Movie prime

മലക്കം മറിഞ്ഞ് രാംദേവ്

 

നിലപാടിൽ മലക്കം മറിഞ്ഞ് ബാബ രാംദേവ്, "അലോപ്പതി ഡോക്ടർമാർ ദൈവത്തിൻ്റെ പ്രതിപുരുഷന്മാർ" 

 

അലോപ്പതിക്കെതിരെ പോർവിളി മുഴക്കിയിരുന്ന യോഗാഗുരു ബാബ രാംദേവ് ഒടുവിൽ കരണം മറിഞ്ഞു. കോവിഡ് വൈറസിനെതിരെയുള്ള പ്രതിരോധ വാക്സിൻ കുത്തിവെപ്പ് താൻ എടുക്കുമെന്നും അലോപ്പതി ഡോക്ടർമാർ ദൈവത്തിൻ്റെ പ്രതിപുരുഷന്മാർ ആണെന്നുമാണ് രാംദേവിൻ്റെ മാറിയ നിലപാട്.

വാക്സിൻ എടുക്കില്ല എന്ന് നേരത്തേ രാംദേവ് പ്രഖ്യാപിച്ചിരുന്നു. മോഡേൺ മെഡിസിൻ കൊണ്ട് യാതൊരു പ്രയോജനവും ഇല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അലോപ്പതി മെഡിസിനെതിരെ നടത്തിയ  പരാമർശങ്ങളുടെ പേരിൽ ദിവസങ്ങളായി വിവാദങ്ങളുടെ പിടിയിലായിരുന്നു രാംദേവ്.  അലോപ്പതി മെഡിസിൻ വിഡ്ഢിത്തമാണെന്നും അതൊരു മുടന്തൻ താറാവാണെന്നുമുള്ള അദ്ദേഹത്തിൻ്റെ അധിക്ഷേപത്തിനെതിരെ വ്യാപകമായ വിമർശനമാണ് ഉയർന്നു വന്നത്. 

ദശലക്ഷക്കണക്കിന് ആളുകളാണ് അലോപ്പതി മരുന്ന് കഴിച്ച് മരണമടഞ്ഞതെന്നും ഓക്സിജൻ ക്ഷാമം മൂലം മരണമടഞ്ഞവരുടെ എണ്ണം അതിലും എത്രയോ ചെറുതാണെന്നുമുള്ള രാംദേവിൻ്റെ പ്രസ്താവനയ്ക്കെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രംഗത്തു വന്നിരുന്നു. വാക്കുകൾ പിൻവലിച്ച് ദേശീയ മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട്  സംഘടന രാംദേവിന് വക്കീൽ നോട്ടീസ് അയയ്ക്കുകയും ചെയ്തു. രാംദേവിൻ്റെ പ്രസ്താവനയ്‌ക്കെതിരെ സംഘടന കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്ത് നല്കുകയും ചെയ്തു.

ഒന്നുകിൽ രാംദേവിൻ്റെ ആരോപണങ്ങളെല്ലാം ശരിയാണെന്ന് അംഗീകരിച്ച് മോഡേൺ മെഡിക്കൽ സംവിധാനങ്ങളെല്ലാം റദ്ദ് ചെയ്യണമെന്നും അല്ലെങ്കിൽ രാംദേവിനെതിരെ പകർച്ച വ്യാധി നിയമപ്രകാരം കേസെടുത്ത് ജയിലിൽ അടയ്ക്കണമെന്നുമാണ് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധനനോട് സംഘടന ആവശ്യപ്പെട്ടത്. രാജ്യത്തെ ആരോഗ്യ പ്രവർത്തകർ ഒന്നടങ്കം ബാബ രാംദേവിൻ്റെ വിവാദ വീഡിയോക്കെതിരെ രംഗത്തു വന്നിരുന്നു.  

എന്തടിസ്ഥാനത്തിലാണ് ഡിജിസിഐ യാതൊരു വിശ്വാസ്യതയും ഇല്ലാത്ത അലോപ്പതി മരുന്നുകൾക്ക് അനുമതി നൽകുന്നത് എന്നാണ് വീഡിയോയിലൂടെ രാംദേവ് ചോദിക്കുന്നത്. ഹൈഡ്രോക്സി ക്ലോറോക്വിൻ, റെംഡെസിവിർ, ആൻ്റിബയോട്ടിക്കുകൾ, സ്റ്റിറോയ്ഡുകൾ, പ്ലാസ്മ തെറാപ്പി തുടങ്ങി കോവിഡ് പ്രതിരോധത്തിൽ മോഡേൺ മെഡിസിൻ ഉപയുക്തമാക്കുന്ന എല്ലാം തന്നെ സമ്പൂർണ പരാജയമാണെന്ന അഭിപ്രായമാണ് രാംദേവ് പ്രകടിപ്പിച്ചത്.

ട്വിറ്റർ ഉൾപ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളിലെല്ലാം ഇതിനെതിരെ പ്രതിഷേധം നിറഞ്ഞു. രാംദേവ് ഒരു തട്ടിപ്പുകാരനാണെന്നും നിരുത്തരവാദപരമായ നിലപാടുകളിലൂടെ പൊതു സമൂഹത്തെ മുഴുവൻ അയാൾ കബളിപ്പിക്കുകയാണെന്നും പകർച്ചവ്യാധി നിയമപ്രകാരം കേസെടുത്ത് തുറുങ്കിലടക്കണമെന്നും ആവശ്യമുയർന്നു.

'കൊറോണിൽ' അടക്കമുള്ള പതഞ്ജലി ഉത്പന്നങ്ങൾ വ്യാപകമായി വിറ്റഴിക്കാനുള്ള തന്ത്രമാണ് അയാളിലെ ബിസ്നസുകാരൻ പയറ്റുന്നതെന്നും വ്യാപകമായ വിമർശനങ്ങളും ഉയർന്നിരുന്നു. പ്രതിഷേധം കനത്തതോടെ എഡിറ്റ് ചെയ്ത വീഡിയോ ആണ് തൻ്റെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതെന്നും ഫോർവേഡ് ചെയ്ത് കിട്ടിയ ഒരു വാട്സാപ്പ് സന്ദേശം വായിക്കുക മാത്രമാണ് താൻ ചെയ്തതെന്നും പറഞ്ഞ് യോഗാഗുരു തൻ്റെ തടി രക്ഷിക്കാനുള്ള ശ്രമങ്ങളും നടത്തി.

എന്തായാലും ഒറ്റനിൽപ്പിൽ മലക്കം മറിഞ്ഞ് പറഞ്ഞതെല്ലാം മറന്നുകളഞ്ഞ് അസാമാന്യമായ മെയ് വഴക്കമാണ് യോഗാ ഗുരു പ്രദർശിപ്പിക്കുന്നത്. അലോപ്പതിയിൽ വിശ്വാസമുണ്ടെന്നും അലോപ്പതി ഡോക്ടർമാർ ദൈവത്തിൻ്റെ പ്രതിപുരുഷന്മാർ ആണെന്നും പറഞ്ഞു കൊണ്ടുള്ള ബാബയുടെ ഇപ്പോഴത്തെ രംഗപ്രവേശം കൗതുകകരമെന്നേ പറയാനുള്ളൂ.

നരേന്ദ്ര മോദിയുടെ പുതിയ വാക്സിൻ നയത്തെ സ്വാഗതം ചെയ്ത അദ്ദേഹം എല്ലാവർക്കും സൗജന്യ വാക്സിൻ നൽകാനുള്ള കേന്ദ്ര തീരുമാനത്തെ "ചരിത്രപരം" എന്നാണ് വിശേഷിപ്പിക്കുന്നത്. എല്ലാവരും വാക്സിൻ എടുക്കണം. നേരത്തേ വാക്സിനേഷനെതിരെ കടുത്ത നിലപാടായിരുന്നു അദ്ദേഹത്തിന്. 

വാക്സിൻ എടുക്കുന്നതു കൊണ്ട് ഒരു പ്രയോജനവും ഇല്ലെന്നാണ് അദ്ദേഹം വാദിച്ചിരുന്നത്. ആയുർവേദത്തിൻ്റെയും യോഗയുടെയും സുരക്ഷിത കവചങ്ങളുളള തനിക്ക് വാക്സിൻ കുത്തിവെപ്പിൻ്റെ ആവശ്യമില്ലെന്നും കേമത്തം വിളമ്പിയിരുന്നു. വാക്സിൻ്റെ രണ്ടു ഡോസും എടുത്ത് എല്ലാവരും സുരക്ഷിതരായിരിക്കാനാണ് പുള്ളിയുടെ പുതിയ അഭ്യർഥന. വാക്സിൻ എപ്പോൾ എടുക്കും എന്ന ചോദ്യത്തിന് മറുപടിയായി "ഉടൻ തന്നെ " എന്നാണ് പറഞ്ഞത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി അടുത്തിടെ നടന്ന വാഗ്വാദത്തെപ്പറ്റിയുള്ള ചോദ്യത്തിന് താൻ ആരോടും ശത്രുത വെച്ചുപുലർത്തുന്ന സ്വഭാവക്കാരനല്ല എന്നാണ് മറുപടി.

മരുന്നുകളുടെ പേരിൽ മനുഷ്യരെ ചൂഷണം ചെയ്യുന്നതിനെതിരെയാണ് താൻ ശബ്ദിച്ചത്. വിലക്കുറവുളള മരുന്നുകൾ ഉണ്ടായിട്ടും വില കൂടിയ മരുന്നുകൾ നിർദേശിക്കുന്ന ഡോക്ടർമാർക്കെതിരെയാണ് നിലപാട് എടുത്തത്. പ്രധാനമന്ത്രിയുടെ പേരിലുള്ള ജൻ ഔഷധി കേന്ദ്രങ്ങൾ രാജ്യത്താകെ വരണം. എമർജൻസി ചികിത്സയ്ക്കും സർജറിക്കുമെല്ലാം അലോപ്പതി തന്നെയാണ് ഏറ്റവും മികച്ചതെന്നും രാംദേവ് കൂട്ടിച്ചേർക്കുന്നു.
"അതിൽ രണ്ടഭിപ്രായമില്ല."