Movie prime

നാലാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവൽ മെയ് 16 മുതൽ 20 വരെ അങ്കമാലിയിൽ

തിരുവനന്തപുരം: ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിന്റെ നാലാം പതിപ്പിന് അങ്കമാലി വേദിയാകും. പരിപാടിയുടെ ബ്രോഷർ ആരോഗ്യമന്ത്രി കെ കെ ശൈലജ പ്രകാശനം ചെയ്തു. ഓ രാജഗോപാൽ എം എൽ എ യ്ക്ക് ബ്രോഷർ കൈമാറിയാണ് മന്ത്രി പ്രകാശനം നിർവഹിച്ചത്. വി എസ് ശിവകുമാർ എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം എൽ എ മാരായ ഒ രാജഗോപാൽ, റോജി എം ജോൺ തുടങ്ങിയവരും പങ്കെടുത്തു. തിരുവനന്തപുരം ആസ്ഥാനമായ സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആന്റ് സോഷ്യൽ ആക്ഷൻ (സിസ്സ) കേന്ദ്ര-സംസ്ഥാന സർക്കാർ, സർക്കാറിതര More
 
നാലാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവൽ മെയ് 16 മുതൽ 20 വരെ അങ്കമാലിയിൽ

തിരുവനന്തപുരം: ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിന്റെ നാലാം പതിപ്പിന് അങ്കമാലി വേദിയാകും. പരിപാടിയുടെ ബ്രോഷർ ആരോഗ്യമന്ത്രി കെ കെ ശൈലജ പ്രകാശനം ചെയ്തു. ഓ രാജഗോപാൽ എം എൽ എ യ്ക്ക് ബ്രോഷർ കൈമാറിയാണ് മന്ത്രി പ്രകാശനം നിർവഹിച്ചത്. വി എസ് ശിവകുമാർ എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം എൽ എ മാരായ ഒ രാജഗോപാൽ, റോജി എം ജോൺ തുടങ്ങിയവരും പങ്കെടുത്തു. തിരുവനന്തപുരം ആസ്ഥാനമായ സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആന്റ് സോഷ്യൽ ആക്ഷൻ (സിസ്സ) കേന്ദ്ര-സംസ്ഥാന സർക്കാർ, സർക്കാറിതര സന്നദ്ധ സംഘടനകളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ അങ്കമാലി അഡ് ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ & എക്സിബിഷൻ സെന്ററിലാണ് അരങ്ങേറുന്നത്. കേന്ദ്ര ആയുഷ്, വ്യവസായ, വാണിജ്യ, വിനോദസഞ്ചാര മന്ത്രാലയങ്ങൾ, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എ എം എ ഐ), ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ് അസോസിയേഷൻ, ആയുർവേദ മെഡിസിൻ മാനുഫാക്ച്വറേഴ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ, ഡ്രഗ്സ് മാനുഫാക്ച്വറേഴ്സ് അസോസിയേഷൻ, സർവീസ് സംഘടനകൾ, അധ്യാപക-വിദ്യാർഥി സംഘടനകൾ തുടങ്ങി നിരവധി സംഘടനകൾ പരിപാടിയുമായി സഹകരിക്കുന്നുണ്ട്.

ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവൽ സംസ്ഥാനത്തിന് തന്നെ ഒരു മുതൽക്കൂട്ടായിത്തീരും എന്ന് പ്രതീക്ഷിക്കുന്നതായി ബ്രോഷർ പ്രകാശനം നിർവശിച്ചു സംസാരിച്ച ആരോഗ്യ-സാമൂഹ്യ നീതി മന്ത്രി ശ്രീമതി കെ കെ ശൈലജ പറഞ്ഞു. ഈ സദുദ്യമത്തിന് സംസ്ഥാന സർക്കാറിൻ്റെ പൂർണ പിന്തുണയുണ്ട്. ആധുനിക ശാസ്ത്രത്തിൻ്റെ വളർച്ചയോടൊപ്പം മനുഷ്യ ശരീരത്തെയും മനസ്സിനെയും തൊട്ടറിയുന്ന ആയുർവേദത്തെയും പ്രതിഷ്ഠിക്കണം. രോഗപ്രതിരോധത്തിനും ശരീരത്തിൻ്റെ ശേഷി വർധിപ്പിക്കുന്നതിനും ആയുർവേദം ഉതകും. നല്ല പ്രതിരോധ ശേഷിയുണ്ടെങ്കിൽ കൊറോണ വന്നാലും പ്രതിരോധിക്കാനാവും. ജീവിത ശൈലിയിലെ മാറ്റങ്ങൾ കൊണ്ട് നാം ഒട്ടേറെ അസുഖങ്ങൾ ക്ഷണിച്ചു വരുത്തുന്നുണ്ട്. ശരീരത്തിന് ഉത്തേജനം നല്കേണ്ട ആഹാരം ശത്രുവായി മാറുന്ന അവസ്ഥയുണ്ട്. ആയുർവേദത്തെ ജീവിത ചര്യയാക്കി മാറ്റുന്നതിലൂടെ നമുക്കിതിനെ പ്രതിരോധിക്കാനാവും. ആയുർവേദ രംഗത്തെ ഗവേഷണത്തിനായി സംസ്ഥാന സർക്കാറിൻ്റെ മുൻകൈയിൽ സ്ഥാപനം വരുന്നുണ്ട്, മന്ത്രി പറഞ്ഞു.

പകർച്ചവ്യാധികളും ജീവിത ശൈലീ രോഗങ്ങളും വർധിച്ചത് ആയുർവേദത്തെ മറന്നതുകൊണ്ടാണ്. നമ്മുടെ തനതായ ജീവിതചര്യയിലേക്ക് കൊണ്ടുപോകാൻ ആയുർവേദത്തിന് കഴിയുമെന്ന് ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ച ശ്രീ വി എസ് ശിവകുമാർ എം എൽ എ പറഞ്ഞു. പുതിയ കാല വെല്ലുവിളികളെ അതിജീവിക്കാൻ ആയുർവേദത്തിലൂടെ കഴിയും. കേരളത്തിൻ്റെ ആരോഗ്യരംഗത്തും ടൂറിസം മേഖലയിലും സാമ്പത്തിക രംഗത്തും ആയുർവേദത്തിൻ്റെ സംഭാവനകളുണ്ട്, അദ്ദേഹം അഭിപ്രായപ്പെട്ടു.
ഏറ്റവും പുരാതനമായ ശാസ്ത്ര വിഭാഗമാണ് ആയുർവേദമെന്നും, ഏറ്റവും ഊന്നൽ നല്കേണ്ടത് ഗവേഷണത്തിലാണെന്നും ശ്രീ ഒ. രാജഗോപാൽ എം എൽ എ അഭിപ്രായപ്പെട്ടു. സംസ്ഥാന സർക്കാറിൻ്റെ മുൻ കൈയിൽ കണ്ണൂരിൽ അതിനുള്ള സ്ഥാപനം നിലവിൽ വരുന്നത് നല്ല കാര്യമാണ്, അദ്ദേഹം കൂട്ടിച്ചേർത്തു

ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവൽ 2020 ന്റെ വെബ്സൈറ്റ് ഉദ്‌ഘാടനം നിർവഹിച്ച ഫെസ്റ്റിവൽ വൈസ് ചെയർമാൻ ശ്രീ റോജി ജോൺ എം എൽ എ, ആയുർവേദത്തിൻ്റെ സമസ്ത മേഖലകളിലും പ്രവർത്തിക്കുന്നവരുടെ ഒരു മെഗാ കാർണിവലായി ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവൽ മാറട്ടെ എന്ന് ആശംസിച്ചു.

മെയ്‌ 16 മുതൽ 20 വരെ അഞ്ചു ദിവസം നീണ്ടു നില്ക്കുന്ന പരിപാടിയിൽ അമ്പതോളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. അയ്യായിരത്തോളം ഡെലിഗേറ്റുകൾ മേളയുടെ ഭാഗമാകും. അഞ്ഞൂറോളം സ്റ്റോളുകൾ പ്രദർശനത്തിൽ ഉണ്ടാകും. പ്രതിദിനം അരലക്ഷത്തോളം സന്ദർശകർ മേളയ്ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോളതലത്തിൽ ആയുർവേദത്തെ കുറിച്ചുള്ള ഏറ്റവും വലിയ സംവാദവേദിയായി മേള മാറും. അക്കാദമിക് സെഷനുകൾ, ആയുഷ് ക്ലിനിക്കുകൾ, ശില്പശാലകൾ, പാനൽ ചർച്ചകൾ, പൊതുജന അവബോധ പരിപാടികൾ, സോളിഡാരിറ്റി മീറ്റുകൾ, ആയുർവേദ-നാടൻ ഭക്ഷ്യമേളകൾ, പുസ്തകമേള, കലാസാംസ്കാരിക പരിപാടികൾ, ഫോട്ടോഗ്രഫി മത്സരം, ഗൈഡഡ് ടൂറുകൾ, ഡോക്യുമെന്ററി ചലച്ചിത്രോത്സവം എന്നിവയും മേളയുടെ ഭാഗമായി അരങ്ങേറുന്നുണ്ട്. ഇന്റർനാഷണൽ സെമിനാർ, ഗ്ലോബൽ ആയുർവേദ എക്സിബിഷൻ, ഇന്റർനാഷണൽ കോ-ഓപ്പറേഷൻ കോൺക്ലേവ് എന്നീ മൂന്ന് പരിപാടികളാണ് ഇതിന്റെ ഭാഗമായി നടക്കുന്നത്.

ലോകമെമ്പാടുമുള്ള ആയുർവേദ രംഗത്തെ പ്രഗത്ഭ വ്യക്തിത്വങ്ങളുടെ ഒത്തുചേരലിനാണ് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവൽ സാക്ഷ്യം വഹിക്കുന്നത്. അറിവും അനുഭവങ്ങളും പങ്കുവെച്ചും പങ്കാളിത്തത്തിന്റെ സാധ്യതകൾ ചർച്ച ചെയ്തും ഈ രംഗത്തെ വളർച്ചയ്ക്കും വികാസത്തിനുമുള്ള സാധ്യതകൾ ആരായും. വിദ്യാർഥികൾ, ഗവേഷകർ, നയരൂപീകരണ വിദഗ്ധർ, ഡോക്ടർമാർ, അധ്യാപകർ, സംരംഭകർ തുടങ്ങി ആയുർവേദത്തിന്റെ മാഹാത്മ്യത്തെ തൊട്ടറിയുന്ന വ്യത്യസ്ത വിഭാഗങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കും. ആഗോള ചികിത്സാ പദ്ധതി എന്ന നിലയിൽ വിഭാവനം ചെയ്യുന്ന മേളയിൽ വിദേശ രാജ്യങ്ങളിൽ നിന്നും പ്രാതിനിധ്യമുണ്ടാകും. ആയുർവേദത്തിന്റെ ഔന്നത്യത്തെ രാജ്യാന്തര തലത്തിൽ എത്തിക്കാൻ യത്നിക്കുന്നവരുടെ സംഗമവേദി കൂടിയായ മേള അക്ഷരാർഥത്തിൽ ആഗോള ഫെസ്റ്റിവലായി മാറുമെന്ന് സംഘാടകർ പറഞ്ഞു. വിവിധ രാജ്യങ്ങളിൽ നിന്നുള്ളർ തങ്ങളുടെ ആശയങ്ങളും അനുഭവങ്ങളും പങ്കുവെയ്ക്കുന്നതോടൊപ്പം ആവശ്യങ്ങളും മുന്നോട്ടുവെയ്ക്കും. പങ്കാളിത്തത്തിനും സഹകരണത്തിനുമുള്ള സാധ്യതകളും ആരായും.

വൻവിജയമായ മൂന്നാം പതിപ്പിൽ 42 രാജ്യങ്ങളിൽ നിന്നാണ് പ്രതിനിധികൾ എത്തിയത്. ആരോഗ്യരക്ഷ, വ്യാപാരം, ആഗോള സാധ്യതകൾ എന്നിവയിൽ ഊന്നിയുള്ള വിപുലമായ കൂടിക്കാഴ്ചകൾക്കും ചർച്ചകൾക്കും അവസരം സൃഷ്ടിക്കുന്നതിനാൽ രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്നവർക്ക് മേള വലിയതോതിൽ ആകർഷകമാവും. വളർച്ചയ്ക്കും വികാസത്തിനുമുള്ള അവസരങ്ങളും തുറന്നുകിട്ടും .

ആയുർവേദ മെഡിക്കൽ ടൂറിസം: അവിശ്വസനീയ ഇന്ത്യയെ യാഥാർഥ്യമാക്കൽ എന്ന വിഷയത്തിൽ ഊന്നിയുള്ള സംവാദം അരങ്ങേറുന്നുണ്ട്. ആയുർവേദത്തിന്റെ മെഡിക്കൽ, വെൽനസ്സ് സാധ്യതകൾ പ്രയോജനപ്പെടുത്തുന്നവരുടെയും നേട്ടങ്ങൾ സ്വായത്തമാക്കാൻ ആഗ്രഹിക്കുന്നവരുടെയും കൂട്ടായ്മയായി മേള മാറും. സംവാദങ്ങൾ, പ്രദർശനങ്ങൾ, വ്യാപാര സാധ്യതകൾ എന്നീ മൂന്ന് വിഭാഗങ്ങളിലും ആയുർവേദ മെഡിക്കൽ ടൂറിസത്തിന്റെ സാധ്യതകൾ ചർച്ച ചെയ്യും.

കുട്ടികളുടെ ആരോഗ്യം: ഗർഭാവസ്ഥ മുതൽ കൗമാരം വരെ എന്നതാണ് ചർച്ച ചെയ്യപ്പെടുന്ന മറ്റൊരു പ്രധാന വിഷയം. ആരോഗ്യമുള്ള കുഞ്ഞിനെ ഗർഭം ധരിക്കാനുള്ള മുന്നൊരുക്കങ്ങൾ, ഗർഭകാല സുരക്ഷ, പ്രസവാനന്തര സുരക്ഷ, നവജാതശിശു സുരക്ഷ, പ്രതിരോധവും ആയുർവേദവും, ശിശുപോഷണം, പ്രാകാരയോഗ, സുവർണപ്രാസ, വളർച്ചയും വികാസവും, കുട്ടികളിൽ സാധാരണ കണ്ടുവരുന്ന അസുഖങ്ങളും ചികിത്സയും, പെരുമാറ്റ വൈകല്യങ്ങൾ, വളർച്ചാ ക്രമക്കേടുകൾ, ജനിതക സവിശേഷതകൾ, പോഷണവും പരിപാലനവും തുടങ്ങി കുട്ടികളുടെ ആരോഗ്യ സുരക്ഷയെ സമഗ്രമായി ഉൾക്കൊള്ളുന്ന രീതിയിലാണ് അവതരണം.

മുഖ്യപ്രമേയങ്ങൾക്ക് പുറമെ നിരവധി ഉപവിഷയങ്ങളിലും സെമിനാറുകൾ അരങ്ങേറുന്നുണ്ട്. പരിസ്ഥിതിയെയും കാലാവസ്ഥ വ്യതിയാനത്തെയും ആയുർവേദവുമായി ബന്ധപ്പെടുത്തുന്ന പ്രത്യേക സെഷനും ആയുർവേദത്തിന്റെ ഉയർത്തെഴുന്നേൽപ്പ് എന്ന വിഷയത്തിലുള്ള ചർച്ചയും നടക്കും. അന്താരാഷ്ട്ര കോൺക്ലേവിന്റെ ഭാഗമായ ആസിയാൻ മീറ്റിൽ ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പൈൻസ്, സിങ്കപ്പൂർ, തായ്‌ലൻഡ്, ബ്രൂണെ, വിയറ്റ്നാം, ലാവോസ്, മ്യാൻമർ, കംബോഡിയ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കുചേരും. ഇന്റർനാഷണൽ ഡെലിഗേറ്റ് അസംബ്‌ളിയിൽ ആസിയാൻ രാജ്യങ്ങൾക്ക് പുറമേ അമേരിക്ക, യുറോപ്പ്, റഷ്യ, ലാറ്റിൻ അമേരിക്കൻ പങ്കാളിത്തവുമുണ്ടാകും. മേളയുടെ മറ്റൊരു ആകർഷണം ആയുർവേദം ആഫ്രിക്കയിൽ എന്ന വിഷയത്തിലുള്ള പ്രത്യേക ചർച്ചയാണ്. എം എസ് എം ഇ മീറ്റ്, ഗ്രാൻഡ് കേരള ആയുർവേദ ഫെയർ, ഔഷധസസ്യ കർഷകരുടെ കൂട്ടായ്മ, ആയുർവേദ ജോബ് ഫെയർ എന്നിവയും ഇതോടൊപ്പം നടക്കും. മേളയുടെ മുന്നോടിയായി മെയ് 14, 15 തിയ്യതികളിൽ പഞ്ചകർമ, മർമ, ഔഷധസസ്യ വർഗീകരണ ശില്പശാലകൾ സംഘടിപ്പിക്കുന്നുണ്ട്. ‘ആഹാരം ഔഷധമായി’ എന്ന വിഷയത്തിൽ വിദേശ ഡെലിഗേറ്റുകൾക്ക് മാത്രമായുള്ള ശില്പശാലയും അരങ്ങേറും.

കേന്ദ്ര ആയുഷ് മന്ത്രി (മിനിസ്റ്റർ ഓഫ് സ്റ്റേറ്റ്-സ്വതന്ത്ര ചുമതല) ശ്രീപദ് യെസ്സോ നായിക്; സംസ്ഥാന ആരോഗ്യ, കുടുംബക്ഷേമ, സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ എന്നിവർ രക്ഷാധികാരികളായും കേന്ദ്ര വിദേശ, പാർലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരൻ ചെയർമാനായും പ്രവർത്തിക്കുന്ന സംഘാടക സമിതിയുടെ വർക്കിങ്ങ് ചെയർമാൻ ഡോ. പി മാധവൻകുട്ടി വാര്യരാണ്. ഡോ. ജി ജി ഗംഗാധരൻ സെക്രട്ടറി ജനറലും ഡോ. സുരേഷ്‌കുമാർ സി ചീഫ് കോ-ഓർഡിനേറ്ററുമാണ്.