in

മരം കേറ്റം മുതൽ ഓട്ടോ ഓടിക്കൽ വരെ  അജിത്ത് പി എച്ച് ഡി നേടിയത് ജീവിതത്തിലാണ് 

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ അഞ്ചൽപ്പെട്ടിയിലെ അജിത്ത് ഒരു പി എച്ച് ഡി ക്കാരനാണ്. ഇക്കാലത്ത് ഡോക്ടറേറ്റ് എടുക്കുന്നതും പി എച്ച് ഡി നേടുന്നതുമൊന്നും അത്ര വലിയ വർത്തയല്ല . നിത്യേനയെന്നോണം അത്തരം വാർത്തകൾ നമ്മൾ വായിച്ചു തള്ളുന്നുണ്ട്. എന്നാൽ അജിത്തിന്റെ പി എച്ച് ഡി ഇത്തിരി വേറിട്ടതാണ്. കാരണം കഠിനമായ ജീവിത യാഥാർഥ്യങ്ങളുടെ ചുട്ടുപൊള്ളുന്ന അനുഭവങ്ങളിലൂടെ കടന്നുപോയതാണ് ഈ മുപ്പതുകാരന്റെ ജീവിതം.

മൂന്നു വയസ്സുള്ളപ്പോൾ അച്ഛൻ ഉപേക്ഷിച്ചു പോയ കുഞ്ഞിനെ വളർത്തിയെടുക്കാൻ അമ്മ നന്നേ ബുദ്ധിമുട്ടി. ആദ്യം പന്ന്യങ്കരയിലായിരുന്നു താമസം. പിന്നീട് അഞ്ചൽപ്പെട്ടിയിലേക്ക് മാറി. വെള്ളമോ വെളിച്ചമോ ഇല്ലാത്ത വീട്ടിൽ പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞുകൂടി. പൈനാപ്പിൾ തോട്ടത്തിലായിരുന്നു ദിവസക്കൂലിക്ക് അമ്മ പണിക്കു പോയിരുന്നത്. രണ്ടാമതും വിവാഹം കഴിക്കാൻ വീട്ടുകാർ നിർബന്ധിച്ചെങ്കിലും മകന് വേണ്ടി അവരതിന് തയ്യാറായില്ല.

എട്ടാം ക്‌ളാസിൽ പഠിക്കുമ്പോൾ മുതൽ അജിത്ത് അല്ലറചില്ലറ ജോലികളൊക്കെ ചെയ്തുതുടങ്ങി. തന്നെ വളർത്താൻ അമ്മ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ കണ്ടാണ് അജിത്ത് പണിക്ക് പോയി തുടങ്ങുന്നത്.

മരം കയറ്റത്തിൽ മിടുക്കനായിരുന്നു അജിത്ത്. ആ മിടുക്ക് കണ്ടാണ് അയൽക്കാരും പ്രദേശവാസികളുമൊക്കെ അത്തരം ജോലികൾ ചെയ്യിക്കുന്നത്. ചില്ലകൾ വെട്ടാനും മറ്റുമൊക്കെ  ആളുകൾ അവനെ വിളിക്കാൻ തുടങ്ങി. കൂലിയായി എന്തെങ്കിലും കൊടുക്കും. അത് തന്റെ വിഹിതമായി അമ്മയെ ഏൽപ്പിക്കും. പിന്നീട് അമ്മയ്ക്കൊപ്പം പണിക്കു പോയി തുടങ്ങി. പൈനാപ്പിൾ തോട്ടത്തിലാണ് ആദ്യം പോകുന്നത്.

പത്ത് കഴിഞ്ഞപ്പോൾ പഠിപ്പുനിർത്തി. അടുത്തുള്ള പാറമടയിൽ പണിക്കു പോയി തുടങ്ങി. മഴക്കാലത്ത് ഉച്ചവരെയേ പണി കാണൂ. അതിനാൽ ബാക്കി സമയം മീൻ വിൽക്കാൻ പോയി. അതിൽനിന്ന്  ദിവസം 100 -150 രൂപ കിട്ടിത്തുടങ്ങി.  സ്കൂളിനടുത്തായിരുന്നു അജിത്തിന്റെ മീൻവില്പന. തന്റെ പ്രായത്തിലുള്ള കുട്ടികൾ സ്‌കൂളിലേക്ക് വരുന്നതും പോകുന്നതും കണ്ട് മീൻ വിറ്റു നിന്നിരുന്ന അജിത്തിന്റെ ഉള്ളിൽ വലിയ സങ്കടം നിറഞ്ഞു. അവരെപ്പോലെ പഠിക്കണം എന്ന മോഹം ഉള്ളിൽ നാമ്പിട്ടു. അങ്ങിനെയാണ് പ്ലസ് റ്റു വിന് ചേരുന്നത്.

പ്ലസ് റ്റു ക്‌ളാസിൽ പഠിക്കുമ്പോഴാണ് അവിടത്തെ അധ്യാപകരിൽ നിന്ന് കോളെജ് ജീവിതത്തെക്കുറിച്ച് അജിത്ത് കൂടുതലറിയുന്നത്. അതോടെ ഡിഗ്രിക്ക് ചേരണം എന്ന മോഹം കലശലായി. അങ്ങിനെ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിൽ മലയാളം ബിരുദ കോഴ്‌സിന് ചേർന്നു. നല്ലൊരു ജോലി കിട്ടണമെന്നും അമ്മയുടെ കഷ്ടപ്പാടുകൾക്ക് അറുതി വരുത്തണമെന്നും മാത്രമാണ് താൻ ആഗ്രഹിച്ചതെന്ന് അജിത്ത് പറയുന്നു. എന്നാൽ ബി എഡ് കൂടി എടുക്കണമെന്ന് ഒപ്പമുള്ള സുഹൃത്തുക്കൾ നിർബന്ധിച്ചു. ബി എഡ് പഠനത്തിനിടെ അജിത്തിന്റെ പഠനാഭിരുചി തിരിച്ചറിഞ്ഞ ജോബി ടീച്ചറാണ് പി ജി ചെയ്യാനും പി എച്ച് ഡി ക്കും അജിത്തിനെ പ്രചോദിപ്പിക്കുന്നത്. തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയിൽ ചേർന്ന അജിത്ത് ബാക്കി സമയം ഓട്ടോ ഓടിക്കാൻ പോയി.

ഇന്ന് മലയാള  സർവകലാശാലയിലെ  ആദ്യ പി എച്ച് ഡി ക്കാരനായി അജിത്ത് പുറത്തിറങ്ങുമ്പോൾ അധ്യാപകരും കുടുംബവും കൂട്ടുകാരുമൊക്കെ ആശംസകളുമായി ഒപ്പമുണ്ട്. മരം കേറിയും  തോട്ടത്തിൽ കൂലിപ്പണി ചെയ്തും മീൻ വിറ്റും പാറമടയിൽ വിയർപ്പൊഴുക്കിയും ഓട്ടോ ഓടിച്ചും ജീവിതവഴികളിൽ നിരന്തരം പൊറുതിമുന്നേറിയ ചെറുപ്പക്കാരനെ ഓർത്ത് ഇന്ന് നാടുമുഴുവൻ അഭിമാനം കൊള്ളുകയാണ്.

കടപ്പാട് ദ ന്യൂസ് മിനിട്ട്

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

നിര്‍മിതബുദ്ധി സാങ്കേതികവിദ്യയില്‍ സഹകരണം:ലോക്ഹീഡ് മാര്‍ട്ടിനുമായി ശാസ്ത്ര റോബോട്ടിക്‌സ് ധാരണാപത്രം

എൻജിനീയറിങ് വിദ്യാഭ്യാസം ഉടച്ചുവാർക്കും: മന്ത്രി കെ.ടി.ജലീൽ