Movie prime

സനൽകുമാർ ശശിധരന്റെ ചോല വെനീസ് ചലച്ചിത്രമേളയിൽ

കഴിഞ്ഞ വർഷം ഒന്നിലേറെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ കരസ്ഥമാക്കിയ സനൽകുമാർ ശശിധരന്റെ ചോല ലോക പ്രശസ്തമായ വെനീസ് രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മുഖ്യ മത്സര വിഭാഗത്തിന് സമാന്തരമായി സംഘടിപ്പിക്കുന്ന ഹൊറൈസൺസ് വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുക. ലോക സിനിമയിലെ പുതിയ പ്രവണതകളെ പരിചയപ്പെടുത്തുന്ന വിഭാഗമാണിത്. മികച്ച ചിത്രത്തിനുൾപ്പെടെ നാല് അവാർഡുകളാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾക്ക് നൽകിവരുന്നത്. ഹൊറൈസൺസിലേക്ക് ഇന്ത്യയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക ചിത്രമാണ് ചോല. നിമിഷ സജയന് മികച്ച നടിക്കും ജോജു ജോർജിന് മികച്ച സ്വഭാവ More
 
സനൽകുമാർ ശശിധരന്റെ ചോല വെനീസ് ചലച്ചിത്രമേളയിൽ

കഴിഞ്ഞ വർഷം ഒന്നിലേറെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ സനൽകുമാർ ശശിധരന്റെ ചോല ലോക പ്രശസ്തമായ വെനീസ് രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മുഖ്യ മത്സര വിഭാഗത്തിന് സമാന്തരമായി സംഘടിപ്പിക്കുന്ന ഹൊറൈസൺസ് വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുക. ലോക സിനിമയിലെ പുതിയ പ്രവണതകളെ പരിചയപ്പെടുത്തുന്ന വിഭാഗമാണിത്. മികച്ച ചിത്രത്തിനുൾപ്പെടെ നാല് അവാർഡുകളാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾക്ക് നൽകിവരുന്നത്. ഹൊറൈസൺസിലേക്ക് ഇന്ത്യയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക ചിത്രമാണ് ചോല.
നിമിഷ സജയന് മികച്ച നടിക്കും ജോജു ജോർജിന് മികച്ച സ്വഭാവ നടനുമുള്ള പുരസ്‌കാരങ്ങൾ നേടിക്കൊടുത്ത ചിത്രം മൂന്നു വ്യക്തികളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന ചില പ്രധാനപ്പെട്ട സംഭവങ്ങളെ ഇതിവൃത്തമാക്കുന്നു. കൗമാരക്കാരായ രണ്ടുപേർ നഗരം കാണാനിറങ്ങുന്നതും ഒരു മോട്ടലിൽ എത്തിപ്പെടുന്നതും ഇരുവരുടെയും ജീവിതത്തിൽ പിന്നീട് സംഭവിക്കുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ഈട എന്നീ ചിത്രങ്ങൾക്കുശേഷം നിമിഷയുടെ ശ്രദ്ധേയമായ കഥാപാത്രമാണ് ചോലയിലേത്. വൈറസിനു ശേഷം ജോജുവിന്റെ മികച്ച പ്രകടനം ചിത്രത്തിൽ കാണാം.

റോട്ടർഡാമിൽ ടൈഗർ പുരസ്‌കാരം നേടിയതും ഏറെ വിവാദമുയർത്തിയതുമായ എസ് ദുർഗയ്ക്ക് ശേഷം സനൽകുമാർ സംവിധാനം ചെയ്ത ചിത്രമാണ് ചോല. ചിത്രത്തിന് ആദ്യം നൽകിയ സെക്സി ദുർഗയെന്ന പേരിനെ ചുറ്റിപ്പറ്റിയായിരുന്നു വിവാദങ്ങൾ. സെക്സി ദുർഗ ഹിന്ദു ദേവതാ സങ്കൽപ്പത്തെ നിന്ദിക്കുന്നതാണെന്ന് ആരോപിച്ച് ഹിന്ദു മതമൗലിക വാദികൾ രംഗത്ത് വന്നിരുന്നു. തുടർന്ന് സെൻസർബോർഡ് പ്രദർശനാനുമതി നിഷേധിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രമേളയിലും ചിത്രം പ്രദർശിപ്പിച്ചില്ല.

ആഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 7 വരെയാണ് വെനീസ് മേള അരങ്ങേറുന്നത്. അർജന്റൈൻ സംവിധായകൻ ലൂക്‌റേഷ്യ മാർട്ടൽ ആണ് ഇത്തവണത്തെ ജൂറി ചെയർമാൻ. ജാപ്പനീസ് സംവിധായകൻ ഹിറാക്കോസു കൊറീദയുടെ ദി ട്രൂത്ത് ആണ് ഉദ്ഘാടന ചിത്രം. ഗിസേപ്പേ കാപോട്ടോണ്ടി യുടെ ബേണ്ട് ഓറഞ്ച് ഹിയർസേ ആണ് സമാപനചിത്രം. ദി ട്രൂത്തിനു പുറമേ ടോഡ് ഫിലിപ്സിന്റെ ജോക്കർ, റോമൻ പൊളാൻസ്കിയുടെ ഏൻ ഓഫീസർ ആൻഡ് എ സ്പൈ, റോയ് ആൻഡേഴ്സന്റെ എബൌട്ട് എൻഡ്‌ലെസ്‌നെസ്, ഒലിവർ അസേയസിന്റെ വാസ്പ് നെറ്റ് വർക്ക്, നോവ ബുഅംബാക്കിന്റെ മാര്യേജ് സ്റ്റോറി, ജെയിംസ് ഗ്രേയുടെ അസ്ട്ര, ആറ്റം അഗോയന്റെ ഗസ്റ്റ് ഓഫ് ഓണർ, ഹൈഫ അൽ മൻസൂറിന്റെ ദി പെർഫെക്ട് ക്യാൻഡിഡേറ്റ്, റോബർട്ട് ഗ്യുഡിഗ്യുയാന്റെ ഗ്ലോറിയ മുണ്ടി, പാബ്ലോ ലറായിന്റെ എമ, ലു യീയുടെ സാറ്റർഡേ ഫിക്ഷൻ, സ്റ്റീവൻ സോഡൻ ബർഗിന്റെ ലോഡ്രോമാറ്റ് എന്നിവയും മത്സരവിഭാഗത്തിലുണ്ട്. സംവിധാന-അഭിനയ രംഗങ്ങളിലെ സംഭാവനകൾ കണക്കിലെടുത്ത് പെഡ്രോ അൽമഡോവറിനും ജൂലി ആൻഡ്‌റൂസിനും ആജീവനാന്ത പുരസ്‌കാരം നൽകി ആദരിക്കും.