Movie prime

'മ്റാക്കി' പ്രകാശനം നിർവഹിച്ചു 

 

മലയാളികളായ ഏഴ് പെൺകവികളുടെ  ഇംഗ്ലീഷ് കവിത സമാഹാരം 'മ്റാക്കി' (Meraki) പ്രശസ്ത സിനിമ സംവിധായകൻ പ്രിയദർശൻ തന്റെ ഔദ്യോഗിക ഫേസ്ബുക്കിലൂടെ പ്രകാശനം ചെയ്തു. ഹേമ നായർ ആർ, മധുമതി രാജമ്മ, നാസ്നിൻ സുൾഫത്ത് നാസർ, ഷഹീൻ നദീം, ശാലിനി സോമനാഥ്, മിനി ബാബു, അശ്വതി അരവിന്ദക്ഷൻ എന്നിവർ എഴുതിയ കവിതകളാണ് ഈ സമാഹാരത്തിൽ ഉള്ളത്. 

അധ്യാപകരായ അശ്വതി അരവിന്ദാക്ഷനും മിനി ബാബുവും എഡിറ്റ് ചെയ്ത 42 കവിതകളാണ് ഈ സമാഹാരത്തിൽ ഉള്ളത്. സ്ത്രീയുടെ ജീവിതമാണ് മിക്ക കവിതകളുടേയും വിഷയം. ജീവിതത്തിന്റെ വിവിധ മേഖലകളിൽ പണിയെടുക്കുന്ന സ്ത്രീകളുടെ അനുഭവങ്ങളെ, അവരുടെ വികാരങ്ങളെ, ഭാവനകളെയൊക്കയാണ് ഈ കവിതകൾ പ്രതിഫലിപ്പിക്കുന്നത്. 

"കേരളത്തിൽ നിന്നുള്ള ഒരു കൂട്ടം വനിതകളുടെ കവിതാപുസ്തകം 'മ്റാക്കി' (Meraki) പ്രകാശനം ചെയ്യാൻ കഴിഞ്ഞതിൽ വലിയ സന്തോഷം ഉണ്ട്. മിക്ക കവിതകളിലും സ്ത്രീ ജീവിതത്തിന്റെ വ്യത്യസ്ത അനുഭവങ്ങൾ നമ്മുക്ക് വായിക്കാം. അവരുടെ പ്രതീക്ഷകൾ, സ്വപ്‌നങ്ങൾ എന്നിവയുടെ സർഗാത്മകമായ ആവിഷ്ക്കാരമാണ് ഈ കവിതകളൊക്കെയും", സംവിധായകൻ പ്രിയദർശൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

ഗ്രീക്ക് ഭാഷയിൽ പിറവി കൊണ്ടതാണ്  'മ്റാക്കി' എന്ന വാക്ക്. തികഞ്ഞ ഭക്തിയോടെ, അഭിനിവേശത്തോടെ, ശ്രദ്ധയോടെ സർഗ്ഗാത്മക പ്രവർത്തിയിൽ നമ്മളുടെ ഒരു ചിന്തിനെ അവശേഷിപ്പിക്കുക എന്നതാണ് ആ വാക്ക് കൊണ്ട് അർത്ഥമാക്കുന്നത്. ഈ സമാഹാരത്തിൽ കവിതകളൊക്കെയും വ്യക്തിപരവും അനുഭവത്തിന്റെ മൂർച്ചയിൽ വായനക്കാരനെ മുറിവേൽപ്പിക്കാൻ പോന്നതുമാണ്. ഡൽഹി ആസ്ഥാനമായുള്ള ഓഥേഴ്‌സ് പ്രസ്സാണ് പ്രസാധകർ.