Movie prime

വാക്സിനേഷൻ: പട്ടിക വിപുലീകരിച്ചാൽ മാത്രം മതിയോ, ലഭ്യത ഉറപ്പാക്കണ്ടേ?

 

സംസ്ഥാനത്ത് 18 വയസ് മുതല്‍ 45 വയസുവരെ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ മുന്‍ഗണനാ പട്ടിക വിപുലീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. 11 വിഭാഗങ്ങളെക്കൂടി ഉൾപ്പെടുത്തിയാണ് പട്ടിക വിപുലീകരിച്ചിരിക്കുന്നത്.  നേരത്തേയുള്ള 32 വിഭാഗങ്ങളും ഇപ്പോഴത്തെ 
11-ഉം ചേർത്താൽ മൊത്തം 43 വിഭാഗങ്ങൾ ഇതോടെ മുൻഗണന അർഹിക്കുന്നവരായി മാറിയിരിക്കുന്നു.

വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവരെക്കൂടി പുതിയ ലിസ്റ്റിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവര്‍ക്ക് പല രാജ്യങ്ങളും വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തര തീരുമാനം എടുത്തതെന്ന് മന്ത്രി പറയുന്നു. 32 വിഭാഗങ്ങളിലുള്ളവരെ കോവിഡ് മുന്നണി പോരാളികളായി പരിഗണിച്ച് 18 വയസ് മുതല്‍ 45 വയസുവരെ പ്രായമുള്ള മുന്‍ഗണനാ വിഭാഗത്തില്‍ നേരത്തെ തന്നെ ഉള്‍പ്പെടുത്തിയിരുന്നു. എങ്കിലും കൂടുതല്‍ വിഭാഗക്കാരെ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണം എന്ന ആവശ്യമുയരുന്നുണ്ട്. 

ഇതിന്റെയടിസ്ഥാനത്തില്‍ സംസ്ഥാനതല കമ്മിറ്റി യോഗം കൂടി നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് 11 വിഭാഗക്കാരെക്കൂടി ഉള്‍പ്പെടുത്തിയതെന്ന് മന്ത്രി പറയുന്നു. ഭക്ഷ്യ സിവില്‍ സപ്ലൈസ് വിഭാഗത്തിലെ ഫീല്‍ഡ് സ്റ്റാഫ്, എഫ്.സി.ഐ.യുടെ ഫീല്‍ഡ് സ്റ്റാഫ്, പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഫീല്‍ഡ് സ്റ്റാഫ്, സാമൂഹ്യനീതി വകുപ്പിലെ ഫീല്‍ഡ് സ്റ്റാഫ്, വനിത ശിശുവികസന വകുപ്പിലെ ഫീല്‍ഡ് സ്റ്റാഫ്, മൃഗസംരക്ഷണ വകുപ്പിലെ ഫീല്‍ഡ് സ്റ്റാഫ്, ഫിഷറീസ് വകുപ്പിലെ ഫീല്‍ഡ് സ്റ്റാഫ്, എസ്.എസ്.എല്‍.സി., എച്ച്.എസ്.സി., വി.എച്ച്.എസ്.എസി. തുടങ്ങിയ പരീക്ഷാ മൂല്യനിര്‍ണയ ക്യാമ്പില്‍ നിയമിച്ച അധ്യാപകര്‍,  പോര്‍ട്ട് സ്റ്റാഫ്, വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്ന വാക്‌സിനേഷന്‍ നിര്‍ബന്ധമുള്ളവര്‍, കടല്‍ യാത്രക്കാര്‍ എന്നീ 11 വിഭാഗങ്ങളിലുള്ളവരേയാണ്  മുന്‍ഗണനാ വിഭാഗത്തില്‍ പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ദിവസം ചെല്ലുന്തോറും കൂടുതൽ കൂടുതൽ വിഭാഗങ്ങൾ മുൻഗണനയിൽ വരണമെന്ന ആവശ്യമുന്നയിച്ച് രംഗത്തെത്തുന്നു. വ്യാപാര വ്യവസായ സ്ഥാപനങ്ങളിലെ ജീവനക്കാർ, സഹകരണ സംഘങ്ങളിൽ ജോലി ചെയ്യുന്നവർ, വർക്ക് ഷോപ് തൊഴിലാളികൾ,ബാർബർമാർ, ചെത്തു തൊഴിലാളികൾ, പത്രവിതരണക്കാർ തുടങ്ങി നിരവധി വിഭാഗങ്ങളാണ് ഇതേ ആവശ്യം ഉന്നയിച്ചിട്ടുള്ളത്. 

പൊതുജനങ്ങളുമായി കൂടുതൽ അടുത്തിടപഴകുന്ന ജോലിയിലുള്ളവർക്ക് വാക്സിനേഷൻ പ്രക്രിയയിൽ മുൻഗണന നല്കണം എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. എന്നാൽ നേരത്തേ പട്ടികയിൽ ഉൾപ്പെട്ടവരുടെ പോലും വാക്സിനേഷൻ നടന്നിട്ടില്ലാത്ത സാഹചര്യത്തിൽ കൂടുതൽ വിഭാഗങ്ങളെ ഉൾപ്പെടുത്തിയതുകൊണ്ടു മാത്രം എന്ത് പ്രയോജനമാണ് സിദ്ധിക്കുന്നത് എന്ന ചോദ്യമുയരുന്നു.

കേന്ദ്ര സർക്കാർ അതിൻ്റെ വാക്സിൻ നയത്തിൽ കാതലായ മാറ്റം വരുത്തിയതോടെ രാജ്യത്ത് വാക്സിനേഷൻ പ്രക്രിയ അതീവ മന്ദഗതിയിലാണ് നടക്കുന്നത്.ഇന്നലെ വരെയുള്ള കണക്കെടുത്താൽ ജനസംഖ്യയുടെ കേവലം 3 ശതമാനം പേരുടെ വാക്സിനേഷനാണ് ഇതുവരെ നടന്നിരിക്കുന്നത്. ഈ രീതിയിൽ മുന്നോട്ടു പോയാൽ 3 കൊല്ലം കഴിഞ്ഞാലും വാക്സിനേഷൻ പ്രക്രിയ പൂർത്തിയാവില്ല എന്ന വിലയിരുത്തലാണ് ആരോഗ്യ മേഖലയിലുള്ളവർ തന്നെ നടത്തുന്നത്. മാരകമായ പുതിയ വകഭേദങ്ങൾ പ്രത്യക്ഷപ്പെടുകയും ഒരു മൂന്നാം തരംഗ സാധ്യത പ്രവചിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ ഏറെ ആശങ്കയാണ് ഇതുമൂലം സൃഷ്ടിക്കപ്പെടുന്നത്.

ജനസംഖ്യയിൽ അറുപത് ശതമാനമെങ്കിലും പ്രതിരോധ കുത്തിവെപ്പ് എടുത്താലേ ഹെർഡ് ഇമ്മ്യൂണിറ്റി കൈവരൂ എന്നതാണ് ഇതു സംബന്ധിച്ച പഠനങ്ങൾ പറയുന്നത്. എന്തായാലും വാക്സിൻ ലഭ്യതയിലെ പോരായ്മകൾ നിമിത്തം ഒച്ചിഴയുന്ന വേഗത്തിലാണ് പ്രതിരോധ കുത്തിവെപ്പ് പ്രക്രിയയുടെ മുന്നോട്ട് പോക്ക്. പണം കൊടുത്ത് സ്വന്തം നിലയ്ക്ക് വാക്സിൻ സംഭരിക്കാനുള്ള സംസ്ഥാനങ്ങളുടെ ശ്രമങ്ങളും വേണ്ടത്ര വിജയം കാണുന്നില്ല. സംസ്ഥാനങ്ങൾക്ക് നേരിട്ട് വാക്സിൻ നൽകുന്നതിൽ വാക്സിൻ കമ്പനികൾ മടിച്ചു നില്ക്കുകയാണ്. സംസ്ഥാന സർക്കാരുകളുമായി കരാറിനില്ലെന്ന് ചില കമ്പനികൾ നിലപാടെടുത്തിട്ടുണ്ട്.

സ്വന്തം നിലയിൽ വാക്സിൻ സംഭരിക്കാനുള്ള സംസ്ഥാന സർക്കാരുകളുടെ നീക്കവും ഇതുമൂലം വലിയ തിരിച്ചടി നേരിടുകയാണ്. ഏതാനും ആഴ്ചകളായി
കോവിൻ പോർട്ടലിലെ രജിസ്ട്രേഷൻ പ്രക്രിയ പേരിന് മാത്രമാണ് നടക്കുന്നത്. ഭൂരിഭാഗം പേർക്കും അപ്പായ്ൻ്റ്മെൻ്റ് ഷെഡ്യൂൾ ചെയ്യാനുള്ള അവസരം ലഭിക്കുന്നില്ല. ബുക്ക്ഡ് എന്നും നോ അപ്പോയ്ൻ്റ്മെൻ്റ്സ് എവയ്ലബ്ൾ എന്നുമുള്ള സന്ദേശങ്ങളാണ് സൈറ്റിൽ കാണുന്നത്. വാക്സിൻ്റെ ലഭ്യതക്കുറവ് തന്നെയാണ് പ്രശ്നം. കാര്യങ്ങൾ ഇങ്ങിനെയായിരിക്കെ, കൂടുതൽ വിഭാഗങ്ങളെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയതുകൊണ്ട്  എന്ത് പ്രയോജനമാണ് ലഭിക്കുന്നത് എന്ന സംശയം ബാക്കിയാവുന്നു.