dr asad on LDF
in ,

ഹൈക്കോടതി വിധി: അടിയേറ്റത് സര്‍ക്കാരിനും ഇടതുപക്ഷ മുന്നണിക്കുമെന്ന് ഡോ. ആസാദ്

പ്രകൃതിദത്ത കാട്ടരുവികളില്‍ തടയണ കെട്ടിയ(1957-ലെ ഖനി-ധാതു സംരക്ഷണ നിയമവും 2003-ലെ ജലവിഭവ സംരക്ഷണ നിയമവും നഗ്നമായി ലംഘിച്ച) ഒരാളെ എം എല്‍ എയാക്കുക മാത്രമല്ല, സംസ്ഥാന നിയമസഭയുടെ പരിസ്ഥിതി കമ്മറ്റിയിലേക്കു നിയോഗിക്കുകകൂടി ചെയ്തു ഇടതുപക്ഷം. ഡി എഫ് ഒയും റവന്യു ഉദ്യോഗസ്ഥരും നല്‍കിയ റിപ്പോര്‍ട്ടുകളും ജില്ലാ കലക്ടറും  കോടതിയും പുറപ്പെടുവിച്ച ഉത്തരവുകളും അട്ടിമറിക്കാന്‍ അന്‍വറിനു കൂട്ടുനില്‍ക്കുകയും ചെയ്തു അവര്‍. അതിനാല്‍ കോടതിവിധി സര്‍ക്കാറിന്റെയും ഇടതുപക്ഷ മുന്നണിയുടെയും മുഖത്തേറ്റ അടിയാണ്.

ഫേസ്ബുക്കിലൂടെയാണ് ഡോ. ആസാദിൻ്റെ പ്രതികരണം.

പോസ്റ്റ് പൂർണ രൂപത്തിൽ താഴെ.

…………..

ചീങ്കണ്ണിപ്പാലിയില്‍ പി വി അന്‍വര്‍ എം എല്‍ എ നിര്‍മ്മിച്ച അനധികൃത തടയണ പൊളിച്ചു മാറ്റാനുള്ള ജില്ലാ കലക്ടറുടെ തീരുമാനം ശരിവെച്ച് ഹൈക്കോടതി ഉത്തരവു വന്നു. ഇനി എന്താണു നടക്കുക എന്നു നമുക്കു വരും ദിവസങ്ങളില്‍ കാണാം.

കക്കാടംപൊയില്‍ ഭാഗത്തെ അനധികൃത കയ്യേറ്റങ്ങളും നിര്‍മ്മാണങ്ങളും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുമെന്നും കവളപ്പാറയില്‍ സംഭവിച്ചതുപോലെയുള്ള പ്രകൃതിക്ഷോഭങ്ങള്‍ക്ക് ഇടയാക്കുമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. സാംസ്കാരിക പ്രവര്‍ത്തകര്‍ കക്കാടം പൊയിലിലേക്ക് എം എന്‍ കാരശ്ശേരിയുടെ നേതൃത്വത്തില്‍ അന്വേഷണ യാത്ര പോയിരുന്നു. ആ യാത്ര കയ്യേറ്റ മാഫിയയുടെ ഗുണ്ടകള്‍ തടഞ്ഞത് കേരളം കണ്ടു. ഇതൊക്കെ സംഭവിക്കുമ്പോള്‍ കേരളത്തിലെ സര്‍ക്കാറിന് ഒരു കുലുക്കവുമുണ്ടായില്ല.

പ്രകൃതിദത്ത കാട്ടരുവികളില്‍ തടയണ കെട്ടിയ (1957ലെ ഖനി – ധാതു സംരക്ഷണ നിയമവും 2003ലെ ജലവിഭവ സംരക്ഷണ നിയമവും നഗ്നമായി ലംഘിച്ച) ഒരാളെ എം എല്‍ എയാക്കുക മാത്രമല്ല, സംസ്ഥാന നിയമസഭയുടെ പരിസ്ഥിതി കമ്മറ്റിയിലേക്കു നിയോഗിക്കുകകൂടി ചെയ്തു ഇടതുപക്ഷം. ഡി എഫ് ഒയും റവന്യു ഉദ്യോഗസ്ഥരും നല്‍കിയ റിപ്പോര്‍ട്ടുകളും ജില്ലാ കലക്ടറും  കോടതിയും പുറപ്പെടുവിച്ച ഉത്തരവുകളും അട്ടിമറിക്കാന്‍ അന്‍വറിനു കൂട്ടുനില്‍ക്കുകയും ചെയ്തു അവര്‍. അതിനാല്‍ കോടതിവിധി സര്‍ക്കാറിന്റെയും ഇടതുപക്ഷ മുന്നണിയുടെയും മുഖത്തേറ്റ അടിയാണ്.

2015ല്‍ പി വി അന്‍വറാണ് മലയിടിച്ച് തടയണ നിര്‍മ്മിച്ചത്. 2015 സെപ്തംബര്‍ 7ന് അതു പൊളിച്ചു മാറ്റാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. എന്നാല്‍ ഒന്നും സംഭവിച്ചില്ല. ഉദ്യോഗസ്ഥര്‍ കണ്ണടച്ചു. പിന്നീട് 2017ല്‍ കലക്ടറുടെ ഉത്തരവു നടപ്പാവാത്തതു സംബന്ധിച്ച് എം പി വിനോദ് നല്‍കിയ പരാതിയിലാണ് ചലനമുണ്ടാവുന്നത്. 2017 ഡിസംബറില്‍ അന്നത്തെ ജില്ലാ കലക്ടര്‍ അമിത് മീണ പതിനാലു ദിവസത്തിനകം സ്വന്തം ചെലവില്‍ തടയണ പൊളിക്കണമെന്ന് ഉത്തരവിട്ടു.

അപ്പോഴേക്കും അന്‍വര്‍ സ്ഥലം ഭാര്യാപിതാവ് അബ്ദുള്‍ ലത്തീഫിന്റെ പേരിലേക്കു മാറ്റിയിരുന്നു. താന്‍ നടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഭാരം തന്നില്‍നിന്ന് ഒഴിഞ്ഞതായി നടിക്കാനുള്ള കൗശലമായിരുന്നു അത്. അബ്ദുള്‍ ലത്തിഫ് കലക്ടറുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. തടയണ പൊളിക്കുന്നതിന് സിംഗിള്‍ബഞ്ച് താല്‍ക്കാലിക സ്റ്റേ അനുവദിച്ചു. ഇപ്പോള്‍ ആ അപേക്ഷ തള്ളിക്കൊണ്ടാണ് ഡിവിഷന്‍ബെഞ്ച് വിധി വന്നിട്ടുള്ളത്. സ്വന്തം ചെലവില്‍ തടയണ പൊളിച്ചു മാറ്റണമെന്ന കലക്ടറുടെ ഉത്തരവ് നടപ്പാക്കേണ്ടിവരും.

ഇതു സംബന്ധിച്ച ഏഷ്യാനെറ്റ് വാര്‍ത്തയുടെ ലിങ്ക് കമന്റില്‍ പോസ്റ്റുചെയ്യുന്നുണ്ട്. കഴിഞ്ഞ രണ്ടര വര്‍ഷക്കാലത്തിനിടയില്‍ കോടതി പലതവണ ഇടപെട്ടതിന്റെ വിവരം അതിലുണ്ട്. സമുദ്രനിരപ്പില്‍നിന്നും 2600ല്‍ അധികം അടി ഉയരത്തില്‍ മലയിടിച്ചു നിര്‍മ്മിച്ച തടയണ ജനങ്ങള്‍ക്കു ഭീഷണിയായതിനെ തുടര്‍ന്ന് കെട്ടിനിര്‍ത്തിയ വെള്ളം പൂര്‍ണമായും തുറന്നുവിടാന്‍ കോടതി നിര്‍ദ്ദേശിച്ചു. 2018 ജൂലായ് പത്തിനായിരുന്നു അത്. എന്നാല്‍ മാസങ്ങളായിട്ടും ആ വിധി നടപ്പാക്കാത്തതിനെ തുടര്‍ന്ന് ഹൈക്കോടതിയില്‍ പരാതിയെത്തി. 2019 ഏപ്രില്‍ 10ന് വീണ്ടും വിധിയുണ്ടായി. എന്നിട്ടും തടയണ പൊളിച്ചു വെള്ളം പൂര്‍ണമായി ഒഴുക്കി വിടുകയുണ്ടായില്ല.

ആ ഉത്തരവിനും കടലാസിന്റെ വിലപോലും കല്‍പ്പിച്ചില്ല. വീണ്ടും ജൂണ്‍ 14ന് ഹൈക്കോടതി ഇടപെട്ടു. പതിനഞ്ചു ദിവസത്തിനകം തടയണ പൊളിച്ചു മാറ്റാന്‍ ജില്ലാ കലക്ടര്‍ക്കു നിര്‍ദ്ദേശം നല്‍കി. കലക്ടര്‍ ജൂണ്‍ 21ന് പൊളിക്കല്‍ തുടങ്ങിയെങ്കിലും രണ്ടാഴ്ച്ച പണിപ്പെട്ട് പൂര്‍ണമാകാതെ നിര്‍ത്തി. തടയണ പൂര്‍ണമായും പൊളിച്ചില്ലെന്നും തടയണ നിര്‍മ്മിച്ചവരോടു പൊളിക്കല്‍ചെലവു തുക വാങ്ങിയില്ലെന്നും കോടതിയില്‍ പരാതിയെത്തി. തുടര്‍ന്നു കോടതി കലക്ടറുടെ വിശദമായ റിപ്പോര്‍ട്ടു തേടി. പരാതിക്കാരനായ വിനോദും സത്യവാങ്മൂലം സമര്‍പ്പിച്ചു.

ഇത്രയും തുടര്‍ച്ചയായ നിയമ നിഷേധങ്ങളുടെയും കോടതിവിധി നിരാകരണങ്ങളുടെയും കഥ മറ്റൊരിടത്തും കണ്ടു കാണില്ല. കയ്യേറ്റക്കാരനായ ഒരു വ്യക്തിക്ക് നമ്മുടെ അധികാരകേന്ദ്രങ്ങളെ കൈവെള്ളയില്‍ അമ്മാനമാടാന്‍ കഴിയുന്നു! ജനാധിപത്യ മൂല്യങ്ങളെയും പരിസ്ഥിതി സൗഹൃദത്തെയും കുറിച്ചു പുലമ്പുന്ന ഭരണ രാഷ്ട്രീയത്തിന്റെ പൊള്ളത്തരം പ്രകടമാക്കുന്ന നാമരൂപകമാണ് പി വി അന്‍വര്‍. താല്‍ക്കാലിക ലാഭങ്ങള്‍ക്ക് ഒരു ജനതയെ ഒറ്റുകൊടുത്ത രാഷ്ട്രീയ ഉദ്യോഗസ്ഥ സഖ്യത്തിന്റെ ഹീനമുഖമാണ് ചീങ്കണ്ണിപ്പാലിയിലേത്. പരാതിക്കാരനായ എം പി വിനോദിനെ അക്രമിക്കാന്‍ ഗുണ്ടകളെ വിട്ടതും കാരശ്ശേരിമാഷുടെ നേതൃത്വത്തിലെത്തിയ വസ്തുതാന്വേഷണ സംഘത്തെ തടഞ്ഞതും മാഫിയാ സംഘത്തിന്റെ ശക്തിയും സ്വാധീനവും വെളിപ്പെടുത്തുന്നുണ്ട്.

ചീങ്കണ്ണിപ്പാലി കക്കാടംപൊയില്‍ മലകളില്‍ വേരുകളാഴ്ത്തി വളരുന്ന വിഷവൃക്ഷങ്ങളെ കണ്ടില്ലെന്ന് നടിക്കാന്‍ ഇനിയും ശ്രമിക്കുകയാണെങ്കില്‍ ഇടതുപക്ഷ സര്‍ക്കാറിന് വലിയ വില നല്‍കേണ്ടി വരും.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

Big Boss

ബിഗ്‌ ബോസ് ഉടൻ  വരുന്നു 

മെഷിൻ ലേണിങ്ങിൻ്റെ പ്രയോഗ സാധ്യതകൾ