in ,

ആദ്യത്തെ സൂപ്പര്‍ ഫാബ് ലാബ്‌ കൊച്ചിയില്‍: ലക്ഷ്യം ഹാര്‍ഡ്‌വെയര്‍ മേഖലയിലെ കുതിപ്പ്

ഹാര്‍ഡ്‌വെയര്‍ മേഖലയ്ക്ക് വമ്പന്‍ കുതിച്ചുചാട്ടം നല്‍കുന്ന സൂപ്പര്‍ ഫാബ് ലാബ് കേരളത്തിലും സജ്ജമാകുന്നു. കേരളാ സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ കൊച്ചിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ട്അപ് കോംപ്ലക്‌സിലാണ് ഫാബ് ലാബ് പ്രവര്‍ത്തനത്തിനായി ഒരുങ്ങിയത്. മാസച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുമായി (എം.ഐ.ടി.) സഹകരിച്ച് കേരള സ്റ്റാർട്ടപ്പ് മിഷൻ (കെ.എസ്.യു.എം.) ആരംഭിക്കുന്ന സൂപ്പർ ഫാബ് ലാബ് അമേരിക്കയ്ക്കു പുറത്ത് ആദ്യത്തേതാണ്. കൊച്ചി കളമശ്ശേരിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ്പ് കോംപ്ലക്സിൽ 10,000 ചതുരശ്ര അടി സ്ഥലത്താണ് സൂപ്പർ ഫാബ് ലാബ് വരുന്നത്.

ആഗോളനിലവാരത്തിനൊപ്പം നില്‍ക്കുന്ന ഏറ്റവും ആധുനികമായ സാങ്കേതികവിദ്യയും നിര്‍മാണ സൗകര്യങ്ങളുമാണ് സൂപ്പര്‍ ഫാബ് ലാബില്‍ ഒരുങ്ങുക. സൂക്ഷ്മമായി അളവുകള്‍ നിയന്ത്രിക്കുന്നതിനുള്ള ഉപകരണങ്ങള്‍ രൂപകല്പനയ്ക്കും, നിര്‍മാണത്തിനും പരിശോധനയ്ക്കുമുള്ള ഉപകരണങ്ങള്‍, കാര്‍ബണ്‍ ഫൈബറുകള്‍, ലോഹങ്ങള്‍, കോമ്പസിറ്റുകള്‍ എന്നിവയില്‍ ആദ്യമാതൃകകള്‍ നിര്‍മിക്കുന്നതിനുളള ഉപകരണങ്ങള്‍ എന്നിവയുടെ അതിവൈദഗ്ദ്യമുള്ള ഒരുകൂട്ടം ഉപകരണങ്ങളാണ് സൂപ്പര്‍ ഫാബ് ലാബില്‍ അധികമായി ഉള്‍പ്പെട്ടിട്ടുളളത്.

ശനിയാഴ്ച 11 മണിക്ക് കെ.എസ്.യു.എം. പാലക്കാട് ഗവൺമെന്റ് പോളിടെക്‌നിക്കിൽ സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നടത്തി. ഇതോടൊപ്പം പാലക്കാട് മിനി ഫാബ് ലാബിന്റെയും പാലക്കാട് ഇൻക്യുബേഷൻ സെന്റർ ഫോർ സ്റ്റാർട്ട് അപ്‌സിന്റെയും ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.

തിരുവനന്തപുരത്തും കളമശേരിയിലും ഇപ്പോള്‍ത്തന്നെ രണ്ടു ഫാബ്‌ലാബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പല എന്‍ജിനീയറിംഗ് കോളജുകളിലായി ഇരുപത് മിനി ഫാബ്‌ലാബുകളുമുണ്ട്. സീവേജ് വൃത്തിയാക്കുന്നതിന് രൂപപ്പെടുത്തിയ ബന്‍ഡിക്കൂട്ട് റോബോട്ട് രൂപകല്‍പ്പന ചെയ്തതും ജലത്തിനടിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണ്‍ ടൂണ രൂപകല്‍പ്പന ചെയ്തതും ഫാബ് ലാബുകള്‍ കൂടി ഉപയോഗപ്പെടുത്തിയായിരുന്നു. ആധുനിക നിര്‍മാണ ശേഷി, ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കാവശ്യമായ നൂതന സാങ്കേതിക സഹായം, സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ വിജ്ഞാനം എന്നിവ വര്‍ധിപ്പിക്കുന്നതിനുതകുന്ന വേദിയായി സൂപ്പര്‍ ഫാബ് ലാബുകള്‍ മാറും.
കഴിഞ്ഞ വർഷം സംസ്ഥാനം സ്വന്തമായി ‘കൊക്കോണിക്സ്‌’ എന്ന പേരില്‍ ലാപ്ടോപ് പുറത്തിറക്കിയിരുന്നു. കേരള സർക്കാരും യുഎസ് ആസ്ഥാനമായുള്ള ടെക്നോളജി പ്രമുഖരുമായ യുഎസ്ടി ഗ്ലോബലും തമ്മിലുള്ള സംയുക്ത സംരംഭമാണ് കൊക്കോണിക്സ്. പൊതു-സ്വകാര്യ പങ്കാളിത്തം (പിപിപി). സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബിസിനസുകൾ എന്നിവയ്ക്ക് ഇലക്ട്രോണിക് ഹാർഡ്‌വെയർ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ തിരുവനന്തപുരത്തെ നെയ്യാറ്റിൻകരയിലെ സർക്കാർ നടത്തുന്ന കെൽട്രോൺ കാമ്പസിലാണ് ഇത് നിർമ്മിക്കുന്നത്.  

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

എയര്‍ബാഗ് പ്രശ്നം: 60 ലക്ഷം കാറുകള്‍ തിരിച്ചു വിളിച്ചു ഹോണ്ടയും ടൊയോട്ടയും

അമിത് ഷായ്ക്ക് രൂക്ഷ വിമര്‍ശനവുമായി അനുരാഗ് കശ്യപ്

Back to Top