Movie prime

പത്തൊൻപതാം നൂറ്റാണ്ട് തിയറ്ററുകളിൽ മാത്രം 

 


എത്ര കാത്തിരുന്നാലും പത്തൊൻപതാം നൂറ്റാണ്ട് തിയറ്ററിലൂടെ മാത്രമേ പ്രദർശനം നടത്തുകയുള്ളുയെന്ന് സംവിധായാകൻ വിനയൻ. സിജു വിത്സൺ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തെപ്പറ്റിയുള്ള വാർത്തകൾ പുറത്തുവന്ന നാൾ മുതൽ ചിത്രം എന്ന് തീയറ്ററുകളിൽ എത്തും എന്ന ചോദ്യമാണ് ഏവരുടെയും മനസ്സിൽ.   

നിലവിൽ കോവിഡ് വ്യാപനം മൂലം ചിത്രത്തിന്റെ അണിയറപ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. എന്നാൽ എഡിറ്റിംഗ് ജോലികൾ ആരംഭിച്ചിട്ടുണ്ട്.വിവേക് ഹർഷനാണ് ചിത്രത്തിന് വേണ്ടി എഡിറ്റിംഗ് നിർവ്വഹിക്കുന്നത്. 

ചിത്രത്തിന്റെ  ക്ലൈമാക്സ് രംഗങ്ങൾ കൂടി ചിത്രീകരിക്കാൻ ബാക്കി ഉണ്ടെന്നും വിനയൻ തൻറെ ഫേസ്ബുക്കിലിട്ട പോസ്റ്റിൽ പറയുന്നു.


വിനയന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ:

'പത്തൊൻപതാം നൂറ്റാണ്ട്' എഡിറ്റിംഗ് ജോലികൾ ആരംഭിച്ചു. വിവേക് ഹർഷനാണ് എഡിറ്റർ. കൊവിഡ് തീവ്രത കുറഞ്ഞതിനു ശേഷം ക്ലൈമാക്സ് ഇനിയും ഷൂട്ടുചെയ്യേണ്ടതായിട്ടുണ്ട്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഏറ്റവും കുറഞ്ഞ ചെലവിൽ ആസ്വദിക്കാൻ പറ്റുന്ന വിനോദമാണ് സിനിമ. വർണ്ണാഭമായ ദൃശ്യങ്ങളുടെയും അതിശയിപ്പിക്കുന്ന ശബ്ദവിന്യാസത്തിന്‍റെയും വിസ്‍മയക്കാഴ്ചയായ സിനിമ നല്ല തിയറ്ററുകളിലെ സാങ്കേതിക സൗകര്യത്തോടു കൂടി കണ്ടാലേ അതിന്‍റെ പൂർണ്ണ ആസ്വാദനത്തിലെത്തൂ. ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്ന സിനിമകൾ  ഫോണിന്‍റെ സ്ക്രീനിൽ കണ്ടു തൃപ്തിയടയുന്നവരും ഉണ്ടല്ലോ? ഉള്ളതുകണ്ട് ഉള്ളപോലെ തൃപ്തിയാവുക എന്ന അവസ്ഥയെന്നേ അതിനെക്കുറിച്ച് പറയാനാകൂ. അതുകൊണ്ടു തന്നെ നൂറുകണക്കിനു ജൂനിയർ ആർട്ടിസ്റ്റുകളും നിരവധി ആക്ഷൻ സ്വീക്വൻസുകളും ഒക്കെയുള്ള പത്തൊൻപതാം നൂറ്റാണ്ട് എത്ര കാത്തിരുന്നാലും ശരി തിയറ്ററുകളിൽ മാത്രമേ റിലീസി ചെയ്യൂ എന്ന തീരുമാനമാണ് ഞങ്ങൾ  എടുത്തിരിക്കുന്നത്. വലിയ താരപദവിയും ജനകീയമായ അംഗീകാരവുമൊക്കെ സിനിമക്കാർ നേടിയെടുത്തതിൽ തിയറ്ററുകളിലെ ആരവങ്ങൾക്ക് വലിയ പങ്കുണ്ടായിരുന്നു എന്ന കാര്യം സിനിമാക്കാരെങ്കിലും മറക്കരുത് എന്നാണ് എന്‍റെ അഭിപ്രായം.

പത്തൊൻപതാം നൂറ്റാണ്ട് കാലഘട്ടത്തിലെ  തിരുവിതാംകൂറിനെ ആസ്പദമാക്കിയാണ് ചിത്രം അണിയിച്ച് ഒരുക്കുന്നത്.  കയാദു ലോഹര്‍  പത്തൊൻപതാം നൂറ്റാണ്ടിൽ  നായികയായി എത്തുന്നത്.  ചിത്രത്തിൽ  നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധ പണിക്കരായി സിജു വിത്സണും  നങ്ങേലിയായി  കയാദു ലോഹറുമാണ്.  

ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലനാണ്  ചിത്രം നിർമ്മിക്കുന്നത്. വിദേശത്ത്  നിന്നുള്ള 15  അഭിനയിതാക്കൾക്കൊപ്പം  ചെമ്പന്‍ വിനോദ്, അനൂപ് മേനോന്‍, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, ശ്രീജിത്ത് രവി, അശ്വിന്‍, ജോണി ആന്‍റണി, ജാഫര്‍ ഇടുക്കി, സെന്തില്‍ കൃഷ്ണ, മണിക്കുട്ടന്‍, വിഷ്ണു വിനയ്, സ്ഫടികം ജോര്‍ജ്, സുനില്‍ സുഖദ, ചേര്‍ത്തല ജയന്‍, കൃഷ്ണ, ബിജു പപ്പന്‍,  സീര്‍ സംക്രാന്തി, കൂട്ടിക്കല്‍ ജയചന്ദ്രന്‍,  ദുര്‍ഗ കൃഷ്ണ, സുരഭി സന്തോഷ്, ശരണ്യ ആനന്ദ് തുടങ്ങിയവരും വേഷമിടുന്നുണ്ട് . ഷാജികുമാറാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്.