Movie prime

സർക്കാർ യോഹന്നാനും ഹാരിസണിനും ഒപ്പമുണ്ട്

ശബരിമലയിലെ ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതിക്കെതിരെ പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ സി ആർ നീലകണ്ഠൻ്റെ ഫേസ്ബുക്ക് പോസ്റ്റ് പോസ്റ്റ് പൂർണ രൂപത്തിൽ നീ ഭയപ്പെടേണ്ട സർക്കാർ നിന്നോടുകൂടെ എല്ലാവർക്കും രക്ഷ യോഹന്നാൻ യോഹന്നാന് രക്ഷ ഇടതു സർക്കാർ ശബരിമലയുടെ പേരിൽ എരുമേലിക്കടുത്ത് ചെറുവള്ളി എസ്റ്റേറ്റിൽ ഗ്രീൻ ഫീൽഡ് വിമാനത്താവളം നിർമിക്കാൻ ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവ് വലിയ അനീതിയാണ്, അഴിമതിയാണ്, കോവിഡ് കാലത്ത് ജനകീയ പ്രതിരോധം ഉണ്ടാകില്ലെന്ന ഉറപ്പിൽ നടത്തുന്ന കൊള്ളയാണ്. 2700 ഏക്കർ വരുന്ന ഈ ഭൂമിയുടെ More
 
സർക്കാർ യോഹന്നാനും ഹാരിസണിനും ഒപ്പമുണ്ട്

ശബരിമലയിലെ ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതിക്കെതിരെ പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ സി ആർ നീലകണ്ഠൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

പോസ്റ്റ്‌ പൂർണ രൂപത്തിൽ

നീ ഭയപ്പെടേണ്ട സർക്കാർ നിന്നോടുകൂടെ

എല്ലാവർക്കും രക്ഷ യോഹന്നാൻ

യോഹന്നാന് രക്ഷ ഇടതു സർക്കാർ

ശബരിമലയുടെ പേരിൽ എരുമേലിക്കടുത്ത് ചെറുവള്ളി എസ്റ്റേറ്റിൽ ഗ്രീൻ ഫീൽഡ് വിമാനത്താവളം നിർമിക്കാൻ ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവ് വലിയ അനീതിയാണ്, അഴിമതിയാണ്, കോവിഡ് കാലത്ത് ജനകീയ പ്രതിരോധം ഉണ്ടാകില്ലെന്ന ഉറപ്പിൽ നടത്തുന്ന കൊള്ളയാണ്.
2700 ഏക്കർ വരുന്ന ഈ ഭൂമിയുടെ വിലയായ തുക കോടതിയിൽ കെട്ടി വച്ച് ഏറ്റെടുക്കാൻ കോട്ടയം കളക്ടറോട് നിർദ്ദേശിച്ചിരിക്കുകയാണ്.

സർക്കാരിൽ നിന്നും തോട്ടത്തിനായി ഹാരിസൺ പാട്ടത്തിനെടുത്ത ഭൂമിയാണ് അവർ തീർത്തും നിയമ വിരുദ്ധമായി വൻ തുകക്ക് ബിലീവേഴ്സ് ചർച്ചിന് വിറ്റത്. ഈ വിൽപന നില നിൽക്കുന്നതല്ല എന്നാണ് സർക്കാർ കോടതിയിൽ എടുത്ത നിലപാട്. പക്ഷേ പണം കെട്ടിവക്കുക വഴി ആ നിലപാട് ദുർബലമാകുകയും ബിലീവേഴ്സ് ചർച്ചിന് പണം കിട്ടുന്ന സ്ഥിതി ഉണ്ടാകുകയും ചെയ്യും. ഇത് നന്നായി അറിയാവുന്നവർ തന്നെയാണ് കേരളം ഭരിക്കുന്നത്.

ഹാരിസൺ വ്യാജ രേഖകൾ ഉണ്ടാക്കിയും ഉദ്യോഗസ്ഥരേയും പല രാഷ്ട്രീയ നേതാക്കളേയും സ്വാധീനിച്ച് പതിനായിരക്കണക്കിന് ഏക്കർ ഭൂമി പല ജില്ലകളിലായി കൈവശം വച്ചിട്ടുണ്ടെന്ന് രാജമാണിക്യം ഐ എ എസും മുൻ റവന്യു കമീഷണർ നിവേദിതാ പി ഹരനും മറ്റും കണ്ടെത്തിയിട്ടുണ്ട്. ഇവ സംബന്ധിച്ച് നിരവധി കേസുകൾ ഹൈക്കോടതിയിൽ ഉണ്ട്. ഈ കേസുകൾ കൃത്യമായി പഠിച്ച് ഹാരിസണെതിരായി വാദിച്ചിരുന്നത് സ്പെഷൽ സർക്കാർ വക്കീലായ സുശീലാ ഭട്ട് ആയിരുന്നു.

യുഡിഎഫ് സർക്കാരിന്റെ കാലത്ത് സിംഗിൾ ബഞ്ചിൽ ഹാരിസൺ ഭൂമി സർക്കാരിന് ഏറ്റെടുക്കാൻ കഴിയുന്ന വിധത്തിലുള്ള വിധി വന്നു. അന്നും ചില കേന്ദ്രങ്ങൾ ഇടപെട്ട് സുശീലാ ഭട്ടിനെ കേസിൽ നിന്നു മാറ്റാൻ ശ്രമിച്ചു. പരിസ്ഥിതി പ്രവർത്തകർ ഇതിനെതിരെ ശബ്ദമുയർത്തിയപ്പോൾ ഭരണമുന്നണിയിലെ വി എം സുധീരനും നിയമസഭാംഗങ്ങളായ വീഡി സതീശൻ, ടി.എൻ പ്രതാപൻ തുടങ്ങിയവരും രംഗത്തുവന്നു. സർക്കാർ പിന്മാറി. സുശീല ഭട്ട് തുടർന്നു.

എന്നാൽ എൽഡിഎഫ് അധികാരമേറ്റതോടെ ഹാരിസൺ ശക്തമായി തിരിച്ചടിച്ചു. സുശീല ഭട്ടിനെ പുറത്താക്കി. ഹാരിസണിനു വേണ്ടി കേസ് വാദിച്ചിരുന്നവർക്കായി സർക്കാർ ഭാഗം വാദിക്കുന്നതിനുളള ചുമതല. പിന്നെ കേസുകളിൽ സർക്കാർ തോൽക്കുകയെന്ന പതിവ് ആവർത്തിച്ചു. ചെറുവള്ളിക്കേസിലും സർക്കാർ തോൽക്കും. ബിലീവേഴ്സ് ചർച്ചിനു പണം കിട്ടും. നമ്മുടെ നികുതിപ്പണമായതിനാൽ ആർക്കും മനസ്സാക്ഷിക്കുത്ത് ഉണ്ടാകില്ല. എല്ലാം തിരക്കഥയനുസരിച്ചു നടക്കും. എല്ലാവർക്കും വിഹിതം കിട്ടും.

എരുമേലി വിമാനത്താവളം ആരുടെ അത്യാവശ്യമാണെന്ന് നമുക്കറിയാം. വർഷത്തിൽ രണ്ടോ മൂന്നോ മാസം മാത്രം തുറക്കുന്ന ക്ഷേത്രമാണല്ലോ ശബരിമല. മറ്റു മാസങ്ങളിൽ ഒന്നോ രണ്ടോ ദിവസം മാത്രം. പ്രളയം, കൊറോണ തുടങ്ങിയവ മൂലം ശബരിമല തീർത്ഥാടകരുടെ വരവ് തടസ്സപെട്ടിട്ടുമുണ്ട്.
ഇതൊരു സ്വകാര്യ വിമാനത്താവളമാണ്. അതായത് സർക്കാർ ഭൂമി അവർ തന്നെ പണം കൊടുത്തു വാങ്ങി ചില സ്വകാര്യ സ്ഥാപനങ്ങൾക്ക് കൈമാറും. അവരവിടെ വിമാനത്താവളത്തിന്റെ മറവിൽ റിയൽ എസ്റ്റേറ്റ് വ്യാപാരം നടത്തും. അതിലെ പങ്ക് നേതാക്കൾക്കു കിട്ടും.

ഭൂപരിഷ്കരണ കാലത്ത് ഇവയൊക്കെ മിച്ചഭൂമിയല്ലാതായത് എസ്റ്റേറ്റുകൾ ആയതിനാലാണ്. ഇപ്പോൾ ഇത് എസ്റ്റേറ്റ് അല്ലാതായാൽ മിച്ചഭൂമിയാകും. ഭൂപരിഷ്ക്കരണത്തിൽ വഞ്ചിക്കപ്പെട്ട് മുപ്പതിനായിരത്തോളം കോളനികളിൽ ഒതുക്കപ്പെട്ടിരിക്കുന്ന ദളിതരടക്കമുള്ള ഭൂരഹിതർക്ക് അവകാശപ്പെട്ട കൃഷിഭൂമിയാണിത്. ചെങ്ങറ, അരിപ്പ, തൊവേരി മല തുടങ്ങിയ സമരങ്ങളിൽ ഉന്നയിക്കപ്പെട്ട ഈ മുദ്രാവാക്യം കണ്ടില്ലെന്ന് നടിക്കുകയാണ് മാറി മാറി വരുന്ന സർക്കാരുകൾ. അത്തരത്തിലുള്ള ഭൂമി ഒരു സ്വകാര്യ കമ്പനിക്കു നൽകി അതിന്റെ പങ്കുപറ്റാനുള്ള തന്ത്രം ആണ് എരുമേലി വിമാനത്താവളം.
ആ എസ്റ്റേറ്റിൽ തൊഴിലെടുക്കുന്നവരെ തീർത്തും അവഗണിക്കുകയാണ് തൊഴിലാളിവർഗ സർക്കാരും വിവിധ യൂണിയൻ നേതാക്കളും.

ഈ വിമാനത്താവളം നിർമിക്കാൻ എന്ന പേരിൽ അനേകായിരം മരങ്ങൾ വെട്ടേണ്ടിവരും. അതീവ പ്രാധാന്യമുള്ള ജൈവ വൈവിദ്ധ്യങ്ങളുടെ നാശവും ഉണ്ടാകും. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം സംബന്ധിച്ച് ദിവസേനയെന്നോണം മുഖ്യമന്ത്രി ഗിരിപ്രഭാഷണം നടത്തുന്നതിനാൽ ഈ നാശങ്ങളൊന്നും വിഷയമാകില്ലല്ലോ.

സർക്കാർ (യോഹന്നാനും ഹാരിസണിനും ) ഒപ്പമുണ്ട്.