Movie prime

ബാബറി മസ്ജിദ് വിധി ജനാധിപത്യത്തിന്റെ ശവപ്പെട്ടിയിൽ അടിച്ച ആണിയെന്ന് അഡ്വ. ഹരീഷ് വാസുദേവൻ

Harish Vausdevan എൽ കെ അദ്വാനി ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധിയാണ് ബാബറി മസ്ജിദ് തകർത്ത കേസിൽ വന്നിരിക്കുന്നത്. മസ്ജിദ് തകർത്തതിന് പിന്നിലെ ഗൂഢാലോചന തെളിയിക്കാൻ കഴിഞ്ഞില്ലെന്നാണ് ലഖ്നൗ കോടതിയുടെ വിലയിരുത്തൽ. പള്ളി പൊളിച്ചത് വലിയ കുറ്റകൃത്യമാണെന്ന് സുപ്രീം കോടതി വിധിപറഞ്ഞ അതേ കേസിലാണ് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കൊടും കുറ്റവാളികളെ വെറുതെ വിടുന്നത്. “ഒളിവും മറയുമില്ലാതെ, ക്യാമറകൾക്കു മുന്നിൽ, ആരുചെയ്തു എന്ന് പകൽ പോലെ വ്യക്തമായ” ഒരു ആൾക്കൂട്ട കടന്നാക്രമണത്തിലൂടെ ഇന്ത്യൻ More
 
ബാബറി മസ്ജിദ് വിധി ജനാധിപത്യത്തിന്റെ ശവപ്പെട്ടിയിൽ അടിച്ച ആണിയെന്ന് അഡ്വ. ഹരീഷ് വാസുദേവൻ

Harish Vausdevan

എൽ കെ അദ്വാനി ഉൾപ്പെടെ
മുഴുവൻ പ്രതികളെയും വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധിയാണ് ബാബറി മസ്ജിദ് തകർത്ത കേസിൽ വന്നിരിക്കുന്നത്. മസ്ജിദ് തകർത്തതിന് പിന്നിലെ ഗൂഢാലോചന തെളിയിക്കാൻ കഴിഞ്ഞില്ലെന്നാണ് ലഖ്നൗ കോടതിയുടെ വിലയിരുത്തൽ. പള്ളി പൊളിച്ചത് വലിയ കുറ്റകൃത്യമാണെന്ന് സുപ്രീം കോടതി വിധിപറഞ്ഞ അതേ കേസിലാണ് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കൊടും കുറ്റവാളികളെ വെറുതെ വിടുന്നത്. “ഒളിവും മറയുമില്ലാതെ, ക്യാമറകൾക്കു മുന്നിൽ, ആരുചെയ്തു എന്ന് പകൽ പോലെ വ്യക്തമായ” ഒരു ആൾക്കൂട്ട കടന്നാക്രമണത്തിലൂടെ ഇന്ത്യൻ മതേതരത്വത്തിന് മരണമണി മുഴക്കി
ഒരു ഭീകര സംഘടിത കുറ്റകൃത്യത്തിന് നേതൃത്വം നൽകിയ കൊടും കുറ്റവാളികളെയാണ് കോടതി വെറുതെ വിടുന്നത്. എന്ത് നീതി! എന്ത് ന്യായം! ഒടുവിൽ നീതി ലഭിക്കും എന്ന ഒരേയൊരു പ്രതീക്ഷയിൽ, രാജ്യത്തിൻ്റെ നിയമവാഴ്ചയിലും ഭരണഘടനയിലും കോടതിയിലും വിശ്വാസമർപ്പിച്ച് കാൽ നൂറ്റാണ്ടിലേറെക്കാലം കാത്തിരുന്ന ഒരു ജനസഞ്ചയത്തിൻ്റെ വിശ്വാസത്തിനാണ് ഗുരുതരമായി പരിക്കേൽക്കുന്നത്. Harish Vausdevan

ഇന്ത്യൻ നീതിന്യായ സംവിധാനത്തിൻ്റെ സമ്പൂർണ തകർച്ചയെ പറ്റിയാണ് അഡ്വ. ഹരീഷ് വാസുദേവൻ്റെ ഫേസ് ബുക്ക് പോസ്റ്റ്.

…….

ബാബ്‌റി മസ്ജിദ് പൊളിച്ചത് വലിയ കുറ്റകൃത്യം ആണെന്ന് ആ സിവിൽ കേസിന്റെ മെറിറ്റിൽ 2019-ൽ നിരീക്ഷിച്ചത് സുപ്രീംകോടതിയാണ്.

ഈ രാജ്യത്തെ ഏറ്റവും ഓർഗനൈസ്ഡ് ആയ ആ കുറ്റകൃത്യം നടന്നിട്ട് 28 വർഷം കഴിഞ്ഞപ്പോൾ മറ്റൊരു കോടതി ഇന്ന് പറയുന്നു, ആരും കുറ്റക്കാർ അല്ലെന്ന് !! പ്രോസിക്യൂഷൻ പരാജയപ്പെട്ടു എന്ന് !!

ഒരു കുറ്റകൃത്യം നടത്താനുള്ള രാജ്യമെങ്ങും പൊതു ആഹ്വാനത്തിലൂടെ നടപ്പാക്കിയതാണ് ഈ കുറ്റം. ഒളിവും മറയും ഇല്ലാതെയാണ് ഈ കുറ്റകൃത്യം നടന്നത്. ക്യാമറകൾക്ക് മുൻപിൽ. ആര് ചെയ്തുവെന്നത് പകൽ പോലെ വ്യക്തവും.

എന്നിട്ടും കുറ്റവാളികളെ ശിക്ഷിക്കാൻ കോടതിക്ക് കഴിഞ്ഞില്ലെങ്കിൽ അത് ഇന്ത്യയിലെ നീതിന്യായ സംവിധാനത്തിന്റെ സമ്പൂർണ്ണ പരാജയമാണ്.

തെളിവില്ല, അന്വേഷിച്ചില്ല എന്നൊക്കെ മറ്റു കോടതികൾക്ക് ഒഴിവുകഴിവ്‌ പറയാം. പ്രോസിക്യൂഷന് മേൽ പഴിചാരാം. പക്ഷെ, കുറ്റപത്രം തൃപ്തികരമല്ലെങ്കിൽ അത് തള്ളി പുനരന്വേഷണം / തുടരന്വേഷണം നടത്താൻ ഉത്തരവിടാൻ അധികാരമുള്ള കോടതിയാണ്. ഈ കുറ്റം പോലും തെളിയിക്കാൻ കഴിയാത്ത ആ അന്വേഷണ ഏജൻസിയെ പിരിച്ചുവിടാനുള്ള നിരീക്ഷണം എങ്കിലും കോടതിക്ക് നടത്താമായിരുന്നു.

ഈ രാജ്യത്തെ ജുഡീഷ്യറി കെട്ടിപ്പടുത്തിരിക്കുന്നത് കല്ലും മണ്ണും ഉപയോഗിച്ചു മാത്രമല്ല. നീതി ലഭ്യമാകും എന്ന ഇന്ത്യൻ ജനതയുടെ, ഇൻഡ്യൻ ഭരണഘടനയുടെ ദൃഢമായ വിശ്വാസത്തിന്മേലാണ് ആ മഹത്തായ സ്ഥാപനം നിലനിൽക്കുന്നത്.

ആ അചഞ്ചലമായ വിശ്വാസമാണ് ഇത്തരം വിധികളിലൂടെ ബഹുമാന്യ ജഡ്ജിമാർ തകർക്കുന്നത്. തകർത്ത് തരിപ്പണമാക്കുന്നത്.

ജനാധിപത്യത്തിന്റെ ശവപ്പെട്ടിയിൽ ആണി അടിക്കുന്നതിൽ ഒരെണ്ണം ഇന്ന് ജുഡീഷ്യറി ചെയ്തു.

RIP