in ,

മഹാരോഗത്തിന്റെ മറവില്‍ ഫാഷിസത്തിന്റെ വൈറസ്സുകള്‍ പടരുന്നു; ശ്രദ്ധേയമായി ഡോ.ആസാദിന്‍റെ കുറിപ്പ്

വിദ്യാർഥികൾ, അധ്യാപകർ, മാധ്യമ പ്രവർത്തകർ, എഴുത്തുകാർ, ബുദ്ധിജീവികൾ തുടങ്ങി അനീതിക്കെതിരെ പ്രതികരിക്കാൻ ഭയക്കാത്തവരെ കേസുകളിൽ കുടുക്കി വേട്ടയാടുകയാണ് മോദി ഭരണകൂടം. കോവിഡ് കാലം പ്രതിഷേധരഹിതമാവുന്നതിൻ്റെ മറവിലാണ് ഈ നീക്കങ്ങൾ നടത്തുന്നത്. കോവിഡിനെക്കാൾ മാരകമായ രാഷ്ട്രീയ വൈറസുകൾ പടരുന്നതിനെക്കുറിച്ചുള്ള ആശങ്കയാണ് ഡോ. ആസാദ് തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവെയ്ക്കുന്നത്. ജോർജ് ഫ്ലോയ്ഡ് എന്ന കറുത്ത വർഗക്കാരൻ്റെ കൊലപാതകത്തോടെ അമേരിക്കൻ ഐക്യനാടുകളിൽ തുടക്കമിട്ട വംശീയവിരുദ്ധ ജനാധിപത്യപ്രക്ഷോഭം ഇപ്പോൾ യുറോപ്യൻ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയാണ്. സ്പെയിൻ ഉൾപ്പെടെയുളള രാജ്യങ്ങളിൽ ഇന്നലെ തെരുവിലിറങ്ങിയത് ആയിരങ്ങളാണ്. ഒന്നാം ലോകത്തു പോലും ഈ കോവിഡ് കാലത്ത് ജനങ്ങൾ പ്രക്ഷോഭത്തിലാണെന്നും അത് നമുക്കും പാഠമായിത്തീരേണ്ടതുണ്ടെന്നും ഓർമിപ്പിക്കുകയാണ് എഴുത്തുകാരൻ.

………………

ദില്ലിയില്‍ കോവിഡ് കാലത്ത് പൊലീസ് തിരക്കിലാണ്. വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും എഴുത്തുകാരെയും പത്രപ്രവര്‍ത്തകരെയും മറ്റു ബുദ്ധിജീവി വിഭാഗങ്ങളെയും വേട്ടയാടി ജയിലിലടയ്ക്കാന്‍ വലിയ ഉത്സാഹമാണ് കാണിക്കുന്നത്. മിക്കവര്‍ക്കും യു എ പി എ ബാധകമാക്കുന്നു എന്നതാണ് കേസുകളുടെ സവിശേഷത.

കോവിഡ് വൈറസ്സുകള്‍ എത്തുംമുമ്പെ അതിലും മാരകമായ രാഷ്ട്രീയ വൈറസ്സുകള്‍ ഇന്ത്യന്‍ പൗരസമൂഹത്തില്‍ പടര്‍ന്നിരുന്നു. പൗരത്വ ഭേദഗതി നിയമത്തോടെ അതിന്റെ ഭീകരമുഖം വെളിപ്പെടുകയും ചെയ്തു. ഇതിനെതിരെ ജനാധിപത്യ മതേതര ഇന്ത്യയുടെ ചെറുത്തുനില്‍പ്പ് ശക്തിപ്പെട്ടു. കലാലയങ്ങളും തെരുവുകളും പ്രക്ഷുബ്ധമായി. അന്താരാഷ്ട്ര വേദികളും സമൂഹങ്ങളും സര്‍ക്കാറിന്റെ നിയമ നിര്‍മ്മാണത്തിനെതിരെ രംഗത്തുവന്നു.

കോവിഡ് വ്യാപനത്തോടെ താല്‍ക്കാലികമായി പ്രക്ഷോഭകര്‍ പിന്‍വാങ്ങിയ തക്കത്തിന് കേസുകള്‍ ചുമത്തി പലരെയും അകത്താക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ജെ എന്‍ യു – ജാമിയ മില്യ വിദ്യാര്‍ത്ഥികളെ യു എ പിഎ ചുമത്തിയാണ് തടവിലാക്കിയത്. രാജ്യത്ത് ബുദ്ധിജീവികള്‍ വേട്ടയാടപ്പെട്ടു പോന്നതിന്റെ തുടര്‍ച്ചയില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്താന്‍ കോവിഡ്കാല നിശബ്ദത സര്‍ക്കാര്‍ പ്രയോജനപ്പെടുത്തി.

ഏറ്റവുമൊടുവില്‍ ഏഷ്യാനെറ്റ് ദില്ലി പ്രവര്‍ത്തകരായ പി ആര്‍ സുനിലിനും പ്രശാന്ത് രഘുവംശത്തിനും എക്സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിനും എഡിറ്റര്‍ എം ജി രാധാകൃഷ്ണനുമെതിരെ ദില്ലി ആര്‍ കെ പുരം പൊലീസ് കേസെടുത്തിരിക്കുന്നു. ദില്ലി കലാപ സമയത്തെ റിപ്പോര്‍ട്ടിങ്ങിന്റെ പേരിലാണ് നടപടി. മാര്‍ച്ച് ആദ്യം ഏഷ്യാനെറ്റിന്റെയും മീഡിയാവണ്ണിന്റെയും പ്രക്ഷേപണം സര്‍ക്കാര്‍ തടഞ്ഞിരുന്നു.

ഗുജറാത്തിന്റെ കലാപാനുഭവങ്ങള്‍ മുന്നിലുണ്ട്. സമാനമായ രീതിയില്‍ ദില്ലിയും തെളിയുന്നു. ഷഹീന്‍ബാഗ് പ്രക്ഷോഭത്തെ തെരുവില്‍ നേരിടാന്‍ ബി ജെ പി നേതാക്കള്‍ നടത്തിയ ആഹ്വാനം രാജ്യം കേട്ടു. പക്ഷെ, നേതാക്കള്‍ കലാപാഹ്വാനത്തിന്റെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ടില്ല. ഷഹീന്‍ബാഗ് സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ തടവിലിടുകയും ചെയ്തു. ദി വയറിന്റെ സ്ഥാപക പത്രാധിപര്‍ സിദ്ധാര്‍ത്ഥ് വരദരാജനെയും കേസില്‍ കുടുക്കി. സഞ്ജയ് ഭട്ട്, ക്ഷോമാ സെന്‍, സുധാ ഭരദ്വാജ്, ആനന്ദ് തെല്‍തുംബ്ഡെ, ഗൗതം നവ്ലാഖ തുടങ്ങി ഒട്ടേറെ പ്രമുഖരെ ജയിലില്‍ തള്ളിയ സര്‍ക്കാര്‍നയം കൂടുതല്‍ ഇരകളെ തേടുകയാണ്.

ഏഷ്യാനെറ്റിനെ കേസില്‍ പെടുത്തിയത് ഒരു പ്രതിഷേധവും ഉയര്‍ത്തിക്കാണുന്നില്ല. ഇനി സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം അസാദ്ധ്യമായി തീരും. സര്‍ക്കാര്‍ വിശദീകരണത്തിനപ്പുറം കടക്കാന്‍ ആരും മടിക്കും. ഇത് ജനാധിപത്യ ബോധമുള്ളവരെ വേദനിപ്പിക്കണം. ദേശാഭിമാനി വാര്‍ത്തയ്ക്കു കൊടുത്ത തലക്കെട്ട് ഉചിതം തന്നെ. ‘വിമര്‍ശിക്കരുത്, കേസെടുത്തുകളയും’. സര്‍ക്കാറുകള്‍ നേരിയ വിമര്‍ശനത്തെപ്പോലും പൊലീസിനെ ഉപയോഗിച്ചു നേരിടുന്ന അനുഭവം ഇത്രത്തോളം മുമ്പൊരിക്കലും ഉണ്ടായിട്ടില്ല.

ഫാഷിസം ഇങ്ങനെയൊക്കെയാണ്. എന്നാല്‍ ഫാഷിസ്റ്റ് വിരുദ്ധസമരം ഇങ്ങനെയൊന്നും മതിയാവുകയില്ല. മഹാരോഗത്തിന്റെ മറവില്‍ ഫാഷിസത്തിന്റെ വൈറസ്സുകള്‍ പടരുന്നു. അസഹിഷ്ണുതയുടെ വിളവെടുപ്പുകാലം അവര്‍ ആഘോഷിച്ചു തുടങ്ങിയിരിക്കുന്നു. ബുദ്ധികേന്ദ്രങ്ങള്‍ തകര്‍ത്താല്‍ പൗരസമൂഹത്തെ അടിമകളാക്കാമെന്ന നല്ല നിശ്ചയമുണ്ട് ഭരണകൂടത്തിന്.  അതിന് അനുവദിക്കണോ എന്നു പൗരസമൂഹമാണ് തീരുമാനിക്കേണ്ടത്. ഒന്നാം ലോകത്തുപോലും വംശീയമായ ദേശീയതക്കും അതിന്റെ വെറി പിടിച്ച വിവേചനങ്ങള്‍ക്കുമെതിരെ ഈ കോവിഡ്കാലത്തു ജനങ്ങള്‍ പ്രക്ഷോഭത്തിലാണ്. അത് ലോകത്തിനു മുന്നില്‍ പുതിയ പാഠമാകുന്നു.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

അപകടകരമായ ആപ്പുകൾ പ്ലേസ്റ്റോറിലും

ബസ്ചാർജ് വർദ്ധിപ്പിക്കാൻ  സാധിക്കില്ല: ഗതാഗത മന്ത്രി