Movie prime

ദ്വീപിലേക്ക് ആദ്യമായി മെഡിക്കൽ സംഘത്തെ അയച്ചത് മമ്മൂട്ടി

 
അന്നത്തെ അഡ്മിനിസ്ട്രേറ്ററെയും മെഡിക്കൽ ഡയറക്റ്ററെയും മമ്മൂട്ടി നേരിട്ട് വിളിച്ചാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.

ലക്ഷദ്വീപിലേക്ക് ആദ്യമായി ഒരു മെഡിക്കൽ സംഘത്തെ അയച്ചത് മമ്മൂട്ടിയാണെന്ന് അദ്ദേഹത്തിൻ്റെ പബ്ലിക് റിലേഷൻസ് ഓഫീസർ റോബർട്ട് കുര്യാക്കോസ്. ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലൂടെയാണ് 15 വർഷം മുമ്പുള്ള അനുഭവം മമ്മൂട്ടിയുടെ പി ആർ ഒ പങ്കുവെയ്ക്കുന്നത്. അങ്കമാലി ലിറ്റിൽ ഫ്ലവർ കണ്ണാശുപത്രിയുമായി ചേർന്ന് 2006-2007 കാലത്ത് നടപ്പിലാക്കിയ 'കാഴ്ച' പദ്ധതിയെ കുറിച്ചാണ് പോസ്റ്റിൽ പറയുന്നത്.

കേരളത്തിൽ നടപ്പിലാക്കാൻ മാത്രമായി ആസൂത്രണം ചെയ്ത പദ്ധതി ലക്ഷദ്വീപിലേക്ക് കൂടി വ്യാപിപ്പിച്ചത് മമ്മൂക്കയുടെ തീരുമാനമായിരുന്നു. ആ തീരുമാനം എത്ര ശരിയായിരുന്നു എന്ന് തിരിച്ചറിഞ്ഞത് ലക്ഷദ്വീപിൽ ചെന്നപ്പോഴാണ്. അന്നേവരെ ഒരു മെഡിക്കൽ സംഘം ദ്വീപിൽ ചെന്നിട്ടില്ല. പതിനഞ്ചംഗ സംഘം ഒരാഴ്ചക്കാലം ദ്വീപുകളിൽ കയറിയിറങ്ങി പരിശോധനകൾ നടത്തി.

നൂറുകണക്കിന് ദ്വീപ് നിവാസികളാണ് നേത്ര പരിശോധനാ ക്യാമ്പിൻ്റെ ഭാഗമായത്. മുന്നൂറോളം ശസ്ത്രക്രിയകൾ അവിടെവെച്ചു തന്നെ നടത്തി കാഴ്ചയുടെ ലോകത്തേക്ക് അവരെ മടക്കിക്കൊണ്ടു വന്നു. ക്യാമ്പ് സമയത്ത് എല്ലാ ദിവസവും നേരിട്ട് വിളിച്ച് അതിൻ്റെ പുരോഗതിയെപ്പറ്റി മമ്മൂട്ടി തിരക്കിയിരുന്നതായി കുറിപ്പിൽ എടുത്തു പറയുന്നുണ്ട്. അതു തന്നെയായിരുന്നു ക്യാമ്പിൻ്റെ ഏറ്റവും വലിയ ആവേശം. അന്നത്തെ അഡ്മിനിസ്ട്രേറ്ററെയും മെഡിക്കൽ ഡയറക്റ്ററെയും മമ്മൂട്ടി നേരിട്ട് വിളിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

പിന്നീട് അര ഡസനോളം തവണ മമ്മൂട്ടിയുടെ നേതൃത്വത്തിൽ വിവിധ മെഡിക്കൽ സംഘങ്ങളെ ദ്വീപിലേക്ക് അയച്ചിട്ടുണ്ട്.  ദ്വീപ് നിവാസികളോടുള്ള മമ്മൂട്ടിയുടെ സ്നേഹമാണ് അതിലൂടെ വെളിവായത് എന്നാണ് പി ആർ ഒ വെളിപ്പെടുത്തുന്നത്. പൃഥ്വിരാജിനെ ഒഴിച്ചു നിർത്തിയാൽ മമ്മൂട്ടി ഉൾപ്പെടെയുള്ള മലയാളത്തിലെ സൂപ്പർ താരങ്ങൾ ലക്ഷദ്വീപ് വിഷയത്തിൽ കാര്യമായി പ്രതികരിച്ചില്ല എന്ന വിമർശനം ഉയർന്ന സാഹചര്യത്തിലാണ് മമ്മൂട്ടിയുടെ പബ്ലിക് റിലേഷൻസ് മാനേജർ അദ്ദേഹത്തിന് ദ്വീപുമായുള്ള ബന്ധം വെളിപ്പെടുത്തുന്ന കുറിപ്പ് പ്രസിദ്ധീകരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. 

ടെലി മെഡിസിൻ ഉൾപ്പെടെ ദ്വീപ് നിവാസികൾക്ക് പരിചയപ്പെടുത്തിയത് മമ്മൂട്ടിയാണെന്ന അവകാശവാദവും ഇതോടൊപ്പമുണ്ട്. അമൃത ഉൾപ്പെടെയുള്ള ഗ്രൂപ്പുകൾ അതിനു ശേഷമാണ് അവിടെ എത്തിയതെന്നും പിന്നീടാണ് ഒരുപാട് സിനിമകളുടെ ഷൂട്ടിങ്ങ് നടന്നതെന്നും റോബർട്ട് കുര്യാക്കോസ് പറയുന്നു.

ക്യാൻസർ ചികിത്സയ്ക്കും ബോധവൽക്കരണത്തിനുമായി ദ്വീപിൽ ഒരു പെർമനൻ്റ് ടെലി മെഡിസിൻ സിസ്റ്റം സ്ഥാപിക്കാൻ കെയർ ആൻ്റ് ഷെയറിന് മമ്മൂട്ടി നിർദേശം നല്കിയിട്ട് ഒന്നര വർഷം കഴിഞ്ഞെന്നും കോവിഡ് മൂലമാണ് പദ്ധതി വൈകിയതെന്നും പറയുന്നു. കേരളത്തിൽ വന്നു പോകുന്നത് ദ്വീപ് നിവാസികളെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയ കാര്യമായതിനാൽ എത്രയും വേഗം ആ പദ്ധതി പ്രാവർത്തികമാക്കാനുള്ള ഒരുക്കത്തിലാണ് തങ്ങളെന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.