Movie prime

മുന്നൂറ്റിയൊന്നാമത്തെ രാമായണം: തെയ്യത്തിൻ്റെ ജനിതക ഭാഷയിൽ ഉറഞ്ഞാടുന്ന ഉത്കൃഷ്ട കൃതി

വി കെ അനിൽകുമാറിൻ്റെ മുന്നൂറ്റിയൊന്നാമത്തെ രാമായണം എന്ന കൃതിയുടെ വായന നടത്തുന്നത് എഴുത്തുകാരനും നിരൂപകനുമായ എ പത്മനാഭൻ കാവുമ്പായിയാണ് ‘മുന്നൂറ്റിയൊന്നാമത്തെ രാമായണം’ വി.കെ.അനിൽകുമാർ എഴുതിയത് മറ്റൊന്നിനുമല്ല, ബാലിത്തെയ്യത്തെ ആദികാവ്യമാക്കാനാണ്. അതിനു വേണ്ടി തെയ്യത്തിൻ്റെ ജനിതക ഭാഷയിൽ ഉറഞ്ഞാടുന്ന ഒരുൽക്കൃഷ്ടകൃതി തന്നെ പുറത്തു വന്നിരിക്കുന്നു. ഇതിലെ ഇരുപത് അധ്യായങ്ങളിൽ ആദ്യത്തെ മൂന്നെണ്ണം മാറ്റി നിർത്തിയാൽ ‘രാമായണം’ എന്നതിനേക്കാൾ രാമായണ വ്യാഖ്യാനമായാണ് അനുഭവവേദ്യമാകുന്നത്. അക്കാര്യത്തിൽ മൂവായിരത്തിയൊന്നായി ഒരു പക്ഷെ, ഈ കൃതി എണ്ണപ്പെട്ടേക്കാം. അതേസമയം, തെയ്യത്തിൻ്റെ ചോരയിൽ പിറന്ന More
 
മുന്നൂറ്റിയൊന്നാമത്തെ രാമായണം: തെയ്യത്തിൻ്റെ ജനിതക ഭാഷയിൽ ഉറഞ്ഞാടുന്ന ഉത്കൃഷ്ട കൃതി

വി കെ അനിൽകുമാറിൻ്റെ മുന്നൂറ്റിയൊന്നാമത്തെ രാമായണം എന്ന കൃതിയുടെ വായന നടത്തുന്നത് എഴുത്തുകാരനും നിരൂപകനുമായ എ പത്മനാഭൻ കാവുമ്പായിയാണ്

‘മുന്നൂറ്റിയൊന്നാമത്തെ രാമായണം’ വി.കെ.അനിൽകുമാർ എഴുതിയത് മറ്റൊന്നിനുമല്ല, ബാലിത്തെയ്യത്തെ ആദികാവ്യമാക്കാനാണ്. അതിനു വേണ്ടി തെയ്യത്തിൻ്റെ ജനിതക ഭാഷയിൽ ഉറഞ്ഞാടുന്ന ഒരുൽക്കൃഷ്ടകൃതി തന്നെ പുറത്തു വന്നിരിക്കുന്നു. ഇതിലെ ഇരുപത് അധ്യായങ്ങളിൽ ആദ്യത്തെ മൂന്നെണ്ണം മാറ്റി നിർത്തിയാൽ ‘രാമായണം’ എന്നതിനേക്കാൾ രാമായണ വ്യാഖ്യാനമായാണ് അനുഭവവേദ്യമാകുന്നത്. അക്കാര്യത്തിൽ മൂവായിരത്തിയൊന്നായി ഒരു പക്ഷെ, ഈ കൃതി എണ്ണപ്പെട്ടേക്കാം. അതേസമയം, തെയ്യത്തിൻ്റെ ചോരയിൽ പിറന്ന ‘രാമായണ’ത്തിൽ ഒന്നാമത്തേതും.

വാനരനിൽ നിന്നാണ് നരനുണ്ടായത് എന്ന പരിണാമതത്വത്തിന് അനുബന്ധമായി ‘വാനരൻ’ എന്ന വാക്കിൽ നിന്നാണ് ‘നരൻ’ എന്ന വാക്കുണ്ടായതെന്നു പറഞ്ഞു പോയാൽ ഭാഷാവരേണ്യന്മാർ വാളെടുക്കും ; അതവർക്ക് സഹിക്കാനാവില്ല. നരനെ ചുറ്റിപ്പറ്റിയാണ് പ്രകൃതിയെ പൂർണമായും ഭാഷാവത്കരിച്ചിട്ടുള്ളതെന്നതിനാൽ ‘നരൻ’ ഉണ്ടായ ശേഷമേ ‘വാനരൻ’ എന്ന വാക്കുണ്ടാകാവൂ !

മുന്നൂറ്റിയൊന്നാമത്തെ രാമായണം: തെയ്യത്തിൻ്റെ ജനിതക ഭാഷയിൽ ഉറഞ്ഞാടുന്ന ഉത്കൃഷ്ട കൃതി
ബാലിയുടെ കഥയും രാമൻ്റെ മേൽവിലാസത്തിലേ പറയാനൊക്കൂ.രാമനേക്കാൾ സീത ജ്വലിച്ചു നിന്നിട്ടും ‘സീതായനം’ എന്ന പേരിലല്ല ആദികാവ്യം തൊട്ട് അടയാളപ്പെട്ടതെന്ന ആൺനീതി ഇക്കാര്യത്തിലുമുണ്ട്. പരിണാമക്രമവുമായി ബാലിയുടെ വംശത്തിന് മറ്റേതുവംശത്തേക്കാളും ആയുർബന്ധമുണ്ടെന്നതൊക്കെ നിഷേധിക്കാനാവാത്തതാണ്. എന്നിട്ടും ബാലിയുടെ ബലിമുദ്രകൾക്ക് മുന്നൂറ്റൊന്നാമത്തെ രാമായണമെന്ന് ശീർഷം ചെയ്യേണ്ടി വരുന്നു.
ജൈവകുലത്തിൻ്റെ ജാതകം വരേണ്യമനുഷ്യൻ കുത്തിക്കുറിച്ചതിൻ്റെ പ്രശ്നമാണിത്; പ്രകൃതിയുടെ അച്ചുതണ്ട് ചരാചരങ്ങൾ ഒരേ അവകാശത്തോടെ
ആധാരമാക്കുന്നുവെന്ന പ്രാഥമിക നിയതി പോലും തിരിച്ചറിയാൻ നമ്മൾ ഇനിയുമെത്രയോ മുന്നേറാനുണ്ട്.

കിഷ്കിന്ധാകാണ്ഡം 18-ാം സർഗ (ബാലിവധ സമർഥന)ത്തിൽ, ”വല, കയർ,പലതരം കെണികൾ എന്നിവയാൽ ഒളിച്ചു നിന്നോ വെളിവായ് നിന്നോ മൃഗങ്ങളെ പിടിക്കുക പതിവാണ് ” എന്നൊരു ശ്ലോകമുണ്ട്. രാമൻ ബാലിയോടു പറയുന്നത് , ഞങ്ങൾക്ക് വിനോദത്തിനായി കൊല്ലാനും വല വച്ചു പിടിക്കാനുമുള്ള മൃഗങ്ങൾ മാത്രമാണ് നിങ്ങളെന്നാണ് . മൃഗങ്ങളോടാണെങ്കിൽ സ്വാഭാവികമായി അങ്ങനെ പറയേണ്ടതില്ല. മൃഗസമാനമായി കരുതുന്ന ചില മനുഷ്യവംശങ്ങളോടുള്ള ആര്യസമീപനമാണ് ഇപ്പറച്ചിൽ. അസുരവംശത്തിനും വാനരവംശത്തിനും (ശബരന്മാർ?) സമാനമായ ഗോത്രഗണങ്ങൾക്കുമെതിരെ ക്ഷത്രിയൻ്റെ ചോരക്കലിയിൽ ഉറയുന്നതാണ് ഇത്തരം വാചാലത.

വാനരൻ മർക്കടനല്ലെന്നും, വാലും നഖങ്ങളും പ്രയോഗത്തിൻ്റെ
ഉപാധികളാണെന്നും, ഗോത്രമനുഷ്യൻ്റെ കാടോർമകളിൽ നിന്നാണ് ബാലിത്തണ്ടയും നഖങ്ങളും തുരന്നെടുത്തതെന്നും, വാലാട്ടലെന്നല്ല, വാൽ വീശലെന്നാണ് യഥാർഥ പ്രയോഗമെന്നും കൃത്യമായി ഉറപ്പിക്കുകയാണ് ഈ കൃതി.

രാമായണത്തിലെ ബാലി വടക്കേ മലബാറിലേക്ക്, മണ്ണുമ്മൽ വിശ്വകർമാവിൻ്റെ കൂടെ നെടുബാലി ത്തെയ്യമായി പോരുന്ന ഇതിവൃത്തമാണ് കൃതിയുടെ കാതൽ.
എരമം ദേശത്തു നിന്നും കർണാടക ഹംപിയിലെത്തിയ മേലാശാരി തുംഗഭദ്രാ നദിയോടു ചേർന്ന വന സന്നിധിയിലാണ് ബാലിയെ കണ്ടുമുട്ടുന്നത്.
ശില്പങ്ങൾ കൊത്തുന്നതിന് വിശേഷപ്പെട്ട വന്മരങ്ങൾ മുറിക്കുന്നതിനിടയിലായിരുന്നു സന്നിവേശം. ത്രേതായുഗത്തിലെ വാനര രാജ്യമായ കിഷ്കിന്ധയും ഋശ്യമൂകാചലവും(ബാലികേറാമല ) ദണ്ഡകാരണ്യവു മൊക്കെ സ്ഥിതിചെയ്തിരുന്ന ഭൂപടം വിന്ധ്യാമലനിരകൾക്കു ദക്ഷിണഭാഗമാണെന്ന ഒരു സങ്കല്പത്തെയാണ് ബാലിത്തെയ്യത്തിൻ്റെ പുരാവൃത്തം പിന്തുടരുന്നത്.
കേസരി ബാലകൃഷ്ണപ്പിള്ളയുടെ നിരീക്ഷണത്തിൽ,സിന്ധുനദിയുടെ പടിഞ്ഞാറ് പോഷകനദിയായ കറം നദിയുടെ കരയിലെ ബന്നു (പഴയ വനായു) തലസ്ഥാനമായുള്ള ദേശമാണ് അയോധ്യ. ജാംനഗറിനും പോർബന്തറിനും ഇടയിൽ രണ്ടു കുന്നുകളിൽ തെക്കേക്കുന്നിലെ ശ്രീനഗരം എന്ന പ്രാചീന ഗ്രാമമാണ് ലങ്ക.

ബാലിത്തെയ്യത്തിൻ്റെ പുരാപഥങ്ങളിലൂടെ സഞ്ചരിക്കുന്ന അനിൽകുമാറിൻ്റെ കൃതി ചില അടിസ്ഥാനപ്രമാണങ്ങളിലേക്ക് നമ്മുടെ കാഴ്ചയെ ആവാഹിക്കുന്നുണ്ട്.-മനുഷ്യൻ തെയ്യത്തിൽ തിളച്ച് ദൈവമാകുന്ന രാസമാറ്റം.- തെയ്യത്തിൻ്റെ അടിമുടി മതവിരുദ്ധമായ അതിപ്രാചീന ജീവിതാവിഷ്കാരം.- രാമനെ സ്തുതിക്കുന്നതല്ല, തീർത്തും രാമായണവിരുദ്ധവും ആര്യവിരുദ്ധവുമായ ദളിത് ഉയിർത്തെഴുന്നേല്പിൻ്റെ വിസ്ഫോടനശേഷിയാണ് ബാലിത്തെയ്യം.നെഞ്ചുകീറി ആര്യദൈവങ്ങളെ കാട്ടുകയല്ല, നെഞ്ചകം തുറന്ന് അധ്വാനിക്കുന്ന വർഗത്തെ കാട്ടുകയാണിവിടെ. അധ്വാന സംസ്കൃതിയിൽ നിന്നും കടഞ്ഞെടുത്ത
‘രാമായണാ’വിഷ്കാരമാണ് ബാലിത്തെയ്യം..

-ഉത്തരകേരളത്തിലെ നാട്ടു ജീവിതവും സംസ്കാരവും വ്യവഹാര ഭാഷയും തെയ്യത്തിലൂടെ ഉയർത്തിക്കാട്ടുന്നു.-തെയ്യംസാഹിത്യത്തോടുള്ള വരേണ്യ സൈദ്ധാന്തികരുടെ വിരോധവും ഈ കൃതി തുറന്നു കാട്ടുന്നു. വി.കെ.അനിൽകുമാറിൻ്റെ ഭാഷയും അതിനു പാകത്തിൽ മൂർച്ചയേറിയ കരിങ്കൽച്ചീളുകളാണ്. ബാലിത്തെയ്യത്തിൻ്റെ അവതരണഭാഷ തന്നെ നോക്കൂ :
”വാനര വനരാജനെ തെയ്യം ഗർഭം ധരിച്ചു. പെരുവണ്ണാന്മാർ മണ്ണുമ്മൽ പടിഞ്ഞാറ്റയിൽ തോറ്റംപാട്ടിൻ്റെ തൊട്ടിൽ കെട്ടി ബാലിയെ താരാട്ടി.തുംഗഭദ്രയുടെ ഓളങ്ങളെ വിറപ്പിച്ച ബാലി വണ്ണാത്തിപ്പുഴയോരത്ത് പിച്ചവച്ചു. ഒറ്റിക്കൊടുക്കുന്ന ഒളിയമ്പുകൾക്ക് ചെന്നെത്താനാകാത്ത ഒളിയിടങ്ങളായ കാവുകളിലെ സാല വൃക്ഷങ്ങളിൽ ബാലി ഒളിവളർന്നു. മണ്ണുമ്മൽ മേലാശാരിക്കു വേണ്ടി പെരുവണ്ണാന്മാർ ബാലിത്തെയ്യമായി ഉറഞ്ഞാടി. സ്വന്തം നിസ്സഹായതയും രോഷവും കൊട്ടും പാട്ടു മാക്കി വര വിളിച്ചു.ഉറച്ചിൽ തോറ്റ മായാടിയുറഞ്ഞു. തകർന്നു പോയ, തകർത്തു കളഞ്ഞ ജീവിതത്തിൻ്റെ തീവ്രതകളിൽ ഓലച്ചൂട്ടുകളിലെ തീയാളിപ്പടർന്നു ”.അതു കൊണ്ടു തന്നെ ‘ബാലി നമ്മുടെ കൈ പിടിക്കുമ്പോൾ തീയും വെള്ളവും ഒരുമിച്ച് നമ്മെ തൊടുന്ന’ തായി അറിയുന്നു.
ബാലിത്തെയ്യത്തിൽ നിന്നും കടമെടുത്ത പൊള്ളുന്ന ഭാവപ്രകൃതിയാണ് ഈ കൃതിയിലും തുടരുന്നത് . അതിൻ്റെ ഭാഷാനിഘണ്ടു ഗ്രന്ഥകാരൻ തന്നെ നിർവചിക്കുന്നു:

‘നാട്യശാസ്ത്ര നിഘണ്ടുവിൽ ബാലിയുടെ ചോര പുരണ്ട മുദ്രകളുടെ അർഥം പരതിയാൽ കിട്ടില്ല. ജീവിതത്തിൻ്റെ കലുഷിതമായ ഏടുകളിലാണ് അതിൻ്റെ അർഥങ്ങൾ ഒളിഞ്ഞിരിക്കുന്നത്. അതുടനീളം ദു:ഖസാന്ദ്രമാണ്. തെയ്യത്തിൻ്റെ ദു:ഖവും ദുരിതവും നാട്യധർമിയല്ല, ദുരന്തത്തിനിരയാകുന്ന മനുഷ്യൻ്റെ ജീവിതത്തെ അടയാളപ്പെടുത്തുന്ന ലോകധർമിയാണ്. ഏതു ലോകത്തും ഏതു കാലത്തും സംഭവിക്കുന്ന മനുഷ്യൻ്റെ ദുരന്ത ജീവിതമാണ് തെയ്യത്തിൻ്റെ അർഥങ്ങൾ ചികയാവുന്ന നിഘണ്ടു ‘.