Movie prime

മറക്കരുത് ! കൂടെയോടുന്നവരെ വഴിയിൽ തള്ളിയിട്ടാൽ ജയസാധ്യത കുറവാണ്

കൊറോണ ഭീതിയെ തുടർന്ന് വിദേശികൾക്ക് താമസ സൗകര്യം നിഷേധിക്കുന്നതും അവരെ അപമാനിക്കുന്നതും വിവരണാതീതമായ പ്രയാസങ്ങൾ അവർക്ക് വരുത്തിവെയ്ക്കുന്നതും മറ്റുമായ ഒട്ടേറെ വാർത്തകൾ വന്നിരുന്നു. വിദേശിയാണെന്ന ഒറ്റക്കാരണത്താൽ ഒരിടത്തും മുറി കിട്ടാതെ വന്നപ്പോൾ സെമിത്തേരിയിൽ രാത്രി കഴിച്ചു കൂട്ടേണ്ടിവന്നവർ അക്കൂട്ടത്തിലുണ്ട്. ബസ്സും ഓട്ടോയും ഉൾപ്പെടെ ഒരു വാഹനത്തിലും കയറ്റാതെ വന്നപ്പോൾ മണിക്കൂറുകളോളം കാൽ നടയായി സഞ്ചരിക്കേണ്ടിവന്ന ഹതഭാഗ്യരും ഉണ്ട്. ഇത്തരത്തിൽ വിവേചനം നേരിടുന്ന മറ്റൊരു ജനവിഭാഗമായി മാറുകയാണ് ആരോഗ്യപ്രവർത്തകർ. വാടക വീടുകളിൽനിന്നും ഹോസ്റ്റലുകളിൽനിന്നും നഴ്സുമാരും ആശുപത്രികളിലെ പാരാമെഡിക്കൽ സ്റ്റാഫും ഉൾപ്പെടെയുള്ളവരെ ഒഴിവാക്കുന്നതായ അത്യന്തം ഗൗരവകരമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. More
 
മറക്കരുത് ! കൂടെയോടുന്നവരെ വഴിയിൽ തള്ളിയിട്ടാൽ ജയസാധ്യത കുറവാണ്

കൊറോണ ഭീതിയെ തുടർന്ന് വിദേശികൾക്ക് താമസ സൗകര്യം നിഷേധിക്കുന്നതും അവരെ അപമാനിക്കുന്നതും വിവരണാതീതമായ പ്രയാസങ്ങൾ അവർക്ക് വരുത്തിവെയ്ക്കുന്നതും മറ്റുമായ ഒട്ടേറെ വാർത്തകൾ വന്നിരുന്നു. വിദേശിയാണെന്ന ഒറ്റക്കാരണത്താൽ ഒരിടത്തും മുറി കിട്ടാതെ വന്നപ്പോൾ സെമിത്തേരിയിൽ രാത്രി കഴിച്ചു കൂട്ടേണ്ടിവന്നവർ അക്കൂട്ടത്തിലുണ്ട്. ബസ്സും ഓട്ടോയും ഉൾപ്പെടെ ഒരു വാഹനത്തിലും കയറ്റാതെ വന്നപ്പോൾ മണിക്കൂറുകളോളം കാൽ നടയായി സഞ്ചരിക്കേണ്ടിവന്ന ഹതഭാഗ്യരും ഉണ്ട്. ഇത്തരത്തിൽ വിവേചനം നേരിടുന്ന മറ്റൊരു ജനവിഭാഗമായി മാറുകയാണ് ആരോഗ്യപ്രവർത്തകർ. വാടക വീടുകളിൽനിന്നും ഹോസ്റ്റലുകളിൽനിന്നും നഴ്‌സുമാരും ആശുപത്രികളിലെ പാരാമെഡിക്കൽ സ്റ്റാഫും ഉൾപ്പെടെയുള്ളവരെ ഒഴിവാക്കുന്നതായ അത്യന്തം ഗൗരവകരമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കോട്ടയത്ത് കഴിഞ്ഞാഴ്ച നഴ്സുമാരെ കൂട്ടത്തോടെ വാടകവീട്ടിൽ നിന്നും പുറത്താക്കിയ സംഭവം ഉണ്ടായി. ആരോഗ്യപ്രവർത്തകരിൽ രോഗം പകരാനുള്ള സാധ്യത ഭയന്നാണ് അവരെ ഒഴിവാക്കാൻ ഒരുമ്പെടുന്നത്. എത്ര നിർഭാഗ്യകരമാണ് ഇത്തരം സംഭവങ്ങൾ എന്നോർക്കണം. സ്വന്തം ജീവനെപ്പോലും കണക്കിലെടുക്കാതെ ഇരുപത്തിനാലു മണിക്കൂറും കണ്ണിലെണ്ണയൊഴിച്ച് കേരളത്തിന് കാവലാളാവുന്ന ത്യാഗസമ്പന്നരായ മനുഷ്യരോടാണ് പ്രബുദ്ധ കേരളത്തിന്റെ ഈ നെറികെട്ട പെരുമാറ്റം! ആരോഗ്യപ്രവർത്തകർക്കു നേരെയുള്ള നീചമായ ഇത്തരം പെരുമാറ്റങ്ങൾ ഒരുകാരണവശാലും വച്ചുപൊറുപ്പിക്കാനാവില്ല.

പൊതുജനങ്ങളും സർക്കാരും വളരെ ഗൗരവപൂർവം ഇടപെടേണ്ട ഈ വിഷയത്തെക്കുറിച്ചാണ് ഡോ. മനോജ് വെള്ളനാടിൻറെ ഫേസ്‌ബുക്ക് പോസ്റ്റ്

പോസ്റ്റ് പൂർണരൂപത്തിൽ വായിക്കാം

സർക്കാരും പൊതുജനങ്ങളും എത്രയും വേഗം അവധാനതയോടെ ഇടപെടേണ്ട ഒരു പ്രശ്നമുണ്ട്.

ആരോഗ്യപ്രവർത്തകരെ വാടക വീടുകളിൽ നിന്നും ഹോസ്റ്റലുകളിൽ നിന്നും ഇറക്കി വിടുന്നതും മറ്റൊരിടത്തും താമസസൗകര്യം നൽകാതിരിക്കുന്നതും.

ഇപ്പോൾ തൃശൂർ നിന്നും ഒരു ലേഡി ഡോക്ടർ പറഞ്ഞതാണ്, അവർ താമസിച്ചിരുന്ന ഹോസ്റ്റലിൽ നിന്നും വെക്കേറ്റ് ചെയ്യാൻ രണ്ടുദിവസമായി പറയുന്നു. മറ്റ് പലയിടത്തും അന്വേഷിച്ചപ്പോൾ, ‘മറ്റൊന്നും വിചാരിക്കരുത്. സാഹചര്യം ഇതായതു കൊണ്ടാണെ’ന്ന് പറഞ്ഞ് കൈയൊഴിയുകയാണ് ചെയ്തത്. ഇനിയെന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചിരിക്കുകയാണ്. തൽക്കാലം കളക്റ്ററെ വിവരമറിയിക്കാൻ പറഞ്ഞു.

കഴിഞ്ഞാഴ്ച കോട്ടയത്ത് നഴ്സുമാരെ വാടകവീട്ടിൽ നിന്നും പുറത്താക്കിയ സംഭവം നമുക്കെല്ലാമറിയാം. പലയിടത്തും ഇത് സംഭവിക്കുന്നുണ്ടെന്നാണ് നേരത്തേ ഉള്ള വിവരം. ഒറ്റപ്പെട്ട സംഭവങ്ങൾ പലരും പറഞ്ഞായിരുന്നു.

ജനങ്ങളുടെ ആശങ്ക മനസിലാക്കാം. പക്ഷെ, അതിനപ്പുറം ഈ ഡോക്ടർമാരും മറ്റു ആരോഗ്യപ്രവർത്തകരും തങ്ങൾക്കു വേണ്ടി കൂടിയാണ് ജോലി ചെയ്യുന്നതെന്ന് എന്താണീ മനുഷ്യർ ചിന്തിക്കാത്തത്? ആരോഗ്യപ്രവർത്തകരെ അകറ്റി നിർത്തിക്കൊണ്ട് ഈ ദുരന്തം നേരിടാൻ പറ്റുമെന്ന് ചിന്തിക്കുന്നത് എന്ത് മണ്ടത്തരമാണ്. അകറ്റി നിർത്തുന്നതു മാത്രമല്ല, അവരുടെ ആത്മവീര്യം കെടുത്തുന്ന പ്രവൃത്തികൂടിയല്ലേ ഇത്? ഈ മനുഷ്യർക്ക് വേണ്ടിയാണല്ലോ തങ്ങളിങ്ങനെ റിസ്കെടുക്കുന്നതെന്ന് അവരിൽ ഒരു വിഭാഗമെങ്കിലും ചിന്തിച്ചാൽ എന്താകും അതിൻ്റെ പ്രതിഫലനം.

ആരോഗ്യപ്രവർത്തകർ രോഗം പകരാനുള്ള സാധ്യത മുൻകൂട്ടിക്കണ്ട്, വേണ്ട മുൻകരുതലുകളെങ്കിലും എടുക്കുന്നുണ്ടെന്ന കാര്യം കൂടി ഓർക്കണം. അവരെ വിശ്വാസത്തിലെടുക്കേണ്ടതും കൂടെ നിർത്തേണ്ടതും സമൂഹത്തിൻ്റെ കടമയാണ്.

ജനങ്ങളുടെ ആശങ്ക അകറ്റുകയും ആരോഗ്യപ്രവർത്തകർക്ക് താമസസൗകര്യം ഉറപ്പാക്കേണ്ടതുമായ നടപടികൾ ഗവൺമെൻ്റ് എത്രയും വേഗം കൈക്കൊണ്ടില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും.

ജനങ്ങളോടാണ്, ഒരുമിച്ചു നിന്നാലേ ഈ മാരത്തോൺ ഓട്ടത്തിൽ ജയിക്കാൻ പറ്റൂ. കൂടെയോടുന്നവരെ, പ്രത്യേകിച്ചും ഓടാൻ സഹായിക്കുന്നവരെ തന്നെ, വഴിയിൽ തള്ളിയിട്ടാൽ ജയസാധ്യത കുറവാണ്. മറക്കരുത്..