in

വാൾട്ട് ഡിസ്‌നിയിൽ നിന്ന് മലയാള സിനിമയിലേക്ക്

ഹിറ്റ് മലയാളം ആൽബങ്ങളിൽ നിന്ന് നേരെ വാൾ‌ട്ട് ഡിസ്നിയിലേക്ക്. അവിടെനിന്നും തെന്നിന്ത്യൻ സിനിമയിലേക്ക്. തമിഴിലും തെലുഗിലും മലയാളത്തിലുമായി ചലച്ചിത്ര സംഗീത രംഗത്ത് തന്‍റേതായ സ്ഥാനം ഉറപ്പിക്കുകയാണ് ജേക്ക്സ് ബിജോയ്. കൽക്കിയും പൊറിഞ്ചു മറിയം ജോസും വൻഹിറ്റുകളായി ഓടുമ്പോൾ തന്‍റെ ഗാനങ്ങൾ പ്രേക്ഷകർ നെഞ്ചേറ്റിയതിന്റെ സന്തോഷത്തിലാണ് അദ്ദേഹം

ആയിരത്തി തൊള്ളായിരത്തി എൺപതുകളുടെ പറയുന്ന പൊറിഞ്ചു മറിയം ജോസിനു വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കുന്നത് വെല്ലുവിളിയായിരുന്നോ?

ചിത്രത്തിന്‍റെ സ്ക്രിപ്റ്റ് നന്നായി മനസിലാക്കാൻ സാധിച്ചിരുന്നു. അതു കൊണ്ട് തന്നെ കഥയുടെ ഇന്‍റൻസിറ്റി അറിയാമായിരുന്നു. ആറേഴ് മാസങ്ങൾക്കു മുന്നേ തന്നെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു. കഥയിലെ പ്രധാനപ്പെട്ട ഇരിങ്ങാലക്കുട അമ്പ് പെരുന്നാൾ ഞങ്ങൾ നേരിൽ പോയി കണ്ടിരുന്നു. അതാണ് തുടക്കം. ആ ആഘോഷം നൽകിയ ഊർജം ഉൾക്കൊണ്ടാണ് സംഗീതം ചെയ്തത്. അവിടെ അവതരിപ്പിച്ച ബാൻഡ് മേളമൊക്കെ തനതായി തന്നെ സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്തെടുത്തിരുന്നു. അമ്പ്  പെരുന്നാളിൽ അവതരിപ്പിക്കുന്ന ബാൻഡ് ഗാനങ്ങൾ തന്നെയാണ് സിനിമയിലും ഉൾപ്പെടുത്തിയത്.

ജോഷി എന്ന മാസ് സംവിധായകനൊപ്പം

ജോഷി സാർ ഒരു അനുഗ്രഹമാണ്. വളരെ നല്ലൊരു നിരീക്ഷകനാണ് അദ്ദേഹം. ഇന്നത്തെ ട്രെൻഡിൽ അന്നത്തെ കാലഘട്ടത്തെ പുനരാവിഷ്ക്കരിക്കുന്നതൊക്കെ കണ്ടു പഠിക്കണം. അദ്ദേഹം വർക്കുകൾ കൃത്യമായി ഫോളോ അപ്പ് ചെയ്യുമായിരുന്നു. അതുകൊണ്ട് തന്നെ ഒരു ഇടവേളയുമില്ലാതെയാണ് പൂർത്തിയാക്കിയത്. നേരത്തെതന്നെ എല്ലാ ജോലികളും പൂർത്തീകരിക്കണം എന്ന് അദ്ദേഹത്തിന് നിർബന്ധമായിരുന്നു. അതുകൊണ്ട് തന്നെ സിനിമാ പ്രിവ്യൂ റിലീസൊക്കെ സ്ട്രെസ് ഇല്ലാതെ റിലാക്സ് ആയാണ് കണ്ടത്.

ബുദ്ധിമുട്ടുകൾ നേരിട്ടോ?

പൊറിഞ്ചു മറിയം ജോസിന്‍റെ സെക്കൻഡ് ഹാഫ് അൽപം വെല്ലുവിളിയായിരുന്നു. ക്ലീഷേ ആക്കാതെ അവതരിപ്പിക്കുക എന്നത് തന്നെയായിരുന്നു വെല്ലുവിളി. സീനുകളുടെ ഊർജം ഒട്ടും ചോർന്നു പോകരുത്. ഓരോ മ്യൂസിക്ക് കേൾപ്പിക്കുമ്പോഴും ജോഷി സാർ നൽകിയ പ്രോത്സാഹനമാണ് പ്രചോദനം.

പല ഭാഷകളിൽ ഒരേ സമയം ജോലി ചെയ്യുന്നത് ബുദ്ധിമുട്ടാകാറുണ്ടോ?

പല സംസ്ക്കാരങ്ങളെ ബാലൻസ് ചെയ്തു പോകുന്നത് ഇഷ്ടമാണ്. ഇൻഡസ്ട്രികൾ തമ്മിൽ വലിയ വേർതിരിവ് ഉണ്ടെന്ന് തോന്നിയിട്ടില്ല. എല്ലാ ഭാഷയിലും വർക്ക്പാറ്റേണും ക്വാളിറ്റിയും ഏകദേശം തുല്യമാണ്. ഓരോ ചിത്രത്തിനും സംവിധായകനോ ആ സിനിമയോ ആവശ്യപ്പെടുന്ന ചേരുവകൾ ഉപയോഗിക്കുന്നു എന്നു മാത്രം.


വിദേശവാസവും വാൾട്ട് ഡിസ്നിയും

പന്ത്രണ്ടാം ക്ലാസിനു ശേഷം ഓഡിയോ സംബന്ധിയായ കോഴ്സ് ചെയ്യണമെന്നായിരുന്നു താത്പര്യം. പക്ഷേ നമ്മുടെ നാട്ടിൽ അതിന് ഓപ്ഷനുണ്ടായിരുന്നില്ല. പിന്നെ ഇലക്‌ട്രോണിക്സിന് സംഗീതവുമായുള്ള ബന്ധം മനസിലാക്കിയതോടെ ഇലക്‌ട്രോണിക്ക് എഞ്ചിനീയറിങ് പഠിച്ചു. ആ കാലത്താണ് ‘ മലയാളി ‘ എന്ന ആൽബം ചെയ്തത്. പിന്നെയും മ്യൂസിക്കുമായി ബന്ധമുള്ള കോഴ്സ് തേടിയുള്ള യാത്രയാണ് സ്റ്റാൻഫഡിൽ എത്തിച്ചത്. അവിടെ മ്യൂസിക്ക് സയൻസ് ആൻഡ് ടെക്നോളജി എന്ന കോഴ്സ് ചെയ്തു. അതൊരു വലിയ അനുഭവമായിരുന്നു. ഹോളിവുഡിൽ ചേക്കേറണം എന്നായിരുന്നു ആഗ്രഹം . ആയിടയ്ക്കാണ് വാൾട്ട് ഡിസ്നിയിൽ അപേക്ഷിക്കുന്നതും ജോലി ലഭിക്കുന്നതും. ഗെയിം ഇൻഡസ്ട്രി വളരെ രസകരമാണ്. പക്ഷേ എന്‍റെ കഴിവുകൾ പുറത്തെടുക്കാനുള്ള പൂർണ സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. ആ സമയത്ത് പ്രിയപ്പെട്ട സുഹൃത്തുക്കൾ അവർ ചെയ്യാൻ പോകുന്ന മലയാളം വർക്കിലേക്ക് വിളിച്ചു. തിരിച്ചു ചെന്നാലും ജോലിയുണ്ടാകും എന്ന വിശ്വാസത്തിലാണ് യാത്ര പുറപ്പെട്ടത്. പക്ഷേ ഇവിടെ എത്തിയ ശേഷം തിരിച്ചു പോക്കിനെക്കുറിച്ച് ചിന്തിക്കേണ്ടി വന്നില്ല. ആദ്യമൊക്കെ കുറച്ച് ബുദ്ധിമുട്ടിയെങ്കിലും നല്ല റിസൾട്ട് കിട്ടുമ്പോൾ വളരെ സന്തോഷം.

പ്രേക്ഷകരുടെ പ്രതികരണം

മിക്ക പാട്ടുകൾക്കും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. അതൊക്കെ കേൾക്കുക‍യും വായിക്കുകയും ചെയ്യുമ്പോൾ ഏറെ സന്തോഷം തോന്നും.

പുതിയ പ്രോജക്റ്റുകൾ 

ജയസൂര്യയുടെ അന്വേഷണം, തമിഴ്-തെലുഗ് ഭാഷകളിലെടുക്കുന്ന ഒരു ചിത്രം, മറ്റൊരു തമിഴ് വർക്ക്, പൃഥ്വിരാജ് ചിത്രം എന്നിവയാണ് വാക്കുറപ്പിച്ചിരിക്കുന്നത്. മറ്റ് ചില അവസരങ്ങളും വന്നിട്ടുണ്ട്. ചർച്ച നടക്കുകയാണ്.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

യു എസ് ടി ഗ്ലോബലിന് സ്‌കെയ്ൽഡ് എജൈൽ ഗോൾഡ് സർട്ടിഫൈഡ് പാർട്ണർ ബഹുമതി

അമിത്ഷാ ഇന്ത്യയുടെ ഉരുക്കുമനുഷ്യനെന്ന് മുകേഷ് അംബാനി