Movie prime

ഹൃദ്രോഗം: തെറ്റിദ്ധാരണകൾ അകറ്റാം

Heart disease ഹൃദ്രോഗത്തെ ചുറ്റിപ്പറ്റി നിരവധി ഊഹാപോഹങ്ങളും തെറ്റിദ്ധാരണകളുമുണ്ട്. വസ്തുതകൾ അറിഞ്ഞിരിക്കേണ്ടതും തെറ്റിദ്ധാരണകൾ ഒഴിവാക്കേണ്ടതും പ്രധാനമാണ്.ആഗോളതലത്തിൽ തന്നെ മരണകാരണങ്ങളിൽ ഒന്നാം സ്ഥാനം ഹൃദ്രോഗത്തിനാണ് എന്നത് അതിൻ്റെ പ്രാധാന്യം എടുത്തുപറയുന്നുണ്ട്. ലോകമാസകലം ഓരോ വർഷവും 17.9 ദശലക്ഷം പേരാണ് ഇതുമൂലം മരണമടയുന്നത്. അമേരിക്കൻ ഐക്യനാടുകളിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ്റെ (സിഡിസി) കണക്ക് അനുസരിച്ച് ഓരോ 36 സെക്കൻ്റിലും ഒരാൾ ഹൃദയാഘാതം മൂലം മരിക്കുന്നു. യുഎസിൽ നടക്കുന്ന 4 മരണങ്ങളിൽ ഒന്ന് ഹൃദ്രോഗമാണ്. Heart disease More
 
ഹൃദ്രോഗം: തെറ്റിദ്ധാരണകൾ അകറ്റാം

Heart disease
ഹൃദ്രോഗത്തെ ചുറ്റിപ്പറ്റി നിരവധി ഊഹാപോഹങ്ങളും തെറ്റിദ്ധാരണകളുമുണ്ട്. വസ്തുതകൾ അറിഞ്ഞിരിക്കേണ്ടതും തെറ്റിദ്ധാരണകൾ ഒഴിവാക്കേണ്ടതും പ്രധാനമാണ്.ആഗോളതലത്തിൽ തന്നെ മരണകാരണങ്ങളിൽ ഒന്നാം സ്ഥാനം ഹൃദ്രോഗത്തിനാണ് എന്നത് അതിൻ്റെ പ്രാധാന്യം എടുത്തുപറയുന്നുണ്ട്. ലോകമാസകലം ഓരോ വർഷവും 17.9 ദശലക്ഷം പേരാണ് ഇതുമൂലം മരണമടയുന്നത്. അമേരിക്കൻ ഐക്യനാടുകളിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ്റെ (സിഡിസി) കണക്ക് അനുസരിച്ച് ഓരോ 36 സെക്കൻ്റിലും ഒരാൾ ഹൃദയാഘാതം മൂലം മരിക്കുന്നു. യുഎസിൽ നടക്കുന്ന 4 മരണങ്ങളിൽ ഒന്ന് ഹൃദ്രോഗമാണ്. Heart disease

ഹൃദ്രോഗത്തെ ചുറ്റിപ്പറ്റി നിലനില്ക്കുന്ന ചില തെറ്റിദ്ധാരണകൾ നീക്കാനാണ് ഈ ലേഖനത്തിലൂടെ ശ്രമിക്കുന്നത്.

ചെറുപ്പക്കാർ ഹൃദ്രോഗത്തെ ഭയക്കേണ്ടതില്ല

ഹൃദ്രോഗം: തെറ്റിദ്ധാരണകൾ അകറ്റാം

പൊതുവെ 65 വയസ്സിനു മുകളിൽ പ്രായമുള്ളവരെയാണ് ഈ രോഗം കൂടുതലും ബാധിക്കുന്നത് എന്നത് ശരിയാണ്. എന്നാൽ 4 മുതൽ 10 ശതമാനം വരെ ഹൃദയാഘാതം സംഭവിക്കുന്നത് 45 വയസ്സിന് താഴെയുള്ളവരിലാണ്. പ്രധാനമായും പുരുഷന്മാരിലാണ് ഈ രോഗം കൂടുതലും കണ്ടുവരുന്നത്. എന്നാൽ ഒരു കാര്യം പ്രത്യേകം ഓർത്തിരിക്കണം. 65-ാം വയസ്സിൽ ഒരാൾ പെട്ടന്ന് ഹൃദ്രോഗിയായി മാറുകയല്ല ചെയ്യുന്നത്. കുട്ടി, കൗമാരക്കാരൻ, മുതിർന്നവൻ എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നതിനിടയിൽ നാം നമ്മുടെ ജീവിതത്തിൽ ഹൃദയത്തെ എങ്ങനെ പരിപാലിച്ചു എന്നത് ഹൃദയാരോഗ്യത്തിൽ പ്രധാനമാണ്.

ഉദാഹരണത്തിന്, ട്രാൻസ് ഫാറ്റും പൂരിത കൊഴുപ്പും കൂടുതലുള്ള ഭക്ഷണം കഴിക്കുന്നതും പുകവലി ശീലമാക്കുന്നതും പ്രായമാകുന്തോറും ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നുണ്ട്. ഇന്നത്തെ ജീവിതശൈലിയിലെ മാറ്റങ്ങളാണ് പിൽക്കാല ജീവിതത്തിൽ ആരോഗ്യകരമായ ഹൃദയത്തിന് അടിത്തറ പണിയുന്നത് എന്ന് ഉറപ്പിച്ച് പറയാനാവും.

യു‌എസിൽ 1970-കൾക്കുശേഷം ഹൃദ്രോഗ മരണനിരക്ക് സാവധാനത്തിൽ കുറഞ്ഞു വരുന്നതായി പഠനങ്ങൾ കാണിക്കുന്നു. എന്നാൽ വിവിധ പ്രായത്തിലുള്ളവരിലെ ഹൃദ്രോഗ മരണനിരക്ക് കണ്ടെത്താനുള്ള ഒരു പഠനത്തിൽ 2010 മുതൽ 2015 വരെയുള്ള കാലഘട്ടത്തിൽ 35-നും 64-നും ഇടയിൽ പ്രായമുള്ളവരിൽ ഹൃദ്രോഗ മരണനിരക്ക് വർധിക്കുന്നതായി കണ്ടെത്തി.

ഹൃദ്രോഗമുള്ളവർ വ്യായാമം ഒഴിവാക്കണം

ഹൃദ്രോഗം: തെറ്റിദ്ധാരണകൾ അകറ്റാം
ഇതൊരു മിഥ്യയാണ്. ഹൃദയ പേശികളെ ശക്തിപ്പെടുത്താനും ശരീരത്തിൽ പൊതുവെയുള്ള രക്തയോട്ടം മെച്ചപ്പെടുത്താനും വ്യായാമം സഹായിക്കുകയാണ് ചെയ്യുന്നത്. 2020 ഓഗസ്റ്റിൽ യൂറോപ്യൻ കാർഡിയോളജി

സൊസൈറ്റി ഹൃദയ സംബന്ധമായ രോഗങ്ങൾ ഉള്ളവർ ചെയ്യേണ്ട വ്യായാമത്തെ കുറിച്ചുള്ള മാർഗ നിർദേശങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ പ്രധാന പങ്കുവഹിച്ച പ്രൊഫ. സഞ്ജയ് ശർമ ഇപ്രകാരം വിശദീകരിക്കുന്നു:
“വ്യായാമത്തിലൂടെ ഒരാൾക്ക് ഹൃദയസ്തംഭനമോ ഹൃദയാഘാതമോ സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണ്.” എന്നാൽ ശാരീരികമായി നിഷ്‌ക്രിയരായവരും ഹൃദ്രോഗമുള്ളവരും വ്യായാമ മുറകൾ പരിശീലിക്കുന്നതിന് മുമ്പായി ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

കൊളസ്ട്രോൾ കുറയ്ക്കാനുള്ള മരുന്നുകൾ കഴിക്കുന്നതിനാൽ ഇഷ്ടമുള്ളതെല്ലാം കഴിക്കാം

ഹൃദ്രോഗം: തെറ്റിദ്ധാരണകൾ അകറ്റാം

സ്റ്റാറ്റിൻസ് പോലുള്ള ചില മരുന്നുകൾ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു. എന്നിരുന്നാലും, സ്റ്റാറ്റിൻ എടുക്കുന്ന ഒരാൾക്ക് പൂരിത കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാമെന്ന് ഇതിനർഥമില്ല. കഴിക്കുന്ന ഭക്ഷണത്തിൽ നിന്നോ കരളിലെ ഉത്‌പാദനത്തിൽ നിന്നോ ആണ് കൊളസ്ട്രോൾ ശരീരത്തിലെത്തുന്നത്. സ്റ്റാറ്റിനുകൾ കരളിലെ കൊളസ്ട്രോൾ ഉത്പാദനത്തിന് അത്യാവശ്യമായ എൻസൈമിനെ തടയുകയാണ് ചെയ്യുന്നത്. ഇത് രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു. അതേസമയം, കൊഴുപ്പ് കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ കൊളസ്ട്രോൾ രക്തത്തിലെത്താനുള്ള വഴിയൊരുക്കുകയാണ് ചെയ്യുന്നത്. അതിനാൽ സ്റ്റാറ്റിൻ എടുക്കുന്നു എന്ന കാരണത്താൽ കൊഴുപ്പടങ്ങിയ ഭക്ഷണം കഴിക്കാനാവില്ല.
ചുരുക്കത്തിൽ, സ്റ്റാറ്റിനുകൾ മോശം ഭക്ഷണത്തിൻ്റെ പ്രതികൂല ഫലങ്ങളെ മറികടക്കാൻ‌ സഹായിക്കുമെങ്കിലും, മോശം ഭക്ഷണക്രമം ഹൃദ്രോഗം, അമിതവണ്ണം, രക്താതിമർദം, പ്രമേഹം തുടങ്ങിയ ഗുരുതരമായ മറ്റ് അപകടസാധ്യതകൾ അധികരിപ്പിക്കുകയാണ്.

ഹൃദ്രോഗം കുടുംബത്തിൽ എല്ലാവർക്കുമുള്ളതാണ്. അതിനാൽ അത് തടയാനാകില്ല

കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും ഹൃദ്രോഗം ഉണ്ടെങ്കിൽ അതിനർഥം നിങ്ങൾക്ക് രോഗം വരാനുള്ള സാധ്യത കൂടുതലാണ് എന്നാണ്. എന്നാൽ നിങ്ങൾക്കും അത് വന്നിരിക്കും എന്ന ഉറപ്പൊന്നും ഇല്ല. കൂടാതെ ജനിതക സ്വാധീനം ഉള്ള ആളുകളിൽ പോലും അപകടസാധ്യത കുറയ്ക്കുന്നതിന് നിരവധി മാർഗങ്ങളുണ്ട്. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, പുകവലി നിർത്തുക, രക്തസമ്മർദം നിയന്ത്രിക്കുക, പതിവായി വ്യായാമം ചെയ്യുക എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

കൂടാതെ കുടുംബത്തിൽ ആർക്കെങ്കിലും ഹൃദ്രോഗമുണ്ട് എന്നത് ജനിതക സാധ്യതയുടെ ലക്ഷണമായിരിക്കില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഭക്ഷണരീതി, വ്യായാമം പോലുള്ള ജീവിതശൈലി ഘടകങ്ങളിൽ കുടുംബാംഗങ്ങൾ ഒരേ സ്വഭാവക്കാരായിരിക്കാം. അതിനാൽ ജനിതക ഘടകങ്ങളാണോ ജീവിത ശൈലിയിലെ കുഴപ്പങ്ങളാണോ ഒരാളെ ഹൃദ്രോഗിയാക്കുന്നത് എന്ന് കൃത്യമായി നിർണയിക്കേണ്ടതുണ്ട്. രണ്ടും ഹൃദ്രോഗ സാധ്യതയെ ബാധിക്കുന്നുണ്ട്.

വിറ്റാമിനുകൾക്ക് ഹൃദ്രോഗം തടയാൻ കഴിയും

ഹൃദ്രോഗം: തെറ്റിദ്ധാരണകൾ അകറ്റാം

ഡോക്ടറുടെ നിർദേശപ്രകാരം കൃത്യമായ അളവിൽ കഴിക്കുന്ന വിറ്റാമിനുകൾ ഹൃദയാരോഗ്യത്തിന് ദോഷകരമാകാൻ സാധ്യതയില്ലെങ്കിലും, വിറ്റാമിൻ സപ്ലിമെന്റുകൾ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്നതിന് തെളിവുകളില്ല. ആരോഗ്യകരമായ ഭക്ഷണക്രമത്തിനും പതിവായ വ്യായാമത്തിനും പകരം നിൽക്കാൻ വിറ്റാമിനുകൾക്ക് കഴിയുകയുമില്ല.

മൾട്ടിവിറ്റാമിൻ, മിനറൽ സപ്ലിമെന്റുകളും ഹൃദ്രോഗം, ഹൃദയാഘാതം ഉൾപ്പെടെയുള്ള ഹൃദയ സംബന്ധമായ അസുഖങ്ങളും തമ്മിലുള്ള ബന്ധം അന്വേഷിക്കുന്ന നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. 2,019,862 പേർ പങ്കെടുത്ത പതിനെട്ടോളം വ്യത്യസ്ത പഠനങ്ങളെ വിശകലനം ചെയ്തുകൊണ്ടുള്ള ഒരു റിപ്പോർട്ട് 2018-ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൾട്ടിവിറ്റാമിനുകളും മിനറലുകളും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിൽ പ്രത്യേക പങ്കൊന്നും വഹിക്കുന്നില്ല എന്നാണ് ഗവേഷകരുടെ പൊതുവായ നിഗമനം.

ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷനിലെ പോഷകാഹാര വിദഗ്ധ വിക്ടോറിയ ടെയ്‌ലർ പറയുന്നതനുസരിച്ച് പോഷകാഹാരത്തിന്റെ കാര്യത്തിൽ കുറുക്കു വഴികളൊന്നുമില്ല. ആരോഗ്യകരമായ ഭക്ഷണത്തിന് പകരം നിൽക്കാൻ സപ്ലിമെന്റുകൾക്കാവില്ല. പല കാരണങ്ങളാൽ ആരോഗ്യ വിദഗ്ധർ വിറ്റാമിനുകളോ മിനറലുകളോ നിർദേശിച്ചേക്കാം. എന്നാൽ ഹൃദയ, രക്തചംക്രമണ രോഗങ്ങൾ തടയാൻ വേണ്ടി ഒരു ഡോക്ടറും ഇത്തരം സപ്ലിമെൻ്റുകൾ ശുപാർശ ചെയ്യില്ല.

വർഷങ്ങളായി പുകവലിക്കുന്നതാണ്. ഇപ്പോൾ നിർത്തുന്നതു കൊണ്ട് പ്രയോജനമില്ല വലിയൊരു തെറ്റിദ്ധാരണയാണിത്. പുകയിലയുടെ ഉപയോഗവും പുകവലിയും ഹൃദ്രോഗത്തിൻ്റെ പ്രധാന കാരണങ്ങളാണ്. ഒരു വ്യക്തി പുകവലി എപ്പോൾ നിർത്തുന്നുവോ അപ്പോൾ മുതൽ അതിൻ്റെ പ്രയോജനങ്ങൾ ലഭിച്ചു തുടങ്ങും. ബ്രിട്ടണിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ ഏജിംഗ് പറയുന്നത് ഇപ്രകാരമാണ്: “നിങ്ങൾക്ക് എത്ര പ്രായമായി എന്നതോ, എത്ര കാലം നിങ്ങൾ പുകവലിച്ചു എന്നതോ പ്രശ്നമല്ല. എപ്പോൾ വേണമെങ്കിലും പുകവലി ഉപേക്ഷിക്കാം. എപ്പോൾ മുതൽ പുകവലി നിർത്തുന്നോ, അപ്പോൾ മുതൽ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുന്നു. നിങ്ങൾ പുകവലിക്ക് പുറത്തുകടക്കുമ്പോൾ ആയുസ്സ് വർധിക്കാനും കൂടുതൽ എളുപ്പത്തിൽ ശ്വസിക്കാനും കൂടുതൽ ഊർജം നേടാനും പണം ലാഭിക്കാനുമുള്ള വഴിയൊരുക്കുകയാണ്. പുകവലി നിർത്തുന്നതോടെ
ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കുറയുന്നു. രക്തചംക്രമണം മെച്ചപ്പെടുന്നു.”

ഹൃദ്രോഗം പുരുഷന്മാരെ മാത്രമേ ബാധിക്കുകയുള്ളൂ

ഹൃദ്രോഗം: തെറ്റിദ്ധാരണകൾ അകറ്റാം

ഇതും ഒരു മിഥ്യയാണ്. കാരണം പുരുഷന്മാരിലും സ്ത്രീകളിലും ഒരേ പോലെ അപകടകാരിയും മരണകാരണവുമാണ് ഹൃദ്രോഗം.

അമേരിക്കയിൽ 2017-ൽ 24.2 ശതമാനം പുരുഷന്മാരും 21.8 ശതമാനം സ്ത്രീകളുമാണ് ഹൃദ്രോഗം മൂലം മരിച്ചത്. എന്നാൽ, സമാനമായ അപകടസാധ്യതകളുള്ള സ്ട്രോക്കു കൂടി ഇതോടൊപ്പം ചേർക്കുമ്പോൾ, ഇക്കാര്യത്തിൽ പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള നേരിയ അന്തരം പോലും ഇല്ലാതാവും. 28.7 ശതമാനം പുരുഷന്മാരും 28 ശതമാനം സ്ത്രീകളും ഹൃദ്രോഗമോ സ്ട്രോക്കോ മൂലം മരണമടയുന്നു എന്നാണ് കണക്കുകൾ കാണിക്കുന്നത്.

പുരുഷന്മാർക്ക് മാത്രമാണ് ഹൃദ്രോഗം ബാധിക്കുന്നത് എന്നത് പൊതുവായ ഒരു തെറ്റിദ്ധാരണയാണ്. വിദ്യാസമ്പന്നരായ ആളുകളിൽ പോലും ഇത്തരം തെറ്റിദ്ധാരണകൾ നിലനിൽക്കുന്നുണ്ട്. സ്ത്രീകളേക്കാൾ താരതമ്യേന ചെറിയ പ്രായത്തിൽ തന്നെ പുരുഷന്മാർക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരുന്നു എന്നുള്ളതും ഹൃദ്രോഗത്തിനുള്ള സാധ്യത പുരുഷന്മാരിൽ സ്ത്രീകളെ അപേക്ഷിച്ച് കൂടുതലാണ് എന്നുള്ളതും ശരിയാണ്. അതിന് ഒരു പരിധി വരെ കാരണമാകുന്നത് ജീവിത ശൈലിയിലെ പ്രത്യേകതകളാണ്. പുകവലി ഉൾപ്പെടെയുള്ള അനാരോഗ്യകരമായ ശീലങ്ങൾ പുരുഷന്മാരിലാണ് കൂടുതലും കണ്ടുവരുന്നത്. ഇതോടൊപ്പം സ്ട്രോക്കിനുളള സാധ്യത സ്ത്രീകളിലാണ് കൂടുതൽ വിദഗ്ധരുടെ അഭിപ്രായം കൂടി കണക്കിലെടുക്കേണ്ടതാണ്. അതിന് തെളിവ് നൽകുന്ന ഒട്ടേറെ ഗവേഷണ ഫലങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഒരു ഗവേഷണ പ്രബന്ധം വിശദീകരിക്കുന്നത് ഇപ്രകാരമാണ്. “പുരുഷന്മാരെ അപേക്ഷിച്ച് ഹൃദയ രോഗങ്ങൾ സ്ത്രീകളിൽ കുറവാണ് കണ്ടുവരുന്നത്. എന്നാൽ ഉയർന്ന മരണനിരക്ക് സ്ത്രീകളിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്.”

ഹൃദയസ്തംഭനവും ഹൃദയാഘാതവും ഒന്നുതന്നെയാണ്

ഹൃദ്രോഗം: തെറ്റിദ്ധാരണകൾ അകറ്റാം

ഹൃദയാഘാതവും ഹൃദയസ്തംഭനവും ഒന്നല്ല. രണ്ടും രണ്ടാണ്. എന്നാൽ മിക്കവർക്കും ഇവ തമ്മിലുള്ള വ്യത്യാസങ്ങൾ വേർതിരിച്ച് അറിയില്ല എന്നതാണ് വസ്തുത. ഹാർട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം ഒരു “സർക്കുലേഷൻ” പ്രശ്നമാണ്. ഓക്സിജൻ അടങ്ങിയ രക്തം ഹൃദയ പേശികളിലേക്ക് വഹിക്കുന്ന കൊറോണറി ആർട്ടറിയിൽ തടസ്സങ്ങൾ വരുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്.

കാർഡിയാക് അറസ്റ്റ് അഥവാ ഹൃദയസ്തംഭനം ഒരു “ഇലക്ട്രിക്കൽ” പ്രശ്‌നമാണ്. ശരീര കലകളിലേക്ക് രക്തം പമ്പു ചെയ്യുന്ന പ്രവർത്തനം ഹൃദയം നിർത്തി വെയ്ക്കുന്നതിനെയാണ് ഹൃദയസ്തംഭനം എന്ന് മെഡിക്കൽ ഭാഷയിൽ പറയുന്നത്. ഹൃദയാഘാതം മൂലമാണ് പലപ്പോഴും ഹൃദയസ്തംഭനം ഉണ്ടാകുന്നത്.

ഹാർട്ട് അറ്റാക്ക് അഥവാ ഹൃദയാഘാത സമയത്ത്, ഒരു വ്യക്തി ബോധമുള്ളവനാകാൻ സാധ്യതയുണ്ട്. എന്നാൽ കാർഡിയാക് അറസ്റ്റ് അഥവാ ഹൃദയസ്തംഭന സമയത്ത്, വ്യക്തികൾ അബോധാവസ്ഥയിലായിരിക്കും. രണ്ടും മെഡിക്കൽ എമർജൻസി ആണ്. അടിയന്തരമായി വിദഗ്ധ ചികിത്സ ലഭ്യമാക്കലാണ് രണ്ടിലും വേണ്ടത്.

ഹൃദയാഘാത സമയത്തെ ചുമ ജീവൻ രക്ഷിക്കും

ഇതൊരു തെറ്റിദ്ധാരണയാണ്. ഇതു പ്രകാരം ഹൃദയാഘാത സമയത്ത് കഠിനമായി ചുമയ്ക്കുന്നത് വഴി ഒരാളിൻ്റെ ജീവൻ രക്ഷിക്കാൻ കഴിയും.’കഫ് സി ‌പി‌ ആർ’ എന്നാണ് ഇത് അറിയപ്പെടുന്നത്.

ഹൃദയാഘാതത്തെയും ഹൃദയ സ്തംഭനത്തെയും പറ്റി 40 വർഷം മുമ്പ് പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിലെ വിവരങ്ങളാണ് ഇന്റർനെറ്റിലൂടെ പ്രചരിച്ചത്. വികലമായ പാഠഭേദങ്ങളാണ് ഇത്തരം ഒരു തെറ്റിദ്ധാരണ പരത്തിയതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ആശുപത്രിയിൽ ആർട്ടീരിയോഗ്രാഫി ചെയ്യുന്ന സമയത്ത് ഹൃദയസ്തംഭനമുണ്ടായവരും 1 മുതൽ 3 വരെ സെക്കൻഡ് ഇടവിട്ട് ചുമച്ചവരുമായ രോഗികൾ 39 സെക്കൻഡ് അധികസമയം ബോധവാന്മാരായിരുന്നു എന്ന വിവരത്തെ അധികരിച്ചാണ് ഇത് പ്രചരിച്ചത്.

മെഡിക്കൽ പ്രൊസീജ്യറുകൾക്കിടക്ക് സംഭവിച്ച ഹൃദയാഘാതത്തെ കുറിച്ചാണ് 40 വർഷം മുമ്പുള്ള പ്രബന്ധം പറയുന്നത്. സാധാരണ നിലയിൽ സ്വാഭാവികമായി സംഭവിക്കുന്ന ഹാർട്ട് അറ്റാക്കുകളിലും ഇത് പ്രവർത്തനക്ഷമമാണ് എന്നതിന് തെളിവുകളൊന്നുമില്ല. മുതിർന്ന കാർഡിയാക് സർജനായ ക്രിസ്റ്റഫർ അല്ലന്റെ അഭിപ്രായത്തിൽ, ഹൃദയാഘാതം സംഭവിച്ചാൽ മുൻ‌ഗണന നൽകേണ്ടത് ആശുപത്രിയിൽ ഉടനടി എത്തിക്കാനും വൈദ്യശാസ്ത്ര സേവനങ്ങൾ പരമാവധി വേഗത്തിൽ ലഭ്യമാക്കുന്നതിനുമാണ്. അതുവഴി വിദഗ്ധർക്ക് രോഗിയുടെ ആരോഗ്യ സ്ഥിതി കൃത്യതയോടെ വിലയിരുത്താനും ആവശ്യമായ ചികിത്സ ലഭ്യമാക്കാനും കഴിയും. ഒട്ടും സമയം കളയാതെ കഴിയുന്നത്ര വേഗത്തിൽ രോഗിയെ ആശുപത്രിയിൽ എത്തിക്കാനാണ് ശ്രമിക്കേണ്ടത്. കഫ് സി പി ആറിനെ പിന്തുണയ്ക്കാൻ ആവശ്യമായ മെഡിക്കൽ തെളിവുകളൊന്നുമില്ല.

ഹൃദ്രോഗമുള്ളവർ എല്ലാ വിധത്തിലുള്ള കൊഴുപ്പും ഒഴിവാക്കണം

ഹൃദ്രോഗം: തെറ്റിദ്ധാരണകൾ അകറ്റാം

ഹൃദയ സംബന്ധമായ അസുഖമുള്ള ഒരാൾ തീർച്ചയായും പൂരിത കൊഴുപ്പുകളുടെ അളവ് കുറയ്ക്കണം. വെണ്ണ, ബിസ്കറ്റ്, ബേക്കൺ, സോസേജുകൾ തുടങ്ങിയ ഭക്ഷണങ്ങളിലാണ് പൂരിത കൊഴുപ്പ് കൂടുതൽ കാണപ്പെടുന്നത്. ഇതോടൊപ്പം ബേക്ക്ഡ് ഭക്ഷ്യവസ്തുക്കൾ, ഫ്രോസൺ പിസ്സകൾ, മൈക്രോവേവിൽ തയ്യാറാക്കിയ പോപ്‌കോൺ തുടങ്ങിയ ഉത്പന്നങ്ങളും ഒഴിവാക്കണം. അതേസമയം, അപൂരിത കൊഴുപ്പുകൾ ശരീരത്തിന് ഗുണം ചെയ്യുന്നവയാണ്. ഉദാഹരണത്തിന്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പായ ഒമേഗ-3 ഹൃദയാരോഗ്യത്തിന് ഗുണകരമാണ് എന്ന് വിദഗ്ധർ പറയുന്നു.

അമേരിക്കൻ ഹാർട്ട് അസോസിയേഷൻ്റെ ശുപാർശ പ്രകാരം പ്രായം ചെന്നവർ ആഴ്ചയിൽ 2 തവണയെങ്കിലും മത്സ്യം (പ്രത്യേകിച്ച് ഫാറ്റി ഫിഷ്) കഴിക്കണം. മത്സ്യം പ്രോട്ടീനിന്റെ നല്ല ഉറവിടമാണ്. മാത്രമല്ല മത്സ്യത്തിൽ പൂരിത കൊഴുപ്പ് താരതമ്യേന കുറവാണ്. മത്സ്യങ്ങൾ, പ്രത്യേകിച്ച് എണ്ണമയമുള്ള ഇനങ്ങളായ അയല, മത്തി, ട്യൂണ, സാൽമൺ എന്നിവയിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ ഗണ്യമായ അളവിൽ അടങ്ങിയിട്ടുണ്ട്. ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയ സസ്യ ഭക്ഷണവും കഴിക്കണം. സോയാബീൻ, വാൽനട്ട്, ഫ്ലാക്സ് സീഡ്സ് തുടങ്ങിയ ഭക്ഷ്യവസ്തുക്കളിൽ ഇവ ധാരാളമായി കാണാം.

ചുരുക്കത്തിൽ തെറ്റിദ്ധാരണകൾ അകറ്റി ആരോഗ്യ സംരക്ഷണത്തിനുള്ള ഉപാധികൾ മടി കൂടാതെ സ്വീകരിക്കുകയാണ് വേണ്ടത്. ഹൃദയം ഉൾപ്പെടെ ഏതൊരു അവയവത്തിൻ്റെയും അനാരോഗ്യത്തിന് ഇടയാക്കുന്ന ജീവിത ശൈലി ഉപേക്ഷിക്കാൻ ആളുകൾ തയ്യാറാവേണ്ടതുണ്ട്. പ്രതിരോധമാണ് പ്രതിവിധിയേക്കാൾ നല്ലത് എന്ന ദർശനം തന്നെയാണ് ഇവിടെയും വഴികാട്ടിയാവുന്നത്. രോഗം വരാതിരിക്കാനുള്ള കരുതലും ശ്രദ്ധയും പുലർത്തുന്നതിനൊപ്പം രോഗം ബാധിച്ചാൽ അതിൽ നിന്ന് രക്ഷ നേടാനുള്ള ശ്രമങ്ങളും നടത്തണം. അതിൽ ഉപേക്ഷ കാട്ടരുത്. തെറ്റിദ്ധാരണകളാണ് ആരോഗ്യ സംരക്ഷണത്തിൽ ഏറ്റവുമധികം വെല്ലുവിളിയാകുന്നത്. തെറ്റായതും വസ്തുതാ വിരുദ്ധവുമായ കെട്ടുകഥകളിൽ വിശ്വാസം അർപ്പിച്ചാൽ ജീവന് തന്നെയാണ് അത് ഭീഷണിയാകുന്നത്.

കടപ്പാട്: മെഡിക്കൽ ന്യൂസ് ടുഡേ