Movie prime

Covid-19 മൂന്നാം തരംഗം, കരുതലോടെ കാക്കാം കുരുന്നുകളെ

ലക്ഷക്കണക്കിന് പേർക്ക് രോഗം ബാധിക്കുകയും ആയിരക്കണക്കിന് പേരുടെ ജീവനെടുക്കുകയും ചെയ്ത Covid-19 രണ്ടാം തരംഗത്തിനു പിന്നാലെ കോവിഡ് വൈറസിൻ്റെ മൂന്നാം തരംഗ സാധ്യതയെപ്പറ്റി വിദഗ്ധരെല്ലാം വേണ്ടത്ര മുന്നറിയിപ്പുകൾ നല്കിക്കഴിഞ്ഞു. അതെ; “വേണ്ടത്ര” എന്നത് അടിവരയിട്ടും ആവർത്തിച്ചും പറയേണ്ട കനപ്പെട്ട കാര്യമാണ്. ലോകാരോഗ്യ സംഘടനയും ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിലും എയിംസ് പോലെ ലോകത്തിൻ്റെ ആദരം ഏറ്റുവാങ്ങിയ പ്രമുഖ സ്ഥാപനങ്ങളിലെ ആരോഗ്യ വിദഗ്ധരും ഉൾപ്പെടെ ഒരു മൂന്നാം തരംഗത്തെ പ്രവചിക്കാത്തവരില്ല എന്നു തന്നെ പറയാം. ഈ മുന്നറിയിപ്പുകൾ പരമ പ്രധാനമാണ്. മുന്നൊരുക്കങ്ങൾക്ക് വേണ്ടിയുള്ളതാണ് മുന്നറിയിപ്പുകൾ… അവ More
 
Covid-19 മൂന്നാം തരംഗം, കരുതലോടെ കാക്കാം കുരുന്നുകളെ

ലക്ഷക്കണക്കിന് പേർക്ക് രോഗം ബാധിക്കുകയും ആയിരക്കണക്കിന് പേരുടെ ജീവനെടുക്കുകയും ചെയ്ത  Covid-19 രണ്ടാം തരംഗത്തിനു പിന്നാലെ കോവിഡ് വൈറസിൻ്റെ മൂന്നാം തരംഗ സാധ്യതയെപ്പറ്റി വിദഗ്ധരെല്ലാം വേണ്ടത്ര മുന്നറിയിപ്പുകൾ നല്കിക്കഴിഞ്ഞു. 

അതെ;  “വേണ്ടത്ര” എന്നത് അടിവരയിട്ടും ആവർത്തിച്ചും പറയേണ്ട കനപ്പെട്ട കാര്യമാണ്.

ലോകാരോഗ്യ സംഘടനയും ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിലും എയിംസ് പോലെ ലോകത്തിൻ്റെ ആദരം ഏറ്റുവാങ്ങിയ പ്രമുഖ  സ്ഥാപനങ്ങളിലെ ആരോഗ്യ വിദഗ്ധരും ഉൾപ്പെടെ ഒരു മൂന്നാം തരംഗത്തെ പ്രവചിക്കാത്തവരില്ല എന്നു തന്നെ പറയാം.

ഈ മുന്നറിയിപ്പുകൾ പരമ പ്രധാനമാണ്.  മുന്നൊരുക്കങ്ങൾക്ക് വേണ്ടിയുള്ളതാണ് മുന്നറിയിപ്പുകൾ… അവ സൗകര്യപൂർവം അവഗണിച്ചും ജനങ്ങളിൽ നിന്നും മന:പൂർവം മറച്ചുവെച്ചും സ്വന്തം അജണ്ടകളെ മുന്നോട്ട് കൊണ്ടു പോകുന്നവരാകരുത് രാഷ്ട്രീയ, ഭരണ, ഉദ്യോഗസ്ഥ നേതൃത്വങ്ങൾ.
ഇങ്ങിനെ പറയാൻ വ്യക്തമായ കാരണമുണ്ട്.

അപകടകരമായ ഒരു രണ്ടാം തരംഗം രാജ്യത്ത് സംഭവിക്കാനിരിക്കുന്നു എന്ന കൃത്യതയോടെയുള്ള ജാഗ്രതാ നിർദേശങ്ങൾ നമുക്ക് മുന്നിലുണ്ടായിരുന്നു. 
എന്നാൽ അത്തരംമുന്നറിയിപ്പുകളെല്ലാം ചെന്നു പതിച്ചത് ബധിര കർണങ്ങളിലായിരുന്നു.

സർക്കാരും അതിൻ്റെ സംവിധാനങ്ങളും ഭരണ നേതൃത്വവും പ്രമുഖ രാഷ്ട്രീയ പാർട്ടികളും അപ്പാടെ അവയെല്ലാം അവഗണിച്ചു.
കോവിഡ് കാലത്തുംതിരഞ്ഞെടുപ്പ് മാമാങ്കങ്ങൾ നടത്തി ഇന്ത്യൻ ജനതയുടെ ജീവൻ ഇത്തരത്തിൽ അപകടത്തിലാക്കിയ ഭരണ നേതൃത്വങ്ങളെ രൂക്ഷമായി വിമർശിച്ചതും അപലപിച്ചതും ആഗോള തലത്തിൽ ആധികാരികമെന്ന് വിലയിരുത്തപ്പെടുന്ന ലാൻസെറ്റ് പോലുള്ള ആരോഗ്യ ജേണലുകളാണ് എന്ന കാര്യം ഓർക്കണം. 

അത്തരംഅവഗണനയുടെയും അലംഭാവത്തിൻ്റെയും അപകടകരമായ പ്രത്യാഘാതങ്ങളാണ് ഒരു ജനതയെന്ന നിലയിൽ നാം അനുഭവിച്ചു കൊണ്ടിരിക്കുന്നത്.

രണ്ടാം തരംഗത്തെ ഇത്രയേറെ ദുരിതപൂർണവും ദുരന്ത സമാനവുമാക്കിയത് അധികൃതരുടെ ഭാഗത്തു നിന്നുള്ള വലിയ അശ്രദ്ധയും കൊടിയ അലംഭാവവും കെടുകാര്യസ്ഥതയും മൂലമാണെന്ന് ഭരണകക്ഷിയെ നിയന്ത്രിക്കുന്ന ആർ എസ് എസ് നേതൃത്വം പോലും പരസ്യമായി പഴി പറയുന്നതിനും കഴിഞ്ഞ ദിവസം നമ്മുടെ രാജ്യം സാക്ഷ്യം വഹിച്ചു.

മൂന്നാം തരംഗത്തെപ്പറ്റിയുള്ള മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ അതിനെ നേരിടാൻ, പ്രതിസന്ധിയെ അതിജീവിക്കാൻ രാജ്യം എത്രമാത്രം സജ്ജമാണെന്ന ആത്മപരിശോധനയാണ് നമ്മുടെ ഭരണകർത്താക്കൾ ഇനിയെങ്കിലും നടത്തേണ്ടത്.

മൂന്നാം തരംഗ സാധ്യതാ പ്രവചനം അതിനാൽ നിർണായകമാണ്.
വരും തരംഗത്തിൽ,  എടുത്ത് പറയട്ടെ,അങ്ങിനെയൊന്നുണ്ടായാൽ…
ഉണ്ടാവാതിരിക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം… എങ്കിലും ഉണ്ടായാൽ,
വിദഗ്ധരുടെ വിലയിരുത്തൽ പ്രകാരം അത് ഗൗരവതരമാവും.
അത്കുട്ടികളെയാണ് ഏറ്റവും കൂടുതലായി ബാധിക്കാൻ ഇടയുള്ളത് എന്ന പ്രവചനങ്ങളുടെ പശ്ചാത്തലത്തിൽ, പ്രത്യേകിച്ചും ഇപ്പോഴുള്ളരണ്ടാം തരംഗത്തിൽ തന്നെ കുട്ടികളിൽ രോഗബാധ കൂടുതലായി കണ്ടുവരുന്നതായി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നുണ്ട്.
ഒന്നാം തരംഗ സമയത്തേക്കാൾ 20 ശതമാനത്തിലേറെ ഉയർന്ന രോഗബാധ രണ്ടാം തരംഗ കാലത്ത് കുട്ടികളിലുണ്ടായി എന്നാണ് കേരളത്തിൽ നിന്നുളള ആരോഗ്യ പ്രവർത്തകരുടെ വിലയിരുത്തൽ.

എന്നാൽ കൃത്യമായ കണക്കുകളുടെ അഭാവം ഇതേപ്പറ്റിയുള്ള വിശദമായ പഠനങ്ങൾക്കും വിലയിരുത്തലുകൾക്കും വലിയ തോതിൽ തടസ്സം നില്ക്കുകയാണ്.തീരെ ചെറിയ കുഞ്ഞുങ്ങളുടെയും അനുബന്ധ രോഗങ്ങളുള്ള കുട്ടികളുടെയും കാര്യത്തിൽ വലിയ കരുതലും ഏറെ ശ്രദ്ധയും വേണമെന്ന് ആരോഗ്യ മേഖലയിലെ വിദഗ്ധർ ഇതിനോടകം അഭിപ്രായപ്പെട്ടിട്ടുണ്ട്.

വീട്ടിൽനിന്നു പുറത്തു പോകുന്ന മുതിർന്നവർ തിരിച്ചെത്തിയാൽ കുട്ടികളുമായി അടുത്തിടപഴകുന്നത് ഒഴിവാക്കണമെന്ന നിർദേശങ്ങൾ പോലും വന്നു.

കർണാടക ബാലാവകാശ കമ്മിഷൻ കഴിഞ്ഞ ദിവസം അവിടത്തെ സർക്കാരിന് നൽകിയ ചില നിർദേശങ്ങൾ ഈ സന്ദർഭത്തിൽ എടുത്തു പറയേണ്ടിയിരിക്കുന്നു.

മൂന്നാം തരംഗ മുന്നറിയിപ്പുകളിലെല്ലാം കരുതലേറെ വേണ്ട വിഭാഗമായി കുട്ടികൾ മാറിയിരിക്കുന്ന സാഹചര്യത്തിലാണ് കമ്മിഷൻ്റെ അടിയന്തര ഇടപെടൽ ഉണ്ടായിരിക്കുന്നത്.

കുട്ടികളുടെ ജീവനും ആരോഗ്യ സുരക്ഷയും ഉറപ്പാക്കുന്ന വിധത്തിൽ മെഡിക്കൽ ഇൻഫ്രാസ്ട്രക്ചറിൽ കാര്യമായ അഴിച്ചുപണികൾ നടത്താനാണ് കമ്മിഷൻ കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കോവിഡിൻ്റെമൂന്നാം തരംഗ സാധ്യതയിൽ കുട്ടികൾ കൂടുതലായി ഇരകളാവാൻ ഇടയുണ്ട്.

അതിനാൽ കൂടുതൽ മുന്നൊരുക്കങ്ങൾ ഇക്കാര്യത്തിൽ ഉണ്ടായേ മതിയാവൂ.
കുട്ടികളുടെ ആരോഗ്യ രക്ഷയും ജീവിത സുരക്ഷയും ഉറപ്പാക്കുന്ന വിധത്തിലുള്ള ഇടപെടലുകൾ സർക്കാരിൻ്റെ ഭാഗത്തു നിന്നും അടിയന്തരമായി ഉണ്ടാവേണ്ടിയിരിക്കുന്നു. കമ്മിഷൻ കഴിഞ്ഞ ദിവസം സർക്കാരിന് നല്കിയ കത്തിൽ പറയുന്നു.
വിദഗ്ധരുടെ അഭിപ്രായ പ്രകാരംകുട്ടികൾക്കാണ് ഈ ഘട്ടത്തിൽ ഏറ്റവുമധികം മുൻഗണന നല്കേണ്ടത്.  

ആരോഗ്യ സംവിധാനം അതിനനുസരിച്ച് സജ്ജമാക്കണം.
മുഴുവൻ ജില്ലകളിലും പീഡിയാട്രിക് ടാസ്ക് ഫോഴ്സ് രൂപീകരിക്കണം.
മുഴുവൻ ജില്ലകളിലേയും സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും  നിശ്ചിത എണ്ണം ബെഡ്ഡുകൾ കുട്ടികൾക്കായി മാറ്റിവെക്കണം എന്ന നിർദേശവും കത്തിലുണ്ട്.

ഈ ഘട്ടത്തിൽമറ്റ് മേഖലകളിൽ നിന്നുള്ള വിദഗ്ധർക്കു പുറമേ
പീഡിയാട്രിഷ്യന്മാർ, ചൈൽഡ് സ്പെഷ്യലിസ്റ്റുകൾ ഉൾപ്പെടെശിശുരോഗ രംഗത്തെ പ്രമുഖരുടെയും വിദഗ്ധരുടെയും വിദഗ്ധോപദേശം തേടിക്കൊണ്ടാവണം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോകേണ്ടത് എന്ന പ്രത്യേക നിർദേശവും നൽകിയിട്ടുണ്ട്.

രോഗ ബാധിതരായ കുട്ടികളെ ചികിത്സിക്കുന്നതിനുള്ള ചെലവ്, അതിനുള്ള മെഡിക്കൽ ഉപകരണങ്ങൾ, ആവശ്യമായ ആരോഗ്യ രക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ എടുക്കുന്ന സമയം എന്നീ കാര്യങ്ങളിൽ വലിയ തോതിലുള്ള മുന്നൊരുക്കങ്ങൾ വേണം.

രണ്ടാം തരംഗത്തിൽ മാതാപിതാക്കൾ ഇരുവരും മരണമടഞ്ഞ് അനാഥരാക്കപ്പെട്ട കുട്ടികൾ നിരവധിയുണ്ടെന്ന് കമ്മിഷൻ സർക്കാരിനെ ഓർമപ്പെടുത്തുന്നു.

അത്തരം കുട്ടികളുടെ ജീവിത സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തിൽ ശിശു ക്ഷേമ സമിതികളുടെ മുൻ കൈയിൽ സത്വര നടപടികൾ ഉണ്ടാവണം.
അത്തരം കുട്ടികളുടെ ഭാവി ജീവിതം പൂർണമായും സർക്കാരിൻ്റെ ഉത്തരവാദിത്തമാണ്. തുടർപഠനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കാര്യക്ഷമമായ തീരുമാനങ്ങൾ കൈക്കൊള്ളണം. നിയമവിരുദ്ധമായ ദത്തെടുക്കൽ, ട്രാഫിക്കിങ്, അബ്യൂസ് ഉൾപ്പെടെ ബാലാവകാശങ്ങൾ ലംഘിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ അതീവ ജാഗ്രത പുലർത്തണം.
കോവിഡിൻ്റെ കൈപ്പിടിയിൽ  മാതാപിതാക്കളോ, 
ഉറ്റവരോ ഉടയവരോ നഷ്ടമായി 
അനാഥരാക്കപ്പെട്ട ബാല്യങ്ങൾക്കെല്ലാം മാനസികമായ പിന്തുണയും ഊർജവും പകർന്നു നല്കാനുള്ള പദ്ധതികളും പിന്തുണയും ഉറപ്പാക്കാനും കമ്മിഷൻ പ്രത്യേക ശ്രദ്ധ പുലർത്തിയിട്ടുണ്ട്.

മഹാരാഷ്ട്ര സർക്കാരിൻ്റെ മാതൃക പിന്തുടർന്ന് കുട്ടികളുടെ കോവിഡ് ചികിത്സയ്ക്കായി പ്രത്യേക  ആശുപത്രികൾ സജ്ജമാക്കുക എന്ന  ആവശ്യവും കമ്മിഷൻ മുന്നോട്ട് വെച്ചിട്ടുണ്ട്.
മൂന്നാം തരംഗത്തെ എങ്ങിനെ നേരിടും എന്നതുമായി ബന്ധപ്പെട്ട വിഷൻ സ്റ്റേറ്റ്മെൻ്റും ആക്ഷൻ പ്ലാനും മൂന്നാഴ്ചക്കുള്ളിൽ സമർപ്പിക്കാൻ കർണാടക ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ട പശ്ചാത്തലത്തിൽ ബാലാവകാശ കമ്മിഷൻ്റെ ഇടപെടലുകൾക്ക് ഏറെ പ്രാധാന്യമുണ്ട്.

അയൽ സംസ്ഥാനത്തെ ബാലാവകാശ കമ്മിഷൻ്റെ നിർദേശങ്ങളിലും ഇടപെടലുകളിലും മുന്നൊരുക്കങ്ങളിലും  അനുകരണീയമായത് എന്തെങ്കിലുമുണ്ടെന്ന് ബോധ്യപ്പെട്ടാൽ നമ്മുടെ ബാലാവകാശ കമ്മിഷനും അവ പിന്തുടരാവുന്നതും മാതൃകയാക്കാവുന്നതുമാണ്.