Movie prime

പ്രചാരണം തെറ്റെന്ന് ഗുലേറിയ 

 

മൂന്നാം തരംഗം കൂടുതൽ ബാധിക്കുന്നത് കുട്ടികളെ എന്ന പ്രചാരണം തെറ്റെന്ന് രൺദീപ് ഗുലേറിയ 

കോവിഡിൻ്റെ തുടർന്നുള്ള തരംഗങ്ങളിൽ കുട്ടികൾ കൂടുതലായി ബാധിക്കപ്പെടും എന്ന തരത്തിൽ പ്രചരിപ്പിക്കപ്പെടുന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് എയിംസ് ഡയറക്റ്റർ ഡോ. രൺദീപ് ഗുലേറിയ.

അത്തരം പ്രവചനങ്ങളെ സാധൂകരിക്കുന്ന യാതൊരു ഡാറ്റയും രാജ്യത്തിനകത്തു നിന്നോ പുറത്തുനിന്നോ ഇതേവരെ ലഭ്യമായിട്ടില്ല. വരും തരംഗങ്ങളിൽ കോവിഡ് കൂടുതലും ബാധിക്കുക കുട്ടികളെയാണെന്നും കുട്ടികളിലെ വൈറസ് ബാധയ്ക്ക് തീവ്രതയേറുമെന്നുമുള്ള അത്തരം റിപ്പോർട്ടുകൾ തെറ്റാണ്. കുട്ടികളിലെ കോവിഡ് ബാധയെപ്പറ്റി വസ്തുതാപരവും ആധികാരികവുമായ പഠന റിപ്പോർട്ടുകൾ വരേണ്ടിയിരിക്കുന്നു.

രണ്ടാം തരംഗത്തിൽ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്ന കുട്ടികളിൽ 60-70 ശതമാനം പേരും പ്രതിരോധശേഷി തീരെ കുറഞ്ഞവരോ മറ്റ് ഗുരുതര രോഗങ്ങൾ ഉള്ളവരോ ആയിരുന്നു. ആരോഗ്യമുള്ള കുട്ടികളിലെ വൈറസ് ബാധ നേരിയ തോതിലായിരുന്നു. ചെറിയ രോഗലക്ഷണങ്ങൾ മാത്രമാണ് ഉണ്ടായത്. അത്തരം കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നില്ല.

ശ്വാസകോശത്തെ ആക്രമിക്കുന്ന വൈറസ് ബാധകളിൽ തുടർ തരംഗങ്ങൾ സ്വാഭാവികമാണെന്ന് ഡോ. ഗുലേറിയ അഭിപ്രായപ്പെട്ടു. 1918-ലെ സ്പാനിഷ് ഫ്ലു സമയത്തും എച്ച് 1 എൻ 1 രോഗബാധയുണ്ടായപ്പോഴും തുടർ തരംഗങ്ങൾ ഉണ്ടായിരുന്നു. സ്പാനിഷ് ഫ്ലൂ രണ്ടാം തരംഗത്തിലാണ് കൂടുതൽ അപകടകരമായത്.
മൂന്നാം തരംഗം ചെറിയ തോതിലേ ബാധിച്ചുള്ളൂ.

"ജനസംഖ്യയിൽ നല്ലൊരു ശതമാനത്തിനും പ്രതിരോധശേഷി കൈവരാത്ത സാഹചര്യത്തിലാണ് ഒന്നിലധികം തരംഗങ്ങൾ സംഭവിക്കുന്നത്. ജനസംഖ്യയുടെ വലിയൊരു വിഭാഗം അണുബാധയ്ക്കെതിരായ പ്രതിരോധശേഷി നേടിക്കഴിഞ്ഞാൽ വൈറസ് വംശനാശഭീഷണി നേരിടും. അണുബാധ സീസണൽ ആയി മാറുകയും ചെയ്യും. മഴക്കാലത്തോ ശൈത്യകാലത്തോ സാധാരണയായി പടരുന്ന എച്ച് 1 എൻ 1 അതിന് ഉദാഹരണമാണ്. പുതിയ വകഭേദങ്ങൾ പോലെ  വൈറസിൽ വരുന്ന മാറ്റങ്ങൾക്കനുസരിച്ച് തുടർ തരംഗങ്ങൾ സംഭവിക്കാം. പുതിയ മ്യൂട്ടേഷനുകൾ കൂടുതൽ തീവ്ര സ്വഭാവം കാണിക്കുന്നതിനാൽ വൈറസ് പടരാനുള്ള സാധ്യത കൂടുതലാണ്," അദ്ദേഹം പറഞ്ഞു.

കോവിഡ് പ്രതിരോധത്തിൽ ഊന്നിയ ജീവിതശൈലി പൂർണമായി പിന്തുടരാൻ ഡൽഹി എയിംസ് ഡയറക്റ്റർ ജനങ്ങളോട് അഭ്യർഥിച്ചു. കേസുകളുടെ എണ്ണം വർധിക്കുമ്പോൾ ജനങ്ങളിൽ ഭയം ഉടലെടുക്കും. അതിനനുസരിച്ച് അവർ കൂടുതൽ കരുതലും ജാഗ്രതയും പുലർത്താൻ ശ്രമിക്കും. കോവിഡ് പ്രോട്ടോക്കോളുകൾ പൂർണമായും പാലിച്ചാവും ആ സമയത്തെ ജീവിത ശൈലി. എന്നാൽ അൺലോക്ക് ചെയ്ത് നിയന്ത്രണങ്ങളിൽ ഇളവു വരുന്നതോടെ എല്ലാം പഴയ നിലയിൽ ആവുകയാണ്. കരുതൽ കൈവിടും. കോവിഡ് പെരുമാറ്റച്ചട്ടങ്ങൾ ലംഘിക്കപ്പെടുന്ന അവസ്ഥയാണ് പിന്നീട് കാണുന്നത്. ഇത് രോഗം കൂടുതൽ പേരിലേക്ക് വ്യാപിക്കാൻ ഇടയാക്കും. അങ്ങിനെയാണ് തുടർ തരംഗങ്ങൾക്കുള്ള സാധ്യതകൾ സൃഷ്ടിക്കപ്പെടുന്നത്.

കോവിഡ് പ്രതിരോധത്തിൽ ഊന്നിയ ജീവിത ശൈലി വിട്ടുവീഴ്ചയില്ലാതെ, നിരന്തരം പിന്തുടരേണ്ടതിൻ്റെ ആവശ്യകതയാണ് ഇത് പറഞ്ഞുതരുന്നതെന്ന് ഡോ. ഗുലേറിയ ഓർമിപ്പിച്ചു. ജനസംഖ്യയിൽ വലിയൊരു വിഭാഗത്തിനും പ്രതിരോധ വാക്സിൻ കുത്തിവെപ്പ് എടുത്ത് സാമൂഹ്യ പ്രതിരോധം ഉറപ്പാകുന്നതുവരെ കോവിഡ് പ്രതിരോധ ജീവിത ശൈലിയിൽ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയും ചെയ്യാനാവില്ല എന്ന കാര്യം എല്ലാവരും എപ്പോഴും ഓർത്തിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ജനങ്ങളിൽ കൂടുതൽ പേരും വാക്സിൻ എടുക്കുകയും അതുവഴി സ്വാഭാവിക പ്രതിരോധശേഷി ആർജിക്കുകയും ചെയ്താൽ തരംഗ സാധ്യത തീർത്തും ഇല്ലാതാവും. അതിനാൽ കോവിഡിനെതിരെയുളള പോരാട്ടത്തിൽ സമ്പൂർണമായ വിജയം കൈവരിക്കാൻ കോവിഡ് പ്രതിരോധത്തിലൂന്നിയ ജീവിത ശൈലി വിടാതെ പിന്തുടരുക- അദ്ദേഹം ഓർമിപ്പിച്ചു.

#WatchVideo