Movie prime

ചില്ലറക്കാരനല്ല മുന്തിരി 

 

രുചിയുടെ കാര്യത്തിലായാലും ആരോഗ്യത്തിന്റെ കാര്യത്തിലായലും മുന്തിരി മികച്ച പഴമാണ് എന്നതിൽ സംശയമില്ല. തലച്ചോറിനും ഹൃദയത്തിനും ചർമ്മത്തിനും വളരെ നല്ലതാണ്  മുന്തിരി. ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും ധാതുക്കളും  ധാരാളം  ഈ പഴത്തിൽ അടങ്ങിയിട്ടുണ്ട്.  ഈ പഴം ലഘുഭക്ഷണമായി കഴിക്കുന്നത് വളരെ ഉത്തമമാണ്.  ഹൃദ്രോഗ സാധ്യത കുറയ്ക്കുവാനും മുന്തിരി സഹായിക്കുമെന്ന് പഠനങ്ങൾ ചൂണ്ടികാണിക്കുന്നു. മുന്തിരിയുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം. 

നല്ല ഉറക്കത്തിന്  

ഉറങ്ങാൻ കിടക്കുന്നതിന്  മുമ്പായി മുന്തിരിപ്പഴം ലഘുഭക്ഷണമായി കഴിക്കുന്നത് നന്നായി ഉറക്കം  കിട്ടാൻ  സഹായിക്കും. മുന്തിരിപ്പഴത്തിലും മുന്തിരി അടങ്ങിയ  ഭക്ഷണത്തിലും (മുന്തിരി ജ്യൂസ് പോലുള്ളവ) പ്രകൃതിദത്തമായ  മെലറ്റോണിൻ  അടങ്ങിയിട്ടുണ്ട്. മെലറ്റോണിനെ പൊതുവെ പറയുന്നത് സ്ലീപ്പ് ഹോർമോൺ  എന്നാണ്. അതായത് നമ്മളെ ഉറങ്ങാൻ സഹായിക്കുന്ന ഹോർമോണാണ് ഇത്. തലച്ചോറിലെ പിനീയൽ ഗ്രന്ഥി (pineal gland) ഉത്പാദിപ്പിക്കുന്ന ഹോർമോണാണ് മെലറ്റോണിൻ.

അന്തരീക്ഷത്തിലെ ഇരുട്ട് നമ്മുടെ തലച്ചോറിലെ പിനീയൽ ഗ്രന്ഥിയെ ഉത്തേജിപ്പിച്ച്  മെലറ്റോണിൻ ഹോർമോൺ ഉത്പാദിപ്പിക്കാൻ പ്രേരിപ്പിക്കുന്നു. അങ്ങനെയാണ് നമ്മൾ സ്വാഭാവികമായ ഉറക്കത്തിലേക്ക് വീഴുന്നത്.  അതിനോടൊപ്പം മെലറ്റോണിൻ ഹോർമോൺ അടങ്ങിയ മുന്തിരി പോലുള്ള  ഭക്ഷണം കഴിക്കുന്നത് നന്നായി ഉറങ്ങാൻ സഹായിക്കുന്നു. 

വൻകുടലിന്റെ ആരോഗ്യത്തിന് 

വൻകുടലിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്  മുന്തിരി. വൻകുടലിലെ അർബുദം പോലുള്ള മാരകമായ രോഗങ്ങളെ  ചെറുക്കാൻ  ഒരു  പരിധിവരെ മുന്തിരിയ്ക്ക് സാധിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. വൻകുടലിൽ കാൻസർ ബാധിച്ച വ്യക്തികൾ രണ്ടാഴ്ചത്തേക്ക് എല്ലാ ദിവസവും മുന്തിരി കഴിക്കാൻ നിർദ്ദേശിക്കാറുണ്ട്. വൻകുടലിലെ ട്യൂമർ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ചില ജീനുകളുടെ പ്രവർത്തനത്തെ കുറയ്ക്കുവാൻ മുന്തിരി സഹായിക്കുന്നതായി ഗവേഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എന്നിരുന്നാലും  മുന്തിരിപ്പഴം വൻകുടൽ കാൻസറിനെ ചികിത്സിക്കുമെന്ന്  അതിന് അർത്ഥമില്ല. പക്ഷെ വൻകുടലിന്റെ  പൊതുവെയുള്ള ആരോഗ്യത്തിന് വളരെ  നല്ലതാണ്. 

കീമോതെറാപ്പി പാർശ്വഫലങ്ങൾ ലഘൂകരിക്കാൻ 

കീമോതെറാപ്പിയുടെ ഏറ്റവും സാധാരണമായ പാർശ്വഫലങ്ങളിലൊന്നാണ് ഓക്കാനം.  തണുപ്പിച്ച മുന്തിരി അല്ലെങ്കിൽ ചെറി പോലുള്ള പഴങ്ങൾ രുചിക്കുന്നതോ ജ്യൂസ്  ആക്കി കുടിക്കുന്നതോ ഇത്തരം ലക്ഷണങ്ങളെ ലഘൂകരിക്കാൻ സഹായിക്കും. കീമോ സ്വീകരിക്കുന്ന ചിലർക്ക് വായിൽ വ്രണമോ വരണ്ട വായയോ അനുഭവപ്പെടാറുണ്ട്. അതിന് തണുപ്പുള്ള മുന്തിരിയോ പഴച്ചാറുകളോ കുടിക്കുന്നത് വളരെ നല്ലതാണ്. 

കുഞ്ഞുങ്ങൾക്ക് കൊടുക്കുമ്പോൾ  ശ്രദ്ധ വേണം 

കുട്ടികൾക്ക്  പൊതുവെ  മുന്തിരിപ്പഴം വളരെ ഇഷ്ടമാണ്. എന്നാൽ കുഞ്ഞുങ്ങൾക്ക്, പ്രത്യേകിച്ച് അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക്, കൊടുക്കുമ്പോൾ വളരെ അധികം ശ്രദ്ധ വേണം. അബദ്ധവശാൽ കുഞ്ഞു മുന്തിരി അറിയാതെ വിഴുങ്ങാൻ സാധ്യത വളരെ ഏറെയാണ് . ഇതുമൂലം  ശ്വാസംമുട്ടാനും  കുട്ടിയുടെ  ജീവന്  അപകടം വരെ സംഭവിക്കാനും  സാധ്യതയുണ്ട്.