Movie prime

ക്ഷയരോഗം: പ്രമേഹ രോഗികള്‍ക്ക് ഏറെ ശ്രദ്ധ വേണം

 

 

സയോണ തോമസ്

പ്രമേഹരോഗികള്‍ക്കിടയില്‍ ക്ഷയരോഗം അഥവാ ട്യൂബര്‍ക്കുലോസിസ് (ടിബി) വര്‍ധിക്കുന്നു. പ്രമേഹ രോഗികള്‍ക്ക് രോഗപ്രതിരോധശേഷി കുറവായതിനാലാണ് ക്ഷയരോഗം പെട്ടെന്നു പിടികൂടുന്നത്. ടിബി രോഗബാധിതരില്‍ നിന്നും പകരുന്ന രോഗാണുക്കള്‍ക്ക് വളരെ പെട്ടന്നു തന്നെ പ്രമേഹരോഗികളുടെ ശരീരത്തില്‍ കടന്നുകൂടാനാകും. ഇത്തരത്തില്‍ ടിബി ബാധിച്ചാല്‍ ഇത് ചികിത്സിച്ച് ഭേദമാക്കുന്നതിന് കൂടുതല്‍ സമയം വേണ്ടിവരുമെന്നത് ക്ഷയരോഗ ചികിത്സയ്ക്കും വെല്ലുവിളിയാണ്. പ്രമേഹം ഉണ്ടെങ്കില്‍ ക്ഷയരോഗ ചികിത്സയുടെ മരുന്നുകളോട് പ്രതികരിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നതാണ് ഇതിന് കാരണം. സാധാരണ ക്ഷയരോഗ ചികിത്സ ആറുമാസം കൊണ്ട് പൂര്‍ത്തിയാകും. എന്നാല്‍ പ്രമേഹം ഉള്ളവരില്‍ ചികിത്സ നീണ്ടുപോകും. പ്രമേഹമുള്ള ക്ഷയരോഗികളില്‍ സാധാരണ ക്ഷയരോഗികള്‍ക്ക് നല്‍കാറുള്ള കാറ്റഗറി ഒന്ന് ചികിത്സ പലപ്പോഴും ഫലിക്കാറില്ല. അതിനാല്‍ ചികിത്സയിലും കൂടുതല്‍ ശ്രദ്ധയും ജാഗ്രതയും വേണ്ടിവരും. കേരളത്തിലെ ക്ഷയരോഗബാധിതരില്‍ 45 ശതമാനത്തോളം പേരും പ്രമേഹരോഗ ബാധിതരാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

പുകവലിയും പ്രമേഹവും

മനുഷ്യരെ പ്രമേഹത്തിലേക്കു നയിക്കുന്നതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ് പുകവലി. ശ്വാസകോശ അര്‍ബുദത്തിനുവരെ കാരണമാകുന്ന പുകവലി ഇന്ന് സമൂഹത്തില്‍ സര്‍വസാധാരണമായിരിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പുകവലിക്കുന്നവരില്‍ ക്രമാതീതമായി കൂടുന്നതാണ് പുകവലിക്കാരെ പ്രമേഹത്തിലേക്കു നയിക്കുന്നത്. പ്രമേഹം നിയന്ത്രിക്കുന്നതില്‍ പാന്‍ക്രിയാസ് ഗ്രന്ഥി പുറപ്പെടുവിക്കുന്ന ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന് പ്രാധാന പങ്കാണുള്ളത്. എന്നാല്‍, പുകയിലയില്‍ അടങ്ങിയിരിക്കുന്ന മാരക പദാര്‍ഥങ്ങള്‍ ഇന്‍സുലിന്റെ പ്രവര്‍ത്തനം തടയുന്നു. ഇന്‍സുലിന് എതിരെ പ്രവര്‍ത്തിക്കുന്ന ഹോര്‍മോണുകളായ  കോര്‍ടിസോള്‍, കാറ്റ് കൊളാമിന്‍സ്, ഗ്രോത്ത് ഹോര്‍മോണ്‍സ് എന്നിവയുടെ അളവില്‍ വ്യത്യാസം ഉണ്ടാക്കുകയും ചെയ്യുന്നു.

എന്താണ് ക്ഷയരോഗം, ലക്ഷണങ്ങള്‍

സാധാരണയായി ശ്വാസകോശത്തെ ബാധിക്കുന്ന രോഗമാണ് ക്ഷയരോഗം. എന്നാല്‍ ശരീരത്തിന്റെ ഏത് ഭാഗത്തെയും ഇത് പിടികൂടാം. ക്ഷയരോഗബാധിതനായ വ്യക്തി പ്രകടമായ അസുഖമൊന്നും കാണിക്കാറില്ലെങ്കിലും വിട്ടുമാറാത്ത ചുമ, ശരീരഭാരം കുറയല്‍, വിശപ്പില്ലായ്മ, അമിതമായ ക്ഷീണം, പനി, രാത്രികാലങ്ങളിലുള്ള വിയര്‍ക്കല്‍, ചുമയ്ക്കുമ്പോള്‍ രക്തം വരല്‍ ഇവയൊക്കെ ക്ഷയരോഗലക്ഷണങ്ങളാകാം. സാധാരണയായി ക്ഷയരോഗം പകരുന്നതു വായുവിലൂടെയായതിനാല്‍ രോഗബാധിതര്‍ ചുമയ്ക്കുകയും തുമ്മുകയും ഒക്കെ ചെയ്യുമ്പോള്‍ രോഗാണുക്കള്‍ അടുത്തുനില്‍ക്കുന്നവരിലേക്കു പകരാം. ഓരോ വ്യക്തികളുടെയും പ്രതിരോധ ശേഷിയിലുള്ള വ്യത്യാസം  ക്ഷയരോഗാണുക്കളുടെ പ്രവര്‍ത്തനം ശരീരത്തില്‍  വേഗത്തിലോ സാവധാനത്തിലോ ആക്കും. ആളുകളുടെ പ്രതിരോധ ശക്തി കുറയുന്ന അവസരത്തിലായിരിക്കും ഇവ ശരീരത്തെ രോഗാവസ്ഥയിലാക്കുക.

ക്ഷയരോഗം രണ്ടുതരം

ക്ഷയരോഗം രണ്ടു തരമുണ്ട്. ശ്വാസകോശ ക്ഷയരോഗവും ശ്വാസകോശേതര ക്ഷയരോഗവും. ആകെ ഉള്ളതില്‍ 80 ശതമാനത്തോളം രോഗികള്‍ ശ്വാസകോശ ക്ഷയരോഗമുള്ളവരാണെന്നാണ് കണക്ക്. മറ്റുള്ളവരിലേക്ക് രോഗം പകര്‍ത്തുന്നവരില്‍ ഭൂരിഭാഗവും ശ്വാസകോശ ക്ഷയരോഗികള്‍ ആയിരിക്കും. രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടു നില്‍ക്കുന്ന ചുമയാണ് ഇതിന്റെ പ്രധാന ലക്ഷണം. ശ്വാസകോശേതര ക്ഷയരോഗത്തില്‍ ഏറ്റവും സാധാരണം ലസികാ ഗ്രന്ഥികളില്‍ ഉണ്ടാവുന്ന ക്ഷയരോഗമാണ്. കഴുത്തിന്റെ ഭാഗത്ത് ഉണ്ടാവുന്ന ചെറിയ മുഴകളായാണ് ഇത് സാധാരണ പ്രത്യക്ഷപ്പെടുക. അസ്ഥി, തലച്ചോര്‍, കുടല്‍, വൃക്കകള്‍, ത്വക്ക് എന്നിങ്ങനെ ശരീരത്തിലെ  ഏത് അവയവങ്ങളെയും ക്ഷയരോഗം ബാധിച്ചേക്കാമെന്നു പഠനങ്ങള്‍ തെളിയിക്കുന്നു.


മോഹന്‍ലാല്‍ ഗുഡ്‌വില്‍  അംബാസിഡര്‍

സംസ്ഥാനത്തെ ക്ഷയരോഗ നിയന്ത്രണപ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുന്നതിനാണ് സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിലുള്ള ക്ഷയരോഗ നിവാരണ പദ്ധതിയില്‍ ചലച്ചിത്രതാരം മോഹന്‍ലാലിനെ ഗുഡ് വില്‍ അംബാസഡര്‍ ആയി നിയമിച്ചത്. കൊവിഡിനൊപ്പം മറ്റു ആരോഗ്യപ്രശ്‌നങ്ങളും സമൂഹത്തിലുണ്ട്. അതിലൊന്നാണ് ക്ഷയരോഗം. സുസ്ഥിരവികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ ഭാഗമായി 2025ഓടുകൂടി ക്ഷയരോഗനിവാരണം എന്ന ലക്ഷ്യത്തിലെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ എന്റെ ക്ഷയരോഗമുക്ത കേരളം പദ്ധതി നടപ്പാക്കി വരികയാണ്. ക്ഷയരോഗത്തിന്റെയും കൊവിഡിന്റെയും പ്രധാന ലക്ഷണങ്ങള്‍ ചുമയും പനിയും ആയതിനാല്‍ ക്ഷയരോഗം കണ്ടെത്തുന്നതില്‍ കാലതാമസം അനുഭവപ്പെടുന്നുണ്ട്. ക്ഷയരോഗ നിവാരണത്തോടൊപ്പം ക്ഷയരോഗ ബാധിതരോടുള്ള കാഴ്ചപ്പാടുകളും വിവേചനങ്ങളും ഇല്ലാതാകാന്‍ സമൂഹം ഒരുമിച്ചു നില്‍ക്കേണ്ടതുണ്ടെന്നാണ് മോഹന്‍ലാലിന്റെ പ്രതികരണം.