ഇടപാടുകളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാനുള്ള ഫീച്ചറുകളുമായി ഗൂഗ്ൾ പേ. സംശയിക്കാവുന്നതോ കോൺടാക്ട് ലിസ്റ്റിൽ ഇല്ലാത്തതോ ആയ വ്യക്തികളിൽ നിന്നും റിക്വസ്റ്റ് ലഭിക്കുമ്പോൾ ‘സ്കാം’ എന്നോ ‘സ്ട്രെയ്ഞ്ചർ’ എന്നോ മുന്നറിയിപ്പ് നൽകുന്നതാണ് അതിലൊന്ന്. ഇടപാടുകൾക്ക് മുന്നോടിയായി ആപ്പ് നോട്ടിഫിക്കേഷൻ ഉണ്ടാകും.
അതേപോലെ എസ് എം എസ്സിലൂടെയും അലർട്ട് നൽകും. എകൗണ്ടിൽ നിന്നും പണം ഈടാക്കുന്നതിനു മുന്നോടിയായി ഉപയോക്താക്കൾക്ക് നൽകുന്ന ഇത്തരം അലർട്ടുകൾ കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കും എന്നാണ് ഗൂഗ്ൾ കരുതുന്നത്. തേസ് എന്ന പേരിലാണ് ഗൂഗ്ൾ തങ്ങളുടെ മണി വാലറ്റ് ആദ്യം അവതരിപ്പിക്കുന്നത്. പിന്നീടാണ് ഗൂഗ്ൾ പേ എന്ന് മാറ്റുന്നത്.
വ്യക്തികൾക്ക് പരസ്പരം അനായാസമായി പണം കൈമാറാനാവും എന്നതാണ് ആപ്പിന്റെ പ്രത്യേകത. അയയ്ക്കാനും സ്വീകരിക്കാനും എളുപ്പം. എകൗണ്ട് നമ്പറോ ഐ എഫ് എസ് കോഡോ ഒന്നും ആവശ്യമില്ല. ഫോൺ റ്റു ഫോൺ കൈമാറ്റം ആയതിനാൽ അയച്ച ഉടൻ തന്നെ പണം കൈപ്പറ്റാം. ബില്ലുകൾ അടയ്ക്കാനും ട്രെയിൻ, സിനിമാ ടിക്കറ്റുകൾ ബുക്ക് ചെയ്യുവാനുമെല്ലാം ഇന്ന് ധാരാളം പേർ ഗൂഗ്ൾ പേ ഉപയോഗിക്കുന്നുണ്ട്. കോൺടാക്റ്റ് ലിസ്റ്റിൽ ഇല്ലാത്തവർക്കും പണം കൈമാറാനുള്ള സൗകര്യമാണ് മറ്റൊരു സവിശേഷത. കൂടാതെ ഓഫറുകളും റിവാർഡുകളും ഉണ്ട്.