Movie prime

ആഗോള വിപണിയും ഗവേഷണവും മെഡിക്കൽ ടൂറിസവും ലക്ഷ്യമിട്ട് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവൽ 2020

കൊച്ചി: ആയുർവേദത്തിൻ്റെ ആഗോള വളർച്ചയും വികാസവും ലക്ഷ്യമിട്ട് നാലാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവൽ (ജി എ എഫ് 2020). മെയ്16 മുതൽ 20 വരെ അങ്കമാലി അഡ് ലക്സ് ഇൻ്റർനാഷണൽ കൺവെൻഷൻ & എക്സിബിഷൻ സെൻ്ററിലാണ് ഫെസ്റ്റിവൽ അരങ്ങേറുന്നത്. അന്താരാഷ്ട്ര വ്യാപാര മേഖലയിൽ നിലവിലുള്ള സാധ്യതകളും വ്യത്യസ്ത ഭൂഖണ്ഡങ്ങളിൽ നിന്ന് മേളയിൽ പങ്കെടുക്കാനെത്തുന്ന വ്യാവസായിക-വാണിജ്യ-അക്കാദമിക-നയതന്ത്ര മേഖലാ പ്രതിനിധികളെയും കണക്കിലെടുത്താൽ മുൻ പതിപ്പുകളിൽ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും നാലാം പതിപ്പ്. ആയുർവേദത്തെ മുൻനിർത്തി ഇത്രയും വിപുലമായ ഒരു മേള ഇന്ത്യയിൽ ആദ്യമായാണ് സംഘടിപ്പിക്കപ്പെടുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ സെൻ്റർ ഫോർ ഇന്നൊവേഷൻ More
 
ആഗോള വിപണിയും ഗവേഷണവും മെഡിക്കൽ ടൂറിസവും ലക്ഷ്യമിട്ട് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവൽ 2020
കൊച്ചി: ആയുർവേദത്തിൻ്റെ ആഗോള വളർച്ചയും വികാസവും ലക്ഷ്യമിട്ട് നാലാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവൽ (ജി എ എഫ് 2020). മെയ്16 മുതൽ 20 വരെ അങ്കമാലി അഡ് ലക്സ് ഇൻ്റർനാഷണൽ കൺവെൻഷൻ & എക്സിബിഷൻ സെൻ്ററിലാണ് ഫെസ്റ്റിവൽ അരങ്ങേറുന്നത്. അന്താരാഷ്ട്ര വ്യാപാര മേഖലയിൽ നിലവിലുള്ള സാധ്യതകളും വ്യത്യസ്ത ഭൂഖണ്ഡങ്ങളിൽ നിന്ന് മേളയിൽ പങ്കെടുക്കാനെത്തുന്ന വ്യാവസായിക-വാണിജ്യ-അക്കാദമിക-നയതന്ത്ര മേഖലാ പ്രതിനിധികളെയും കണക്കിലെടുത്താൽ മുൻ പതിപ്പുകളിൽ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും നാലാം പതിപ്പ്.
ആയുർവേദത്തെ മുൻനിർത്തി ഇത്രയും വിപുലമായ ഒരു മേള ഇന്ത്യയിൽ ആദ്യമായാണ് സംഘടിപ്പിക്കപ്പെടുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ സെൻ്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് & സോഷ്യൽ ആക്ഷൻ (സിസ്സ) സംഘടിപ്പിക്കുന്ന പരിപാടി ആയുർവേദത്തിന്റെ വളർച്ചയ്ക്കും വികാസത്തിനും വലിയ തോതിലുള്ള സംഭാവനകൾ നൽകുമെന്നാണ് പ്രതീക്ഷ. രാജ്യത്ത് പൊതുവെയും കേരളത്തിൽ വിശേഷിച്ചും ഇത് ചലനങ്ങൾ സൃഷ്ടിക്കും. ഉത്പാദനം, കയറ്റുമതി, തൊഴിലവസരങ്ങൾ തുടങ്ങി സമസ്ത മേഖലയിലും നേട്ടങ്ങൾ പ്രതിഫലിക്കും.
കേന്ദ്ര ആയുഷ്, വ്യവസായ-വാണിജ്യ, എം എസ് എം ഇ, ടൂറിസം, വിദേശകാര്യ മന്ത്രാലയങ്ങളുടെയും സംസ്ഥാന സർക്കാരിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയിൽ നിരവധി സംഘടനകൾ ഭാഗഭാക്കാകുമെന്ന് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിന്റെ ചെയർമാനും കേന്ദ്ര വിദേശ-പാർലമെൻ്ററികാര്യ സഹമന്ത്രിയുമായ ശ്രീ. വി. മുരളീധരൻ അറിയിച്ചു. ഇത് മേളയെ പുതിയൊരു തലത്തിലേക്ക് ഉയർത്തും. ജി എ എഫ് നാലാം പതിപ്പിനു മുന്നോടിയായി കൊച്ചിയിൽ നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയുർവേദത്തിൻ്റെ ആഗോള വിപണി, ഗവേഷണം, മെഡിക്കൽ ടൂറിസം എന്നിവ മുൻനിർത്തിയുള്ള ഇൻ്റർനാഷണൽ കോ-ഓപ്പറേഷൻ കോൺക്ലേവ് ആണ് ആയുർവേദ ഫെസ്റ്റിവലിൻ്റെ പ്രത്യേകത എന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാറിൻ്റെ വിവിധ വകുപ്പുകളുടെയും സംസ്ഥാന സർക്കാറിൻ്റെയും സഹകരണത്തോടെയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ആഗോള ചികിത്സാ പദ്ധതി എന്ന നിലയിൽ ആയുർവേദത്തെ മുന്നോട്ടുവെയ്ക്കുന്ന പരിപാടി ലോകമെമ്പാടും ഈ ലക്ഷ്യത്തിലൂന്നി പ്രവർത്തിക്കുന്നവരുടെ സംഗമ വേദിയായി മാറും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കും. ആവശ്യങ്ങൾ മുന്നോട്ടു വെയ്ക്കും. പങ്കാളിത്ത സാധ്യതകൾ ചർച്ച ചെയ്യും. ഇൻ്റർനാഷണൽ സെമിനാർ, ഗ്ലോബൽ ആയുർവേദ എക്‌സിബിഷൻ, ഇൻ്റർനാഷണൽ കോ-ഓപ്പറേഷൻ കോൺക്ലേവ് എന്നീ മൂന്ന് പരിപാടികളാണ് മേളയുടെ ഭാഗമായി അരങ്ങേറുന്നത്. നമ്മുടെ ആയുർവേദത്തെ ആസിയാൻ, ആഫ്രിക്കൻ, യുറോപ്യൻ രാജ്യങ്ങളിൽ പ്രചാരത്തിലുള്ളവയുമായി കണ്ണിചേർക്കാനുള്ള ഗൗരവപൂർണമായ പരിശ്രമങ്ങൾ മേളയിലുണ്ടാവും.
കേരളത്തിനകത്തും പുറത്തുമുള്ള ആയുർവേദ ഉല്പന്ന നിർമാതാക്കൾക്കും മറ്റു സ്റ്റെയ്ക് ഹോൾഡർമാർക്കുമായി വിദേശത്തുനിന്നുള്ള നിക്ഷേപമുൾപ്പെടെ ആകർഷിക്കുന്നതിനുള്ള നടപടിക്രമങ്ങൾക്ക് ഇതിനോടകം തന്നെ തുടക്കം കുറിച്ചിട്ടുണ്ട്. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും (ഫിക്കി), വ്യവസായ-ആഭ്യന്തര വ്യാപാര മന്ത്രാലയത്തിന് കീഴിലുള്ള ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ഫെസിലിറ്റേഷൻ ഏജൻസിയായ ഇൻവെസ്റ്റ് ഇന്ത്യയും, വാണിജ്യ-വ്യാപാര മന്ത്രാലയങ്ങളും ഇക്കാര്യത്തിൽ സജീവമായി ഇടപെട്ടുവരുന്നു. വിവിധ രാജ്യങ്ങളുടെ അംബാസഡർമാരും കോൺസുലാർ ജനറൽമാരും പങ്കെടുക്കുന്ന റൗണ്ട് ടേബിൾ കർട്ടൻ റേസർ പരിപാടി 2020 മാർച്ചിൽ ഡൽഹിയിൽ വെച്ച് നടക്കും. അതത്‌ രാജ്യങ്ങളുടെ ആവശ്യങ്ങൾക്ക് അനുസൃതമായ വിധത്തിൽ ഉല്പന്നങ്ങളും സേവനങ്ങളും രൂപപ്പെടുത്താനുള്ള ആലോചനകൾ റൗണ്ട് ടേബിളിൽ നടക്കും. കേന്ദ്ര സർക്കാരിന് കീഴിൽ സ്വതന്ത്ര സ്വഭാവത്തോടെ പ്രവർത്തിക്കുന്ന തിങ്ക് ടാങ്കായ ‘വികസ്വര രാജ്യങ്ങൾക്ക് വേണ്ടിയുള്ള റിസർച്ച്ആൻഡ് ഇൻഫൊർമേഷൻ സിസ്റ്റംസിന്റെ(ആർ ഐ എസ്)’ സജീവ പങ്കാളിത്തമുണ്ടാകും. ഫാർമസ്യൂട്ടിക്കൽ എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ (ഫാർമെക്സിൽ); വാണിജ്യ, വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള സർവീസസ് എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ (എസ് ഇ പി സി) എന്നിവയും മേളയിൽ ഭാഗഭാക്കാകും. ആയുർവേദ ഉത്പ്പന്നങ്ങളുടെയും സേവനങ്ങളുടെയും കയറ്റുമതി വർധനവിനുള്ള സാധ്യതകൾ തേടും.
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എ എം എ ഐ), ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെൻ്റ് അസോസിയേഷൻ, ആയുർവേദ മെഡിസിൻ മാനുഫാക്ചറേഴ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ, ആയുർവേദ ഡ്രഗ്സ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ എന്നിവയും പരിപാടിയിൽ പങ്കാളികളാണ്.
ആയുർവേദത്തിൻ്റെ ഉന്നമനത്തിനായി അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്നവരുടെ ഒത്തുചേരലിനാണ് അങ്കമാലി സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. അറിവും അനുഭവങ്ങളും പങ്കുവെയ്ക്കാനും പങ്കാളിത്ത സാധ്യതകൾ ചർച്ച ചെയ്യാനും വളർച്ച-വികസന പദ്ധതികൾക്ക് രൂപം നല്കാനുമുള്ള വിശാല വേദിയായി ഇത്തവണത്തെ ഫെസ്റ്റിവൽ മാറും. വിദ്യാർഥികൾ മുതൽ ഗവേഷകർ വരെയും, ഡോക്ടർമാർ മുതൽ നയരൂപീകരണ വിദഗ്ധർ വരെയും, അധ്യാപകർ മുതൽ വ്യവസായ സംരംഭകർ വരെയും വിവിധ തലങ്ങളിലായി വ്യാപിച്ചു കിടക്കുന്നവരുടെ കൂട്ടായ്മക്കാണ് മേള വേദിയൊരുക്കുന്നത്.
മേളയുടെ ഭാഗമായ ആയുർവേദ എക്‌സിബിഷനിൽ മെഡിക്കൽ ടൂറിസം, ഔഷധസസ്യങ്ങൾ, ഗവേഷണം എന്നിവയിൽ ഊന്നിയുള്ള മരുന്നുകളും സാങ്കേതികവിദ്യകളും ഉത്‌പ്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കും.
ആഗോള ചികിത്സാ പദ്ധതി എന്ന നിലയിൽ ആയുർവേദത്തെ അവതരിപ്പിക്കുന്ന പരിപാടി ലോകമെമ്പാടും ഈ ലക്ഷ്യത്തിലൂന്നി പ്രവർത്തിക്കുന്നവരുടെ സംഗമ വേദിയായി മാറും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കും. ആവശ്യങ്ങൾ മുന്നോട്ടു വെയ്ക്കും. ആഗോള സംരംഭകരെയും നയരൂപീകരണ വിദഗ്ധരെയും ഡോക്ടർമാരെയും ആയുർവേദത്തിന്റെ പ്രചാരകരെയുമെല്ലാം ഒരു പൊതുവേദിയിൽ അണിനിരത്തുന്ന മഹാമേള, വ്യവസായമെന്ന നിലയിലും ചികിത്സാ രീതിയെന്ന നിലയിലും ആയുർവേദത്തിന്റെ അന്താരാഷ്ട്ര സാധ്യതകളാണ് ആരായുന്നത്.