Movie prime

മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗം ‘ടോപ്പ് 10’ ല്‍

തിരുവനന്തപുരം: ഒരുവര്ഷം 3924 കൊറോണറി ആന്ജിയോപ്ലാസ്റ്റികള് വിജയകരമായി നടത്തിയ മെഡിക്കല് കോളേജിലെ കാര്ഡിയോളജി വിഭാഗത്തെ രാജ്യത്തെ ഏറ്റവും മികച്ച (ടോപ്പ് 10) പത്ത് കാര്ഡിയോളജി വിഭാഗങ്ങളില് ഒന്നായി തെരഞ്ഞെടുത്തു. ഏപ്രില് 4, 5 തീയതികളില് ലക്നൗവില് നടന്ന നാഷണല് ഇന്റര്വെന്ഷന് കൗണ്സില് മീറ്റിംഗിലാണ് തിരുവനന്തപുരം മെഡിക്കല് കോളേജിന് അഭിമാനകരമായ അംഗീകാരം ലഭിച്ചത്. 2018ല് നടന്ന കൊറോണറി ആന്ജിയോപ്ലാസ്റ്റികളില് 3924 എണ്ണം വിജയകരമായി പൂര്ത്തിയാക്കിയിരുന്നു. കൂടാതെ ഏറ്റവും നല്ലരീതിയില് ഡാറ്റാബേസ് കൈകാര്യം ചെയ്തതിനും പ്രത്യേകം അംഗീകാരം നേടി. 2018 More
 
മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗം ‘ടോപ്പ് 10’ ല്‍

തിരുവനന്തപുരം: ഒരുവര്‍ഷം 3924 കൊറോണറി ആന്‍ജിയോപ്ലാസ്റ്റികള്‍ വിജയകരമായി നടത്തിയ മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി വിഭാഗത്തെ രാജ്യത്തെ ഏറ്റവും മികച്ച (ടോപ്പ് 10) പത്ത് കാര്‍ഡിയോളജി വിഭാഗങ്ങളില്‍ ഒന്നായി തെരഞ്ഞെടുത്തു.

ഏപ്രില്‍ 4, 5 തീയതികളില്‍ ലക്നൗവില്‍ നടന്ന നാഷണല്‍ ഇന്‍റര്‍വെന്‍ഷന്‍ കൗണ്‍സില്‍ മീറ്റിംഗിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് അഭിമാനകരമായ അംഗീകാരം ലഭിച്ചത്. 2018ല്‍ നടന്ന കൊറോണറി ആന്‍ജിയോപ്ലാസ്റ്റികളില്‍ 3924 എണ്ണം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. കൂടാതെ ഏറ്റവും നല്ലരീതിയില്‍ ഡാറ്റാബേസ് കൈകാര്യം ചെയ്തതിനും പ്രത്യേകം അംഗീകാരം നേടി. 2018 അവസാനത്തോടുകൂടി പുതിയ ഒരു കാത്ത്ലാബ് കൂടി സ്ഥാപിച്ചിട്ടുണ്ട്. ഈവര്‍ഷം മുമ്പത്തേക്കാള്‍ കൂടുതല്‍ ആന്‍ജിയോപ്ലാസ്റ്റികള്‍ ചെയ്യാന്‍ കഴിയുമെന്ന് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ സുനിത വിശ്വനാഥന്‍ പറഞ്ഞു.

ഒരുമാസം 450 മുതല്‍ 600 കേസുകള്‍ വരെ ആന്‍ജിയോപ്ലാസ്റ്റികളാണ് നടന്നുവരുന്നത്. ഹാര്‍ട്ട് അറ്റാക്ക് ആന്‍ജിയോപ്ലാസ്റ്റി മാത്രം കഴിഞ്ഞവര്‍ഷം 1200ല്‍പ്പരം ഉണ്ടായിരുന്നു. ഏറ്റവും കുറഞ്ഞ നിരക്കില്‍ അന്താരാഷ്ട്ര ഗുണമേന്മയുള്ള മികച്ച ചികിത്സാ സൗകര്യമാണ് മെഡിക്കല്‍ കോളേജിലെ കാത്ത്ലാബുകളില്‍ ലഭിക്കുന്നത്.

സാധാരണക്കാരും പാവപ്പെട്ടവരുമായ ആയിരക്കണക്കിന് രോഗികള്‍ക്ക് ആശ്വാസമായ കാത്ത് ലാബ് 24 മണിക്കൂറും വിശ്രമമില്ലാതെയാണ് പ്രവര്‍ത്തിച്ചുവരുന്നത്. ആന്‍ജിയോപ്ലാസ്റ്റിക്കൊപ്പം പേസ്മേക്കര്‍ വച്ചുപിടിപ്പിക്കല്‍, ഹൃദയസുഷിരമടയ്ക്കല്‍, ഹൃദയപേശികളുടെ പ്രവര്‍ത്തനമാന്ദ്യം പരിഹരിക്കല്‍, കാര്‍ഡിയാക് അറസ്റ്റിനുള്ള ചികിത്സ എന്നിവയടക്കം ഇവിടെ നടന്നുവരുന്നു.

അതുകൊണ്ടുതന്നെ കാര്‍ഡിയോളജി വിഭാഗത്തില്‍ രോഗികളുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. 1997ല്‍ ആദ്യകാത്ത് ലാബ് സ്ഥാപിച്ചതുമുതല്‍ ഹൃദയസംബന്ധമായ അസുഖത്തിന് മെച്ചപ്പെട്ട ചികിത്സ മെഡിക്കല്‍ കോളേജിലും ലഭിച്ചുതുടങ്ങി. വന്‍കിട സ്വകാര്യ ആശുപത്രികളോടുപോലും കിടപിടിക്കുന്ന കാത്ത്ലാബുകളാണ് നിലവില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗത്തിനുള്ളത്.