Movie prime

എൻജിനീയറിങ് വിദ്യാഭ്യാസം ഉടച്ചുവാർക്കും: മന്ത്രി കെ.ടി.ജലീൽ

സംസ്ഥാനത്തെ എൻജിനീയറിങ് വിദ്യാഭ്യാസം ഈ അധ്യയനവർഷം മുതൽ ഉടച്ചുവാർക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ.കെ.ടി.ജലീൽ പറഞ്ഞു. എ.പി.ജെ അബ്ദുൾകലാം സാങ്കേതികസർവകലാശാലയുടെ അഞ്ചാം ബാച്ചിന്റെ ആദ്യദിവസത്തെ ക്ളാസുകൾ ആരംഭിക്കുന്നതിന്റെ മുന്നോടിയായി വിദ്യാർഥികളെ ലൈവ് സ്ട്രീമിങ്ങിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി. ഒന്നാം വർഷ എൻജിനീയറിങ് ക്ളാസുകൾ നേരത്തെ ആരംഭിക്കണമെന്ന സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ, മുൻവർഷത്തേക്കാൾ രണ്ടാഴ്ച മുൻപേ എൻജിനീയറിങ് പ്രവേശനപരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച്, ക്ളാസുകൾ ആരംഭിക്കുകയാണ്. കഴിഞ്ഞ വർഷം ക്ളാസുകൾ ആഗസ്റ്റ് ഒന്നിനാണ് ആരംഭിച്ചത്. സർവകലാശാലയിലെ ആദ്യബാച്ചിലെ പരീക്ഷാഫലം ജൂലൈ 20ന് More
 
എൻജിനീയറിങ് വിദ്യാഭ്യാസം ഉടച്ചുവാർക്കും: മന്ത്രി കെ.ടി.ജലീൽ

സംസ്ഥാനത്തെ എൻജിനീയറിങ് വിദ്യാഭ്യാസം ഈ അധ്യയനവർഷം മുതൽ ഉടച്ചുവാർക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ.കെ.ടി.ജലീൽ പറഞ്ഞു. എ.പി.ജെ അബ്ദുൾകലാം സാങ്കേതികസർവകലാശാലയുടെ അഞ്ചാം ബാച്ചിന്റെ ആദ്യദിവസത്തെ ക്‌ളാസുകൾ ആരംഭിക്കുന്നതിന്റെ മുന്നോടിയായി വിദ്യാർഥികളെ ലൈവ് സ്ട്രീമിങ്ങിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി.

ഒന്നാം വർഷ എൻജിനീയറിങ് ക്‌ളാസുകൾ നേരത്തെ ആരംഭിക്കണമെന്ന സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ, മുൻവർഷത്തേക്കാൾ രണ്ടാഴ്ച മുൻപേ എൻജിനീയറിങ് പ്രവേശനപരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച്, ക്‌ളാസുകൾ ആരംഭിക്കുകയാണ്. കഴിഞ്ഞ വർഷം ക്‌ളാസുകൾ ആഗസ്റ്റ് ഒന്നിനാണ് ആരംഭിച്ചത്. സർവകലാശാലയിലെ ആദ്യബാച്ചിലെ പരീക്ഷാഫലം ജൂലൈ 20ന് പ്രഖ്യാപിക്കുകയും ഒരു മണിക്കൂറിനുള്ളിൽ പ്രൊവിഷണൽ സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്തു. സെപ്റ്റംബർ ആദ്യവാരത്തോടെ എല്ലാ വിദ്യാർഥികളുടെയും ഡിഗ്രി സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. വിദ്യാർഥികളുടെ എല്ലാ മാർക്ക് ലിസ്റ്റുകളും ഡിഗ്രി സർട്ടിഫിക്കറ്റുകളും നാഷണൽ അക്കാദമിക് ഡെപ്പോസിറ്ററിയിൽ അപ്‌ലോഡ് ചെയ്തു സൂക്ഷിക്കാനുള്ള നടപടികളും പൂർത്തിയായി വരുന്നു. ഇത് സംസ്ഥാനത്തെ സർവകലാശാലകളുടെ ചരിത്രത്തിലെ ആദ്യസംഭവമാണെന്ന് മന്ത്രി പറഞ്ഞു.

പരീക്ഷയിൽ പിന്നാക്കം പോവുന്ന വിദ്യാർഥികളുടെ ഫലം മെച്ചപ്പെടുത്തുന്നതിന് റെമഡിയൽ ക്‌ളാസുകൾ നടത്തുമെന്ന് മന്ത്രി പറഞ്ഞു. അധ്യാപകരുടെ നിലവാരവും സേവനവേതന വ്യവസ്ഥകളും മെച്ചപ്പെടുത്തുന്നതിന് സർവകലാശാലകളുടെ സ്റ്റാറ്റിയൂട്ട് ഭേദഗതി ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഒന്നാം വർഷ വിദ്യാർഥികൾക്ക് എൻജിനീയറിങ് മേഖലയോടുള്ള അഭിരുചി വർധിപ്പിക്കുന്നതിനു രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ഇൻഡക്ഷൻ പ്രോഗാമോടെയാണ് ക്‌ളാസുകൾ ആരംഭിക്കുന്നത്. വിദ്യാർഥികൾക്ക് ഇങ്ങനെ ലഭ്യമാകുന്ന അധികസമയം ഇന്റേൺഷിപ്പിനും സംരംഭകത്വപ്രവർത്തനങ്ങൾക്കും ബി.ടെക് ഓണേഴ്‌സിനും മൈനർ കോഴ്‌സുകൾക്കും റെമഡിയൽ കോഴ്‌സുകൾക്കും പ്രയോജനപ്പെടുത്താം. ഈ വർഷം മുതൽ പ്രവേശനത്തിന് ബി.ടെക് ഡിഗ്രി നേടുന്നതിന് ആവശ്യമായ ആകെ ക്രെഡിറ്റ് 162 ആക്കി. മുമ്പ് ഇത് 182 ആയിരുന്നു.

ഈ വർഷം മുതൽ നൂതനപഠനശാഖകൾ ആയ റോബോട്ടിക്‌സ് ആൻഡ് ഓട്ടോമോഷൻ, ബാച്ചിലർ ഓഫ് ഡിസൈൻ തുടങ്ങിയ കോഴ്‌സുകൾ ആരംഭിച്ചിട്ടുണ്ട്.

വിദ്യാർഥികളിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കാനായി സ്റ്റാർട്ടപ്പ് മിഷനുമായി സഹകരിച്ച് കോളേജുകളിലെ എന്റർപ്രണർഷിപ്പ് സെല്ലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. ഈ സ്റ്റാർട്ടപ്പുകൾക്ക് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ പ്രവൃത്തികൾ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും. ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ അസാപ് വ്യവസായസ്ഥാപനങ്ങളുമായി സഹകരിച്ച് വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പ് ലഭ്യമാക്കാൻ ആരംഭിച്ച വെബ് പോർട്ടൽ വഴി വിവിധ കമ്പനികളിൽ ഇന്റേൺഷിപ്പിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. സ്റ്റാർട്ടപ്പുകൾ തുടങ്ങുന്നതിനും ഇന്റേൺഷിപ്പുകൾ പൂർത്തിയാക്കുന്നതിനും വേണ്ടി ബ്രേക്ക് ഓഫ് സ്റ്റഡിക്കുള്ള അവസരവും ഉൾപ്പെടുത്തിയിട്ടുണ്ട്. അഞ്ച്, ഏഴ് സെമസ്റ്റുകൾക്കിടയിൽ നാലുമാസക്കാലം വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പിനായി നീക്കിവെച്ചിട്ടുണ്ട്. ഇതിനായി ഒരു സ്റ്റാർട്ട് അപ് നയം സർവകലാശാല തയാറാക്കിയിട്ടുണ്ട്. സ്‌പോർട്‌സ്, ആർട്‌സ്, എൻ.എസ്.എസ് സെമിനാറുകളിൽ പങ്കെടുക്കുക, ഓൺലൈൻ കോഴ്‌സുകൾ പൂർത്തിയാക്കുക തുടങ്ങിയവയ്ക്ക് സാങ്കേതിക സർവകലാശാല ആദ്യമായി ഗ്രേസ് മാർക്കും ആക്ടിവിറ്റി പോയിന്റുകളും നൽകാൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. നാടിന്റെ വികസനത്തിനും പുരോഗതിക്കും സാങ്കേതികമേഖലയുടെ പങ്ക് വലുതാണെന്നും കേവലബിരുദം നേടുക മാത്രമാകരുത് ലക്ഷ്യമെന്നും മന്ത്രി വിദ്യാർഥികളെ ഓർമപ്പെടുത്തി.

സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ.രാജശ്രീ എം.എസ്, പ്രോ-വൈസ് ചാൻസലർ ഡോ.എസ്. അയൂബ്, രജിസ്ട്രാർ ഡോ. ജി.പി. പത്മകുമാർ, ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ.കെ.ഷറഫുദ്ദീൻ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.