ഇന്ത്യയിലെ ആദ്യ സ്പേസ് പാര്‍ക്കും രാജ്യത്തെ ഏക സ്പേസ് സര്‍വകലാശാലയും ഐഎസ്ആര്‍ഒ-യുടെ പ്രധാന കേന്ദ്രങ്ങളും സൃഷ്ടിക്കുന്ന അടിസ്ഥാന സൗകര്യങ്ങളും സാധ്യതകളും ഉപയോഗിക്കാനും ഈ നൂതന മേഖലയില്‍ ഗണ്യമായ സ്വാധീനം ചെലുത്താനും ലക്ഷ്യമിട്ടുള്ള സുപ്രധാന ദ്വിദിന സമ്മേളനം 31-ന് കോവളത്ത് ആരംഭിക്കും.
ബഹിരാകാശ സാങ്കേതികവിദ്യാ മേഖലയിലെ ആഗോള വിദഗ്ധരും വ്യവസായ പ്രമുഖരുമാണ് കോവളം റാവിസ് ബീച്ച് റിസോര്‍ട്ടില്‍ ജനുവരി 31 ന് ആരംഭിക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഉച്ചകോടിയുടെ ഉദ്ഘാടനം വൈകുന്നേരം 5.30 ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിക്കും. സമ്മേളനത്തിന്റെ ഭാഗമായി രണ്ട് ലെറ്റര്‍ ഓഫ് ഇന്റന്റും ഒരു ധാരണാപത്രവും ഒപ്പുവയ്ക്കും.
അമേരിക്കയിലെ ബഹിരാകാശ ദൗത്യങ്ങളുമായി സഹകരിക്കുന്ന ഗവേഷണ സ്ഥാപനമായ ലാസ്പുമായാണ് (ലബോറട്ടറി ഫോര്‍ അറ്റ്മോസ്ഫെറിക് ആന്‍ഡ് സ്പേസ് ഫിസിക്സ്) ലെറ്റര്‍ ഓഫ് ഇന്റന്റ് ഒപ്പുവയ്ക്കുന്നത്. കൊളറാഡോ സര്‍വകലാശാലയിലെ ഈ സ്ഥാപനത്തിന്റെ പരിചയ സമ്പത്ത് കേരളത്തിലെ ഗവേഷണസ്ഥാപനങ്ങള്‍ക്കും സര്‍വകലാശാലകള്‍ക്കും ഉപയോഗിക്കാന്‍ കഴിയുമെന്നു മാത്രമല്ല, ഭാവി ബഹിരാകാശ ദൗത്യങ്ങളില്‍ പങ്കെടുക്കാനുള്ള അവസരം ലഭ്യമാക്കുമെന്ന് സംസ്ഥാന ഐടി, ഇലക്ട്രോണിക്സ് സെക്രട്ടറി എം ശിവശങ്കര്‍ പറഞ്ഞു.
ഐക്യരാഷ്ട്ര സഭയുടെ സ്പേസ് ആപ്ലിക്കേഷനുകളുമായി സഹകരിക്കുന്ന സ്പേസ് ജനറേഷന് അഡ്വൈസറി കൗണ്‍സിലുമായാണ് (എസ് ജിഎസി)രണ്ടാമത്തെ ലെറ്റര്‍ ഓഫ് ഇന്റന്റ് ഒപ്പുവയ്ക്കുന്നത്. നയരൂപീകരണം, ബഹിരാകാശ ദൗത്യങ്ങളില്‍ യുവശക്തി സമാഹരണം, സംരംഭകത്വ പ്രോത്സാഹനം, പരിശീലനം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എസ് ജിഎസിയുമായുള്ള ബന്ധം കേരളത്തിന് ആഗോള ബഹിരാകാശ ഗവേഷണ, വ്യവസായ മേഖലകളിലേയ്ക്ക് പ്രവേശിക്കാന്‍ സഹായകമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസുമായി ഒപ്പുവയ്ക്കുന്ന ധാരണാപത്രത്തിലൂടെ സ്പേസ് പാര്‍ക്കിലെ കമ്പനികള്‍ക്ക് വ്യവസായ മേഖലയുമായി ബന്ധപ്പെടാനാകും. പുറത്തെ കമ്പനികള്‍ക്ക് സ്പേസ് പാര്‍ക്കിന്റെ സൗകര്യങ്ങള്‍ ഉപയോഗിക്കാനുമാവും.
ഇക്കൊല്ലം ബഹിരാകാശ വ്യവസായ മേഖലയില്‍ ഇന്ത്യയിലെ സ്വകാര്യ കമ്പനികള്‍ പ്രതീക്ഷിക്കുന്നത് 3000 കോടി ഡോളറിന്റെ ബിസിനസാണ്. വന്‍കിട കമ്പനികള്‍ക്കൊപ്പം സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇതിന്റെ പങ്കു ലഭിക്കും. വമ്പിച്ച തൊഴില്‍ സാധ്യതകളാണ് കേരളം പോലെ ഈ മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങളുള്ള സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുക. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരാനുദ്ദേശിക്കുന്ന ബഹിരാകാശ പ്രവര്‍ത്തന ബില്‍ യാഥാര്‍ഥ്യമായാല്‍ ഇന്ത്യയിലെ സ്വകാര്യ കമ്പനികള്‍ക്ക് സ്വന്തമായി ഉപഗ്രഹങ്ങള്‍ വരെ വിക്ഷേപിക്കാന്‍ കഴിയും. ഇപ്പോള്‍ നിരവധി സ്ഥാപനങ്ങള്‍ ഐഎസ്ആര്‍ഒ-യുടെ വിക്ഷേപണ വാഹന പദ്ധതികളുമായി സഹകരിക്കുന്നുണ്ട്. തുടരെ ഉപഗ്രഹ വിക്ഷേപണങ്ങള്‍ വേണ്ടിവരുന്ന സാഹചര്യത്തില്‍ ഇപ്പോഴും ഇന്ത്യയ്ക്ക് വിദേശ രാഷ്ട്രങ്ങളെ ആശ്രയിക്കേണ്ടിവരുന്ന സ്ഥിതി ഇതോടെ ഒഴിവാകും.
ഐഎസ്ആര്‍ഒ-യുടെ കണക്കനുസരിച്ച് 2000-ല്‍ പിസി ആഡ്-ഓണ്‍ കാര്‍ഡ് ഉള്‍പ്പെടെ വെറും മൂന്ന് സാങ്കേതികവിദ്യകളാണ് കൈമാറ്റം ചെയ്യപ്പെട്ടതെങ്കില്‍ 2016ല്‍ ഇത് 16 ആയി ഉയര്‍ന്നു. ഐഎസ്ആര്‍ഒ-യുടെ വാണിജ്യവിഭാഗമായി ബഹിരാകാശ വകുപ്പിനു കീഴില്‍ സ്ഥാപിക്കപ്പെട്ട ആന്‍ട്രിക്സ് കോര്പറേഷന് ഈ മേഖലയിലെ പ്രധാന ബിസിനസ് സ്ഥാപനമാണ്. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ കീഴില്‍ കേന്ദ്ര സര്‍ക്കാര്‍ ഐഎസ്ആര്‍ഒ, ബഹിരാകാശ വകുപ്പ്, ആന്‍ട്രിക്സ് കോര്പറേഷന് എന്നിവയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആന്‍ട്രിക്സ് സിഎംഡി ശ്രീ രാകേഷ് ശശിഭൂഷന്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
ബഹിരാകാശ മേഖലയിലെ വ്യവസായങ്ങളില്‍ കേരളത്തിനുള്ള സാധ്യതകള്‍ ആരായാനാണ് സ്പേസ് പാര്‍ക്ക് തുടങ്ങുന്നതെന്ന് സംസ്ഥാന ഇലക്ട്രോണിക്സ്-ഐടി സെക്രട്ടറി ശ്രീ എം. ശിവശങ്കര്‍ പറഞ്ഞു. തിരുവനന്തപുരത്തെ സ്പേസ് സിറ്റിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഐഎസ്ആര്‍ഒ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങുന്ന സ്പെയ്സ് പാര്‍ക്കിന്റെ ആഭിമുഖ്യത്തിലാണ് ‘നവ ബഹിരാകാശം – അവസരങ്ങളും മുന്നോട്ടുള്ള വഴികളും’ എന്ന പ്രമേയത്തിലൂന്നിയ ഉച്ചകോടി സംഘടിപ്പിക്കുന്നത്.
ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ജി മാധവന് നായര്‍, മുഖ്യമന്ത്രിയുടെ ശാസ്ത്രോപദേഷ്ടാവും വിഎസ്എസ്സി മുന്‍ ഡയറക്ടറുമായ എം സി ദത്തന്, കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. അര്‍ബിന്ദ മിത്ര, സിഎന്‍ഇഎസ് കണക്റ്റ് ഇന്നൊവേഷന്‍സ് ഡയറക്ടര്‍ ഡോ. ഗില്ലസ് റാബിന്, കൊളറാഡോ സര്‍വകലാശാലയിലെ പ്രൊഫ. ഡാനിയേല്‍ ബേക്കര്‍, യുഎഇ തിരുവനന്തപുരം കോണ്‍സല്‍ ജനറല്‍ ജാസ്മല്‍ ഹുസൈന് അല്‍ സാബാല്‍, ഫ്രഞ്ച് കോണ്‍സല്‍ കാതറിന് സുവാര്‍ഡ്, ബ്രിട്ടീഷ് ഹൈക്കമ്മീഷനിലെ സയന്‍സ് ആന്‍ഡ് ഇന്നൊവേഷന് മേധാവി സാറാ ഫാലോണ്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിക്കും.