in

ആരോഗ്യ ഡാറ്റ സമ്മതമില്ലാതെ പങ്കിടുന്നത് ആർടിക്കിൾ 21- ൻ്റെ ലംഘനം, ആരോഗ്യ സേതു കേസിൽ കർണാടക ഹൈക്കോടതി

Health
വിവരങ്ങൾ വ്യക്തമായി മനസ്സിലാക്കികൊണ്ടുള്ള സമ്മതം(ഇൻഫോംഡ് കൺസൻ്റ്) കൂടാതെ,വ്യക്തികളുടെ ആരോഗ്യ ഡാറ്റ പങ്കിടുന്നത് ഭരണഘടനയിലെ അനുച്ഛേദം 21 ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കർണാടക ഹൈക്കോടതി. ആരോഗ്യ സേതു ആപ്പുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രധാനമായ നിരീക്ഷണം കോടതി നടത്തിയിരിക്കുന്നത്. Health

ആർടിക്കിൾ 21 പ്രകാരം  സ്വകാര്യതയ്ക്കുള്ള അവകാശത്തിൻ്റെ ലംഘനം ആണെന്നുകണ്ട്, ആളുകളുടെ അറിവോടെയുള്ള സമ്മതമില്ലാതെ ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കുന്നവരുടെ ആരോഗ്യ ഡാറ്റ പങ്കുവെയ്ക്കരുതെന്ന് കോടതി കേന്ദ്ര സർക്കാരിനോടും നാഷണൽ ഇൻഫൊർമാറ്റിക്സ് സെൻ്ററിനോടും ആവശ്യപ്പെട്ടു.

ചീഫ് ജസ്റ്റിസ് അഭയ് ഓക്ക, ജസ്റ്റിസ് വിശ്വജിത്ത് ഷെട്ടി എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് നിർണായകമായ നിരീക്ഷണങ്ങൾ നടത്തിയത്. കേരളത്തിൽ ഉണ്ടായസ്പ്രിൻക്ളർ വിവാദത്തിൽ ഉൾപ്പെടെ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ് വ്യക്തികളുടെ ആരോഗ്യ ഡാറ്റ അവരുടെ അറിവോടെയുള്ള സമ്മതം കൂടാതെ പങ്കുവെയ്ക്കുന്നതിനു പിന്നിലെ മൗലികാവകാശ ലംഘനവും അപകടങ്ങളും.

ആരോഗ്യ സേതു ഉപയോക്താക്കൾ നൽകുന്ന വിവരങ്ങൾ അവരുടെ ആരോഗ്യത്തെ സംബന്ധിച്ച വിലപ്പെട്ട വിവരങ്ങൾ ആണ്. അവ ആർടിക്കിൾ 21 പ്രകാരം സ്വകാര്യമായി സംരക്ഷിക്കപ്പെടേണ്ടത് അത്യാവശ്യമാണ്. പൗരന്മാരുടെ ആരോഗ്യ ഡാറ്റ അവരുടെ ‘ഇൻഫോംഡ് കൺസൻ്റ് ‘ കൂടാതെ സർക്കാരിൻ്റെ തന്നെ മറ്റ് ഏജൻസികളുമായോ മൂന്നാം കക്ഷിയുമായോ പങ്കിടുന്നത് ഇന്ത്യൻ ഭരണഘടനയുടെ ആർടിക്കിൾ 21 ഉറപ്പു നൽകുന്ന സ്വകാര്യതയ്ക്കുള്ള അവകാശത്തിൻ്റെ  ലംഘനമാണ്.

സൈബർ സുരക്ഷാ ആക്റ്റിവിസ്റ്റ് അനിവർ എ അരവിന്ദാണ് ആരോഗ്യ സേതു ആപ്പിലെ വിവരങ്ങൾ സർക്കാർ, അതിൻ്റെ വിവിധ ഏജൻസികൾക്കും തേഡ് പാർട്ടിക്കും  കൈമാറുന്നതിലെ അപകടം ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്. മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് ആണ് പരാതിക്കാരനുവേണ്ടി ഹാജരായത്. പുട്ടസ്വാമി കേസിലെ സുപ്രീം കോടതി വിധി ഹർജിക്കാരൻ ഉദ്ധരിച്ചു. ആരോഗ്യ സേതു ആപ്പിലെ വിവരങ്ങൾ വിവിധ സർക്കാർ വകുപ്പുകളുമായും സർക്കാരിനു കീഴിലുള്ള വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുമായും പങ്കിടുന്നതിലെ പ്രശ്നങ്ങൾ ഹർജിക്കാരൻ വിശദീകരിച്ചു.

അഡീഷണൽ സോളിസിറ്റർ ജനറൽ എം ബി നർഗുണ്ടാണ് സർക്കാരിന് വേണ്ടി ഹാജരായത്. പരാതിക്കാരൻ ആരോപിക്കുന്നതുപോലെ  വ്യക്തികളുടെ സ്വകാര്യ വിവരങ്ങളെല്ലാം ആപ്പ് വഴി കൈമാറുന്നു എന്ന ആരോപണം ശരിയല്ലെന്ന് അദ്ദേഹം വാദിച്ചു. എല്ലാ സുരക്ഷാ മുൻകരുതലുകളും പാലിച്ചുകൊണ്ടാണ് ആപ്പിൻ്റെ പ്രവർത്തനം. കോവിഡ്- 19 വൈറസ് ബാധിതരെ കണ്ടെത്താനുള്ള സുപ്രധാനമായ ഉപകരണങ്ങളിൽ ഒന്നാണ് ആരോഗ്യ സേതു മൊബൈൽ ആപ്പ്.

കേന്ദ്ര സർക്കാർ ഹാജരാക്കിയ അനുബന്ധ സത്യവാങ്ങ്മൂലം പരിശോധിച്ച കോടതി അതുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി. എംപവേഡ് ഗ്രൂപ്പ് ഓൺ ടെക്നോളജി ആൻ്റ് ഡാറ്റ മാനേജ്മെൻ്റിൻ്റെ  ചെയർപേഴ്‌സണ് നിയമപരമായ ഉത്തരവുകൾ പുറപ്പെടുവിക്കാൻ അധികാരമില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.

പ്രോട്ടോക്കോളിലെ അനുച്ഛേദം 5 എ പ്രകാരം ഉപയോക്താക്കളുടെ
റെസ്പോൺസ് ഡാറ്റ എന്തിനു വേണ്ടിയാണ് എൻ ഐ സി ശേഖരിക്കുന്നതെന്ന് ആപ്പിൻ്റെ പ്രൈവസി പോളിസിയിൽ വ്യക്തമാക്കിയിരിക്കണം. എന്നാൽ ആപ്പിൽ അത്തരം വിവരങ്ങൾ വ്യക്തതയോടെ ഉൾപ്പെടുത്തിയിട്ടില്ല. അനുച്ഛേദം 6 പ്രകാരം സംസ്ഥാന സർക്കാരുമായും പൊതുമേഖലയിലെ ആരോഗ്യ സ്ഥാപനങ്ങളുമായും ഡാറ്റ പങ്കിടാൻ എൻ ഐ സി ക്ക് അധികാരം നൽകിയിട്ടുണ്ട്. എന്നാൽ പ്രൈവസി പോളിസി പ്രകാരം സംസ്ഥാന സർക്കാരിന് മാത്രമേ പ്രസ്തുത വിവരങ്ങൾ കൈമാറാനാവൂ.

അനുച്ഛേദം 8 പ്രകാരം ഗവേഷണ താത്പര്യം മുൻനിർത്തി വിവരങ്ങൾ മൂന്നാം കക്ഷിയുമായി പങ്കുവെയ്ക്കാം. എന്നാൽ അനുച്ഛേദം 5, 6, 8 എന്നിവയെപ്പറ്റി യാതൊരു പരാമർശങ്ങളും ആപ്പിൽ തന്നെയുള്ള പ്രൈവസി പോളിസിയിലോ ടേംസ് ഓഫ് റഫറൻസിലോ കാണുന്നില്ല.

അനുച്ഛേദം 5 പ്രകാരമുള്ള വിവര ശേഖരണവും 6, 8 എന്നിവ പ്രകാരമുള്ള വിവരങ്ങൾ പങ്കുവെയ്ക്കലും ഉപയോക്താക്കളുടെ സമ്മത പ്രകാരമല്ലെന്ന് കോടതി നിരീക്ഷിച്ചു. വിവരങ്ങൾ കൈമാറണമെങ്കിൽ വെറും സമ്മതം മാത്രം പോരാ, അറിവോടെയുള്ള സമ്മതം തന്നെ വേണം. അനുച്ഛേദം
8- ൽ വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കും എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ‘അനോണിമൈസേഷൻ’ ഉറപ്പാക്കുന്ന തരത്തിൽ ഏതെങ്കിലും ഏജൻസിയുടെ റഫറൻസ് ഇല്ലെന്നുള്ള കാര്യവും കോടതി ചൂണ്ടിക്കാട്ടി.

പ്രോട്ടോക്കോളിനെ പറ്റിയോ അതിലെ പ്രൊവിഷൻസിനെ കുറിച്ചോ ഉപയോക്താക്കൾക്ക് വ്യക്തതയോടെയുള്ള വിവരങ്ങൾ നൽകാതെയും അവരുടെ അറിവോടെയുള്ള സമ്മതം കൂടാതെയും ഡാറ്റ കൈകാര്യം ചെയ്യുന്നതും  പങ്കുവെയ്ക്കുന്നതും അത് മറ്റുകാര്യങ്ങൾക്ക് ഉപയോഗിക്കുന്നതും ആർടിക്കിൾ 21 ഉറപ്പു നൽകുന്ന സ്വകാര്യതയ്ക്കുള്ള അവകാശത്തിൻ്റെ ഗുരുതരമായ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു.      

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

മോദി സർക്കാർ, യെദിയൂരപ്പ സർക്കാർ വിശേഷണങ്ങൾക്കെതിരെ ഹർജി, റിട്ട് നൽകാനാവില്ലെന്ന് കർണാടക ഹൈക്കോടതി

ചെങ്കോട്ടയിലെ കയ്യേറ്റം നരേന്ദ്രമോദിയുടെ ആസൂത്രണമായിരുന്നു എന്ന വാര്‍ത്തകള്‍ ആശങ്കാജനകമെന്ന് ഡോ. ആസാദ്