Movie prime

എല്ലാവർക്കും സൗജന്യ വാക്സിൻ നൽകൂ: തരൂർ

 

എല്ലാവർക്കും സൗജന്യ വാക്സിൻ നൽകൂ, ഇന്ത്യയെ രക്ഷിക്കൂ; രോഗക്കിടക്കയിൽ നിന്ന് ശശി തരൂരിൻ്റെ വീഡിയോ സന്ദേശം 

രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും സൗജന്യമായി വാക്സിൻ നൽകുന്ന വിധത്തിൽ കേന്ദ്ര സർക്കാരിൻ്റെ വാക്സിൻ നയത്തിൽ സമഗ്രമായ മാറ്റം ആവശ്യപ്പെട്ട് ശശി തരൂരിൻ്റെ വീഡിയോ സന്ദേശം. കോവിഡ് ബാധിതനായി ചികിത്സയിൽ കഴിയുന്ന തരൂർ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഏറ്റവും പുതിയ വീഡിയോ സന്ദേശത്തിലാണ് സാർവത്രികവും സൗജന്യവുമായ വാക്സിൻ വിതരണമെന്ന ആവശ്യം ഉന്നയിക്കുന്നത്.

"സ്പീക്ക് അപ്പ് ഫോർ ഫ്രീ യൂണിവേഴ്സൽ വാക്സിനേഷൻ" എന്ന ഹാഷ് ടാഗോടെയാണ് തരൂരിൻ്റെ സന്ദേശം പ്രചരിക്കുന്നത്. ആശുപത്രി കിടക്കയിൽ കിടന്നുകൊണ്ടാണ് താൻ സംസാരിക്കുന്നതെന്ന് വീഡിയോയുടെ തുടക്കത്തിൽ തന്നെ തരൂർ പറയുന്നുണ്ട്. നിങ്ങൾക്ക് കാണാവുന്നതു പോലെ ഞാനിപ്പോഴും രോഗക്കിടക്കയിലാണ്. കോവിഡ് വൈറസ് ബാധയുടെ സങ്കീർണതകൾ ദീർഘനാളുകളായി ഞാൻ അനുഭവിക്കുകയാണ്. ഒരു കാര്യം നിങ്ങളുടെ ശ്രദ്ധയിൽ പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. ഡിസംബർ അവസാനത്തോടെ എല്ലാവർക്കും വാക്സിൻ നല്കും എന്ന കേന്ദ്ര സർക്കാരിൻ്റെ പ്രസ്താവന കാണുകയുണ്ടായി. വാക്സിൻ ലഭ്യതയെപ്പറ്റിയുള്ള കണക്കുകൾ നമ്മുടെ മുന്നിലുള്ളപ്പോൾ ഡിസംബറോടെ വാക്സിനേഷൻ പ്രക്രിയ പൂർത്തിയാക്കും എന്ന സർക്കാർ വാഗ്ദാനം എങ്ങനെ നടപ്പിലാക്കും എന്ന് ഞാൻ അദ്ഭുതപ്പെടുന്നു.

വാക്സിൻ നയത്തിൽ സമ്പൂർണമായ മാറ്റം ആവശ്യപ്പെട്ടു കൊണ്ടുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ നിലപാടിനെ ഞാൻ പൂർണമായും പിന്തുണയ്ക്കുകയാണ്. വാഗ്ദാനം ചെയ്ത സമയത്തിനുള്ളിൽ സൗജന്യവും സാർവത്രികവുമായ വാക്സിൻ വിതരണം നടപ്പാക്കണമെന്ന് ഞാൻ സർക്കാരിനോട് ആവശ്യപ്പെടുന്നു. ന്യായീകരിക്കാൻ കഴിയാത്ത വിലയ്ക്ക് വാക്സിൻ വാങ്ങാനായി സംസ്ഥാന സർക്കാരുകളേയും സ്വകാര്യ ആശുപത്രികളേയും നിർബന്ധിതരാക്കുന്ന കേന്ദ്ര സർക്കാരിൻ്റെ നിലവിലെ നയം ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്തതാണ്. 

ന്യായമായ വിലയ്ക്ക് വാക്സിൻ വാങ്ങി കേന്ദ്ര സർക്കാർ  സംസ്ഥാനങ്ങൾക്കെല്ലാം സൗജന്യമായി വിതരണം ചെയ്യുകയാണ് വേണ്ടത്. വാക്സിനേഷൻ്റെ തുടക്കം മുതൽ ഞാൻ ഇക്കാര്യം ആവശ്യപ്പെടുന്നുണ്ട്. നമ്മുടെ രാജ്യത്തെ കോവിഡിൻ്റെ പിടിയിൽ നിന്ന് മോചിപ്പിക്കാൻ സാർവത്രികവും സൗജന്യവുമായ വാക്സിൻ വിതരണം ഉറപ്പു വരുത്തണം.

കോവിഡ് ബാധിതനായ തൻ്റെ അവസ്ഥ ഇപ്പോൾ ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്ന് തരൂർ വീഡിയോയിൽ പറയുന്നു. താൻ അനുഭവിച്ച അത്തരം പ്രയാസങ്ങളുടെ ഒരംശം പോലും തൻ്റെ സഹജീവികൾ അനുഭവിക്കരുതെന്നാണ് താൻ ആഗ്രഹിക്കുന്നത്. കോവിഡ് മൂലം തന്നേക്കാളേറെ ദുരിതങ്ങൾ അനുഭവിച്ച ഒട്ടേറെ മനുഷ്യർ നമ്മുടെ രാജ്യത്തുണ്ട്. സേവ് ഇന്ത്യ, ഹാവ് എ യൂണിവേഴ്സൽ വാക്സിനേഷൻ പോളിസി, മെയ്ക്ക് വാക്സിൻസ് ഫ്രീ ഫോർ ഓൾ, ജയ്ഹിന്ദ് എന്ന വാക്കുകളോടെയാണ് ശശി തരൂരിൻ്റെ ഇംഗ്ലീഷിലുള്ള വീഡിയോ സന്ദേശം അവസാനിക്കുന്നത്.