in

ഓഫീസിലിരുന്നും വ്യായാമം ചെയ്യാം 

ആരോഗ്യമുള്ള ശരീരത്തിന് അതിപ്രധാനമാണ് വ്യായാമം. വ്യായാമത്തിന്റെ കുറവ് മൂലം നിരവധി ആരോഗ്യപ്രശ്‌നങ്ങൾ നമ്മെ തേടി വരും. വ്യായാമക്കുറവുമൂലം കാൻസർ, ഹൃദ്രോഗം, പ്രമേഹം, പൊണ്ണത്തടി  തുടങ്ങിയ ആരോഗ്യ പ്രശ്‍നങ്ങൾ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്.  ദിവസവും കുറച്ച് നേരം വ്യായാമത്തിനായി മാറ്റി വച്ചാൽ ഇത്തരം രോഗങ്ങളെ ചെറിയതോതിലെങ്കിലും പ്രതിരോധിക്കാൻ കഴിയും. 

പലരും ഓഫീസ് ജോലിയിൽ കൂടുതൽ സമയം ചെലവഴിക്കുന്നവരാണ്. അതായത് ദിവസവും എട്ടുമുതൽ പത്തുവരെ മണിക്കൂർ പരിമിതമായ ശാരീരിക ചലനങ്ങൾ ഉള്ളവരാണ്. ഇത്തരക്കാർക്ക് ചെറിയ തോതിലെങ്കിലും വ്യായാമം ചെയ്തിരിക്കേണ്ടത് അത്യാവശ്യമാണ്. അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ ജേണൽ ഓഫ് എപ്പിഡെമിയോളജി പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നത് ദിവസം 6 മണിക്കൂർ നിഷ്‌ക്രിയരായിരിക്കുന്ന സ്ത്രീകളിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ, അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം എന്നിവ വരാനുള്ള സാധ്യത കൂടുതലാണെന്നാണ്. 

ഭക്ഷണ ശീലങ്ങൾ, വ്യായാമക്കുറവ്, പൊണ്ണത്തടി എന്നിവയെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഇത് ആത്യന്തികമായി വിവിധ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. ഉദാസീനമായ ജീവിതശൈലി ചിലതരം  ക്യാൻസറുകളുടെ സാധ്യത വർദ്ധിപ്പിക്കുന്നുവെന്ന്   പഠനങ്ങൾ  സൂചിപ്പിക്കുന്നു. പ്രത്യേകിച്ചും സ്തനാർബുദം, വൻകുടലിലെ  കാൻസർ, ഗർഭപാത്ര (എൻഡോമെട്രിയം) കാൻസർ തുടങ്ങിയവ.ആഴ്ചയിൽ കുറഞ്ഞത് മൂന്നുമണിക്കൂർ വ്യായാമം ചെയ്യാനാണ് ഡോക്ടർമാർ ശുപാർശ ചെയ്യുന്നത്. എന്നാൽ  മിക്കവർക്കും  ഇത് സാധിക്കാറില്ല .

ദിവസവും ശരാശരി എട്ട് മണിക്കൂർ ഇരുന്ന് ജോലി ചെയ്യുന്നവരാണെങ്കിൽ പ്രതിദിനം ഒരു മണിക്കൂർ വ്യായാമം ചെയ്യണം. 6 മണിക്കൂറോ അതിൽ കുറവോ ഇരുന്ന് ജോലിചെയ്യുന്നവർ പ്രതിദിനം അര മണിക്കൂറെങ്കിലും  വ്യായാമം ചെയ്യേണ്ടതുണ്ട്. 

ഓഫീസ് ജോലിക്കാർക്ക് എളുപ്പത്തിൽ ശീലിക്കാവുന്ന വ്യായാമ മുറകൾ

ജോലിത്തിരക്കിലാണെങ്കിൽ പോലും നിങ്ങളുടെ  ദിനചര്യ ഒന്ന് ക്രമപ്പെടുത്തുകയോ ശീലങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്തുകയോ ചെയ്താൽ തന്നെ അതിനുള്ളിൽ വ്യായാമം സ്വാഭാവികമായി വന്നുചേരാനുള്ള നിരവധി മാർഗങ്ങളുണ്ട്.   

  • ഫോൺ വിളികൾ എണീറ്റ്  നിന്നും നടന്നും ചെയ്യാവുന്നതാണ്
  • ലിഫ്റ്റ് ഒഴിവാക്കി പടിക്കെട്ടുകൾ ഉപയോഗിക്കുക 
  • നിങ്ങളുടെ മേശപ്പുറത്ത് വച്ച്  തന്നെ ചില സ്ട്രെച്ചിങ് വ്യായാമ മുറകൾ ചെയ്യാം
  • ടെക്സ്റ്റ് സന്ദേശം അയയ്ക്കുന്നതിന് പകരം സഹപ്രവർത്തകന്റെ അരികിലേക്ക്  നടന്നുപോയി ആശയ വിനിമയം നടത്തുക 
  • ഓരോ 30 മിനിറ്റ് കൂടുമ്പോഴും വിശ്രമ മുറിയിലേക്കുള്ള  നടത്തം പതിവാക്കുക 
  • ഓഫീസിലെ  ഫിറ്റ്നസ് ഉപകരണങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കുക 
  • ഓഫീസ് / അപ്പാർട്ട്മെന്റിൽ നിന്ന് കുറച്ച് ദൂരെ മാറി കാർ പാർക്ക് ചെയ്യുക. എന്നിട്ട് ആ ദൂരം നടക്കാൻ ശ്രമിക്കുക.
  • വീട്ടിൽ കുട്ടികളുമായോ വളർത്തുമൃഗങ്ങളുമായോ കളിക്കുക
  • നിത്യേനെ 5 മുതൽ 10 മിനിറ്റ് വരെ യോഗ അല്ലെങ്കിൽ ശ്വസന വ്യായാമമോ, ധ്യാനമോ  ചെയ്യുക 

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

തന്നെ സ്വീകരിക്കാന്‍ 50 ലക്ഷം പേര്‍ വിമാനത്താവളത്തില്‍ വരുമെന്ന് മോദിയറിയിച്ചെന്ന് ട്രംപ്

പൊലീസിനെയും ഇന്റലിജന്‍സിനെയും ഞെട്ടിച്ചു കൊണ്ട് ചെന്നൈയില്‍ പൌരത്വ നിയമത്തിനെതിരെ സമരം