Movie prime

മുതുകാട് മാജിക്ക് നിർത്തിയോ? 

 

മുതുകാട് സാർ, മാജിക്കൊക്കെ നിർത്തി വാർത്താവായന തുടങ്ങിയോ? ചോദ്യം നടിയും മജീഷ്യനുമായ തെസ്നീഖാന്റേതാണ്.  ചോദ്യം തമാശയായിയിട്ടാണെങ്കിലും കാര്യം വളരെ കൃത്യമായിരുന്നു. ഏതൊരു വാർത്താ അവതാരകനേയും വെല്ലുന്ന പ്രകടനമാണ് ഏഷ്യാനെറ്റ് ന്യൂസിൽ   അവതാരകനായി എത്തിയ മജീഷ്യൻ ഗോപിനാഥ് മുതുകാട് നടത്തിയത്. 

തലക്കെട്ടിൽ നിന്ന്  തുടങ്ങാം. മുതുകാട് ഇരുത്തം വന്ന ഒരു  വാർത്താ അവതാരകനെ പോലെയാണ് ഓരോ തലക്കെട്ടും വായിച്ചത്.  വർഷങ്ങളുടെ പരിചയമുള്ള വാർത്താ വായനക്കാർക്ക് പോലും  ചില സന്ദർഭങ്ങളിൽ  ദൃശ്യങ്ങളുടെ വേഗതയ്ക്ക് അനുസരിച്ച്  തലക്കെട്ടുകൾ വായിച്ച് തീർക്കാൻ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്.

Madhyama lokamഇതു കണക്കിലെടുക്കുമ്പോൾ മുതുകാട് ഇക്കാര്യത്തിലും ഒരു മാജിക് തീർക്കുന്നുവെന്ന് പറയാം. വർഷങ്ങൾക്കുമുമ്പ് ഒരു പ്രമുഖ ചാനലിൽ ഒരോണക്കാലത്ത് മലയാള സിനിമയിലെ പ്രശസ്തനായ ഒരു നടൻ വാർത്ത വായിക്കാൻ എത്തിയിരുന്നു. പ്രോംപ്റ്ററിന്റെ സഹായം ഉണ്ടായിട്ടും അദ്ദേഹത്തിന് നന്നായി വാർത്ത അവതരിപ്പിക്കാൻ കഴിഞ്ഞില്ല. സിനിമാ ഡയലോഗ് പറയാൻ പ്രോംപ്റ്റർ ഇല്ലെങ്കിലും പ്രോംപ്റ്റ് ചെയ്തു കൊടുക്കാൻ ആളുണ്ടാകും. ഇവിടെ അത് ഇല്ലാത്തതുകൊണ്ടാണോ നടന്റെ പരിചയ കുറവാണോ കാരണം എന്നറിയില്ല, അദ്ദേഹത്തിന്റെ പ്രകടനം അല്പം അരോചകം തന്നെയായിരുന്നു.  

 വാർത്തകൾ അവതരിപ്പിക്കുമ്പോൾ അദ്ദേഹം  അല്പം ഭാവാഭിനയം കൂടി നടത്തിയപ്പോൾ സംഗതി കുളമായി എന്ന് പറയേണ്ടതില്ലല്ലോ. എന്നാൽ ഗോപിനാഥ് മുതുകാട്  അനായാസമായിട്ടാണ് വാർത്താ അവതരണം നടത്തിയത്. ഒപ്പമുണ്ടായിരുന്ന, മുതിർന്ന വാർത്താ അവതാരകയായ അളകനന്ദ അതിഥിക്ക് മികച്ച പിന്തുണ നൽകി. 

ലൈവ് വാർത്താ പരിപാടിയിലേക്ക്  പത്രവും പിടിച്ചു കൊണ്ടുള്ള ഗോപിനാഥ് മുതുകാടിന്റെ എൻട്രിയും ഗംഭീരമായി. പത്രം വായിക്കാത്ത പുതിയ തലമുറയ്ക്കുള്ള ഒരു മാർഗ്ഗനിർദ്ദേശം കൂടിയായി അത്. നല്ലൊരു മോട്ടിവേഷണൽ സ്പീക്കർ കൂടിയാണ്  മുതുകാട്. ഇതും അദ്ദേഹത്തിന് ഇവിടെ ഗുണകരമായിട്ടുണ്ടാവണം. മികച്ചൊരു ഒരു സാമൂഹ്യ പ്രവർത്തകനുമാണ് അദ്ദേഹം. മാജിക്  പരിപാടികളിൽ സമൂഹത്തിന്  പ്രയോജനമുള്ള  നിരവധി നിർദ്ദേശങ്ങൾ  അദ്ദേഹം ഉൾപ്പെടുത്താറുണ്ട്. ഏഷ്യാനെറ്റ് ന്യൂസിൽവാർത്താ വായന തുടങ്ങുന്നതിനു മുമ്പ് അദ്ദേഹം, കോവിഡ് കാലത്ത് വിവിധ മേഖലകളിലെ വ്യക്തികൾ അനുഭവിക്കുന്ന  ദുരിതങ്ങൾ നമ്മുടെ ശ്രദ്ധയിൽപ്പെടുത്തുന്നു. വാർത്തക്കിടയിൽ, പതിറ്റാണ്ടുകൾക്ക് മുമ്പ് മുമ്പ് മുതുകാട് അവതരിപ്പിച്ച ഫയർ എസ്കേപ്പ് എന്ന മാജിക്കിന്റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് കാട്ടി. അത് മുതുകാടിനെ മാത്രമല്ല പ്രേക്ഷകരായ നമ്മളേയും  വിസ്മയിപ്പിച്ചു

രാജ്യത്തെ ടിവി ചാനലുകളിലെ  ഏറ്റവും മികച്ച ച്ച ദൃശ്യശേഖരം  തങ്ങളുടെ സ്വന്തം  എന്ന വസ്തുതയും   ഈ പരിപാടിയിലൂടെ  വെളിപ്പെടുത്താൻ ഏഷ്യാനെറ്റ് ന്യൂസിന് കഴിഞ്ഞു. ഒരു മാധ്യമ സ്ഥാപനത്തിലെ  ഗവേഷണവിഭാഗം  എങ്ങനെ മികച്ചതായി പ്രവർത്തിക്കണം എന്നതിന്റെ നല്ല ഉദാഹരണമായി നമുക്കിതിനെ കാണാം.

ഈ ദൃശ്യങ്ങൾ തന്റെ കയ്യിൽ പോലുമില്ലെന്ന മുതുകാടിന്റെ വാക്കുകൾ ഇത് അടിവരയിടുകയാണ്.  ഏഷ്യാനെറ്റ്  ന്യൂസിനോട് ഒരു അഭ്യർത്ഥനയുണ്ട്. ഗോപിനാഥ് മുതുകാടിനെ ഓണക്കാലത്തും വിഷുവിനും മാത്രമല്ല, അല്ലാത്ത സമയങ്ങളിലും വാർത്ത അവതരിപ്പിക്കാൻ വിളിക്കണം. പ്രസക്തമായ വിഷയങ്ങളിൽ ന്യൂസ് അവർ അവതരിപ്പിക്കാൻ പോലും  അദ്ദേഹത്തിന് കഴിയുമെന്നുറപ്പ്.  തൊട്ടതിനും പിടിച്ചതിനും സിനിമാക്കാരെ മാത്രം വിളിച്ച് പരിപാടി അവതരിപ്പിക്കുന്ന ചാനലുകൾ ഇക്കാര്യത്തിൽ ഏഷ്യാനെറ്റ് ന്യൂസിനെ മാതൃകയാക്കണം. 

വാർത്താ അവതരണത്തിലെ കൃതഹസ്തതയ്ക്ക് മുതുകാട് പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. ഒപ്പം, മുതുകാടിലൂടെ, ഈ ഓണക്കാലത്ത് ഇതുപോലൊരു പ്രഭാതം   ഞങ്ങൾക്ക് നൽകിയ ഏഷ്യാനെറ്റ് ന്യൂസിന് നന്ദി.