Movie prime

സമഗ്ര ട്രോമകെയര്‍: സൗജന്യ ആംബുലന്‍സ് സേവനങ്ങൾക്ക് തുടക്കമാകുന്നു

സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം റോഡപകടങ്ങളും അവയെ തുടര്ന്നുള്ള മരണങ്ങളും അപകടങ്ങള്ക്ക് ശേഷം പൂര്ണമായ രൂപത്തില് ആരോഗ്യസ്ഥിതി വീണ്ടെടുക്കുവാന് കഴിയാത്ത തരത്തില് ക്ഷതം സംഭവിക്കുന്നവരുടെ എണ്ണത്തിലും ഗണ്യമായ വര്ദ്ധനവ് ആണ് സമീപകാലത്തായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പലതരം കാരണങ്ങള് കൊണ്ടാണ് ഇത്തരത്തില് അപകടങ്ങള് വലിയതോതില് ഉണ്ടാകുന്നത്. ശരാശരി ആയിരത്തി മുന്നൂറോളം വാഹനങ്ങള് ദിനംപ്രതി പൊതുനിരത്തുകളിലേക്ക് എത്തിച്ചേരുന്ന സാഹചര്യവും വാഹന സാന്ദ്രതക്കാനുപാതികമായി റോഡ് വിസ്തൃതി വര്ദ്ധിക്കാത്തതും ശ്രദ്ധക്കുറവും നല്ലൊരുപരിധിവരെ റോഡപകടങ്ങള് വര്ദ്ധിക്കുന്നതിന് കാരണമാകാറുണ്ട്. റോഡപകടങ്ങളില്പ്പെടുന്ന ഏതൊരു വ്യക്തിക്കും ആദ്യമണിക്കൂറുകളില് അടിയന്തിരചികിത്സ ലഭ്യമാക്കാനായാല് 70 ശതമാനത്തോളം More
 
സമഗ്ര ട്രോമകെയര്‍: സൗജന്യ ആംബുലന്‍സ് സേവനങ്ങൾക്ക് തുടക്കമാകുന്നു

സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം റോഡപകടങ്ങളും അവയെ തുടര്‍ന്നുള്ള മരണങ്ങളും അപകടങ്ങള്‍ക്ക് ശേഷം പൂര്‍ണമായ രൂപത്തില്‍ ആരോഗ്യസ്ഥിതി വീണ്ടെടുക്കുവാന്‍ കഴിയാത്ത തരത്തില്‍ ക്ഷതം സംഭവിക്കുന്നവരുടെ എണ്ണത്തിലും ഗണ്യമായ വര്‍ദ്ധനവ് ആണ് സമീപകാലത്തായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പലതരം കാരണങ്ങള്‍ കൊണ്ടാണ് ഇത്തരത്തില്‍ അപകടങ്ങള്‍ വലിയതോതില്‍ ഉണ്ടാകുന്നത്. ശരാശരി ആയിരത്തി മുന്നൂറോളം വാഹനങ്ങള്‍ ദിനംപ്രതി പൊതുനിരത്തുകളിലേക്ക് എത്തിച്ചേരുന്ന സാഹചര്യവും വാഹന സാന്ദ്രതക്കാനുപാതികമായി റോഡ് വിസ്തൃതി വര്‍ദ്ധിക്കാത്തതും ശ്രദ്ധക്കുറവും നല്ലൊരുപരിധിവരെ റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകാറുണ്ട്.

റോഡപകടങ്ങളില്‍പ്പെടുന്ന ഏതൊരു വ്യക്തിക്കും ആദ്യമണിക്കൂറുകളില്‍ അടിയന്തിരചികിത്സ ലഭ്യമാക്കാനായാല്‍ 70 ശതമാനത്തോളം റോഡപകട മരണനിരക്ക് കുറയ്ക്കാന്‍ കഴിയും എന്നുള്ളതാണ് ശാസ്ത്രീയ വിശകലത്തില്‍ നിന്നും ബോധ്യപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ സമഗ്ര ട്രോമകെയര്‍ സംവിധാനം വിഭാവനം ചെയ്തിരിക്കുന്നത്. അപകടത്തില്‍പ്പെട്ട ഏതൊരു വ്യക്തിയേയും അടിയന്തരമായി അപകടസ്ഥലത്തുനിന്നും ചികിത്സാകേന്ദ്രത്തിലേക്ക് എത്തിക്കുന്നതിനാവശ്യമായ സൗജന്യ ആംബുലന്‍സ് ശൃംഖല, അടിയന്തര ചികിത്സ ഏറ്റവും ഫലവത്തായി നല്‍കുവാന്‍ കഴിയുന്നവിധം ആരോഗ്യ സ്ഥാപനങ്ങളുടെ ശാക്തീകരണം, ആദ്യത്തെ 48 മണിക്കൂറിനുള്ളില്‍ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ഗോള്‍ഡന്‍ അവര്‍ ട്രീറ്റ്‌മെന്റ് പാക്കേജ്, റോഡപകടങ്ങള്‍ പരമാവധി കുറയ്ക്കുന്നതിനാവശ്യമായിട്ടുള്ള ബോധവല്‍ക്കരണം എന്നിവ സമഗ്ര ട്രോമകെയര്‍ പദ്ധതിയുടെ വിവിധ ഉപഘടകങ്ങളാണ്. ഇതില്‍ സമഗ്ര ട്രോമകെയര്‍ പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ ആംബുലന്‍സ് ശൃംഖലയുടെ ഉദ്ഘാടനമാണ് നടക്കുന്നത്.

കേരളത്തിലെ സര്‍ക്കാരാശുപത്രികളില്‍ മികച്ച ട്രോമ കെയര്‍ ഒരുക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍. മെഡിക്കല്‍ കോളേജുകളില്‍ മികച്ച ട്രോമകെയര്‍ സംവിധാനമാണ് ഒരുക്കുന്നത്. സമഗ്ര ട്രോമ കെയര്‍ സംവിധാനത്തിന്റെ ആദ്യ പടിയാണ് മെഡിക്കല്‍ കോളേജുകളില്‍ എമര്‍ജന്‍സി മെഡിസിന്‍ സ്ഥാപിച്ചു വരുന്നത്. മികച്ച ട്രോമകെയറിന് ഏറ്റവും അത്യാവശ്യമാണ് മികച്ച പരിശീലനം. ഈയൊരു ലക്ഷ്യം മുന്നില്‍ കണ്ടാണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ 12 കോടി രൂപയുടെ അപക്‌സ് ട്രെയിനിംഗ് & സിമുലേഷന്‍ സെന്റര്‍ തിരുവനന്തപുരത്ത് സ്ഥാപിക്കുന്നത്.

മുഖ്യമന്ത്രി പ്രഖ്യാപിച്ച 48 മണിക്കൂര്‍ ‘ഗോള്‍ഡന്‍ അവര്‍’ സൗജന്യ ചികിത്സ ഇതിന് സമാന്തരമായി നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 315 ആംബുലന്‍സുകളുടെ വിന്യാസവും ‘ഗോള്‍ഡന്‍ അവര്‍’ ട്രീറ്റ്‌മെന്റ് പാക്കേജും ഏറ്റവും ചുരുങ്ങിയ കാലയളവില്‍ നടപ്പില്‍ വരുത്തുന്ന തരത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.

സംസ്ഥാനത്താകമാനം അപകടത്തില്‍പ്പെടുന്നവരെ അടിയന്തരമായി ആശുപത്രികളിലേക്ക് എത്തിക്കുന്നതിനുള്ള സൗജന്യ ആംബുലന്‍സ് ശൃംഖലയുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്തംബര്‍ 17-ാം തീയതി ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കടകംപള്ളി സുരേന്ദ്രന്‍, എ.സി. മൊയ്തീന്‍, എ.കെ. ശശീന്ദ്രന്‍, ജി. സുധാകരന്‍ എന്നിവര്‍ പങ്കെടുക്കും.
‘കനിവ് 108’ എന്നതാണ് ഈ അംബുലന്‍സ് ശൃംഖലയുടെ പേര്. അത്യാധുനിക ജീവന്‍ രക്ഷാ ഉപകരണങ്ങളും പരിശീലനം സിദ്ധിച്ച സാങ്കേതിക വിദഗ്ധരും അടങ്ങിയ 315 ആംബുലന്‍സുകളുടേ സേവനമാണ് ഉറപ്പാക്കുന്നത്.

സെപ്തംബര്‍ 17ന് 100 ആംബുലന്‍സുകളുടെ പ്രാഥമിക ശൃംഖല സംസ്ഥാനത്താകമാനം ഒരുക്കി ഒക്‌ടോബര്‍ മാസത്തോടെ 315 ആംബുലന്‍സുകളുടെ ശൃംഖല പൂര്‍ത്തീകരിക്കുന്നതാണ്. പൂര്‍ണമായ രൂപത്തില്‍ പദ്ധതി നടപ്പിലാകുമ്പോള്‍ തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ 28 വീതവും കൊല്ലം ജില്ലയില്‍ 21-ഉം പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ 15 വീതവും ആലപ്പുഴ ജില്ലയില്‍ 18-ഉം കോട്ടയം ജില്ലയില്‍ 17-ഉം എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ 32 വീതവും കോഴിക്കോട് ജില്ലയില്‍ 31-ഉം വയനാട് ജില്ലയില്‍ 11-ഉം കണ്ണൂര്‍ ജില്ലയില്‍ 21-ഉം കാസര്‍ഗോഡ് ജില്ലയില്‍ 14-ഉം ബേസിക് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സുകള്‍ വിന്യസിക്കുന്ന തരത്തിലാണ് പദ്ധതി ഏകോപിപ്പിച്ചിരിക്കുന്നത്.

ആംബുലന്‍സ് ശൃംഖലകളെ 24 മണിക്കൂര്‍ സേവനത്തിന് പ്രയോജനപ്പെടുത്തുക എന്ന തരത്തിലും റോഡപകടങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന 12 മണിക്കൂറുകളില്‍ (രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് മണി വരെയുള്ള സമയത്ത്) സേവനം ചെയ്യുന്നവ (Peak Hour) എന്ന ഗണത്തിലും ആക്കി നിജപ്പെടുത്തിയാണ് പൂര്‍ണമായ ഉപയോഗക്ഷമത ഉറപ്പാക്കുന്നത്. റോഡപകടങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സമയത്ത് 315 ആംബുലന്‍സുകളുടേയും സേവനം ദേശീയ-സംസ്ഥാന ഹൈവേകളിലും അപകടസാധ്യത കൂടിയ ഉള്‍നാടന്‍ റോഡുകളിലും ലഭ്യമാക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.