Movie prime

കുട്ടികളിലെ കോവാക്സിൻ പരീക്ഷണം എയിംസിൽ തുടങ്ങും

 

കൊറോണ വൈറസിനെതിരെ രാജ്യം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത  കോവാക്സിൻ കുട്ടികളിൽ പരീക്ഷിക്കാനുള്ള സ്ക്രീനിങ്ങ് പ്രക്രിയയ്ക്ക് ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ  നാളെ തുടക്കം കുറിക്കും. പറ്റ്നയിലെ എയിംസിൽ സമാനമായ പരീക്ഷണങ്ങൾ ആരംഭിച്ച് ദിവസങ്ങൾക്ക് ശേഷമാണ് കോവാക്സിൻ ക്ലിനിക്കൽ ട്രയലുകൾക്കുള്ള കുട്ടികളുടെ പരിശോധന നാളെ ഡൽഹിയിലെ എയിംസിൽ ആരംഭിക്കുന്നത്. 

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൻ്റെ സഹകരണത്തോടെ
ഭാരത് ബയോടെക് നിർമിച്ച കോവാക്സിൻ രണ്ട് മുതൽ 18 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് അനുയോജ്യമാണോ എന്ന പരിശോധനയാണ് ഇവിടെ നടക്കുക.

രാജ്യത്തെ ജനസംഖ്യയുടെ അറുപത് ശതമാനത്തിൽ കൂടുതൽ ആളുകൾക്ക് വൈറസിനെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് അതിവേഗം നൽകിയില്ലെങ്കിൽ രണ്ടാം തരംഗത്തെപ്പോലെ മൂന്നാം തരംഗവും രാജ്യത്ത് അതീവ അപകടകരമായിരിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൂന്നാം തരംഗം കുട്ടികളെ ബാധിക്കുമെന്ന വിലയിരുത്തലുകൾ ഉള്ളതിനാൽ അവരുടെ വാക്സിനേഷൻ ഈ ഘട്ടത്തിൽ ഏറെ പ്രധാനമാണ്.

അതേസമയം, 1.63 കോടി കോവിഡ്-19 വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിലവിൽ സ്റ്റോക്കുള്ളതായി ഇന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. സൗജന്യമായും സംസ്ഥാന സംഭരണ വിഭാഗം വഴി നേരിട്ടും കേന്ദ്രം ഇതുവരെ 24 കോടിയിലധികം വാക്സിൻ ഡോസുകൾ, കൃത്യമായി പറഞ്ഞാൽ 24,60,80,900  ഡോസ്, സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി കേന്ദ്ര സർക്കാർ വിതരണം ചെയ്തിട്ടുണ്ട്. ഇതിൽ വേസ്റ്റേജ് ഉൾപ്പെടെ 22,96,95,199 ഡോസാണ് രാജ്യത്തെ മൊത്തം ഉപഭോഗമെന്നും മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1.14 ലക്ഷം പേരാണ് പുതിയതായി രോഗബാധിതരായത്. 2,667 പേർ മരിച്ചു. രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 2.88 കോടിയാണ്. 3.46 ലക്ഷം പേരാണ് രാജ്യമാകെ കോവിഡ് ബാധിച്ച് മരണമടഞ്ഞത്- കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.