Movie prime

പ്രവാസികളെ വരവേല്‍ക്കാന്‍ ആരോഗ്യ വകുപ്പ് സുസജ്ജം

പ്രത്യേക ആപ്പും ക്യുആര് കോഡ് സംവിധാനവും 27 കോവിഡ് ആശുപത്രികള് ഉള്പ്പെടെ 207 സര്ക്കാര് ആശുപത്രികള് തിരുവനന്തപുരം: വിദേശത്ത് നിന്നും മടങ്ങുന്ന പ്രവാസികള്ക്ക് മികച്ച ചികിത്സയും പ്രതിരോധവും ഒരുക്കാന് മുഖ്യമന്ത്രിയുടെ നിര്ദേശാനുസരണം ആരോഗ്യ വകുപ്പ് സുസജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര് അറിയിച്ചു. എയര്പോര്ട്ടില് വന്നിറങ്ങുന്നത് മുതല് പരിശോധിച്ച് ആവശ്യമുള്ളവര്ക്ക് മികച്ച ചികിത്സയും പരിചരണവും നല്കുന്നതിന് മതിയായ സൗകര്യമൊരുക്കുകയും ജീവനക്കാരെ സജ്ജമാക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര് അന്താരാഷ്ട്ര എയര്പോര്ട്ടുകള് More
 
പ്രവാസികളെ വരവേല്‍ക്കാന്‍ ആരോഗ്യ വകുപ്പ് സുസജ്ജം
  • പ്രത്യേക ആപ്പും ക്യുആര്‍ കോഡ് സംവിധാനവും
  • 27 കോവിഡ് ആശുപത്രികള്‍ ഉള്‍പ്പെടെ 207 സര്‍ക്കാര്‍ ആശുപത്രികള്‍

തിരുവനന്തപുരം: വിദേശത്ത് നിന്നും മടങ്ങുന്ന പ്രവാസികള്‍ക്ക് മികച്ച ചികിത്സയും പ്രതിരോധവും ഒരുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം ആരോഗ്യ വകുപ്പ് സുസജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്നത് മുതല്‍ പരിശോധിച്ച് ആവശ്യമുള്ളവര്‍ക്ക് മികച്ച ചികിത്സയും പരിചരണവും നല്‍കുന്നതിന് മതിയായ സൗകര്യമൊരുക്കുകയും ജീവനക്കാരെ സജ്ജമാക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ അന്താരാഷ്ട്ര എയര്‍പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. എല്ലാ എയര്‍പോര്‍ട്ടിലും വന്നിറങ്ങുന്നവര്‍ക്കായി പ്രത്യേക ആരോഗ്യ ആപ്ലിക്കേഷനുകള്‍ തയ്യാറാക്കിയിട്ടുണ്ട്. തിരുവനന്തപുരത്തേത് കരുതല്‍ ആപ്പ്, എറണാകുളത്തേത് ആയുര്‍രക്ഷാ ആപ്പ്, കോഴിക്കോട്ടേത് ആഗമനം ആപ്പ് എന്നിങ്ങനേയാണ് പേരിട്ടിരിക്കുന്നത്. നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുടെ പൂര്‍ണ വിവരങ്ങള്‍ ഈ ആപ്പില്‍ ലഭ്യമാണ്. ക്യുആര്‍ കോഡ് വഴി ഇവരെപ്പറ്റിയുള്ള വിവരങ്ങള്‍ അറിയാന്‍ കഴിയുകയും വളരെ വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കാനും ഇവരെ ട്രെയ്‌സ് ചെയ്യാനും കഴിയുന്നു. ക്യുആര്‍ കോഡ് ഇല്ലാത്തവരില്‍ നിന്നും സാധാരണ രീതിയിലും വിവരം ശേഖരിക്കുന്നു.

എല്ലാവരേയും മാസ്‌ക് ധരിപ്പിച്ച് സിസ് സാഗ് പാറ്റേണിലാണ് വിമാനത്തില്‍ ഇരുത്തുന്നത്. വിമാനം ഇറങ്ങുന്നതിന് 45 മിനിറ്റ് മുമ്പ് എയര്‍പോര്‍ട്ടിലും തുടര്‍ന്ന് ക്വാറന്റൈനിലും പാലിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് അനൗണ്‍സ്‌മെന്റ് നടത്തും. കൂടാതെ സെല്‍ഫ് റിപ്പോര്‍ട്ട് ഫോര്‍മാറ്റും പൂരിപ്പിച്ച് ഹെല്‍പ് ഡെസ്‌കില്‍ നല്‍കണം. 15 മുതല്‍ 20 പേരെയാണ് ഒരു മീറ്റര്‍ അകലം പാലിച്ച് ഒരേ സമയം വിമാനത്തില്‍ നിന്നിറക്കുന്നത്. എയ്‌റോ ബ്രിഡ്ജില്‍ വച്ച് താപനില പരിശോധിക്കുകയും പനിയുണ്ടെങ്കില്‍ അവരെ ഐസൊലേഷന്‍ ബേയിലേക്ക് മാറ്റുകയും ചെയ്യുന്നു.

പനിയില്ലെങ്കില്‍ അവരെ ഹെല്‍പ് ഡെസ്‌കിലേക്ക് അയയ്ക്കുന്നു. യാത്രക്കാരുടെ എണ്ണമനുസരിച്ച് ഒരു എയര്‍പോര്‍ട്ടില്‍ 4 മുതല്‍ 15 ഹെല്‍പ് ഡെസ്‌ക് വരെയുണ്ടാകും. ഒരു ഹെല്‍പ് ഡെസ്‌കില്‍ ഒരു ഡോക്ടര്‍, ഒരു സ്റ്റാഫ് നഴ്‌സ് അല്ലെങ്കില്‍ ഫീല്‍ഡ് സ്റ്റാഫ്, സന്നദ്ധ പ്രവര്‍ത്തകന്‍, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിവരാണ് ഉണ്ടാകുക. ഹെല്‍പ് ഡെസ്‌കിലെ ഡോക്ടര്‍ യാത്രക്കാരെ പരിശോധിച്ച് പനിയോ മറ്റെന്തെങ്കിലും രോഗലക്ഷണങ്ങളോ കണ്ടാല്‍ അവരേയും ഐസൊലേഷന്‍ ബേയിലേക്ക് മാറ്റുന്നതാണ്. രോഗലക്ഷണങ്ങളില്ലാത്തവരെ ഗൈഡിംഗ് സ്റ്റേഷനിലെത്തിച്ച് അവരുടെ ലഗേജുകള്‍ അണുവിമുക്തമാക്കി ക്വാറന്റൈന്‍ കേന്ദ്രങ്ങളിലെത്തിക്കുന്നു.

പ്രവാസികളെ വരവേല്‍ക്കാന്‍ ആരോഗ്യ വകുപ്പ് സുസജ്ജം

ഐസൊലേഷന്‍ ബേയിലുള്ള രോഗലക്ഷണമുള്ളവരെ ആംബുലന്‍സില്‍ തൊട്ടടുത്തുള്ള കോവിഡ് ചികിത്സാ കേന്ദ്രത്തിലാക്കുന്നു. ഇവര്‍ കൊണ്ടുവന്ന ലഗേജുകള്‍ അണുവിമുക്തമാക്കിയ ശേഷം ടാഗ് ചെയ്ത് വേറൊരു വാഹനത്തില്‍ അഡ്മിറ്റ് ആകുന്ന ആശുപത്രിയില്‍ എത്തിക്കുന്നു. ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചവരെ ആര്‍.ടി. പിസിആര്‍ പരിശോധന നടത്തുന്നതാണ്. ഇവരിലും രോഗലക്ഷണമുള്ളവരെ കോവിഡ് ആശുപത്രികളിലാക്കുന്നു.
രോഗലക്ഷണമുള്ളവരെ ചികിത്സിക്കാന്‍ പ്ലാന്‍ എ,ബി,സി എന്നിങ്ങനെ തിരിച്ച് 27 കോവിഡ് ആശുപത്രികള്‍ ഉള്‍പ്പെടെ 207 സര്‍ക്കാര്‍ ആശുപത്രികള്‍ സജ്ജമാക്കിയിട്ടുണ്ട്.

ആവശ്യമെങ്കില്‍ ഉപയോഗിക്കാന്‍ പ്ലാന്‍ സിയില്‍ 125 സ്വകാര്യ ആശുപത്രികളും സമ്മതം അറിയിച്ചിട്ടുണ്ട്. 11,084 ഐസൊലേഷന്‍ കിടക്കകളും 1679 ഐ.സി.യു കിടക്കകളുമാണ് ഇതിലൂടെ സജ്ജമാക്കിയിരിക്കുന്നത്. കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയാല്‍ മറ്റെല്ലാം മാറ്റിവച്ച് സംസ്ഥാനത്തെ 27 ആശുപത്രികളെ സമ്പൂര്‍ണ കോവിഡ് കെയര്‍ ആശുപത്രികളാക്കാനും തീരുമാനിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജുകള്‍, ജില്ലകളിലെ പ്രധാന ആശുപത്രികള്‍ എന്നിവയാണ് സമ്പൂര്‍ണ കോവിഡ് ആശുപത്രികളാക്കുന്നത്. ഒരേ സമയം 18,000ത്തോളം കിടക്കകള്‍ ഒരുക്കാന്‍ കഴിയുന്നതാണ്. ഇതുകൂടാതെ ആരോഗ്യ വകുപ്പിന്റെ 462 കോവിഡ് കെയര്‍ സെന്ററുകളിലായി 16144 കിടക്കകളും സജ്ജമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി 276 ഡോക്ടര്‍മാരെ പി.എസ്.സി. വഴി അടിയന്തരമായി നിയമിച്ചിരുന്നു. കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് ആശുപത്രിക്കായി 273 തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തി വരുന്നു. 980 ഡോക്ടര്‍മാരെ മൂന്ന് മാസക്കാലയളവിലും നിയമിച്ചു വരുന്നു. ഇതുകൂടാതെ എന്‍.എച്ച്.എം. വഴി ഈ കാലയളവില്‍ 3770 തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തി വരുന്നു. ഇതോടൊപ്പം മറ്റ് വിഭാഗം ജീവനക്കാരേയും ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി.