Movie prime

കോവിഡ്: പുതിയ വകഭേദം കണ്ടെത്തി

 

രണ്ടാം തരംഗം ശമിക്കുന്നു എന്ന സൂചനകൾക്കിടെ രാജ്യത്ത് കോവിഡ് വൈറസിൻ്റെ പുതിയ വകഭേദം കണ്ടെത്തി. ബി 1.1.28.2 എന്ന വകഭേദമാണ് കണ്ടെത്തിയത്. വിദേശത്തുനിന്നും ഇന്ത്യയിൽ എത്തിയവരിൽ നടത്തിയ ജീനോം സീക്വൻസിങ്ങിലൂടെ പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയാണ് പുതിയ വകഭേദത്തെ തിരിച്ചറിഞ്ഞത്.

യു കെ, ബ്രസീൽ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരിലാണ് ബി 1.1.28.2 കണ്ടെത്തിയതെന്ന് റിപ്പോർട്ടുകളുണ്ട്. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ വിലയിരുത്തൽ പ്രകാരം  രോഗതീവ്രത കൂടിയ വിഭാഗത്തിലാണ് പുതിയ ഇനത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്.  

നിലവിലുള്ള വാക്സിനുകൾ ഇതിന് ഫലപ്രദമാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. അതു സംബന്ധിച്ച വിശദീകരണങ്ങൾ ഒന്നും ലഭ്യമായിട്ടില്ല. വാക്സിൻ കാര്യക്ഷമത വർധിക്കേണ്ടതിൻ്റെ ആവശ്യകതയാണ് പുതിയ വകഭേദങ്ങളുടെ വരവിലൂടെ വെളിവാകുന്നത്.  ശരീരഭാരം കുറയുന്നതുൾപ്പെടെ കടുത്ത ലക്ഷണങ്ങൾ പ്രകടമാക്കുന്ന വൈറസിൻ്റെ പുതിയ ഇനവും പ്രധാനമായും  ശ്വാസകോശത്തെയാണ് ബാധിക്കുന്നത്.
ഇന്ത്യൻ വകഭേദമെന്ന് നേരത്തേ വിശേഷിപ്പിച്ചു പോന്ന ഡെൽറ്റ ബി 1.617.2 നു സമാനമാണ് ഇപ്പോൾ കണ്ടെത്തിയ വകഭേദമെന്നും എന്നാൽ യു കെ വകഭേദമായ ആൽഫയെക്കാൾ കൂടുതൽ അപകടകാരിയാണ് ഇതെന്നും റിപ്പോർട്ടുകൾ പറയുന്നു. തീവ്രത കൂടിയ രോഗ ലക്ഷണങ്ങളാണ് വൈറസിനെ അപകടകാരിയാക്കുന്നത്. 

നിലവിൽ രാജ്യത്ത് ഏറ്റവുമധികം റിപ്പോർട്ട് ചെയ്യപ്പെട്ടത് ബി 1.617.2 ആണ്. അതിവേഗ വ്യാപനശേഷിയാണ് ഈ വകഭേദത്തിൻ്റെ പ്രത്യേകത. രാജ്യത്ത് ഏറ്റവുമധികം പേർ മരണമടഞ്ഞിട്ടുള്ളതും ബി 1.617.2 ബാധിച്ചാണ്. എന്തായാലും കൂടുതൽ അപകടകരമായ വൈറസ് വകഭേദങ്ങളുടെ ആവിർഭാവം രാജ്യത്ത് ആശങ്ക ഉയർത്തുന്നുണ്ട്. പിഴവുകൾ ഇല്ലാത്ത കരുതലും നിതാന്തമായ ജാഗ്രതയുമാണ് ഇക്കാര്യത്തിൽ വേണ്ടതെന്ന് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരും വിദഗ്ധരും ഒരേപോലെ അഭിപ്രായപ്പെടുന്നു. 

രാജ്യത്ത് ഇതേവരെ ജനസംഖ്യയിൽ അഞ്ച് ശതമാനത്തിൽ താഴെയുള്ളവർക്ക് മാത്രമേ വാക്സിൻ ലഭ്യമായിട്ടുള്ളൂ എന്നതാണ് ആശങ്കകൾക്ക് കാരണം. കൂടുതൽ വകഭേദങ്ങളുടെ ആവിർഭാവം വർഷങ്ങൾ നീണ്ടു നില്ക്കുന്ന വാക്സിനേഷൻ പ്രക്രിയയുടെ നിഷ്ഫലതയെ ആണ് വെളിവാക്കുന്നത്.

എന്തായാലും സുപ്രീം കോടതിയുടെ സക്രിയമായ ഇടപെടലോടെ വാക്സിൻ നയത്തിൽ മാറ്റം വരുത്താൻ കേന്ദ്ര സർക്കാർ നിർബന്ധിതരായത് ജനങ്ങൾക്ക് കൂടുതൽ പ്രതീക്ഷ പകർന്നു നല്കുന്നുണ്ട്. പതിനെട്ടു വയസ്സിന് മുകളിലുള്ളവർക്കെല്ലാം സൗജന്യ വാക്സിൻ ലഭ്യമാക്കും എന്നാണ് കേന്ദ്ര സർക്കാരിൻ്റെ പുതിയ വാക്സിൻ നയത്തിൽ പറയുന്നത്.

സംസ്ഥാനങ്ങൾ സ്വന്തം നിലയ്ക്ക് വാക്സിൻ വില കൊടുത്ത് വാങ്ങണം എന്ന നയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ആഗോള ടെണ്ടറിലൂടെ വാക്സിൻ സംഭരിക്കാനുള്ള നീക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ സംസ്ഥാനങ്ങൾക്ക് നേരിട്ട് വാക്സിൻ നൽകാൻ മരുന്ന് കമ്പനികൾ താത്പര്യം കാണിക്കാത്ത സാഹചര്യത്തിൽ വാക്സിനേഷൻ പ്രക്രിയ എങ്ങുമെത്താത്ത സാഹചര്യമാണ് നിലനിന്നിരുന്നത്. സംസ്ഥാനങ്ങൾക്ക് ആവശ്യമായ വാക്സിൻ കേന്ദ്ര സർക്കാർ നേരിട്ട് നല്കും എന്ന തീരുമാനത്തോടെ സ്ഥിതിഗതികളിൽ മാറ്റം വരുമെന്ന് പ്രതീക്ഷിക്കാം.