Movie prime

ടൂറിസം മേഖലയിലെ 2500 പേര്‍ക്ക് സൗജന്യ കൊവിഡ് വാക്സിനേഷന്‍

 

ടൂറിസം മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് സൗജന്യമായി കൊവിഡ് വാക്സിനേഷന്‍ നല്‍കാനുള്ള നയത്തിന്‍റെ ഭാഗമായി കേരള ട്രാവല്‍ മാര്‍ട്ട്, ടൂറിസം വകുപ്പ്, ആരോഗ്യവകുപ്പ് എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന എറണാകുളം ജില്ലയിലെ വാക്സിനേഷന്‍ ക്യാമ്പ് കൊച്ചി മേയര്‍ എം അനില്‍കുമാര്‍, ജില്ലാകളക്ടര്‍ ജാഫര്‍ മാലിക് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.കെടിഎം സൊസൈറ്റി പ്രസിഡന്‍റ് ബേബി മാത്യു സോമതീരം, സെക്രട്ടറി ജോസ് പ്രദീപ്, വൈസ് പ്രസിഡന്‍റ് എസ് സ്വാമിനാഥന്‍, മുന്‍ പ്രസിഡന്‍റ് ഏബ്രഹാം ജോര്‍ജ്ജ്, ടൂറിസം വകുപ്പ് ഡെ. ഡയറക്ടര്‍ അഭിലാഷ് ടി ജി തുടങ്ങിയവര്‍ സംബന്ധിച്ചു.

വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ ദേശീയപാതാ ബൈപ്പാസിലുള്ള മരട് ബിടിഎച്ച്  സരോവരത്തില്‍ നടക്കുന്ന ക്യാമ്പിലൂടെ ജില്ലയില്‍ ടൂറിസം മേഖലയില്‍ ജോലി ചെയ്യുന്ന 2500 പേര്‍ക്കാണ് കൊവിഡ് വാക്സിന്‍ നല്‍കുന്നത്. രോഗത്തിന്‍റെ മൂന്നാം തരംഗത്തെ ഫലപ്രദമായി നേരിടാനും അതു വഴി ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തിനും സഹായിക്കുന്നതാണ് ഈ ഉദ്യമം.
ജൂലായ് 31 ആകുമ്പോഴേക്കും ടൂറിസം മേഖലയിലെ സമസ്ത പങ്കാളിത്ത വ്യവസായങ്ങളിലുള്ള എല്ലാവര്‍ക്കും കൊവിഡ് വാക്സീന്‍ നല്‍കുക എന്ന ദൗത്യത്തിന്‍റെ ഭാഗമാണ് ക്യാമ്പ്. ടൂര്‍ ഓപറേറ്റര്‍മാര്‍, ടൂറിസം രംഗത്തെ ഒന്നാം നിര തൊഴിലാളികള്‍, ഹോട്ടലുകള്‍, റസ്റ്റൊറന്‍റുകള്‍, ടൂറിസ്റ്റ് ടാക്സികള്‍, ഗൈഡ്, പുരവഞ്ചികള്‍, ഹോംസ്റ്റേകള്‍, സര്‍വീസ് വില്ലകള്‍ തുടങ്ങിയ മേഖലകളിലെ എല്ലാ ജീവനക്കാര്‍ക്കും വാക്സിന്‍ നല്‍കുകയാണ് ലക്ഷ്യം.

ആദ്യമായി കൊവിഡ് വാക്സിന്‍ എടുക്കുന്നവര്‍ക്കും രണ്ടാം വാക്സീന്‍ എടുക്കാന്‍ സമയമായവര്‍ക്കും ഈ ക്യാമ്പിന്‍റെ സേവനം ഉപയോഗപ്പെടുത്താം. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സമാനമായ സൗജന്യ കൊവിഡ് വാക്സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ട്.