Movie prime

ലളിത കല അക്കാദമിയെ കലാ സൗഹൃദ ഇടമാക്കണമെന്ന് നിവേദനം 

 

കേരള ലളിത കല അക്കാദമിയെ കലാ സൗഹൃദ ഇടമായി ഉടൻ പുനഃസംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളത്തിലെ  ദൃശ്യ കലാകാര സമൂഹം  മുഖ്യമന്ത്രിക്ക് നിവേദനം നൽകി. കേരളത്തിനകത്തും പുറത്തും സജീവമായി കലാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന  280 ഓളം  കലാകാരരാണ്  നിവേദനം  മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്.

ചിത്ര ശില്പ കലകളുടെ വളർച്ചക്കും പ്രോത്സാഹനത്തിനുമായി  രൂപീകരിക്കപ്പെട്ട ലളിത കലാ അക്കാദമി കഴിവുറ്റ ഒരു ഭരണ നേതൃത്വത്തിന്റെ  അഭാവത്തിൽ നട്ടംതിരിയുന്ന  അവസ്ഥാവിശേഷമാണ് ഇന്നുള്ളത്.   ദൃശ്യകലയുടെ വളർച്ചയ്ക്കും വികാസത്തിനും ഏതു തരത്തിലുള്ള   പദ്ധതികൾ ആവിഷ്‌കരിക്കണമെന്നോ, നിലവിലുള്ള പ്രവർത്തനങ്ങളെ ഏതു രീതിയിൽ ഗുണപരമായി നടപ്പിലാക്കണമെന്നോ  ഉള്ള  അറിവോ ഉൾക്കാഴ്ചയോ പ്രതിബദ്ധതയോ ഇല്ലാത്തവരുടെ കൈയ്യിൽ അക്കാദമിയുടെ ഭരണ ചുമതല എത്തിപ്പെടുന്നതാണ് അക്കാദമിയുടെ നിലവാരവും പ്രസക്തിയും ഇന്ന് ഇത്രയേറെ നഷ്ടപ്പെടാൻ കാരണമായിട്ടുള്ളത്. 

യോഗ്യതയോ അർഹതയോ ഇല്ലാത്തവർ പലവിധങ്ങളായ സമ്മർദ്ദ തന്ത്രങ്ങളിലൂടെയും കുതന്ത്രങ്ങളിലൂടെ യും അവരുടെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് സർക്കാരിനെ തെറ്റിദ്ധരിപ്പിച്ച്  ഭരണ നേതൃത്വം കയ്യടക്കുന്ന  സ്ഥിതിയാണ് പൊതുവിൽ  കണ്ടുവരുന്നത്. ഇതുമൂലം ഓരോ വർഷവും അക്കാദമിയുടെ പ്രവർത്തനങ്ങൾക്കായി വകയിരുത്തപ്പെടുന്ന തുക ഗുണകരമായ രീതിയിൽ ഉപയോഗിക്കപ്പെടാതെ ലക്ഷ്യബോധമില്ലാത്ത പദ്ധതികളിലൂടെ പാഴാക്കിക്കളയുന്ന സ്ഥിതി വിശേഷമാണ് നിലവിലുള്ളത്.

കേവലം നാമമാത്രമായ രീതിയിലാണ്  കലയോട് പ്രതിപത്തിയും പ്രതിബദ്ധതയും ഉള്ളവർ അക്കാദമി ഭരണസമിതിയിൽ  ഉൾപ്പെടാറുള്ളത്.  ഫലപ്രദമായ  ഒരു മാറ്റത്തിനുവേണ്ടിയുള്ള  അവരുടെ നിർദ്ദേശങ്ങൾ മിക്കവാറും അവഗണിക്കപ്പെടുന്നു.
ലളിതകലാ അക്കാദമിയിലെ ഏകാധിപത്യ പ്രവണതകൾക്കെതിരെയും ദിശാബോധമില്ലാതെ നടപ്പിലാക്കുന്ന പദ്ധതികൾക്കെതിരെയും  കലാകാരർക്കിടയിൽ ചേരിതിരിവ് വളർത്തുന്ന തരത്തിലുള്ള നിലപാടുകൾക്കെതിരെയും  പ്രതിഷേധിച്ച്  പല കലാകാരരും അക്കാദമി നിർവാഹക സമിതിയിൽ നിന്നും സമീപകാലത്തു രാജിവച്ചിരുന്നു.   ഈ പശ്ചാത്തലത്തിലാണ് കാലങ്ങളായി  കലാകാരരുമായി  ബന്ധമില്ലാതെ  കേവലം  ആശ്രിതർക്കായി നടത്തപ്പെടുന്ന ഒരു വെൽഫയർ സൊസൈറ്റി എന്ന തരത്തിലേക്ക് തരംതാണുപോയ  ലളിതകലാ അക്കാദമിയുടെ ഭരണസമിതിയെ ഉടൻ പിരിച്ചുവിടണമെന്നും കേവല കക്ഷിരാഷ്ട്രീയ പരിഗണനകൾക്ക് അതീതമായി കലയുമായി ആത്മബന്ധമുള്ളവരെ ഉൾപ്പെടുത്തി     അക്കാദമിയുടെ ഭരണഘടന  വിഭാവനം ചെയ്യുന്ന തരത്തിൽ കലയുടെ നിലവാര മേന്മക്കും പൊതുസമൂഹത്തിൽ കലയെക്കുറിച്ചുള്ള  അവബോധം വളർത്തുന്നതിനും  ഉതകുന്ന  തരത്തിൽ ഭരണസമിതി പുനഃസംഘടിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കലാ സമൂഹം മുന്നോട്ടുവന്നത്.