in

ഏഷ്യയിലെ ആദ്യത്തെ കോണ്‍ക്രീറ്റ് പാലം നമ്മുടെ കേരളത്തിലാണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?

ഏഷ്യയിലെ ആദ്യത്തെ കോൺക്രീറ്റ് പാലം സ്ഥിതി ചെയ്യുന്നത് ഇന്ത്യയിൽ ആണെന്നും, അതും നമ്മുടെ കേരളത്തിലെ എറണാകുളം ജില്ലയിലെ മനോഹരമായ ഒരു പട്ടണമായ മുവാറ്റുപുഴയിലാണെന്നു എത്രപേർക്കറിയാം?

മൂവാറ്റുപുഴയാറിന്‍റെ പോഷകനദികളായ കോതയാർ, കാളിയാറ്, തൊടുപുഴയാറ് എന്നീ മൂന്നു ആറുകൾ ഒന്നിച്ചു ചേരുന്ന സ്ഥലമെന്നതിനാ‍ലാണ് ആ സ്ഥലത്തിന് ‘മൂവാറ്റുപുഴ’ എന്ന പേരു വന്നത്. മൂവാറ്റുപുഴ എന്നത് ഇതിലെ ഒഴുകുന്ന പുഴയുടെ പേരുകൂടി ആണെങ്കിലും ജനകീയമായി ഇത് മൂവാറ്റുപുഴയാർ എന്നാണ് അറിയപ്പെടുന്നത്.

മൂവാറ്റുപുഴ പണ്ട് തിരുവിതാംകൂറിന്‍റെ ഭാഗമായിരുന്നു. മൂവാറ്റുപുഴയാറിന് കുറുകെ തിരുവതാംകൂര്‍ – കൊച്ചി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന പാലം നിർമ്മിക്കുവാനായി ‘ശ്രീമൂലം തിരുനാള്‍’ രാജാവാണ് മുന്‍കൈ എടുത്തത്‌. നഗരത്തിന്റെ പ്രധാന ഭാഗങ്ങളായ “കച്ചേരിത്താഴം, വെള്ളുർക്കുന്നം എന്നി രണ്ട് പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്നതാണ് ഈ പാലം.

1913 ൽ ആരംഭിച്ചു 1914 ൽ പണിപൂർത്തിയായ ഈ പാലം ബ്രിട്ടീഷ് എഞ്ചിനീയർ വി എച്ച് എമറാൾഡിന്‍റെ മേൽനോട്ടത്തിലായിരുന്നു സാക്ഷാത്കരിച്ചത്. ആനകളെയും കാളവണ്ടികളെയും മാപ്പിള ഖലാസികളെയും ഉപയോഗിച്ചായിരുന്നു പാലത്തിനു വേണ്ട കല്ലുകൾ സ്ഥലത്തെത്തിച്ചത്. സെമി സസ്പെൻഷൻ സാങ്കേതികവിദ്യയിൽ മൂന്ന് കമാനങ്ങളിൽ വിശ്രമിക്കുന്ന പാലത്തിന്റെ രൂപകൽപ്പന അതുല്യമായിരുന്നു. അക്കാലത്തു പാലത്തിന്റെ നിർമ്മാണത്തിനായി ഇരുമ്പു കമ്പികള്‍ സിമന്‍റെ എന്നിവ ഇംഗ്ലണ്ടിൽ നിന്നായിരുന്നു ഇറക്കുമതി ചെയ്തത്. അന്ന് ഒരു ചാക്ക് സിമെന്റിനു അഞ്ചു രൂപയായിരുന്നു വില. പാലം പണിയ്ക്കായി ആകെ ചെലവായത് മൂന്നു ലക്ഷം രൂപയാണ്.

അങ്ങനെ പാലത്തിന്‍റെ ഉത്ഘാടന ദിവസം എത്തിച്ചേർന്നു. ഉത്ഘാടന വേളയിൽ പാലം തകർന്നാൽ ജീവൻ നഷ്ടപ്പെടുമോ എന്ന ഭയത്തിൽ ആളുകൾ പാലത്തിൽ കയറുവാൻ തയ്യാറാകാതെ ഭയന്നു മാറിനിന്നു. ഇതോടെ എഞ്ചിനീയർ എമറാൾഡും ഭാര്യയും പാലത്തിനടിയിൽ നങ്കൂരമിട്ട ബോട്ടിൽ ഇരുന്നശേഷം, 15 ആനകളെ പാലത്തിന് മുകളിലൂടെ നടത്തി. ഇത് ജനങ്ങളിൽ പാലം തകരില്ലെന്ന ആത്മവിശ്വാസമുണ്ടാക്കുകയും ചെയ്തു.

1914-ൽ ശ്രീമൂലം തിരുനാൾ മഹാരാജാവ് മൂവാറ്റുപുഴ പാലം തുറന്നു കൊടുക്കുന്നതുവരെ, ഇന്നത്തെ എം.സി. റോഡ് മൂവാറ്റുപുഴയാറിന്‍റെ ഇരുകരകളിലുമായി രണ്ടു ഭാഗമായിരുന്നു. പിന്നീട് 1970 കളിൽ വീതി കൂടിയ ഒരു പുതിയ പാലം നിർമ്മിക്കുകയും 1970 കളുടെ അവസാനത്തിൽ ഗതാഗതം ഈ വിശാലമായ ടു വേ പാലത്തിലൂടെ വഴിതിരിച്ചുവിടുകയും ചെയ്തു. അങ്കമാലിയെ തിരുവനന്തപുരവുമായി ബന്ധിപ്പിക്കുന്ന തിരുവിതാംകൂറിലെ ഏറ്റവും ദൈർഘ്യമേറിയ ദേശീയപാതയായിരുന്നു നിലവിലെ ഈ എംസി റോഡ്.
ചരിത്രത്തിന്‍റെ ഭാഗമായ പാലത്തിനു സമാന്തരമായി മറ്റൊരു പാലം കൂടി വന്നെങ്കിലും പഴയ പാലത്തിന്‍റെ പ്രൌഡിക്ക് ഇന്നും കുറവൊന്നും ഇല്ല. 100 വർഷത്തിലധികം പഴക്കമുള്ള മുവാറ്റുപുഴക്കാരുടെ സ്വകാര്യ അഹങ്കാരമായ ഈ പാലം ഇന്നും ഊർജ്ജസ്വലനായി നിൽക്കുന്നു. എറണാകുളം ജില്ലയിലെത്തന്നെ പാലാരിവട്ടത്ത് കേവലം രണ്ട് വർഷം പഴക്കമുള്ള പാലം നശിച്ച വേളയിൽ, ഉയർന്ന നിലവാരമുള്ള ഒരു പാലം മുവാറ്റുപുഴക്കാർക്കു സമ്മാനിച്ച ബ്രിട്ടീഷ് എഞ്ചിനീയർക്ക് ആളുകൾ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

കടപ്പാട്- വിഷ്ണു വല്ലത്ത്, ചരിത്രാന്വേഷികള്‍ ഫേസ്ബുക്ക്‌ പേജ്

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

ദശമൂലം ദാമു തിരിച്ചു വരുന്നു

‘കൊകൊനെറ്റ് 19’ രാജ്യാന്തര സമ്മേളനം ഡിസംബർ 18 മുതല്‍ 21 വരെ