in ,

പ്രളയ ദുരന്തത്തിൽ മുഖ്യമന്ത്രി ഒന്നാം പ്രതിയെന്ന് പി ടി തോമസ്

ഹരിത കേരളത്തിനായി ശബ്ദം ഉയർത്തുന്ന അപൂർവ്വം രാഷ്ട്രീയക്കാരിൽ ഒരാളാണു പി.ടി.തോമസ്‌ എം.എൽ.എ. രണ്ടാം പ്രളയത്തിന്‍റെ പശ്ചാത്തലത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങളെ സംബന്ധിച്ചും മാധവ് ഗാഡ്കിൽ റിപ്പോർട്ടിന്‍റെ പ്രസക്തിയെക്കുറിച്ചും സംസാരിക്കുകയാണ് പി.ടി.തോമസ്

പി.ടി.തോമസ് / ശിവതീർത്ഥ 

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ മുഖ്യമന്ത്രി പരാജയം

 2018-ലെ പ്രളയത്തില്‍ നിന്നും മുഖ്യമന്ത്രി ഒരുപാഠവും പഠിച്ചില്ലെന്ന് തെളിയിക്കുന്നതാണ് ഇത്തവണ പ്രളയസമയത്ത് നടത്തിയ പ്രവര്‍ത്തനങ്ങൾ.ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ മുഖ്യമന്ത്രി പൂർണ്ണ പരാജയമാണ്. വലിയ ദുരന്തമുണ്ടായ കവളപ്പാറയില്‍ നിന്നും 300 പേരെ ഒഴിപ്പിച്ചെന്നും 100 പേര്‍ ഒഴിഞ്ഞു പോകാന്‍ തയ്യാറാകുന്നില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന തന്നെ പരാജയം സമ്മതിക്കുന്നതിന് തുല്യമാണ്. 2005-ലെ ഡിസാസ്റ്റര്‍ മാനേജ്‌മെന്‍റ് ആക്ട് അനുസരിച്ച് ഇതിന്‍റെ ചെയര്‍മാനായ മുഖ്യമന്ത്രിയ്ക്ക് പ്രത്യേക അധികാരങ്ങള്‍ ഉപയോഗിക്കാമെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദുരന്തസ്ഥലത്ത് നിന്നും മാറാത്തവരെ ബലംപ്രയോഗിച്ച് ഒഴിപ്പിക്കാനും അറസ്റ്റ് ചെയ്ത് നീക്കാനും അധികാരമുണ്ട്. ഇവയെന്നും മുഖ്യമന്ത്രി പ്രയോഗിച്ചില്ല. പ്രളയമുഖത്ത് വ്യക്തതയുള്ളതും പട്ടാളച്ചിട്ടയിലുള്ളതുമായ ഏകോപനം ഉണ്ടായിട്ടില്ല.

പിണറായി വിജയൻ മാത്രമാണോ ഉത്തരവാദി?

കഴിഞ്ഞ പ്രളയത്തിൽ നിന്ന് പാഠം പഠിക്കാത്ത മുഖ്യമന്ത്രി തന്നെയാണ് ഇവിടെ ഒന്നാം പ്രതി.ഇത് പിണറായി എന്ന വ്യക്തിയോടുള്ള വിരോധം കൊണ്ട് പറയുന്നതല്ല.മുഖ്യമന്ത്രിക്കസേരയിൽ  ഇരിക്കുന്നവർ ആരായാലും അവർ ചെയ്യേണ്ട കടമകളുണ്ട്.അത് പാലിക്കണം.ഇവിടെ ഡിസാസ്റ്റർ മാനേജ്മെന്‍റ് ആക്‌ട് നടപ്പാക്കാൻ ആരാണ് തടസമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കട്ടെ.ഡൽഹിയിൽ നിന്ന് രാഹുൽഗാന്ധി എത്തിയിട്ടു പോലും വയനാട്ടിലേക്ക് പോകാൻ മുഖ്യമന്ത്രിക്കു സമയം കിട്ടിയില്ല.തിരിച്ചായിരുന്നു അവസ്ഥയെങ്കിലോ, ഇവിടെ കലാപം നടന്നേനെ.കഴിഞ്ഞ പ്രളയം മുതൽ ഈ പ്രളയം വരെയുള്ള കാലയളവിൽ  103 ക്വാറികൾക്കാണ് കേരളത്തിൽ സർക്കാർ അനുമതി നൽകിയത്.

വകുപ്പുകൾ ഏകോപിപ്പിച്ചില്ല

ദുരന്തസമയത്ത് പ്രവര്‍ത്തിക്കുന്നതിനായി മുഖ്യമന്ത്രിയുടെ കീഴിലുള്ള  സ്റ്റേറ്റ്  എൻവയോൺമെന്‍റ് അപ്രൈസൽ കമ്മിറ്റി,എൻവയോൺമെന്‍റ് ആന്‍റ് ക്ലൈമറ്റ് ചേഞ്ച് തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിക്കാന്‍ മുഖ്യമന്ത്രിയ്ക്ക് കഴിഞ്ഞോയെന്ന് വ്യക്തമാക്കണം.പ്രളയത്തെ  നേരിടാന്‍ എന്തെല്ലാം തയ്യാറെടുപ്പുകള്‍ നടത്തിയെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം. ക്വാറികള്‍ ഒരാഴ്ചത്തേയ്ക്ക് അടച്ചിടുമെന്നാണ് പറയുന്നത്. ഏത് പ്രളയത്തെ തടയാനാണിത്. കേരളത്തില്‍ ഒരുവര്‍ഷത്തിനിടെ ഒറ്റ മോക്ഡ്രില്ലോ പരിശീലനങ്ങളോ നടന്നിട്ടില്ല. പ്രളയവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ചോദിച്ച 180-ഓളം ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയ്ക്ക് ഉത്തരമില്ല. പരിസ്ഥിതി ലോലപ്രദേശങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ പിടിവാശി ഉപേക്ഷിച്ച് മാധവ്ഗാഡ്ഗില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകണം.

മോക്ക് ഡ്രില്ലും ട്രെയ്നിംങ്ങും സ്ഥിരമാക്കണം

ദുരന്തങ്ങളെ നേരിടാനുള്ള മോക്ക് ഡ്രില്ലും ട്രെയിനിങ് എല്ലാ വർഷവും മുടക്കമില്ലാതെ നടത്തണം.ഇത്തരത്തിൽ പരിശീലനം ലഭിച്ചിരുന്നെങ്കിൽ കവളപ്പാറയിൽ ഇത്രയും ആൾനാശം ഉണ്ടാവില്ലായിരുന്നു.

അഭിപ്രായം പറഞ്ഞാല്‍ അറസ്റ്റ് 

പ്രളയകാലത്തെ പോരായ്മകള്‍ പറയുന്നത് സ്വാഭാവികമാണ്. ഇക്കാര്യങ്ങള്‍ സമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്താല്‍ അറസ്റ്റ് ചെയ്യുന്നത് എന്ത് ജനാധിപത്യമാണ്?.അഭിപ്രായം പറയുന്നവരെ അടിച്ചമര്‍ത്താനാണ് പ്രളയകാലത്ത് മുഖ്യമന്ത്രി ശ്രമിക്കുന്നത്. കഴിഞ്ഞ പ്രളയകാലത്തുണ്ടായ വീഴ്ചകള്‍ ജനങ്ങള്‍ ചൂണ്ടിക്കാട്ടും. 1700 കോടി രൂപ കഴിഞ്ഞ പ്രളയകാലത്ത് കിട്ടിയത് ചെലവഴിക്കാതെ കിടക്കുകയാണെന്ന് നിയമസഭയില്‍ പറഞ്ഞിട്ടുണ്ട്. അഭിപ്രായം പറഞ്ഞതിന്‍റെ പേരില്‍ തിരുവനന്തപുരത്ത് മാത്രം 130 പേർക്കെതിരെ കേസെടുത്ത് 42 പേരെ അറസ്റ്റ് ചെയ്തു.അടിയന്തരാവസ്ഥാ കാലത്ത് പോലും ഇത്തരം നടപടികളുണ്ടായിട്ടില്ല.പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത് എന്ന് പറയുന്ന  അവസ്ഥയാണ് പ്രളയത്തെപറ്റി പോസ്റ്റിടുമ്പോൾ മലയാളികൾ അനുഭവിക്കുന്നത്.  

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെ ഫുഡ് ആൻഡ് സേഫ്റ്റി വകുപ്പിന്റെ നടപടി

ആക്ഷേപങ്ങൾ പാർട്ടിയെ താറടിച്ചു കാണിക്കാൻ -ഓമനക്കുട്ടൻ