heart
in

ഹൃദയത്തിന് അതിമാരക സങ്കീര്‍ണ്ണതകള്‍ കൊറോണ വൈറസ്‌ കാരണം ഉണ്ടായേക്കാം

heart

ലോകം മുഴുവന്‍ കൊറോണ എന്ന മഹാമാരിയെ നേരിടാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് ആറു മാസം പിന്നിട്ടിരിക്കുന്നു. കോവിഡ്-19ന് മരുന്ന് കണ്ടുപിടിക്കാനും രോഗ വ്യാപനം തടുത്ത് നിര്‍ത്താനും ശാസ്ത്രലോകവും സര്‍ക്കാരുകളും കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഉടന്‍ തന്നെ ശാസ്ത്രലോകത്തിന് ഈ മഹാമാരിയെ തടയിടാന്‍ സാധിക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം. അതിനൊപ്പം തന്നെ നമ്മള്‍ ചിന്തിക്കേണ്ടതും ചര്‍ച്ച ചെയ്യേണ്ടതുമായ ഒരു വിഷയമാണ് ‘കോവിഡാനന്തര ശാരീരിക പ്രശ്നങ്ങള്‍’.heart

വൈറസ്‌ ബാധയേറ്റ് ചികിത്സയിലൂടെ രോഗമുക്തി നേടുന്നവര്‍ ഭാവിയില്‍ എന്തെല്ലാം ആരോഗ്യ പ്രശ്നങ്ങള്‍ നേരിടാം എന്നതിനെപ്പറ്റിയും നമ്മള്‍ ഗൌരവമായി ചിന്തിക്കണം. അതിനെക്കുറിച്ചുള്ള ഏതാനും ചില പഠനങ്ങള്‍ നടന്നു കഴിഞ്ഞു. അതിന്‍റെ വിശദാംശങ്ങള്‍ വായനക്കാരുടെ അറിവിലേക്കായി പങ്കുവെയ്ക്കാം.

നിരവധി പഠനങ്ങളില്‍ പ്രധാനമായും പറയുന്നത് കൊറോണ വൈറസ്‌ ഹൃദയത്തിന് മാരകമായ ആഘാതങ്ങള്‍ സൃഷ്ടിച്ചേക്കാം എന്നതാണ്. പ്രധാനമയും ശ്വാസകോശത്തെ നേരിട്ട് ബാധിക്കുന്നു എന്നതാണ് കൊറോണ വൈറസിനെക്കുറിച്ചു ആദ്യഘട്ടത്തില്‍ ശാസ്ത്രലോകത്തിന് ഉണ്ടായിരുന്ന അറിവ്. എന്നാല്‍ വൈറസ് ഹൃദയ കോശങ്ങളെയും നേരിട്ട് ബാധിച്ചേക്കാമെന്ന പഠനവും അടുത്തിടെ വന്നിരുന്നു. കൂടാതെ നമ്മുടെ ദഹനപ്രക്രിയയെ സാരമായി ബാധിക്കാനും വൈറസിന് കഴിയുമെന്ന പഠനവും ആശങ്കയോടെ നോക്കി കാണേണ്ട ഒന്നാണ്.

 

പുതിയ ഗവേഷണ പ്രകാരം ആശുപത്രിയിൽ പ്രവേശിപ്പിച്ച കൊറോണ രോഗികളില്‍ നടത്തിയ സ്കാനിങ്ങില്‍ പകുതിയിലധികം രോഗികളുടെ ഹൃദയത്തില്‍ അസാധാരണമായ മാറ്റമാണ് കാണുന്നത്. ഹൃദയമെന്ന അതിസുപ്രധാന അവയവത്തില്‍ കൊറോണ വൈറസ് വിനാശകരമായ പ്രത്യാഘാതമുണ്ടാക്കുമെന്നുള്ള സൂചനയാണിത്. ബ്രിട്ടീഷ്‌ ഹാര്‍ട്ട് ഫൌണ്ടേഷന്‍റെ(ബിഎച്ച്എഫ്) നേതൃത്വത്തില്‍ 69 രാജ്യങ്ങളിലായി 1,261 രോഗികളില്‍ നടത്തിയ പഠനങ്ങളില്‍ 55 ശതമാനത്തോളം പേരിലും ഹൃദയം രക്തം പമ്പ് ചെയ്യുന്ന രീതിയില്‍ അസ്വഭാവികമായ മാറ്റം ഉള്ളതായി കണ്ടെത്തുകയും കൂടാതെ ഏഴ് പേരില്‍ ഒരാളുടെ ഹൃദയത്തിന് വൈറസ്‌ മൂലം കാര്യമായ തകരാര്‍ സംഭവിക്കുന്നതായും പഠനത്തില്‍ വ്യക്തമായി.

ഇതില്‍ ഏറ്റവും ഭയപ്പെടുത്തുന്ന വസ്തുത എന്തെന്നാല്‍ പഠനത്തില്‍ ഭാഗമായ 901 രോഗികള്‍ക്കും ഹൃദയസംബന്ധമായ ഒരു പ്രശ്നവും മുന്‍പുണ്ടായിരുന്നില്ല എന്നതാണ്. ഇവരില്‍ നടത്തിയ സ്കാനില്‍ 46 ശതമാനം പേരിലും ഹൃദയത്തിന്‍റെ പ്രവര്‍ത്തനം അപകടാവസ്ഥയിലാണ്. അതില്‍ 13 ശതമാനം പേരിലും വൈറസ് ബാധ അതിരൂക്ഷമായിരുന്നു. 3 ശതമാനത്തോളം രോഗികളില്‍ അടുത്തിടെ ഹൃദയാഘാതമുണ്ടായതയും കാണുന്നു.

ഈ അസ്വഭാവികതകള്‍ ഹൃദയത്തിന്റെ ഇടത്, വലത് അറകൾക്കിടയിൽ ഏതാണ്ട് തുല്യമായി വിഭജിക്കപ്പെട്ടിട്ടുണ്ടെന്നാണ് യൂറോപ്യന്‍ ഹാര്‍ട്ട് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. ഈ സ്കാനുകളുടെ ഫലമായി ഇവരുടെ നിലവിലെ ചികിത്സ രീതികളില്‍ മാറ്റം വരുത്താനും ഹൃദ്രോഗത്തിന് അടക്കമുള്ള മരുന്നുകള്‍ ഉള്‍പ്പെടുത്താനും കഴിഞ്ഞതായി ജേര്‍ണലില്‍ പറയുന്നു.

രോഗികളുമായി അടുത്തിടപഴകേണ്ടി വരുമെന്നതിനാല്‍ കോവിഡ് രോഗികൾക്ക് എക്കോകാർഡിയോഗ്രാം ചെയ്യാൻ പല ഡോക്ടർമാരും മടിക്കുന്നു. ഒരു പക്ഷെ അത് ചെയ്യാന്‍ സാധിച്ചു പഠനം നടത്തിയാല്‍ കൂടുതല്‍ പേരെ രക്ഷിക്കാന്‍ കഴിഞ്ഞേക്കും. അടുത്തിടെ മുംബൈയിലെ പല ആശുപത്രികളില്‍ നിന്നും രോഗം ഭേദമായി പോയ പലരിലും ദഹനക്കേട്‌, ആസിഡിറ്റി, വയറിളക്കം, അതീവ ക്ഷീണം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും കണ്ടു വരുന്നതായും റിപ്പോര്‍ട്ട്‌ ഉണ്ട്.

രോഗം തടഞ്ഞു നിര്‍ത്തി സാധാരണ രീതിയിലേക്ക് വരുന്നതിനൊപ്പം ഭാവിയെക്കൂടി മുന്‍പില്‍ കണ്ടു കൊണ്ടുള്ള ചികിത്സാരീതി അവലംബിക്കണം. എങ്കില്‍ മാത്രമേ നമ്മള്‍ പൂര്‍ണമായും കോവിഡ് മുക്തമായി എന്ന് പറയാന്‍ കഴിയൂ.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

സ്പീഹോ: കൈപിടിച്ചുയര്‍ത്താന്‍ സ്പെഷ്യല്‍ ഹോം കെയര്‍

Arogya setu

ലോകത്ത് എറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പട്ട കോവിഡ് ട്രേസിങ്ങ് ആപ്പെന്ന റെക്കോര്‍ഡ്‌ ‘ആരോഗ്യ സേതു’വിന്