Movie prime

മഹാരാഷ്ട്രയിൽ 7 സൾഫർ ഡയോക്സൈഡ് ഹോട്ട് സ്പോട്ടുകളെന്ന് ഗ്രീൻപീസ് റിപ്പോർട്ട്

പരിസ്ഥിതിക്ക് ഏറെ അപകടകരമായ സൾഫർ ഡയോക്സൈഡിന്റെ (SO2) ഹോട്ട്സ്പോട്ട് മേഖലകൾ രാജ്യത്ത് ഏറ്റവും കൂടുതൽ മഹാരാഷ്ട്രയിലെന്ന് ഗ്രീൻപീസ് പഠനറിപ്പോർട്ട്. ചന്ദ്രപുർ, കോർഡി, മുംബൈ, നാസിക്, അകോല, ബുസാവൽ, പാർളി എന്നിവയാണ് അപകടകരമായ അളവിൽ സൾഫർ ഡയോക്സൈഡ് കലർന്ന മേഖലകളായി അന്താരാഷ്ട്ര പരിസ്ഥിതി സംഘടനയായ ഗ്രീൻപീസ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം. ചന്ദ്രപുരിലാണ് അന്തരീക്ഷ വായുവിൽ ഏറ്റവുമധികം സൾഫർ ഡയോക്സൈഡ് കണ്ടെത്തിയിട്ടുള്ളത്. മുംബൈ, ചെന്നൈ എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളിൽ More
 
മഹാരാഷ്ട്രയിൽ 7 സൾഫർ ഡയോക്സൈഡ് ഹോട്ട് സ്പോട്ടുകളെന്ന് ഗ്രീൻപീസ് റിപ്പോർട്ട്

പരിസ്ഥിതിക്ക് ഏറെ അപകടകരമായ സൾഫർ ഡയോക്സൈഡിന്റെ (SO2) ഹോട്ട്സ്പോട്ട് മേഖലകൾ രാജ്യത്ത് ഏറ്റവും കൂടുതൽ മഹാരാഷ്ട്രയിലെന്ന് ഗ്രീൻപീസ് പഠനറിപ്പോർട്ട്.

ചന്ദ്രപുർ, കോർഡി, മുംബൈ, നാസിക്, അകോല, ബുസാവൽ, പാർളി എന്നിവയാണ് അപകടകരമായ അളവിൽ സൾഫർ ഡയോക്സൈഡ് കലർന്ന മേഖലകളായി അന്താരാഷ്ട്ര പരിസ്ഥിതി സംഘടനയായ ഗ്രീൻപീസ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം.

ചന്ദ്രപുരിലാണ് അന്തരീക്ഷ വായുവിൽ ഏറ്റവുമധികം സൾഫർ ഡയോക്സൈഡ് കണ്ടെത്തിയിട്ടുള്ളത്. മുംബൈ, ചെന്നൈ എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളിൽ വരും. സംസ്ഥാനത്തെ കൽക്കരി പ്ലാന്റുകളും എണ്ണ, പ്രകൃതിവാതക പ്ലാന്റുകളും പുറന്തള്ളുന്ന മാലിന്യങ്ങളാണ് ആശങ്കാജനകമായ അളവിൽ SO2 അന്തരീക്ഷത്തിൽ കലരാൻ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

കൽക്കരിയും എണ്ണയും പോലെ സൾഫർ അടങ്ങിയ വസ്തുക്കൾ കത്തുമ്പോഴാണ് സൾഫർ ഡയോക്സൈഡ് രൂപം കൊള്ളുന്നത്. ഈ ഏഴു മേഖലയിലും കൽക്കരി പ്ലാന്റുകൾ പ്രവർത്തിക്കുന്നുണ്ട്.

ഫ്ലൂ ഗ്യാസ് ഡിസൾഫറൈസേഷൻ എന്ന ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കാതെയാണ് പ്ലാന്റുകളുടെ പ്രവർത്തനം എന്ന് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നേരത്തേ വനം പരിസ്ഥിതി മന്ത്രാലയം ഇറക്കിയ ഉത്തരവിൽ പ്ലാന്റുകളുടെ പ്രവർത്തനത്തിന് ഈ സാങ്കേതികവിദ്യ നിർബന്ധമാക്കിയിരുന്നു.

എന്നാൽ പല കാരണങ്ങൾ നിരത്തി കമ്പനികൾ ഇത് നടപ്പിലാക്കുന്നത് വൈകിപ്പിച്ചു. 2022 ഓടെ പുതിയ സാങ്കേതിക വിദ്യയിലേക്ക് പൂർണമായും മാറണമെന്നാണ് മന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശം.

രാജ്യത്ത് കൽക്കരി പ്ലാന്റുകളിലെ നിക്ഷേപം നിരുത്സാഹപ്പെടുത്തണമെന്നും പുനരുപയോഗ ഊർജ്ജ സാദ്ധ്യതകളിലേക്ക് ചുവടുമാറ്റണമെന്നും ഗ്രീൻപീസ് നിർദേശിച്ചിട്ടുണ്ട്. അന്തരീക്ഷവായുവിനെ വിഷപൂരിതമാക്കുന്ന പി എം 2.5 പാർട്ടിക്കിളുകൾ ഏറ്റവുമധികം കാണപ്പെടുന്ന സംസ്ഥാനവും മഹാരാഷ്ട്രയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

അന്തരീക്ഷവായുവിൽ സൾഫറിന്റെ അളവ് അമിതമായാൽ, മറ്റു സൂക്ഷ്മ വസ്തുക്കളുമായി ചേർന്ന് പി എം 2.5 ന്റെ രൂപീകരണത്തിന് ഇടയാക്കും.

2.5 മൈക്രോ മീറ്റർ വ്യാസമുള്ള, ഏതാണ്ട് തലമുടിയുടെ മൂന്നു ശതമാനം മാത്രം വലിപ്പമുള്ള ഈ സൂക്ഷ്‌മ വസ്തുക്കൾ

ആന്തരാവയവങ്ങളിലേക്ക്‌ എളുപ്പത്തിൽ കടന്നു ചെല്ലാൻ ഇടയുള്ളതാണ്. കാൻസറും ശ്വാസകോശ രോഗങ്ങളും ഹൃദ്രോഗവും ഡിമെൻഷ്യയും ഉൾപ്പെടെ ഒട്ടേറെ ഗുരുതര രോഗങ്ങളിലേക്ക് അത് നയിക്കും- റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.