Movie prime

അസമീസ് ഡോക്ടർ ഉത്പൽജിത്ത് ബർമൻ മരണപ്പെട്ടതെങ്ങനെ?

കോവിഡ്-19 വൈറസ് ബാധിക്കാൻ സാധ്യതയുള്ള ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ശുപാർശ ചെയ്ത മരുന്നാണ് ഹൈഡ്രോക്സിക്ലോറോക്വിൻ (എച്ച് സി ക്യു) . ആൻ്റി മലേറിയൽ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ്റെ ലോകത്തെ ഏറ്റവും വലിയ വക്താക്കളിൽ ഒരാൾ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പാണ്. ലോകത്തെ പല രാഷ്ട്രങ്ങളിലും കൊറോണ പ്രതിരോധ മരുന്നായി ഉപയോഗിക്കുന്ന എച്ച് സി ക്യു വേണ്ടത്ര സുരക്ഷിതമാണോ? കൊറോണ രോഗികളെ ചികിത്സിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ഐ സി എം ആർ More
 
അസമീസ് ഡോക്ടർ ഉത്പൽജിത്ത് ബർമൻ മരണപ്പെട്ടതെങ്ങനെ?

​​കോവിഡ്-19 വൈറസ് ബാധിക്കാൻ സാധ്യതയുള്ള ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ശുപാർശ ചെയ്ത മരുന്നാണ് ഹൈഡ്രോക്സിക്ലോറോക്വിൻ (എച്ച് സി ക്യു) . ആൻ്റി മലേറിയൽ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ്റെ ലോകത്തെ ഏറ്റവും വലിയ വക്താക്കളിൽ ഒരാൾ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പാണ്. ലോകത്തെ പല രാഷ്ട്രങ്ങളിലും കൊറോണ പ്രതിരോധ മരുന്നായി ഉപയോഗിക്കുന്ന എച്ച് സി ക്യു വേണ്ടത്ര സുരക്ഷിതമാണോ? കൊറോണ രോഗികളെ ചികിത്സിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ഐ സി എം ആർ ഈ മരുന്ന് ശുപാർശ ചെയ്തത് എന്തുകൊണ്ടാണ്? ഒരു മരുന്ന് പരീക്ഷണമാണോ ഐ സി എം ആർ നടത്തുന്നത് ? ഒരു ഡമോൺസ്ട്രേഷൻ സ്റ്റഡിയാണ് നടത്തുന്നതെന്നും പഠനഫലം വന്ന് വിലയിരുത്തിയാലേ പൊതുജനങ്ങൾക്ക് ഇത് കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കൂ എന്ന് ഐ സി എം ആർ പറയുന്നത് മെഡിക്കൽ എത്തിക്സിന് നിരക്കുന്നതാണോ?

കേരളത്തിലുൾപ്പെടെ വ്യാപകമായി ആരോഗ്യ പ്രവർത്തകർക്കിടയിൽ ഉപയോഗിക്കുന്ന HCQ വിനെക്കുറിച്ചുള്ള അരുണാബ് സായ്കിയയുടെ ഈ ലേഖനം പ്രസിദ്ധീകരിച്ചത് Scroll.in ആണ്. കൊറോണ വൈറസ് ബാധയിൽ ലോക സമ്പദ്ഘടനയിലെ വൻശക്തികൾ തകർന്നടിയുകയും അതിനെതിരെയുള്ള മരുന്നുകൾ വികസിപ്പിച്ചെടുക്കാനായി ലോകത്തെ പ്രമുഖ ലബോറട്ടറികളിലെല്ലാം രാപ്പകൽ പരീക്ഷണങ്ങൾ അരങ്ങേറുകയും ചെയ്യുന്ന സാഹചര്യത്തിൽ, മറ്റൊരു പ്രതിരോധ മരുന്ന് സൃഷ്ടിക്കുന്ന ഭയാശങ്കകളെ കുറിച്ചുള്ള പ്രസക്തമായ ലേഖനം.

ലേഖനത്തിൻ്റെ പൂർണമായ പരിഭാഷ ബി ലൈവ് പ്രസിദ്ധീകരിക്കുന്നു

മാർച്ച് 29 ഞായറാഴ്ച ഉച്ചതിരിഞ്ഞ് അസമിൽ ഒരു ഡോക്ടർ മരണപ്പെട്ടു. 44 കാരനായ അനസ്തേഷ്യോളജിസ്റ്റ് ഡോ. ഉത്പൽ ജിത്ത് ബർമൻ ആണ് മരണപ്പെട്ടത്. ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു ഡോ. ഉത്പൽ ജിത്ത് ജോലി ചെയ്തിരുന്നത്. ഒരാഴ്ച മുമ്പ് മലേറിയയ്‌ക്കുള്ള ഹൈഡ്രോക്സി ക്ലോറോക്വിൻ 400 മി.ഗ്രാം അദ്ദേഹം കഴിച്ചിരുന്നതായി സഹപ്രവർത്തകർ അറിയിച്ചതോടെ ഈ മരുന്നിനെ കുറിച്ചുള്ള ആശങ്കകൾ പടർന്നു.

കോവിഡ്-19 വൈറസ് ബാധ ഉണ്ടാവാൻ സാധ്യതയുള്ള ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ശുപാർശ ചെയ്ത മരുന്നാണ് ഹൈഡ്രോക്സി ക്ലോറോക്വിൻ.

കോവിഡ് ബാധ സ്ഥിരീകരിച്ചവരെയും സംശയിക്കുന്നവരെയും പരിചരിക്കുന്ന “ലക്ഷണങ്ങൾ പ്രകടമാക്കാത്ത” ആരോഗ്യ പ്രവർത്തകർക്കും, കൊറോണ സ്ഥിരീകരിച്ച രോഗികളുടെ “രോഗലക്ഷണങ്ങൾ പ്രകടമാക്കാത്ത” കുടുംബാംഗങ്ങൾക്കുമാണ് ഐ സി എം ആർ ഈ മരുന്ന് ശുപാർശ ചെയ്തിട്ടുള്ളതെന്ന് മാർച്ച് 22 ന് ഇതു സംബന്ധിച്ച് ഐ സി എം ആർ പുറത്തിറക്കിയ മാർഗരേഖ പറയുന്നു.

ഡോ. ബർമൻ ജോലി ചെയ്തിരുന്ന ഗുവാഹത്തിയിലെ ആശുപത്രിയിൽ കോവിഡ്-19 രോഗികൾ ആരും തന്നെ ഉണ്ടായിരുന്നില്ല. പ്രതിരോധ മരുന്ന് കഴിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ത് എന്നതിനെപ്പറ്റി വേണ്ടത്ര വ്യക്തത കൈവന്നിട്ടില്ല.

ഒരു അശുഭ സന്ദേശം

ഞായറാഴ്ച ഉച്ചതിരിഞ്ഞ് 1.04 ന് ബർമൻ്റെ സഹപ്രവർത്തകർ അംഗങ്ങളായ ഒരു വാട്സ് അപ്പ് ഗ്രൂപ്പിൽ അദ്ദേഹം ഒരു മെസേജ് അയച്ചു. “പ്രോഫിലാക്സിൻ്റെ അത്ര നല്ല മരുന്നല്ല ഹൈഡ്രോക്സി ക്ലോറോക്വിൻ. Lots of problems…അതു കഴിച്ചതിനുശേഷം എനിക്ക് ചില പ്രശ്നങ്ങൾ ഉള്ളതായി തോന്നുന്നു,” എന്നായിരുന്നു ആ സന്ദേശം. ഏതാണ്ട് 2 ണിക്കൂറിനുള്ളിൽ നഴ്സായ ബർമൻ്റെ ഭാര്യ, ഡോക്ടറിൻ്റെ സഹപ്രവർത്തകരിൽ ഒരാളായ അനു ധൃതി ദത്തയെ ഫോണിൽ വിളിച്ചു. ബർമന് ഹാർട്ട് അറ്റാക്ക് ഉണ്ടായി എന്നായിരുന്നു അവർ ഫോൺ ചെയ്ത് പറഞ്ഞത്.
വാർത്ത പരന്നതോടെ, ബർമൻ്റെ സഹപ്രവർത്തകരിൽ പലരും മിനിറ്റുകൾക്കകം ആ വീട്ടിലെത്തി. സമീപത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിലേക്ക് അദ്ദേഹത്തെ കൊണ്ടുപോകാൻ ആംബുലൻസ് എത്തി.

ആശുപത്രിയിൽ എത്തിച്ച് അര മണിക്കൂറിനകം അദ്ദേഹം മരണപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചു. അക്യൂട്ട് കൊറോണറി സിൻഡ്രോം മൂലമുള്ള പെട്ടന്നുള്ള ഹൃദയാഘാതമാണ് മരണ കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. അതായത് ഹൃദയപേശിയിലേക്ക് രക്തമെത്തുന്നതിൽ നേരിട്ട തടസ്സം മൂലം അദ്ദേഹത്തിൻ്റെ ഹൃദയത്തിൻ്റെ പ്രവർത്തനം നിലച്ചു. എന്നാൽ ആശുപത്രിയിൽ വച്ച് അദ്ദേഹത്തിൻ്റെ ഇസിജി എടുത്തിരുന്നില്ല. ഹൃദയാഘാതത്തിൻ്റെയോ ഹൃദയസംബന്ധമായ മറ്റേതെങ്കിലും അസുഖത്തിൻ്റെയോ ലക്ഷണങ്ങൾ മുൻകൂട്ടി പറഞ്ഞു തരുന്ന പരിശോധനയാണ് ഇസിജി. ആശുപത്രിയിൽ വെച്ച് അദ്ദേഹത്തിൻ്റെ പോസ്റ്റ്മോർട്ടവും നടത്തിയില്ല.

മരണത്തെ ചൊല്ലിയുള്ള സന്ദേഹങ്ങൾ

ഇ സി ജിയോ ഓട്ടോപ്സിയോ നടക്കാത്തതിനാൽ ഹൃദയാഘാതത്തിൻ്റെ കൃത്യമായ കാരണം നിർണയിക്കുക ബുദ്ധിമുട്ടാണെന്ന് ഡോക്ടർമാർ പറയുന്നു. പോസ്റ്റ് മോർട്ടം നടത്തിയിരുന്നെങ്കിൽ മരണകാരണം കണ്ടെത്തൽ എളുപ്പമായിരുന്നെന്ന് ഗുവാഹത്തി മെഡിക്കൽ കോളെജിൽ കാർഡിയോളജിസ്റ്റായ ഡോ. പ്രണാബ് ജ്യോതി ബട്ടാചാര്യ പറഞ്ഞു.

സ്വാഭാവിക മരണം ആയതിനാലാണ് പോസ്റ്റ് മോർട്ടം നടത്താതിരുന്നതെന്ന് ബർമൻ മരണപ്പെട്ട ജി എൻ ആർ സി ആശുപത്രിയുടെ വക്താവ് പറഞ്ഞു. “കേസ് ഹിസ്റ്ററി”യുടെ അടിസ്ഥാനത്തിലാണ് മരണകാരണം ഹൃദയാഘാതം ആകാമെന്ന നിഗമനത്തിൽ എത്തിയത്. ആശുപത്രിയിൽ എത്തിക്കുമ്പോൾ അദ്ദേഹം ഏതാണ്ട് മരിച്ച നിലയിലായിരുന്നെന്നും ടെസ്റ്റുകൾ നടത്താനുള്ള സമയം കിട്ടിയില്ലെന്നും വക്താവ് പറഞ്ഞു.

സഹപ്രവർത്തകരുടെ അഭിപ്രായത്തിൽ ഡോ. ബർമൻ ഹൈപ്പർടെൻസീവ് ആയിരുന്നു. അതിനുള്ള ലഘുവായ ചില മരുന്നുകളും കഴിച്ചിരുന്നു. പക്ഷേ അത് നിയന്ത്രണ വിധേയമായിരുന്നു.

നെഞ്ച് വേദന ഉൾപ്പെടെ ഹൃദയ സംബന്ധമായ എന്തെങ്കിലും അസുഖമുള്ളതിൻ്റെ ലക്ഷണങ്ങൾ അദ്ദേഹം ഒരിക്കലും പ്രകടിപ്പിച്ചിട്ടില്ലെന്ന് ഡോ. അനുധൃതി ദത്ത പറഞ്ഞു. ഞങ്ങൾ ഒരു കുടുംബം പോലെയാണ് കഴിഞ്ഞിരുന്നത്. അസുഖ കാര്യങ്ങൾ എല്ലാവരും പരസ്പരം ചർച്ച ചെയ്തിരുന്നു. അങ്ങിനെ ചർച്ച ചെയ്യാൻ മാത്രമുള്ള ഒരസുഖവും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. ബർമൻ ജോലി ചെയ്തിരുന്ന പ്രതീക്ഷ ആശുപത്രിയിലെ ഡോക്ടർമാരുടെ അഭിപ്രായപ്രകാരം പെട്ടന്നുള്ള വലിയ ഹൃദയാഘാതത്തിൻ്റെ ‘ക്ലാസിക് ‘ ഉദാഹരണമാണ് ഡോ. ബർമൻ്റേത്. മയോ കാർഡിയൽ ഇൻഫാർക്ഷൻ അഥവാ ഹൃദയാഘാതത്തിൻ്റെ ലക്ഷണങ്ങളാണ് ആശുപത്രിയിൽ എത്തിക്കുമ്പോൾ ഡോ.ബർമൻ പ്രകടമാക്കിയതെന്ന് ചികിത്സിച്ച ഡോക്ടർമാരിൽ ഒരാൾ അഭിപ്രായപ്പെട്ടു.

അസമീസ് ഡോക്ടർ ഉത്പൽജിത്ത് ബർമൻ മരണപ്പെട്ടതെങ്ങനെ?

HCQ വും അരിത് മിയയും

ഡോ. ബർമൻ്റെ മരണത്തെ കുറിച്ചുള്ള സംശയങ്ങൾ മിക്കതും വിരൽ ചൂണ്ടിയത് ഹൈഡ്രോക്സി ക്ലോറോക്വിനിൻ്റെ ഉപയോഗത്തിലേക്കാണ്. എന്നാൽ മലേറിയ മരുന്നാണ് മരണകാരണം എന്ന് തറപ്പിച്ച് പറയാനുള്ള തെളിവുകൾ ഇല്ലെന്ന് ഡോക്ടർമാർ പറയുന്നു. പോസ്റ്റ് മോർട്ടം നടത്തിയിരുന്നെങ്കിൽ പോലും മരണകാരണം (Cause of death) മാത്രമേ വെളിപ്പെടുമായിരുന്നുള്ളൂ. മരണത്തിലേക്ക് നയിച്ചതെന്ത് ( what led to death) എന്ന ചോദ്യം അപ്പോഴും ഉത്തരമില്ലാതെ അവശേഷിക്കും.
മാധ്യമങ്ങളാണ് എച്ച് സി ക്യു വിൻ്റെ ഉപയോഗവുമായി ഇതിനെ ബന്ധപ്പെടുത്തുന്നതെന്ന് ഡോ. ദത്ത പറയുന്നു. ഒരാഴ്ച മുമ്പ് അദ്ദേഹം എടുത്ത ഒറ്റഡോസ് മലേറിയ മരുന്നാണ് ഡോക്ടറുടെ മരണത്തിനു കാരണമെന്ന് തങ്ങളാരും കരുതുന്നില്ലെന്നും ഡോ. ദത്ത പറഞ്ഞു.
ഹൈഡ്രോക്സി ക്ലോറോക്വിൻ്റെ പാർശ്വഫലങ്ങളിൽ ഒന്നായി ഹൃദയാഘാതം രേഖപ്പെടുത്തിയിട്ടില്ലെന്ന് പുതുച്ചേരിയിൽ നിന്നുള്ള ഡോ. അമിത് വിശ്വനാഥ് പറഞ്ഞു. എന്നാൽ എച്ച് സി ക്യു വിൻ്റെ ഉപയോഗം നിമിത്തം ഹൃദയതാളത്തിൽ വൈകല്യങ്ങൾ കാണപ്പെടാറുണ്ട്. ഹൃദയമിടിപ്പ് സാധാരണയിൽ കവിഞ്ഞതോ കുറഞ്ഞതോ ആവുന്ന ഈ അവസ്ഥയ്ക്ക് അരിത് മിയ (arrhythmia) എന്നാണ് പറയുക. അതുകൊണ്ടുതന്നെ ഹൈഡ്രോക്സി ക്ലോറോക്വിൻ എടുക്കുന്ന രോഗികളുടെ ഇ സി ജി നിത്യേന പരിശോധിക്കണം എന്ന് മെഡിക്കൽ പ്രോട്ടോക്കോൾ ആവശ്യപ്പെടുന്നുണ്ട് – ഡോ. വിശ്വനാഥ് പറഞ്ഞു.
കാർഡിയോളജിസ്റ്റായ ഭട്ടാചാര്യയും ഈ അഭിപ്രായത്തോട് യോജിക്കുന്നു. “അരിത് മിക് ഇഫെക്റ്റ് ഉള്ളതിനാൽ എച്ച് സി ക്യു ഉപയോഗിക്കുന്നവർ തുടർച്ചയായി ഇസിജി പരിശോധന നടത്തേണ്ടതുണ്ട്.

മരണം ഒരു പുനർചിന്തക്ക് കാരണമാകും

ഡോ.ബർമൻ്റെ മരണവുമായി ബന്ധപ്പെട്ട അവ്യക്തതകൾ ഹൈഡ്രോക്സി ക്ലോറോക്വിൻ ഉപയോഗത്തെ സംബന്ധിച്ച ഐ സി എം ആറിൻ്റെ നിർദേശത്തെ വീണ്ടും ചർച്ചാവിഷയമാക്കിയിട്ടുണ്ട്. മെഡിക്കൽ സർക്കിളുകളിൽ നേരത്തേ തന്നെയുള്ള ഈ ചർച്ചാ വിഷയം ഒരിക്കൽ കൂടി ചൂടുപിടിക്കുകയാണ്. ഒരു പ്രതിരോധ മരുന്ന് എന്ന നിലയിൽ രാജ്യമെമ്പാടും ആരോഗ്യ പ്രവർത്തകർ ഈ മരുന്ന് ഉപയോഗിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. മരുന്നിൻ്റെ ഫലപ്രാപ്തിയെപ്പറ്റി വ്യക്തമായ തെളിവുകളുടെ അഭാവത്തിലും ഇതാണ് അവസ്ഥ. എന്നാൽ ഡോ. ബർമൻ്റെ മരണത്തോടെ കാര്യങ്ങൾ മാറിമറിയുമെന്ന് ഒരു വിഭാഗം ഡോക്ടർമാർ പറയുന്നു.

മുംബൈയിലെ കോവിഡ് രോഗികളെ ചികിത്സിക്കുന്ന ഒരു സ്വകാര്യ ആശുപത്രിയിലെ സർജനായ സഞ്ജയ് നഗ്രാൽ പറയുന്നത് ഡോക്ടർമാർക്കിടയിൽ ഇതേപ്പറ്റി ഒട്ടേറെ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ടെന്നാണ്. എന്നാൽ പലരും ഇത് ഉപയോഗിക്കുന്നു. തനിക്കറിയാവുന്ന ഡോക്ടർമാരിൽ പലരും എച്ച് സി ക്യു ഉപയോഗിക്കുന്നവരാണ്. ഡോക്ടർമാർ ആണെങ്കിൽ പോലും ഈ മരുന്നിൻ്റെ പാർശ്വഫലങ്ങളെപ്പറ്റി വേണ്ടത്ര ധാരണയില്ലാത്തതാവും കാരണം – അദ്ദേഹം പറഞ്ഞു. എന്നാൽ അസമിലെ സംഭവത്തോടെ ഈ മരുന്ന് കഴിക്കാൻ നേരത്തേയുള്ളത്ര ഉത്സാഹം പലരിലും ഇപ്പോൾ കാണാനില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇതേപ്പറ്റി അഭിപ്രായ ഭിന്നതകൾ ശക്തമാണെന്ന് ഗുവാഹത്തി ആശുപത്രിയിലെ ഒരു യുവ ഡോക്ടർ അഭിപ്രായപ്പെട്ടു. ചിലർ ഇത് ഒഴിവാക്കണം എന്ന അഭിപ്രായക്കാരാണെങ്കിൽ മറ്റു ചിലർ അങ്ങിനെയല്ല. എന്നാൽ ഡോ. ബർമൻ്റെ മരണത്തോടെ നിരവധി പേർ സംശയാലുക്കളായി. ഒരു മരണം എപ്പോഴും പുനർചിന്തയിലേക്ക് നയിക്കുമെന്നാണ് അദ്ദേഹത്തിൻ്റെ അഭിപ്രായം. പോസ്റ്റ് മോർട്ടം റിപ്പോർട്ട് നമ്മുടെ പക്കൽ ഇല്ലെന്നത് ശരി തന്നെ, എന്നാൽ എച്ച് സി ക്യുവിൻ്റെ അനന്തരഫലമായാണ് ഡോ.ബർമൻ്റെ മരണമെന്ന് ഉറപ്പിച്ചു പറയാനാവും – അദ്ദേഹം പറഞ്ഞു.

എന്നാൽ ഒരു വിഭാഗം ഡോക്ടർമാർ എച്ച് സി ക്യു കൊറോണയെ പ്രതിരോധിക്കുന്നതിൽ ഫലപ്രദമാണെന്ന വിശ്വാസം ഇപ്പോഴും വെച്ചു പുലർത്തുന്നുണ്ട്. “നാളെ മുതൽ ഞങ്ങൾ കോവിഡ് രോഗികളെ ചികിത്സിക്കാൻ ഒരുങ്ങുകയാണ്. അതിനാൽ പ്രതിരോധമെന്ന നിലയിൽ ഞങ്ങൾ ഇത് ഉപയോഗിക്കും,” ശ്രീനഗറിലെ ഷേർ-ഇ-കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഡോ. ഫൈസൽ ഖുർഷിദ് പറഞ്ഞു.

പരക്കെ ഉപയോഗം

കോവിഡ് രോഗം സ്ഥിരീകരിച്ചതോ സംശയിക്കുന്നതോ ആയ രോഗികളുമായി നേരിട്ട് ബന്ധപ്പെടുന്ന ആരോഗ്യ പ്രവർത്തകർക്കാണ് ഹൈഡ്രോക്സി ക്ലോറോക്വിൻ പ്രതിരോധ മരുന്നായി കഴിക്കാൻ ഐ സി എം ആർ നിർദേശം നല്കിയിട്ടുള്ളത്. എന്നാൽ കോവിഡ് ചികിത്സയുമായി യാതൊരു തരത്തിലും ബന്ധപ്പെടാത്ത ആരോഗ്യ പ്രവർത്തകരും എച്ച് സി ക്യു ഉപയോഗിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

ഡോ. ബർമൻ തന്നെ അതിന് ഉദാഹരണമാണ്. കോവിഡ് രോഗികളെ ഡോ. ബർമൻ ചികിത്സിച്ചിരുന്നില്ല. അദ്ദേഹം ജോലി ചെയ്തിരുന്ന ആശുപത്രി കോവിഡ് ചികിത്സാ ആശുപത്രി ആയിരുന്നില്ല. പരിശോധനാ ഫലം നെഗറ്റീവ് ആയ ഒരു രോഗിയെ അവിടെ ക്വാറൻ്റൈൻ ചെയ്തിരുന്നു എന്നത് മാത്രമാണ് കൊറോണ ചികിത്സയുമായി ആശുപത്രിക്കുള്ള ബന്ധം. ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരുന്ന ആ രോഗിയെ ചികിത്സിച്ചിരുന്ന ഡോക്ടർമാരുടെ സംഘത്തിൽ ബർമൻ ഉണ്ടായിരുന്നില്ലെന്ന് ആശുപത്രി സൂപ്രണ്ട് നിർമൽകുമാർ ഹസാരിക പറഞ്ഞു. കൂടാതെ അസമിൽ ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചത് മാർച്ച് 31ന് മാത്രമാണ്.

എന്നിട്ടും ഡോ. ബർമൻ എന്തിന് എച്ച് സി ക്യു ഉപയോഗിക്കാൻ തിടുക്കം കൂട്ടി? ബർമൻ മാത്രമല്ല, ആശുപത്രിയിലെ നിരവധി ഡോക്ടർമാർ പ്രതിരോധ മരുന്നായി എച്ച് സി ക്യു ഉപയോഗിക്കുന്നുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് അഭിപ്രായപ്പെട്ടു.
ഒരു മുൻകരുതൽ എന്ന നിലയിലാണ് അദ്ദേഹം ഇത് ഉപയോഗിച്ചതെന്ന് സഹപ്രവർത്തക ദത്ത പറഞ്ഞു. അത്യാഹിത വിഭാഗത്തിൽ വരുന്ന ഒട്ടേറെ കേസുകൾ ഡോ. ബർമൻ കൈകാര്യം ചെയ്തിരുന്നു. അതു കൊണ്ടു തന്നെ അദ്ദേഹം ആശങ്കയിൽ ആയിരുന്നിരിക്കണം.

സുരക്ഷാ ഉപകരണങ്ങൾ ഇല്ല

ഗുവാഹത്തിയിലെ പ്രതീക്ഷ ആശുപത്രിയിൽ മാത്രമല്ല ഈ പ്രതിരോധ മരുന്ന് ഉപയോഗിക്കുന്ന ഡോക്ടർമാർ ഉള്ളതെന്ന് ഡോ. വിശ്വനാഥ് പറഞ്ഞു. രാജ്യമെമ്പാടും ഇത് ഉപയോഗിക്കുന്നുണ്ട്. കേരളത്തിലെ മിക്കവാറും എല്ലാ ഡോക്ടർമാരും ഈ മരുന്ന് ഉപയോഗിക്കുന്നുണ്ട്. ഭയമാണ് പ്രധാന കാരണം. ഇത് ഫലപ്രദമാണ് എന്നതിന് തെളിവൊന്നും തേടി ആരും പോകുന്നില്ല. പ്രതിരോധിക്കാൻ എന്തെങ്കിലും വേണം എന്ന ചിന്തയാണ് എല്ലാവർക്കും. ആവശ്യത്തിന് സുരക്ഷാ ഉപകരണങ്ങൾ പോലുമില്ലാത്ത ആശുപത്രികളിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ വലിയ ആശങ്കയിലാണ്. മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും ചുരുങ്ങിയത് എൻ 95 മാസ്കെങ്കിലും വേണമെന്നാണ്. പക്ഷേ നിർഭാഗ്യവശാൽ സ്ഥിതിഗതികൾ പരിതാപകരമാണ് – മധ്യപ്രദേശിലെ സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഒരു ഡോക്ടർ പറഞ്ഞു. വരുന്ന 20 വർഷക്കാലത്തിനിടയിൽ പോലും അത് സംഭവിക്കാൻ പോകുന്നില്ല എന്നും അവർ കൂട്ടിച്ചേർത്തു.

കോവിഡ് – 19 ചികിത്സയുമായി നേരിട്ട് ബന്ധപ്പെടുന്നില്ലെങ്കിലും സുരക്ഷയെ കരുതി താനും ഹൈഡ്രോക്സി ക്ലോറോക്വിൻ കഴിക്കുന്നതായി ഇതേ വനിതാ ഡോക്ടർ വെളിപ്പെടുത്തി. ആദ്യ ഡോസ് എടുത്തപ്പോൾ തന്നെ തലകറക്കം അനുഭവപ്പെട്ടതോടെ നിർത്തിയെന്നും അവർ പറഞ്ഞു.

അസമീസ് ഡോക്ടർ ഉത്പൽജിത്ത് ബർമൻ മരണപ്പെട്ടതെങ്ങനെ?

‘ഡെമോൺസ്ട്രേഷൻ’ പഠനം

ഡോ. ബർമൻ്റെ മരണത്തെപ്പറ്റി ഐ സി എം ആർ സ്വന്തം നിലയ്ക്ക് ഒരു പ്രസ്താവന പോലും ഇറക്കിയിട്ടില്ല. ഒരു പത്ര സമ്മേളനത്തിൽ ഇതേപ്പറ്റി ചോദ്യം ഉയർന്നപ്പോൾ ഐ സി എം ആർ സയൻ്റിസ്റ്റായ ഡോ. ഗംഗാ ഖേഡ്കർ പറഞ്ഞത് എച്ച് സി ക്യു എല്ലാവർക്കും ഉപയോഗിക്കാൻ ഉള്ളതല്ല എന്നാണ്. “ഇത് ഡോക്ടർമാർക്കും സ്ഥിരീകരിച്ച കേസുകളിലെ കോൺടാക്റ്റുകൾക്കും വേണ്ടിയുള്ള ഒരു ഡമോൺസ്ട്രേഷൻ സ്റ്റഡി മാത്രമാണ്. പഠനഫലം വന്നതിനുശേഷം അത് വിലയിരുത്തിയാലേ, പൊതുജനങ്ങൾക്ക് ഈ മരുന്ന് ശുപാർശ ചെയ്യണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കൂ “, അദ്ദേഹം വ്യക്തമാക്കി.
ഐ സി എം ആറിൻ്റെ ഈ സ്ട്രാറ്റജി അത്രയെളുപ്പം ആർക്കും ദഹിക്കുന്നതല്ല. ഡോ. ഗംഗ ഖേഡ്കറിൻ്റെ പ്രസ്താവനയിൽ ഡ്രഗ് സേഫ്റ്റി പ്രവർത്തകനായ ദിനേഷ് താക്കൂർ ഞെട്ടൽ രേഖപ്പെടുത്തി. “ഒരു ഒബ്സർവേഷണൽ സ്റ്റഡി എന്തെന്ന് എനിക്ക് നന്നായി അറിയാം. എന്നാൽ 21 വർഷത്തെ ഡ്രഗ് ഡെവലപ്മെൻ്റ് കരിയറിൽ ആദ്യമായാണ് ഡമോൺസ്ട്രേഷനു വേണ്ടി ഒരു സ്റ്റഡി നടത്തുന്നതായി കേൾക്കുന്നത്. ഐ സി എം ആർ പറയുന്നതിൽ യാതൊരു വിധ ധാർമികതയും ഇല്ല എന്നതാണ് യാഥാർഥ്യം,” അദ്ദേഹം പറഞ്ഞു.