ്റിയുള്ള ഉറപ്പാണ് ഇതുവഴി വാഗ്ദാനം ചെയ്യപ്പെടുന്നത്.

കോവിഡ് കാലത്തെ അന്താരാഷ്ട്ര ചലച്ചിത്രമേളകൾ

കാനിൽ തെരഞ്ഞെടുക്കപ്പെട്ടാൽ, ലോകത്തെ നൂറുകണക്കിന് മേളകളിലേക്കുള്ള പ്രവേശനമാണ് സാധ്യമാകുന്നത്. സിനിമയുടെ നിർമാണത്തിന് ചെലവാക്കിയ തുക സ്ക്രീനിങ്ങ് വഴി തിരിച്ചുപിടിക്കാനാവും. ചില സിനിമകളുടെ കാര്യത്തിൽ സംവിധായകൻ തന്നെയാവും നിർമാതാവും. അവാർഡ് തുക വലിയ പിന്തുണയാണ് നല്കുന്നത്. സംവിധായകർക്ക് മുപ്പതോ നാല്പതോ രാജ്യങ്ങൾ സന്ദർശിക്കാൻ അവസരം ലഭിക്കുന്നു. ലോകമെങ്ങുമുള്ള പ്രേക്ഷകരുമായി സംവദിക്കാൻ അവസരം കൈവരുന്നു. ലോകത്തെ പ്രമുഖരായ സംവിധായകരുമൊത്തുള്ള കൂടിക്കാഴ്ചക്ക് അവസരം കിട്ടുന്നു. ഗംഭീരമായ ഒരു അവസരമാണ് കാനിലെ സെലക്ഷൻ. അടുത്ത സിനിമയ്ക്കുള്ള ഫണ്ടിംഗ് അനായാസമാകുന്നു. ക്വാളിറ്റി ടെസ്റ്റിൽ നിങ്ങൾ പാസായിക്കഴിഞ്ഞു. നിങ്ങളിപ്പോൾ ലോകമറിയുന്ന സംവിധായകനാണ്. ലോകരാജ്യങ്ങളിൽ നിന്നുള്ള തിയറ്റർ റൈറ്റുകൾ അനായാസം ലഭിക്കാൻ ഇതെല്ലാം സഹായകമാവും.

തിയറ്റർ പ്രദർശനത്തിൻ്റെ ഇരമ്പലും ആഘോഷത്തിമിർപ്പും ഓൺലൈൻ പ്രദർശനത്തിൽ നഷ്ടമാവില്ലേ?

ഞാൻ അടുത്തിടെ ശാദി.കോം നടത്തുന്ന ഓൺലൈൻ വിവാഹങ്ങളെപ്പറ്റിയുള്ള ഒരു ലേഖനം വായിച്ചിരുന്നു. അത്തരമൊരു രീതി ചലച്ചിത്രമേളകൾക്ക് യോജിക്കുമെന്ന് തോന്നുന്നില്ല. ഓൺലൈൻ കല്യാണങ്ങളുടെ അതേ അനുഭവമാവും ഡിജിറ്റൽ ഓൺലി ചലച്ചിത്രമേളകളുടേതും. ശുഭമുഹൂർത്തം എന്ന സങ്കല്പം സാക്ഷാത്കരിക്കാൻ വിവാഹം നടക്കും. എന്നാൽ കുടുംബത്തിനോ അതിഥികൾക്കോ അതിൽ പങ്കു ചേരാനാവില്ല. അതൊരു ചിതറിപ്പോയ(fractured) അനുഭവമാണ്, ഒരു പക്ഷേ ദു:ഖകരവും. സിനിമയുടെ ആഘോഷവേദികളാണ് ചലച്ചിത്രമേളകൾ. എല്ലാവരും ഒത്തുചേർന്ന് ആസ്വദിക്കുമ്പോഴേ അതൊരു ആഘോഷമാകുന്നുള്ളൂ. ‘റ്റുഗദർ’ എന്ന വാക്കിൻ്റെ അർഥത്തിന് കോവിഡ്-19 മാറ്റം വരുത്തിയിരിക്കുന്നു.

നന്നായി നടത്തുന്ന മേളയിൽ മാധ്യമങ്ങൾക്ക് മാത്രമായി പ്രത്യേക സ്ക്രീനിങ്ങ് നടത്താറുണ്ട്. നൂറോളം രാജ്യങ്ങളിൽ നിന്നാണ് മാധ്യമ പ്രവർത്തകർ കാനിൽ എത്തുന്നത്. അവരെല്ലാം മേളയെപ്പറ്റി എഴുതും. മാധ്യമങ്ങളിൽ വരുന്ന ഈ കവറേജ് വളരെ പ്രധാനമാണ്, ആർട് ഹൗസ് സിനിമകളെ സംബന്ധിച്ച് പ്രത്യേകിച്ചും. ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ഇത് വായിക്കും.

ഈ ആഘോഷത്തിമിർപ്പിനെ എന്തുകൊണ്ടാണ് പകരം വെയ്ക്കുക? ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ഇതൊന്നും സാധ്യമല്ല. നിങ്ങൾ എഴുതാൻ ഉദ്ദേശിക്കുന്ന സിനിമ, അവിടെ പ്രദർശിപ്പിക്കുന്നതിൽ ഏറ്റവും നല്ലതാണെന്ന് എങ്ങിനെയാണ് വിലയിരുത്തുക?

ലോകത്തെ മുഴുവൻ മേളകൾക്കും അവധി പ്രഖ്യാപിച്ച് സീറോ ഇയർ ആയി മാറ്റുക. സിനിമകളുടെ സെലക്ഷൻ 2021-ലേക്ക് മാറ്റുക. അങ്ങിനെ വന്നാൽ ഒരു ഈവൻ്റ് മറ്റൊന്നിനെ തകിടം മറിക്കാതിരിക്കുന്ന അവസ്ഥയുണ്ടാവില്ലേ, അത് ഗുണകരമാവില്ലേ?

അതൊരു ഊട്ടോപ്പിയൻ പരിഹാര മാർഗമാണ്. ഓരോ ഫെസ്റ്റിവലും മറ്റൊന്നിനോട് ചേർന്നാണ് നില്ക്കുന്നത് എന്ന ഭാവനയിലാണ് ഈ ചോദ്യം ഉയർന്നുവരുന്നത്. എല്ലാവരും ഒത്തുചേർന്ന് ചർച്ച ചെയ്യേണ്ടി വരും. ഫെസ്റ്റിവൽ കലണ്ടറുകൾ പലതരം കണക്കുകൂട്ടലുകളോടെയാണ് തയ്യാറാക്കുന്നത്. അതുകൊണ്ടുതന്നെ റദ്ദാക്കലും മാറ്റിവെയ്ക്കലും എല്ലാവരിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഫിലിം മെയ്ക്കർമാരും ഫെസ്റ്റിവൽ പ്രൊഫഷണലുകളും ഒരു മേളയിൽ നിന്ന് മറ്റൊന്നിലേക്ക് എന്ന മട്ടിൽ സഞ്ചരിക്കുന്നവരാണ്. ഒരു കൂട്ടിയിടി(clash) ആരും ഇഷ്ടപ്പെടുന്നില്ല.

മേളകൾ പ്രാദേശിക സംസ്ക്കാരവുമായി കണ്ണി ചേർന്ന് നില്ക്കുന്നതാണ്. ആ സംസ്കാരം ആസ്വദിക്കാനാണ് നിങ്ങൾ കാനിലോ ബർലിനിലോ പോകുന്നതും.

കോവിഡ് കാലത്തെ അന്താരാഷ്ട്ര ചലച്ചിത്രമേളകൾ

ഓൺലൈനിലേക്ക് മാറുമ്പോൾ ഇതൊന്നും സാധ്യമല്ല. ഓൺലൈൻ മേളകൾ ചില വിസ്മയകരമായ ഫലങ്ങൾ ഉണ്ടാക്കും. സാങ്കേതികമായി മാത്രം മത്സരിക്കേണ്ടി വരുമ്പോൾ, പ്രാദേശിക സംസ്കാരവും ഭൂമിശാസ്ത്രപരമായ സൗന്ദര്യവും ഇതിൽ പങ്കുവഹിക്കാതാവുമ്പോൾ ഈ പുതിയതരം ഭൂമികയിലെ പുതിയതരം മത്സരം പുതിയതരം ജേതാക്കളെ സൃഷ്ടിക്കും. മത്സരക്ഷമത പുതിയൊരു തലത്തിലേക്ക് മാറും. ആരാണ് ഏറ്റവും മികച്ച ഓൺലൈൻ പ്ലാറ്റ്ഫോം ഒരുക്കുന്നത്, ഏതാണ് സാങ്കേതിക വൈദഗ്ധ്യത്തിൽ മുമ്പിലുള്ളത് (tech saavy) തുടങ്ങിയ കാര്യങ്ങൾ പ്രധാനമാവും.

പുതിയതരം പ്രതിസന്ധി ഇന്ത്യൻ ചലച്ചിത്രമേളകളെയും സ്വതന്ത്രസിനിമാക്കാരെയും എങ്ങിനെയാവും ബാധിക്കുക?

ഇന്ത്യയിലെ ചലച്ചിത്രമേളകൾ പെട്ടന്ന് പരിക്കേല്ക്കുന്ന അവസ്ഥയിൽ (vulnerable) ആണെന്ന് പറയാം. ഗോവ മേള (iffi) ഒഴിച്ചു നിർത്തിയാൽ മറ്റൊരു മേളയ്ക്കും ആവശ്യമായ ഫണ്ടിംഗ് ഇല്ല എന്നതാണ് വസ്തുത. മുംബൈയിലെ MAMI ചലച്ചിത്രമേള ഫണ്ടില്ലാത്തതിനാൽ ഏതാനും വർഷം മുമ്പ് നിലച്ചുപോയതാണ്. പുനരുജ്ജീവിപ്പിക്കാൻ ഒട്ടേറെ പണിപ്പെടേണ്ടി വന്നു.

മുംബൈക്കാരുടെ ഉദാരമനസ്ഥിതി ഒന്നുകൊണ്ടു മാത്രമാണ് അത് സാധ്യമായത്. സ്ക്രീനുകൾ തന്നു സഹായിച്ച പിവിആർ പോലുള്ള സ്ഥാപനങ്ങളുടെ പങ്കും കാണണം. ദീപാവലിക്കു മുമ്പാണ് മുംബൈ മേള പതിവായി നടന്നുവരുന്നത്. ദീപാവലി സിനിമകളുടെ റിലീസുമായി ബന്ധപ്പെട്ടാണ് ഇത്തരമൊരു ക്രമീകരണം കൊണ്ടുവന്നത്. ഈ വർഷം ഒട്ടേറെ മുഖ്യധാരാ സിനിമകൾ റിലീസിന് ഒരുങ്ങിയിരിക്കെ, മേളയുടെ സ്ക്രീൻ ലഭ്യതയെപ്പറ്റി ആശങ്കകൾ ഉയർന്നിട്ടുണ്ട്.

ഐഎഫ്എഫ്ഐ നടക്കുന്നത് കോവിഡ് മുക്ത മേഖലയായ ഗോവയിലാണ്. പക്ഷേ, രാജ്യത്തിൻ്റെയും ലോകത്തിൻ്റെയും വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ കൂടിച്ചേർന്ന് മേള നടത്താൻ ഗോവ സർക്കാർ സമ്മതം നല്കുമോ?

കോവിഡ് കാലത്തെ അന്താരാഷ്ട്ര ചലച്ചിത്രമേളകൾ

കേരളത്തിലെ മേള ഡലിഗേറ്റുകളെ സംബന്ധിച്ച് ഒരു തീർഥാടനം പോലെയാണ്. അതേനിലയിൽ നടത്താൻ കഴിയാതെ പോയാൽ ചലച്ചിത്രമേളയെന്ന വികാരമാണ് അന്യമാവുന്നത്.

ഇന്ത്യൻ മേളകൾ ഫിലിം മെയ്ക്കർമാർക്ക് കാര്യമായൊന്നും സംഭാവന ചെയ്തിട്ടില്ല എന്നാണ് എൻ്റെ വിശ്വാസം. മെച്ചപ്പെട്ട ഒട്ടേറെ വിദേശ ചിത്രങ്ങൾ ഇവിടെ കൊണ്ടുവന്നു എന്നത് വാസ്തവമാണ്. എന്നാൽ മെച്ചപ്പെട്ട ഒരു വിതരണ ശൃംഖല കെട്ടിപ്പടുക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. ചില സ്ക്രീനിങ്ങുകളും പ്രേക്ഷകരുമായുള്ള സംവാദവുമല്ലാതെ ഇവിടത്തെ പ്രതിഭകൾക്ക് വേണ്ടി മെച്ചപ്പെട്ട ഒരു പശ്ചാത്തല സംവിധാനം രൂപപ്പെട്ടിട്ടില്ല.

കാനിലോ, വെനീസിലോ, ടൊറൻ്റോയിലോ, ബുസാനിലോ പ്രീമിയർ ചെയ്യാൻ ഒരു ഇന്ത്യൻ ചലച്ചിത്രകാരന് അവസരം ലഭിച്ചാൽ ഒരു ഹാൾ നിറയെ അന്താരാഷ്ട്ര മാധ്യമ പ്രവർത്തകരോട് സംവദിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. വ്യത്യസ്ത രാജ്യങ്ങളിലെ വ്യത്യസ്ത ഭാഷകളിൽ സിനിമയെപ്പറ്റി റിവ്യൂ വരും. ഏതാനും ദിവസങ്ങൾ കൊണ്ട് അറിയപ്പെടാത്ത ഒരാൾക്ക് അന്താരാഷ്ട്ര പ്രശസ്തി കൈവരും. അതിനാലാണ് ഇത്തരം മേളകളിൽ പ്രീമിയർ ലഭിക്കാൻ ഫിലിം മെയ്ക്കേഴ്സ് കൊതിക്കുന്നത്.

ചലച്ചിത്രമേളകളിലെ വിപണി ഘടകം( market component) ഓൺലൈനിൽ അതേ നിലയിൽ പ്രാവർത്തികമാവുമോ?

ഏജൻ്റുമാരും വിതരണക്കാരും ടെലിവിഷൻ, സ്ട്രീമിങ്ങ് ബയർമാരും ഒന്നിക്കുന്ന മീറ്റിങ്ങ് പ്ലെയ്സുകൾ ഓൺലൈനിൽ എത്രത്തോളം സാധ്യമാണ്?

എല്ലാ മേളകൾക്കും മാർക്കറ്റ് കംപോണൻ്റ് ഇല്ലെന്നുള്ളതാണ് കാര്യം. കാനിലും ബെർലിനിലും അവയുടെ ഘടനകളിൽ തന്നെ അത് ശക്തമാണ്. എന്നാൽ വെനീസിന് അതില്ല. അനൗപചാരികമായ വടക്കനമേരിക്കൻ വിപണിയാണ് ടൊറൻ്റോക്കുള്ളത്.

കോവിഡ് കാലത്തെ അന്താരാഷ്ട്ര ചലച്ചിത്രമേളകൾ

ചില മേളകൾ പ്രേക്ഷകർക്ക് മാത്രമുള്ളതാണ്. സമാന്തരമായ തിയറ്റർ ശൃംഖല പോലെയാണ് അവ പ്രവർത്തിക്കുന്നത്. ഗോവയിലെ ഫിലിം ബസാർ ഒരു പ്രാദേശിക വിപണിയല്ല. മറിച്ച്, അതൊരു സെല്ലേഴ്സ് മാർക്കറ്റാണ്. അന്താരാഷ്ട്ര ബയേഴ്സ് അവിടേക്കെത്താറുണ്ട്. എന്നാൽ അവരുടെ സ്വന്തം സിനിമകൾ അവിടെ വില്ക്കാറില്ല.

കാനിൽനിന്നും ബർലിനിൽ നിന്നും ലൊക്കാർണോ യിൽ നിന്നുമാണ് ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര സിനിമകൾ കടന്നു വരുന്നത്.

വിപണിയെ ഓൺലൈനിലേക്ക് മാറ്റാൻ സാധിക്കും. എന്നാൽ ഇൻ്റർനാഷണൽ ബയേഴ്സിന് ഇത്തരം സിനിമകൾ കാണാനോ തെരഞ്ഞെടുക്കാനോ സമയം കിട്ടാറില്ല. സ്ക്രീനിങ്ങിലൂടെ സിനിമ വിജയിക്കുന്നതിനെ ആശ്രയിച്ചാണ് അവർ സിനിമ വാങ്ങുന്നത്.

പാരസൈറ്റിൻ്റെ കാര്യമെടുക്കാം. 2019-ൽ കാനിൽ പാം ദി ഓർ നേടിയ സിനിമയാണ്.
ബോങ്ങ് ജുൻ ഹോ ലോകത്ത് അറിയപ്പെടുന്ന സംവിധായകനാണ്. കാനിൽ പാരസൈറ്റ് പ്രദർശിപ്പിച്ച ദിവസം എനിക്കോർമയുണ്ട്. അതിനെ ചുറ്റിപ്പറ്റിയുള്ള പ്രതീക്ഷകൾ അപാരമായിരുന്നു. അതു മാത്രം കണക്കിലെടുത്താണ് ബയർമാർ റൈറ്റ്സ് സ്വന്തമാക്കിയത്. മാർക്കറ്റിനു പോലും ചില സൂചകങ്ങൾ ആവശ്യമാണ്. ഒരു മേളയ്ക്കുള്ളിലാണ് ഈ മാർക്കറ്റ് നന്നായി പ്രവർത്തിക്കുക.

ചെറിയ അഭിനേതാക്കൾ വലിയ താരങ്ങളായി മാറുന്ന കാഴ്ച നിങ്ങൾക്കവിടെ കാണാം. 2013-ൽ കാനിൽ ക്രിട്ടിക്സ് വീക്കിൽ റിതേഷ് ബത്രയുടെ ലഞ്ച് ബോക്സ് പ്രീമിയർ ചെയ്തിരുന്നു. നിർത്താതെയുള്ള കയ്യടിയായിരുന്നു. സ്ക്രീനിങ്ങിനുശേഷം, നിർമാതാക്കളിൽ ഒരാളായ ഗുനീത് മോങ്ങ്കയെ അഭിനന്ദിക്കാൻ ചെന്നപ്പോൾ, അദ്ദേഹത്തിന് ഹാർവി വീൻസ്റ്റീനിൻ്റെ ഫോൺ കോൾ വന്നു. ആ ചിത്രത്തെപ്പറ്റി അദ്ദേഹം അതിനോടകം കേട്ടിരിക്കുന്നു. ആദ്യ സ്ക്രീനിങ്ങ് കഴിഞ്ഞയുടനെ 25 ടെറിറ്ററികളിലേക്കുള്ള വില്പന നടന്നു. ഫെസ്റ്റിവൽ വേദി ഒരു സിനിമയ്ണ്ടാക്കുന്ന വ്യത്യാസം ഇതിൽ നിന്നു മനസ്സിലാവും.

ഈ ‘ഇംപാക്റ്റ്’ നിങ്ങൾക്ക് ഓൺലൈനിൽ സൃഷ്ടിക്കാനാവില്ല. കൃത്രിമത്വം വരുത്താനാവാത്ത വോട്ടിങ്ങിലൂടെയും റേറ്റിങ്ങിലൂടെയും ചിലതരം സ്വാധീനം ഉണ്ടാക്കാനാവും എന്നത് നേരുതന്നെ. എന്നാൽ പ്രേക്ഷകർ ഒന്നടങ്കം എഴുന്നേറ്റുനിന്ന് ഹർഷാരവത്തോടെ ഒരു ചിത്രത്തെ വരവേല്ക്കുന്ന അനുഭവത്തെ മറ്റൊന്നു കൊണ്ടും പകരം വെയ്ക്കാനാവില്ല.

2011 മുതൽ താങ്കൾ ഫിലിം ബസാറിലുണ്ട്. ഇനിയും ഏതാനും മാസക്കാലം യാത്രാവിലക്ക് നിലനിന്നാൽ എന്തായിരിക്കും ഇന്ത്യൻ ഫിലിം മേക്കേഴ്‌സിനെ സംബന്ധിച്ച് അതുണ്ടാക്കുന്ന ആഘാതം?

തീർച്ചയായും അത് ബാധിക്കും. വ്യൂവിങ്ങ് റൂം പോലെ ചിലതെല്ലാം എളുപ്പത്തിൽ ഓൺലൈനിൽ കൊണ്ടുവരാൻ സാധിക്കുമെങ്കിലും, ഓരോ ദിവസവും എത്ര വ്യൂവേഴ്സ് ഉണ്ടായി, ആരെല്ലാമാണ് സിനിമയോട് താത്പര്യം പ്രകടിപ്പിച്ചത്, ആരെല്ലാമായി കൂടിക്കാഴ്ചകൾ വേണം തുടങ്ങി ഒട്ടേറെ കാര്യങ്ങളിൽ ഇത് സ്വാധീനം ചെലുത്തും. വെർച്വൽ പ്ലെയ്സിനെ അപേക്ഷിച്ച്, ഒരു റിയൽ പ്ലെയ്സിൻ്റെ ഗുണം എന്നു പറയുന്നത് മാറിപ്പോവാത്ത ശ്രദ്ധയാണ് (undevided attention) ഫിലിം ബസാറിലെ കാര്യം നോക്കാം. ബസാർ നടക്കുന്ന മാരിയറ്റ് ഹോട്ടലിലാണ് പ്രൊഫഷണലുകൾ നാലു ദിവസവും തങ്ങുന്നത്. ഇന്ത്യൻ, ദക്ഷിണേഷ്യൻ ഫിലിം മേക്കേഴ്സുമായി രാവിലെ മുതൽ രാത്രി വരെ കൂടിക്കാഴ്ചകൾ നടക്കും. സിനിമയെപ്പറ്റി ധാരാളം ചർച്ചകൾ നടക്കും. ഓൺലൈനിൽ ഇത്തരം undevided attention അസാധ്യമാണ്.

അടുത്തു നില്ക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ട് ഇന്ത്യൻ, യുറോപ്യൻ പ്രോഗ്രാമർമാർക്ക് ഒരാളും തന്നെ ഇന്ത്യൻ ഫിലിം മെയ്ക്കേഴ്സിനെ പരിചയപ്പെടുത്തി കൊടുക്കില്ല. ഫിലിം ബസാറിലെത്തുന്ന ഫിലിം മെയ്ക്കേഴ്സിൽ പലരും ഉൾനാടൻ പ്രദേശങ്ങളിൽ നിന്നുള്ളവരാവും. അവിശ്വസനീയമായ രീതിയിൽ പ്രതിഭയുള്ളവരാണവർ. എന്നാൽ ലജ്ജ മൂലം സ്വന്തം സിനിമകളെപ്പറ്റി സംസാരിക്കാൻ കഴിയാറില്ല. തികച്ചും പുതിയതും അപരിചിതവും ആയ അന്തരീക്ഷമാണ് അവരെ പുറകിലേക്ക് വലിക്കുന്നത്. ടാലൻ്റുള്ള ഇത്തരം ആളുകളുടെ പങ്കാളിത്തം എങ്ങിനെയാണ് നാം ഉറപ്പാക്കുക? ഇന്നുള്ള ഡിജിറ്റൽ സാങ്കേതിക വിദ്യകൊണ്ട് ‘റിയൽ’ ആയ അനുഭവങ്ങളെ പൂർണമായും വിജയകരമായും പുന:സൃഷ്ടിക്കുക സാധ്യമല്ല.

സ്ട്രീമേഴ്സിനെ സമീപിക്കാൻ ഇന്ത്യയിലെ സ്വതന്ത്ര സിനിമാക്കാർക്കാവും എന്നാണ് ചിലരുടെ വാദം. എന്നാൽ നിലവിലെ സാഹചര്യത്തിൽ നഷ്ടം നികത്താൻ മുഖ്യധാരാ സിനിമാക്കാരും ഓൺലൈൻ പ്ലാറ്റ്ഫോമുകളെ സമീപിക്കുന അവസ്ഥയാണ്. ഇത് ആർട്ഹൗസ് സിനിമകളെ ബാധിക്കില്ലേ?

തിയറ്റർ റിലീസിൽ സ്വതന്ത്ര സിനിമാക്കാർക്ക് മോശം അനുഭവമാണ് ഉണ്ടാവാറുള്ളത്. ഏറ്റവും നല്ല ടൈം സ്ലോട്ടുകൾ മുഖ്യധാര സിനിമയ്ക്ക് മാറ്റിവെച്ചിട്ടുണ്ടാകും. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെ സംബന്ധിച്ച് ഏറ്റവും പോസിറ്റീവ് ആയ കാര്യം ‘അൺലിമിറ്റഡ്’ അവസരങ്ങൾ തുറന്നു വെയ്ക്കുന്നു എന്നതാണ്. ഒരു സിനിമയുടെ ആയുസ്സ് കൂട്ടാൻ അവയ്ക്കാവും. Thithi എന്ന സിനിമയുടെ കാര്യം നോക്കൂ. ഫെസ്റ്റിവൽ കാലം കഴിഞ്ഞാലും ആ സിനിമ കാണാൻ ആരോടെങ്കിലും പറയാനാവും. ഡിജിറ്റൽ പ്ലാറ്റ്ഫോം മൂലം കൈവന്ന നേട്ടമാണത്. ലോകത്തെവിടെയുള്ള ആളോടും ശുപാർശ ചെയ്യാം. സ്വതന്ത്ര സിനിമാക്കാരെ സംബന്ധിച്ച് ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഒരു അനുഗ്രഹം തന്നെ.

സിനിമയെക്കുറിച്ച് നിങ്ങളുടെ കേട്ടറിവിനും കാണാനുള്ള അവസരത്തിനും ഇടയിലുള്ള വിടവ് കുറയ്ക്കുകയാണ് ഇത്തരം പ്ലാറ്റ്ഫോമുകൾ. പക്ഷേ, അപ്പോഴും ഒരു ചോദ്യം ഉയർന്നുവരുന്നു. സിനിമയെപ്പറ്റി എവിടെ നിന്നാണ് നിങ്ങൾ കേട്ടറിഞ്ഞത്? ഇവിടെയാണ് ഫെസ്റ്റിവൽ സർക്യൂട്ടുകളുടെ പ്രസക്തി വീണ്ടും ചർച്ചാ വിഷയമാകുന്നത്. കേട്ടറിവുകളിൽ മേളയും ജൂറിയും നിരൂപകരും അവാർഡുകളുമെല്ലാം പ്രധാനമാണ്. ഒരു നല്ല (Quality) സിനിമയെ കാണാൻ കൊള്ളാവുന്ന (desirabe) സിനിമയാക്കുന്നത് ചലച്ചിത്രമേളകളാണ്.

ജെയ്ഡ് മൈനർമാരുമായാണ് പ്രോഗ്രാമർമാരെ ഞാൻ താരതമ്യം ചെയ്യുന്നത്. ഞങ്ങൾ ഗുഹകളിൽ പ്രവേശിക്കുന്നു. എല്ലാത്തരം കല്ലുകളും പരിശോധിക്കുന്നു. മൂല്യവത്തായ സ്റ്റോണാകാൻ സാധ്യതയുള്ളതിനെ കണ്ടെത്തുന്നു. എന്നിട്ടത് ഉരച്ചു മിനുസപ്പെടുത്തി, തിളക്കമേറ്റി നല്കുന്നു.

നിർമാണം പൂർത്തിയായതും 2020-ൽ പ്രദർശിപ്പിക്കാൻ കഴിയാതെ പോയതുമായ സ്വതന്ത്ര സിനിമകൾക്ക് എന്താണ് സംഭവിക്കുക? പൂർത്തിയായതോ നിർമാണത്തിലിരിക്കുന്നതോ ആയ ആർട്ഹൗസ് സിനിമകളെ കോവിഡ് എങ്ങനെയാണ് ബാധിക്കുക?

നിർമാണം പൂർത്തിയായതിൽ മിക്കതും സ്ട്രീമിങ്ങ് വഴി പരീക്ഷിക്കും. നിർമാതാക്കൾക്ക് മുടക്കുമുതൽ തിരിച്ച് കിട്ടേണ്ടതുണ്ട്. അവർ നേരിടുന്ന പ്രശ്നം, ഈ അവസ്ഥയിൽ ഫെസ്റ്റിവൽ, തിയറ്റർ, ഡിജിറ്റൽ പ്ലാറ്റ്ഫോം എന്നിവയിൽ ഇഷ്ടമുള്ള വഴി തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഇല്ല എന്നതാണ്.

ഒരു സിനിമയുടെ പ്രശസ്തിയിൽ മേളകൾ കാര്യമായ പങ്കു വഹിക്കുന്നുണ്ട്. ചിത്രത്തിൻ്റെ “കണ്ടേ തീരൂ” (must-see) മൂല്യം അത് വർധിപ്പിക്കും. അതാണ് വില്പനയിൽ വലിയ രീതിയിലുള്ള ചലനങ്ങൾ സൃഷ്ടിക്കുന്നത്. എന്നാൽ കോവിഡ് മഹാമാരി ആ സാധ്യതയെ തീർത്തും ഇല്ലാതാക്കി. ഇത് സിനിമയുടെ വിലപേശൽ കഴിവിനെ (bargaining power) കുറയ്ക്കും. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്കിടയിൽ മാത്രമാവും ഇനി മത്സരം. സിനിമയ്‌ക്കൊപ്പം ഫെസ്റ്റിവൽ ടാഗുകൾ ഇല്ലാത്തതിനാൽ വ്യത്യസ്ത ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്കിടയിൽ ഒരു സിനിമയ്ക്ക് വലിയ മൂല്യവ്യത്യാസം കല്പിച്ചു നല്കില്ല. മറ്റേതൊരു സിനിമയെയും പോലെയാണ് ഒരു പ്രത്യേക സിനിമയെയും കാണുക.

നിർമാണം പാതിവഴിയിലായ സിനിമകൾക്കിത് അതീവ പ്രതിസന്ധിയുടെ കാലമാണ്. അത്തരം സിനിമയുടെ സംവിധായകനെ സംബന്ധിച്ച് ഇത് ദു:സ്വപ്നങ്ങളുടെ കാലമാണ്. ഒട്ടേറെ പ്ലാൻ ചെയ്താണ് ഇതുവരെ എത്തിയിരിക്കുന്നത്. എല്ലാം പാതിവഴിയിൽ സ്തംഭിക്കുന്ന അവസ്ഥ ഭയാനകമാണ്.

ലോകം മുഴുവൻ മാന്ദ്യത്തിലേക്ക് നീങ്ങുകയാണ് എന്ന് നമുക്കെല്ലാം അറിയാം. പണത്തിൻ്റെ ഒഴുക്ക് നിലയ്ക്കും. ഫിലിം വ്യവസായം ശക്തമല്ലാത്ത ചെറിയ രാജ്യങ്ങളിൽ നിന്നുള്ള സിനിമകൾ മിക്കതും യുറോപ്യൻ ഫണ്ടിംഗുകൊണ്ട് ഉണ്ടാക്കുന്നവയാണ്. ലൊക്കാർണോയിൽ ഞാൻ ഓപ്പൺ ഡോർസ് പ്രോഗ്രാമിനുവേണ്ടി വർക്ക് ചെയ്യുന്നുണ്ട്. സിനിമാ മേഖല വേണ്ടത്ര ശക്തമല്ലാത്ത ഒരു ‘വൾനറബ്ൾ’ മേഖലയെ പ്രത്യേകം തിരഞ്ഞെടുത്ത്, അവിടെയുള്ള ടാലൻ്റിനെ കണ്ടെത്തി, യുറോപ്യൻ കോ-പ്രൊഡക്ഷൻ സാധ്യമാക്കുന്ന ജോലിയാണ് അവിടെ ചെയ്യുന്നത്. ഉദാഹരണത്തിന്, ഇന്ത്യയെ മാറ്റിനിർത്തി ദക്ഷിണേഷ്യയിൽ മാത്രമായി ഫോക്കസ് നല്കും. അത്തരത്തിൽ പ്രവർത്തിച്ചതിൻ്റെ ഒട്ടേറെ വിജയകഥകൾ പറയാനുണ്ട്. തെക്കു കിഴക്കനേഷ്യ, മംഗോളിയ എന്നിവയിലാണ് ഇത്തവണത്തെ ഊന്നൽ.

നിർമാണ ഘട്ടത്തിലേക്ക് കടന്നിട്ടില്ലാത്ത സിനിമകൾ ഫണ്ടിംഗിൻ്റെ അഭാവം മൂലം നീണ്ടുപോയേക്കാം. അല്ലെങ്കിൽ അവ വെബ് സിനിമകളായി മാറിയേക്കാം. ഇപ്പോൾ തന്നെ അത്തരം ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. ചലച്ചിത്രങ്ങൾക്കു പകരം വെബ് സിനിമകളിലേക്ക് ഫിലിം മേക്കേഴ്സിൻ്റെ ശ്രദ്ധ തിരിഞ്ഞുകഴിഞ്ഞു. പൂർത്തിയായ ചിത്രങ്ങളിൽ ചിലത് വെബ് സിരീസായി മാറ്റുന്നുണ്ട്. ഒറ്റ ചലച്ചിത്രം എന്നതിനേക്കാൾ അതിലെ കഥാപാത്രങ്ങൾ സിരീസിലെ ക്യാരക്റ്റേഴ്സ് എന്ന നിലയിൽ
ഐഡൻ്റിഫൈ ചെയ്യപ്പെടും എന്ന സംവിധായകരുടെ വിശ്വാസമാണ് അതിനു പിന്നിൽ. അത്തരം സിനിമകൾ ഫെസ്റ്റിവൽ സർക്യൂട്ടിനുവേണ്ടി കാത്തു നില്ക്കില്ല. റീ റൈറ്റിങ്ങുകൾ നടക്കുകയാണ്. ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ എന്തായാലും മുടക്കിയ പണം തിരിച്ചു കിട്ടുമെന്നുറപ്പാണ്.

നാടകീയമായ കഥ പറച്ചിലിന് സാധ്യത കൂടുതലുള്ള വെബ് സിരീസ് നിർമാണത്തിലേക്ക് ഫിലിം മേക്കേഴ്സ് കടന്നാൽ, സിനിമയിൽ തന്നെ വലിയ മാറ്റങ്ങൾ വരും. കൂടുതൽ ശുദ്ധമായ സിനിമകളുണ്ടാവും. അതും നല്ല സിനിമയെ സംബന്ധിച്ച് പ്രതീക്ഷ നല്കുന്ന കാര്യമാണ്.

കടപ്പാട്: scroll.in