Movie prime

ജീവിച്ചിരിക്കാൻ എല്ലാവർക്കും അവകാശമുണ്ട്

എന്തും ചെയ്യാൻ ശക്തി ഉള്ള ഒരു മഹാപ്രസ്ഥാനത്തിന്റെ മുന്നിൽ നിന്ന് അദൃശ്യനായ ടി പിയെ, അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവളെ, അവരുടെ മകനെ ഞാൻ ചേർത്ത് പിടിക്കുന്നു. സഹനങ്ങൾക്ക് ആദൃശ്യമായ ഒരു ശക്തി ഉണ്ട്. രാജൻ കൊലക്കേസിലെ പോലിസുകാർക്ക്, ജയറാം പടിക്കൽ മുതൽ പുലിക്കോട് നാരായണൻ വരെ ഉള്ളവർക്ക് ജീവിതം നൽകിയ ശിക്ഷ ഉണ്ട് , നിയമം കൊടുത്ത വിധി…അത് സാക്ഷ്യം. ടി പി ചന്ദ്രശേഖരൻ ദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് ചാരുലത എ എസ് എഴുതിയ ശ്രദ്ധേയമായ കുറിപ്പ് കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തിൽ More
 
ജീവിച്ചിരിക്കാൻ എല്ലാവർക്കും അവകാശമുണ്ട്

എന്തും ചെയ്യാൻ ശക്തി ഉള്ള ഒരു മഹാപ്രസ്ഥാനത്തിന്റെ മുന്നിൽ നിന്ന് അദൃശ്യനായ ടി പിയെ, അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവളെ, അവരുടെ മകനെ ഞാൻ ചേർത്ത് പിടിക്കുന്നു. സഹനങ്ങൾക്ക് ആദൃശ്യമായ ഒരു ശക്തി ഉണ്ട്. രാജൻ കൊലക്കേസിലെ പോലിസുകാർക്ക്, ജയറാം പടിക്കൽ മുതൽ പുലിക്കോട് നാരായണൻ വരെ ഉള്ളവർക്ക് ജീവിതം നൽകിയ ശിക്ഷ ഉണ്ട് , നിയമം കൊടുത്ത വിധി…അത് സാക്ഷ്യം.

ടി പി ചന്ദ്രശേഖരൻ ദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് ചാരുലത എ എസ് എഴുതിയ ശ്രദ്ധേയമായ കുറിപ്പ്

കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തിൽ കേരള സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ കൃത്യമാണെന്നാണ് എന്റെ ധാരണ. ഒപ്പം ഞാനും ചേരുന്നു.

“ജീവിച്ചിരിക്കാൻ മനുഷ്യർ ബാക്കി ഉണ്ടായാലല്ലേ വിയോജിക്കാനും വിമർശിക്കാനും കഴിയുകയുള്ളു… ഒരു വാർത്ത സമ്മേളനത്തിൽ ശ്രീ പിണറായി വിജയൻ പ്രതിപക്ഷത്തിന്റെ വിമർശനത്തിന് നേരേ ചൂണ്ടിയതാണ്.

ശരിയാണ്…

ജീവനാണ് വലുത് . ജീവിച്ചിരുന്നാലേ വിയോജിക്കാനും വിമർശിക്കാനും പറ്റൂ. ഇങ്ങനെ ജീവിക്കാൻ ചിലരുടെ അനുവാദം ലഭിക്കാതെ പോയ ഒരു മനുഷ്യനെക്കുറിച്ചാണ് ഞാനിവിടെ പറഞ്ഞു വെയ്ക്കുന്നത്.

വർഷങ്ങൾക്ക് പിറകോട്ട് ആ മെയ് നാലിലേക്ക് ഒന്ന് പോകട്ടെ. രാവിലെ പ്രഭാത ഭക്ഷണം കഴിഞ്ഞ് ഞാനും ആസാദും (ഡോ.ആസാദ് )മോനും(എന്റെ അനിയൻ) അമ്മുവും കൂടി എന്റെ വീട്ടിലേക്ക് യാത്രയായി. നല്ല രാത്രി ആയി വീട്ടിലേത്തുമ്പോൾ. വളരെ നാളായി അടച്ചിട്ടിരിക്കുന്ന ഒരു പഴയ വീട്. പെട്ടെന്ന് രാത്രിയിൽ അവിടെ കയറി കിടക്കാൻ പറ്റില്ല .അതുകൊണ്ട് അടുത്തുള്ള ഒരു ലോഡ്ജിൽ മുറി എടുത്ത് ഭക്ഷണം കഴിച്ച് കിടക്കാനുള്ള പുറപ്പാടിലാണ്. നല്ല വെയിലുള്ള ഒരു മുഴു പകൽ യാത്ര എല്ലാവരെയും ബാധിച്ചിരിക്കുന്നു.

എല്ലാവരും പാതി ഉറക്കത്തിലായി ആസാദിന്റെ ഫോൺ ബെല്ലടിക്കുന്നുണ്ട്. “പ്രദീപ് മേനോൻ ആണല്ലോ ….എന്താണാവോ ഈ നേരത്ത് എന്ന് പറഞ്ഞിട്ടാണ് ആസാദ് ഫോൺ എടുത്തത്.

ജീവിതത്തിൽ അതിന് മുൻമ്പോ, ശേഷമോ അങ്ങനെ ഒരു ശബ്ദം ആസാദിൽ നിന്ന് ഞാൻ കേട്ടിട്ടില്ല, അങ്ങനെ ഒരു ഭാവം ഞാനൊരിക്കലും കണ്ടിട്ടില്ല.

ഭയന്നിട്ട് ഒരക്ഷരം മിണ്ടാൻ എനിക്ക് പറ്റുന്നില്ല. എന്താണെന്ന് ചോദിക്കാനുള്ള ധൈര്യം പോലുമില്ലാതെ ഞാൻ.വീണ്ടും വീണ്ടും ഫോൺ ബെല്ലടിക്കുന്നു. റിപ്പോർട്ടർ ചാനലിൽ നിന്ന് നികേഷ് കുമാറാണ് .”ശരിയാവില്ല…ഇപ്പോൾ ഒന്നും പറയാൻ പറ്റുന്നില്ല” എന്ന് പറഞ്ഞു ഫോൺ വെച്ചു.മുറിയിലെ ടി വി ഓൺ ചെയ്യാൻ മോനോട് ആംഗ്യം കാട്ടി ആസാദിന്റെ തോളിൽ കൈവെച്ചു.കണ്ണിലേക്ക് സൂക്ഷിച്ച് നോക്കി “ചന്ദ്രശേഖരൻ… എന്ന് മാത്രം പറഞ്ഞു.അവിടെ അടിയും കുത്തുമെല്ലാം സ്ഥിരം സംഭവങ്ങൾ ആണല്ലോ. അങ്ങനെ എന്തോ ആവാം പക്ഷെ ഒരു നിമിഷനേരത്തെ പ്രതീക്ഷയ്ക്കുപോലും പഴുത് തരാതെ… റിപ്പോർട്ടർ ചാനലിന്റെ ചോര തെറിച്ച സ്ക്രീനിൽ എഴുതി കാണുന്നു. ആർ എം പി നേതാവ് ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിനികേഷ്കുമാറിന്റെ ശബ്ദമാണ് പിറകില്‍,അന്നത്തെ നികേഷിന്റെ ശബ്ദം എന്റെ ചെവിയിൽ ഇന്നും ഉണ്ട്.

തിരിച്ച് പോകാം.

നിമിഷങ്ങൾക്കം റൂമിന്റെ താക്കോൽ തിരിച്ച് കൊടുത്ത് വെക്കേറ്റ് ചെയ്യുന്നു എന്ന് പറയുമ്പോൾ റിസ്പഷനിലെ ജീവനക്കാരന്റെ മുഖത്ത് സംശയം. ആരൊക്കെയോ പെട്ടെന്ന് അടുത്തേക്ക് എന്ത് പറ്റിയെന്ന് ചോദിക്കുന്നുണ്ട്. അമ്മുനെ ഇറുക്കി പിടിച്ചു ആസാദിനോട് ചേർന്ന് നിന്നു. വല്ലാത്ത ഒരു ഭയം എന്നിൽ നിറയുന്നു. എത്രയും വേഗം അവിടെ നിന്ന് രക്ഷപെടണം എന്ന് ഒരു തോന്നൽ. ആരോ പിറകിൽ ഉള്ളതു പോലെ.

വണ്ടി മോൻ ഓടിക്കാമെന്ന് എത്ര പറഞ്ഞിട്ടും മോനോട് ഒന്ന് ഉറങ്ങാൻ പറഞ്ഞ് ആസാദ് തന്നെ ഡ്രൈവ് ചെയ്യുന്നു. (അങ്ങോട്ട് അവനായിരുന്നു ഓടിച്ചിരുന്നത്). വിജനമായ റോഡിൽ ചുവന്ന മാരുതി 800 നൂറിന്ന് മേലേക്കാണ് ഓടി കയറുന്നത്. ഇടയിൽ വളരെ പതുക്കെ ഇത്ര സ്പീഡ് വേണോ എന്ന് ഞാൻ പറയുന്നുണ്ടായിരുന്നു.

അത് ആരും ശ്രദ്ധിക്കുന്നതു പോലും ഇല്ല. മോൻ ഉണർന്ന് ഇനി അവൻ ഓടിക്കട്ടെ വണ്ടി എന്ന് പറയുമ്പോഴും വളരെ സമചിത്തതയോടെ വേണ്ട ഞാനോടിച്ചു കൊള്ളാമെന്ന് പറയുന്നു .പിന്നെ എപ്പോഴോ അവനും ഓടിച്ച് കാണണം. ഓർമ്മയില്ല.രാവിലെ അമ്മൂനെ വീട്ടിൽ ആക്കി മെഡിക്കൽ കോളേജിൽ മോർച്ചറിയുടെ മുന്നിൽ എത്തി…

ഒരേ ഭാവത്തിൽ ഒരക്ഷരം പരസ്പരം മിണ്ടാതെ പിടിച്ചടക്കിയ വേദനയുമായി കോഴിക്കോടും പരിസരത്തുമുള്ള ഏതാണ്ട് എല്ലാ സുഹൃത്തുക്കളും അവിടെ ഉണ്ട്. സമയം ഉച്ച ആവുന്നു.ഒരു പോസ്റ്റുമോര്‍ട്ടത്തിന് ഇത്രയേറെ സമയം വേണോ… അടുത്തു നിന്നു ഒരു മർമ്മരം.

വെട്ടി നുറുക്കിയ ആ ശരീരം തുന്നി കൂട്ടി സഖാക്കളുടെ കൈയ്യിലേക്ക് കിട്ടുമ്പോൾ നേരം ഒരുപാട് കഴിഞ്ഞിരുന്നു. ടൗൺ ഹാളിൽ പ്രദർശനത്തിന് വെച്ച ടി പിയെ കാണാൻ പ്രദീപ് കുമാർ വന്നിരുന്നു . സംയമനം വിടാതെ ടിപിയുടെ സഖാക്കൾ വഴി മാറി കൊടുക്കുന്നത് അത്ഭുതത്തോടെ ഞാൻ നോക്കി നിന്നു.60 – 61 ദിവസം തുർച്ചയായി മാധ്യമങ്ങൾ ടി പി ചന്ദ്രശേഖരൻ കൊലപാതകം ചർച്ച ചെയ്തു. കേസന്വേഷണം കൃത്യമായ ദിശയിലൂടെ പി.മോഹനൻ വരെ എത്തി …

പിന്നെ അതവിടെ നിന്നു.51 വെട്ട് ഇല്ല 28 ഉള്ളു എന്ന് ഒരു കേന്ദ്രകമ്മറ്റി അംഗം തിരുത്തി ! വെട്ടിന്റെ കാര്യത്തിലും കണക്കു പറച്ചിൽ.ഇപ്പോൾ മനുഷ്യത്വത്തിന്റെ പതാകവാഹകർ ആയവരോട് ചോദിക്കട്ടെ…

ഇന്ന് നിങ്ങൾ കരുതൽ കാട്ടുന്നു എന്ന് ഭാവിക്കുന്ന ജീവനുകളെ പോലെ ഒരു ജീവനായിരുന്നില്ലേ ചന്ദ്രശേഖരനിലും ഉണ്ടായിരുന്നത്. കൊന്നുകളയാൻ വേണ്ടി എന്ത് തെറ്റാണ് അദ്ദേഹം ചെയതത്.

തളർച്ചയില്ലതെ വിശ്രമമില്ലാതെ, ഉറക്കമില്ലാതെ കെ കെ രമ എന്ന സ്ത്രീ പൊരുതി നിന്നു. ഒരു സ്ത്രീക്കോ പുരുഷനോ നേരിടേണ്ടി വരാത്ത രീതിയിൽ ഏറ്റവും നീചവും വൃത്തികെട്ടതുമായ രീതിയിൽ ടി പി യുടെ പ്രിയപ്പെട്ടവളെ തെരുവിൽ, സോഷ്യൽ മീഡിയയിൽ അപഹസിച്ചു. വടകര അസംബ്ലി തെരഞ്ഞെടുപ്പിന് ശേഷം ടിപിയുടെ വീടിന്റെ മുറ്റത്ത് ചെന്ന് അച്‌ഛനമ്മമാരെ അടക്കം തെറി വിളിച്ച് കോലം കെട്ടിയാടി. ടിപിയുടെ പാത പിൻതുടർന്നതോ, തന്റെ ഭർത്താവിന്റെ കൊലയാളികൾക്കെതിരെ നിയമയുദ്ധവും രാഷ്ട്രീയ നിലപാടും സ്വീകരിച്ചതോ അവർ ചെയ്ത തെറ്റ്?

ഷൈലജ ടീച്ചറെ പോലെ തന്നെ ഒരു സ്ത്രീ അല്ലേ അവരും. സത്യത്തിൽ അതിലും എത്രയോ മേലേ ആണ്.സുഹൃത്തുക്കളേ, ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ധീരയും ആർദ്രയും മനോഹരിയുമായ സ്ത്രീ ആണ് കെ കെ രമ. എത്രയോ നേരം അവരുമായി ചെലവഴിക്കാൻ സാധിച്ചിട്ടുണ്ട്. വിദ്വേഷത്തിന്റെയോ പകയുടെ ഒരു വാക്കും അവരിൽ നിന്ന് ഇന്ന് വരെ കേട്ടിട്ടില്ല. പക്ഷെ അണയാത്ത ഒരു കനലുണ്ട് അവരുടെ ഉള്ളിൽ, അത് കെടുത്താൻ കാലത്തിനല്ലാതെ മറ്റാർക്കും ആവില്ല. കാലം അത് കാക്കട്ടെ!

ടീപിയുടെ കൊലപാതകത്തിന് ശേഷം കുറച്ച് ഒരിടവേള കൊടുത്തു കൊലപാതക രാഷ്ട്രീയത്തിന്. പക്ഷെ അധികം കാലം അങ്ങനെ പോകാൻ അവർക്കു കഴിയില്ല. ഷുക്കൂർ, ശരത് ലാൽ, കൃപേഷ്… ഈ പട്ടിക നീളല്ലേ എന്ന് ഹൃദയം ഉള്ള ഒരോ മനുഷ്യനും ആഗ്രഹിക്കുന്നു.

കൃപേഷിന്റെയും ശരത് ലാലിന്റെയും വീട്ടിൽ പോയി വന്ന രാത്രി കെ കെ രമ പറഞ്ഞു “എന്റെ വേദനയിലും നഷ്ടത്തിലും എത്രയോ അധികമാണ് അവരുടേത് ” അതാണ് കെ കെ രമ.

ഇപ്പോൾ ഇതാ അലൻ, താഹ എന്ന് രണ്ട് കുട്ടികളെ ജാമ്യമില്ലാ കുറ്റം ചുമത്തി അഴികൾക്കുള്ളിൽ ആക്കിരിക്കുന്നു. ഈ വേദനകളും ശാപങ്ങളും നിങ്ങൾ എവിടെ കൊണ്ട് തീർക്കും. ഒരു ദൈവങ്ങളെയും വിശ്വസിക്കണ്ട, പക്ഷെ ഈ അമ്മമാരുടെ, മനസ്സ് അത് അദൃശ്യമായി നിശബ്ദമായി നിങ്ങളെ തകർക്കും.

കൊവിഡ് പരിഭ്രാന്തിയുടെ ഇടയിൽ കൊലപാതക കുറ്റത്തിന് ജയിലിൽ കഴിയുന്ന കുഞ്ഞനന്തന് ജാമ്യം.അലകൾ ഇല്ലാതെ ഉണ്ടാക്കിയ ഒറ്റപ്പെട്ട ശബ്ദങ്ങൾ എവിടെയും തട്ടാതെ ചിതറി പോയി. അധികാരത്തിൽ അക്രമത്തിൽ ഭീഷണിയിൽ…എല്ലാം മോഡിയുടെ സമവാക്യം തന്നെ. മോഡി ഇരിക്കാൻ പറഞ്ഞാൽ മുട്ടിൽ ഇഴയും കേരളത്തിലെ ഇരട്ട ചങ്കുള്ള ഇടതുപക്ഷം. തങ്ങൾക്കു നേരെ ചൂണ്ടുവിരൽ ഉയർത്തുന്ന പോരാളികളെ പേടിച്ചും പേടിപ്പിച്ചും കൊന്നും ജീവിക്കുന്നവർ ആണയിടുന്ന മനുഷ്യത്വം കേവലം അശ്ലീലം ആണ്. കാലം ഇതെല്ലാം കാണും ഒരിക്കൽ ഇതിന് എല്ലാത്തിനും മറുപടി പറയും… ഇത് നമ്മുടെ പൊതു സമൂഹത്തിന് അറിയാത്തതല്ല. അഴിമതിയുടെ സ്വജന പക്ഷപാതത്തിന്റെ കഥകൾ… എല്ലാം എല്ലാവർക്കും അറിയാം , കൃത്യമായി അറിയാം .

പക്ഷെ ശത്രു പുറത്തല്ല അകത്തു നിന്ന് തന്നെ വരും. വരും വരാതിരിക്കാൻ ആവില്ല. അതാണ് ചരിത്രവും. നിങ്ങൾ പുറത്താക്കിയ ആളെ ആണ് 51 വെട്ടുവെട്ടി കൊന്നത്. അയാളുടെ ജീവിക്കാനുള്ള സ്വാതന്ത്ര്യത്തെ ആണ് നിങ്ങൾ ഇല്ലാതാക്കിയത്.
അലനേയും താഹയെയും ഇരുമ്പഴിക്കുള്ളിൽ തളച്ചിടുന്നതു വഴി വീണ്ടും വീണ്ടും നിങ്ങൾ അത് ചെയ്ത് കൊണ്ടേ ഇരിക്കുന്നു

അപ്പോൾ, ഞാൻ ആവർത്തിക്കട്ടെ… ഇപ്പോൾ നിങ്ങൾ പറയുന്ന മനുഷ്യത്വവും മാനവികതയും തമ്മിൽ പൊരുത്തപ്പെടുന്നില്ല. എപ്പോഴെങ്കിലും നേരിന്റെ വഴിയെ സഞ്ചരിക്കണം. മറ്റുള്ളവരെ പേടിക്കാതെ ഭയപ്പെടുത്താതെ ജീവിക്കണം. ചരിത്രത്തിൽ അങ്ങനെ അല്ലാത്ത ഒരാളും രക്ഷപ്പെട്ടിട്ടില്ല… കാലംകാത്തു വെച്ച ദുരന്തങ്ങൾ എല്ലാ ഫാസിസ്റ്റുകൾക്കും ഒന്നു തന്നെ അല്ലേ.. ആവാതിരിക്കാൻ ആവില്ല.

എന്തും ചെയ്യാൻ ശക്തി ഉള്ള ഒരു മഹാപ്രസ്ഥാനത്തിന്റെ മുന്നിൽ നിന്ന് അദൃശ്യനായ ടി പിയെ, അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവളെ അവരുടെ മകനെ ഞാൻ ചേർത്ത് പിടിക്കുന്നു. സഹനങ്ങൾക്ക് ആദൃശ്യമായ ഒരു ശക്തി ഉണ്ട്. കൊലക്കേസിലെ കേസിലേ പോലിസുകാർക്ക്, ജയറാം പടിക്കൽ മുതൽ പുലിക്കോട് നാരായണൻ വരെ ഉള്ളവർക്ക് ജീവിതം നൽകിയ ശിക്ഷ ഉണ്ട് , നിയമം കൊടുത്ത വിധി…അത് സാക്ഷ്യം.
ഇതല്ലാതെ ഇന്ന്, ഈ മെയ് 4 ന് മറ്റെന്തു ചെയ്യാൻ ഈ ഉള്ളവൾ.
ലാൽസലാം സഖാക്കളെ..