Movie prime

ഓരോ പൗരനും സ്വന്തമായി വീടെന്ന സ്വപ്നം സാക്ഷാത്കരിക്കും: മന്ത്രി

 

സ്വന്തമായി ഒരു വീടെന്ന സ്വപ്നം ഓരോ പൗരനുമുള്ളതാണ്. രാജ്യത്ത് നിലനില്‍ക്കുന്ന വ്യവസ്ഥിതിയില്‍ എല്ലാവര്‍ക്കും ആ സ്വപ്നം സ്വന്തം നിലയില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുന്നില്ല. എന്നാല്‍, കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സമഗ്രമായ ഭവന പദ്ധതിയാണ് നടപ്പിലാക്കുന്നത്.

ലൈവ്‌ലി ഹുഡ് ഇന്‍ക്ലൂഷന്‍ ആന്റ് ഫിനാന്‍ഷ്യല്‍ എംപവര്‍മെന്റ്  (ലൈഫ്) എന്ന പേരിലൂടെ തന്നെ സര്‍ക്കാരിന്റെ സമഗ്രമായ കാഴ്ചപ്പാടാണ് വെളിവാകുന്നതെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമ വികസന എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കേന്ദ്ര ഭവനകാര്യ മന്ത്രാലയം ആവാസ് പര്‍ സംവാദ് എന്ന പേരില്‍ നടത്തിയ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷനുമായി സംയോജിപ്പിച്ചുകൊണ്ടാണ് സംസ്ഥാനത്ത് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി നടപ്പിലാക്കുന്നത്. ഇതിലൂടെ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഒന്നരലക്ഷം രൂപയ്ക്ക് പുറമെ സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് രണ്ടര ലക്ഷം രൂപ കൂടി നല്‍കിയാണ് ഒരു വീടിന് നാല് ലക്ഷം രൂപ യൂണിറ്റ് നിരക്കായി നല്‍കുന്നത്. ദേശീയ തലത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് കേരളമാണ് നല്‍കുന്നതെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി.

കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ രാജഗിരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സാണ് ശില്‍പ്പശാല ഒരുക്കിയത്. കൊച്ചി മേയര്‍ എം അനില്‍കുമാര്‍, കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ പി ഐ ശ്രീവിദ്യ, രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസ് പ്രിന്‍സിപ്പല്‍ ഡോ. ബിനോയ് ജോസഫ്  എന്നിവര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്ത് സംസാരിച്ചു.