Movie prime

ഹിന്ദി, ഹിന്ദു, ഹിന്ദുരാഷ്ട്രം

അമിത് ഷായുടെ ‘ഒരു രാജ്യം – ഒരു ഭാഷ’ ട്വീറ്റ് വ്യാപകമായ വിമർശനങ്ങൾക്ക് വഴിവെച്ചു. അതിനു പിന്നിലെ രാഷ്ട്രീയമായ ഉദ്ദേശ്യലക്ഷ്യങ്ങൾ ചർച്ചചെയ്യപ്പെട്ടു. സാമ്പത്തിക മാന്ദ്യത്തിനു മറയിടാനോ അത് വേണ്ടത്ര ചർച്ചചെയ്യപ്പെടാതിരിക്കാനോ ഉള്ള ആസൂത്രിത നീക്കമായിരുന്നു ഷായുടെ സൃഗാലബുദ്ധിയിൽ ഉരുത്തിരിഞ്ഞതെന്ന് തിരിച്ചറിഞ്ഞിട്ടും ചർച്ചകളെല്ലാം അതിൽത്തന്നെ കേന്ദ്രീകരിച്ചു. ഭാഷാവിവാദം ചൂടുപിടിച്ചു. തമിഴനും തെലുഗനും മലയാളിയും എതിർപ്പിന്റെ ഭിന്നസ്വരങ്ങളായി. ഫെഡറലിസം നിലനിൽക്കുന്ന, ഒട്ടേറെ ഭാഷകളും നൂറുകണക്കിന് ഉപഭാഷകളും കൊണ്ട് വൈവിധ്യപൂർണമായ ഒരു രാജ്യത്തെ എല്ലാ ഭാഷകൾക്കും തുല്യനിലയും പദവിയുമാണുള്ളതെന്നും ഹിന്ദി രാഷ്ട്രഭാഷയല്ലെന്നും ആശയവിനിമയത്തിനായി രാജ്യത്തെ ജനങ്ങൾ സംസാരിക്കുന്ന അനവധി ഭാഷകളിൽ ഒന്നുമാത്രമാണെന്നും വ്യത്യസ്ത ഭാഷകളിൽ അന്തരീക്ഷം ശബ്ദമുഖരിതമായി. ഈ വിഷയത്തോട് പ്രതികരിച്ചുകൊണ്ട് സാമൂഹ്യ നിരീക്ഷകനും എഴുത്തുകാരനുമായ ടി ആർ More
 
ഹിന്ദി, ഹിന്ദു, ഹിന്ദുരാഷ്ട്രം

അമിത് ഷായുടെ ‘ഒരു രാജ്യം – ഒരു ഭാഷ’ ട്വീറ്റ് വ്യാപകമായ വിമർശനങ്ങൾക്ക് വഴിവെച്ചു. അതിനു പിന്നിലെ രാഷ്ട്രീയമായ ഉദ്ദേശ്യലക്ഷ്യങ്ങൾ ചർച്ചചെയ്യപ്പെട്ടു. സാമ്പത്തിക മാന്ദ്യത്തിനു മറയിടാനോ അത് വേണ്ടത്ര ചർച്ചചെയ്യപ്പെടാതിരിക്കാനോ ഉള്ള ആസൂത്രിത നീക്കമായിരുന്നു ഷായുടെ സൃഗാലബുദ്ധിയിൽ ഉരുത്തിരിഞ്ഞതെന്ന് തിരിച്ചറിഞ്ഞിട്ടും ചർച്ചകളെല്ലാം അതിൽത്തന്നെ കേന്ദ്രീകരിച്ചു. ഭാഷാവിവാദം ചൂടുപിടിച്ചു. തമിഴനും തെലുഗനും മലയാളിയും എതിർപ്പിന്റെ ഭിന്നസ്വരങ്ങളായി. ഫെഡറലിസം നിലനിൽക്കുന്ന, ഒട്ടേറെ ഭാഷകളും നൂറുകണക്കിന് ഉപഭാഷകളും കൊണ്ട് വൈവിധ്യപൂർണമായ ഒരു രാജ്യത്തെ എല്ലാ ഭാഷകൾക്കും തുല്യനിലയും പദവിയുമാണുള്ളതെന്നും ഹിന്ദി രാഷ്ട്രഭാഷയല്ലെന്നും ആശയവിനിമയത്തിനായി രാജ്യത്തെ ജനങ്ങൾ സംസാരിക്കുന്ന അനവധി ഭാഷകളിൽ ഒന്നുമാത്രമാണെന്നും വ്യത്യസ്ത ഭാഷകളിൽ അന്തരീക്ഷം ശബ്ദമുഖരിതമായി. ഈ വിഷയത്തോട് പ്രതികരിച്ചുകൊണ്ട് സാമൂഹ്യ നിരീക്ഷകനും എഴുത്തുകാരനുമായ ടി ആർ രമേഷ് ഫേസ് ബുക്കിൽ എഴുതിയത്:

ഇന്ത്യയിൽ നിലനിൽക്കുന്ന പ്രാദേശിക ഭാഷകളേയും അവയുടെ അതിസമ്പന്നമായ പൈതൃകത്തേയും ഇല്ലായ്മ ചെയ്യാനുള്ള നീക്കമാണ് അമിത്ഷായുടെ പ്രഖ്യാപനത്തിലൂടെ പുറത്ത് വരുന്നത്. പ്രാദേശിക ഭാഷകളെ അപ്രസക്തമാക്കിക്കൊണ്ട്, മധ്യേന്ത്യയിലെ ഹൈന്ദവ ന്യൂനപക്ഷം വികസിപ്പിച്ചെടുത്ത ഹിന്ദിയെ അടിച്ചേൽപ്പിക്കാനുള്ള പ്രസ്തുത നീക്കത്തെ ചെറുക്കാൻ ഭാഷാവൈവിധ്യങ്ങൾ മറന്ന് എല്ലാ ഭാഷാസ്നേഹികളും രംഗത്ത് വരേണ്ട സന്ദർഭമാണിത്. സംഘപരിവാർ ശക്തികളുടെ ഈ നീക്കത്തിന് പിന്നിൽ ബ്രാഹ്മണ ഏകാധിപത്യ പ്രത്യയശാസ്ത്രമാണ് പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ വൻകിട മുതാളിത്ത ശക്തികൾക്ക് വേണ്ടി ഒരു പൊതുവിപണി സൃഷ്ടിച്ചെടുക്കുകയും മൂലധനമേഖല വ്യാപിപ്പിക്കുകയും ചെയ്യുക എന്ന സാമ്പത്തിക ലക്ഷ്യവും ഇതിൽ ഒളിഞ്ഞിരിക്കുന്നുണ്ട്.

ഭാഷാ വ്യത്യാസങ്ങൾ കേവലം ഭൂമിശാസ്ത്രപരമോ, പ്രാദേശികമോ ആയ ഒന്നല്ല എന്നത് കൂടി ഈ പശ്ചാത്തലത്തിൽ ഓർത്തിരിക്കേണ്ടതുണ്ട്, അങ്ങിനെയുള്ള വാദഗതികൾ നിലനിൽക്കുന്നുണ്ടെങ്കിലും. വാസ്തവത്തിൽ അമിത്ഷായുടെ ഈ നീക്കത്തിന് പിന്നിൽ വർഗ, വർണ-ജാതി മേധാവിത്വ താൽപ്പര്യങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഭാഷ വർഗപരമോ, വർണ-ജാതിപരമോ ആയ വിശകലനങ്ങൾക്ക് അതീതമായ ഒന്നല്ലെന്ന് തെളിയുന്നുണ്ട്.

ഇന്ത്യയെപ്പോലെ ബഹുഭാഷാധിഷ്ഠിതമായ ഒരു രാജ്യത്ത് കേവലം 26 ശതമാനത്തിൽ താഴെ ആളുകൾ മാത്രമാണ് ഹിന്ദി സംസാരിക്കുന്നത്. കേവലം 5 ശതമാനം വരുന്ന ബ്രാഹ്മണർക്കിടയിൽ ഉപയോഗിക്കുന്ന സംസ്കൃതം ഹിന്ദിയിൽ ഉൾച്ചേർത്തുകൊണ്ടും ഉറുദു, പേർഷ്യൻ, മൈഥിലി, രാജസ്ഥാനി, ഭോജ്പൂരി, ചത്തിസ്ഖഡി, ബുജി, റോസൽ ഖണ്ഡി, ഔദ് തുടങ്ങി ഭാഷകളുടെ ഹിന്ദി സ്വാധീനത്തെ നിഷേധിച്ചുകൊണ്ടും രൂപപ്പെടുത്തിയ ഹിന്ദി ഭാഷ മഹാഭൂരിപക്ഷത്തിന് മേൽ അടിച്ചേൽപ്പിക്കുക എന്നത് ഫാസിസ്റ്റ് നടപടിയാണ്. മറ്റു ഭാഷകളെ അവഗണിച്ച് ഹിന്ദിയെ രാഷ്ട്രഭാഷയായി അടിച്ചേൽപ്പിക്കുന്നതിലൂടെ ഹൈന്ദമേധാവിത്വ ശക്തികളുടെ സിംഹാസനം പ്രബലമായി ഉറപ്പിക്കപ്പെടുകയാണ്.

ഹിന്ദി, ഹിന്ദു, ഹിന്ദുരാഷ്ട്രംഹിന്ദിയെ ഔദ്യോഗിക ഭാഷയാക്കുക എന്നത് മധ്യേന്ത്യയിലെ സവർണ ഭൂപ്രഭുവർഗത്തിന്റേയും അധികാരം നഷ്ടമായ ഹൈന്ദവ നാടുവാഴി വിഭാഗങ്ങളുടേയും ഉദ്യോഗസ്ഥമേധാവികളുടേയുമൊക്കെ സ്വപ്നമായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ രൂപപ്പെട്ടുവന്ന ഹൈന്ദവ പുനരുത്ഥാനവുമായി ബന്ധപ്പെട്ടാണ് ഇത്തരം പ്രവണതകൾ ശക്തിപ്പെട്ടത്. ഇന്ത്യയിലെ ഒന്നാം സ്വാതന്ത്ര്യസമരത്തേയും ഹിന്ദു മുസ്ലിം ഐക്യത്തേയും ഭയപ്പെട്ട ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തികളാണ് ഹിന്ദു – മുസ്ളീം

സംഘർഷത്തിനും ഉറുദു – ഹിന്ദി ഭാഷ ഭിന്നതയ്ക്കും വഴിമരുന്നിട്ടത്. അതിനവർ പുരാതന ആര്യൻ സംസ്കാരത്തെക്കുറിച്ചും സംസ്കൃത കൃതികളെക്കുറിച്ചുമൊക്കെ പഠനം നടത്താൻ തൽപ്പരകക്ഷികളെ നിയോഗിച്ചു. അതിലൂടെ കാൽപ്പനികമായ ഒരു ഇന്ത്യൻ സങ്കൽപം സൃഷ്ടിച്ചെടുക്കുകയും ചെയ്തു. ഇന്ത്യയുടെ സുവർണ കാലഘട്ടത്തെക്കുറിച്ചുള്ള ഒരു മിത്ത് അവർ നിർമ്മിച്ചെടുത്തു. രാജ്യത്തെ വരേണ്യജാതികൾ വ്യാജമായ ഈ കണ്ടെത്തലിൽ അഭിമാനം കൊള്ളുകയും ചെയ്തു.

ബ്രിട്ടീഷ് ഭരണകൂടം ഏർപ്പെടുത്തിയ ജെയിംസ്മിൽ ആവിഷ്ക്കരിച്ച കാലഘട്ട വിഭജന സിദ്ധാന്തമാണ് ബ്രാഹ്മണ ദേശീയ വാദികൾക്ക് കൈത്താങ്ങായത് .ഇന്ത്യയുടെ പ്രാചീന കാലഘട്ടത്തെ ഹൈന്ദവ കാലഘട്ടമെന്നും അഥവ സുവർണ കാലഘട്ടമെന്നും മുസ്ളിം കാലഘട്ടത്തെ ഇരുണ്ട കാലഘട്ടമെന്നും തുടർന്നുള്ളതിനെ ബ്രിട്ടീഷ് കാലഘട്ടമെന്നും മൂന്നായി തിരിച്ചു. ഈ രീതിയിലുള്ള മതാധിഷ്ഠിത വിഭജനമാണ് ഇന്ത്യയെ വിഭജനത്തിലേക്കെത്തിച്ചതും .

മുസ്ളിം കാലഘട്ടം എന്നത് ഒരിരുണ്ട കാലഘട്ടമെന്നാണ് അവർ വിശേഷിപ്പിച്ചത്. ഇതാകട്ടെ അങ്ങേയറ്റം സത്യവിരുദ്ധമായിരുന്നു. കാരണം അക്കാലത്താണല്ലോ ബ്രാഹ്മണാധിപത്യത്തിനെതിരെ ഭക്തി പ്രസ്ഥാനങ്ങൾ ഉയർന്നുവന്നത്. കലാ- സാംസ്കാരിക രംഗത്തും ശാസ്ത്ര സാങ്കേതിക രംഗത്തും പുതുവികാസങ്ങൾ ഉണ്ടായതും അക്കാലത്തായിരുന്നു. ഹിന്ദുസ്ഥാനി സംഗീതം, കർണാടിക് സംഗീതം ഇവയൊക്കെ ഈ കാലഘട്ടത്തിന്റെ സംഭാവനയായിരുന്നു. ഹിന്ദി, മറാട്ടി, കന്നട തുടങ്ങി എത്രയോ ഭാഷകൾ ഈ കാലഘട്ടത്തിലാണ് വികസിച്ചുവന്നത്. സൂഫി പ്രസ്ഥാനത്തേയും സമ്മാനിച്ചത് ഇതേ കാലഘട്ടമാണ്. കബീർ, രാമനുജൻ, തുളസീദാസ് , രാമാനന്ദ, നാനാക്ക് എന്നീ ഭക്തിപ്രസ്ഥാന നായകരും ഈ കാലത്തിന്റെ സൃഷ്ടിയായിരുന്നു. ഈ യാഥാർത്ഥ്യങ്ങളെയാണ് ഹൈന്ദവ വാദികൾ മറച്ച് വെക്കാൻ ശ്രമിക്കുന്നത്. അതേസമയം മുസ്ളിം ഭരണാധികാരികൾ ഒരിക്കലും ജാതി വ്യവസ്ഥ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നില്ല. അതിനെ പിന്തുണക്കുകയുമുണ്ടായില്ല. അതു കൊണ്ടു തന്നെ ആ കാലഘട്ടത്തിൽ വർണ- ജാതി വ്യവസ്ഥക്ക് പോറലുകൾ ഏൽക്കുകയുണ്ടായി. ഇതാണ് ബ്രാഹ്മണ മേധാവിത്വത്തിനെതിരെ മേൽപ്പറഞ്ഞ പ്രസ്ഥാനങ്ങൾ ഉയർന്ന് വന്നതിന് അടിസ്ഥാനമായത്. ഹൈന്ദവ വാദികൾ പറയുന്ന സുവർണ കാലഘട്ടം 85 ശതമാനം വരുന്ന ജനതയും ക്രൂരമായ വർണ- ജാതി വ്യവസ്ഥയാൽ അസ്പൃശ്യരായി, എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ട് മൃഗ തുല്യം ജീവിച്ച കാലത്തേയാണ്.

ഭാഷകളെ ഹിന്ദു – മുസ്ലിം മതങ്ങളുമായി ബന്ധപ്പെടുത്തുക വഴി ഹിന്ദിയും ഉറുദുവും തമ്മിലുള്ള അന്തരം ഉടലെടുത്തു. ഉറുദു പഠിക്കണമെങ്കിൽ അറബി അക്ഷരമാല പഠിക്കണമായിരുന്നു. പദാവലി, വ്യാകരണം എന്നിവ ഹിന്ദിയുമായി വേർതിരിവ് ഉണ്ടെങ്കിലും അത് അത്രമേൽ ആഴത്തിലുള്ളതായിരുന്നില്ല. ഹിന്ദിയിൽ നിന്ന് ഉറുദു സ്വാധീനം ഇല്ലാതാക്കുകയും സംസ്കൃത സ്വാധീനം വർദ്ധിപ്പിക്കുകയും ചെയ്തതിനാൽ ഹിന്ദി – ഉറുദു വിഭജനം കൂടുതൽ ആഴത്തിലുള്ളതായി. അങ്ങിനെ ഹിന്ദിയും ഉറുദുവും മതപരമായ ഭിന്നതയുടെ പ്രതീകങ്ങളായി മാറി. ഉറുദു ഭാഷയെ മുസ്ളിം അസ്തിത്വം ഉറപ്പിക്കാനുള്ള ഒന്നായിട്ടാണ് വരേണ്യ ഹിന്ദു വിഭാഗം നോക്കി കണ്ടത്. മുസ്ളിം വരേണ്യവർഗം തിരിച്ചും.

ഹിന്ദി, ഹിന്ദു, ഹിന്ദുരാഷ്ട്രം
മഹാവീർ പ്രസാദ് ദ്വിവേദി

ഹിന്ദിക്ക് കൂടുതൽ സ്വാധീനം ഉറപ്പിക്കുന്നതിന്നും ഹിന്ദു ദേശീയതയുടെ ഐക്യഭാഷയായി അതിനെ രൂപപ്പെടുത്താനും പരിശ്രമിച്ചത് യു.പിയിലെ വരേണ്യ ഹൈന്ദവ ഭാഷാസ്നേഹിയും ബ്രാഹ്മണനും സരസ്വതി മാസികയുടെ പത്രാധിപരുമായിരുന്ന മഹാവീർ പ്രസാദ് ദ്വിവേദിയായിരുന്നു. ഹിന്ദി ഗദ്യസാഹിത്യത്തിന്റെ വളർച്ചക്ക് വഴിയൊരുക്കിയത് ദ്വിവേദിയുടെ പത്രപ്രവർത്തനമായിരുന്നു.

വ്യത്യസ്ത ശ്രേണിയിലുള്ള ഹൈന്ദവരായ നാഗരികരെ ഒരു സമൂഹമാക്കി ഏകോപിക്കുക എന്നതായിരുന്നു ഹിന്ദി പുനരുത്ഥാനം കൊണ്ട് ലക്ഷ്യമാക്കിയത്. ഈ നാഗരിക സമൂഹങ്ങളിൽ ബ്രാഹ്മണർക്കും കയസ്ഥർക്കുമായിരുന്നു മേധാവിത്വം. ഹിന്ദി ഗദ്യത്തിന് വികസിക്കാനായതും സ്ഥായിയായ ഒരു ഹിന്ദി ശൈലി രൂപം കൊളളുന്നതിനും സമുദായങ്ങളെ ഏകോപിപ്പിക്കുന്നതിനും ദ്വിവേദിയുടെ പ്രവർത്തനം സഹായകരമായിത്തീർന്നു. ഈ പ്രക്രിയയ്ക്ക് ആക്കം വർദ്ധിപ്പിക്കാൻ പുരാണേതിഹാസങ്ങളിൽ നിന്നുള്ള ബിംബങ്ങളെ അദ്ദേഹം ഉയർത്തികൊണ്ടുവന്നു.

ഹിന്ദി, ഹിന്ദു, ഹിന്ദുരാഷ്ട്രം
കേഷബ് ചന്ദ്രസെൻ

19ാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ ദേവനാഗിരിയും ഹിന്ദിയും പ്രചരിപ്പിക്കുക എന്നത് ആര്യസമാജവും ബ്രഹ്മസമാജവും തങ്ങളുടെ ദൗത്യമായേറ്റെടുത്തു. ദയാനന്ദ സരസ്വതിക്ക് ഹിന്ദിയുടെ സാധ്യതകളെക്കുറിച്ച് ധാരണ ഉണ്ടാക്കി കൊടുത്തത് തന്നെ ബ്രഹ്മസമാജ് നേതാവായ കേഷബ് ചന്ദ്രസെൻ ആയിരുന്നു. ഹിന്ദിയെ ഹൈന്ദവമത ഏകീകരണത്തിന് മാധ്യമമായി ഉപയോഗിക്കണമെന്ന ആശയം വ്യക്തതയോടുകൂടി ചന്ദ്രസെൻ മുന്നോട്ടുവെച്ചു. ഹിന്ദിയിൽ സംസ്കൃത പദങ്ങൾ കൂട്ടിച്ചേർത്ത് ഹിന്ദിയെ ആര്യസമാജ് ശൈലിയിൽ ആര്യഭാഷയായി രൂപപ്പെടുത്തുകയായിരുന്നു ഉദ്ദേശ്യം. അതിന്റെ സംസ്കൃതവത്ക്കരിച്ച രുപം വൈദിക ആശയങ്ങൾ പ്രചരിപ്പിക്കാൻ വലിയ രീതിയിൽ ഉപയോഗിച്ചു. ദേവനാഗിരി അക്ഷരമാല പ്രചരിപ്പിക്കുന്നതിനും അതിനെ ഔദ്യോഗിക കാര്യങ്ങൾക്ക് ഉപയോഗിക്കാനുമുള്ള പ്രവർത്തനങ്ങൾക്കും ആര്യ സമാജ് രംഗത്തെത്തി. അതു വരെ ഉറുദുവിലും പേർഷ്യനിലുമായിരുന്ന വിദ്യാഭ്യാസം ഹിന്ദിയിലാക്കാൻ ബ്രഹ്മസമാജ് സൂളുകൾ സ്ഥാപിച്ചു.

ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയുടെയും അലഹബാദ് യൂണിവേഴ്സിറ്റിയുടേയും സംസ്ഥാപനം ഹിന്ദി സാഹിത്യകാരന്മാരേയും വിമർശകരേയും ഒട്ടനവധി അധ്യാപകരെയും പടച്ചു വിട്ടു. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നത് തന്നെ യു.പി.യിലെ വൻകിട ഭൂപ്രഭു വർഗങ്ങളും ഫൂഡൽ പ്രമാണിമാരുമായിരുന്നു. 1837 മുതൽ കോടതിയിലേയും കച്ചേരിയിലേയും വ്യവഹാരങ്ങൾ ഉറുദു ഭാഷയിലായിരുന്നു നടന്നിരുന്നത്. ഇതിനെതിരെ ഹിന്ദിയെ അവരോധിക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിച്ചത് ബ്രഹ്മസമാജ് നേതാവായിരുന്ന ശങ്കർ ലാലിന്റെ നയങ്ങളായിരുന്നു. അതിന് വേണ്ടി അവർ നാഗരി പ്രചാരണ സഭക്ക് രൂപം കൊടുക്കുകയും സമരങ്ങൾ ആവിഷ്ക്കരിക്കുകയും ചെയ്തു.

ഹിന്ദി, ഹിന്ദു, ഹിന്ദുരാഷ്ട്രം
ആചാര്യ രാമചന്ദ്ര ശുക്ള

1901ൽ ഈ സമരം വിജയത്തിലെത്തുകയും കോടതിയിലും കച്ചേരിയിലും ഹിന്ദി ഭാഷ നടപ്പാക്കുകയും ചെയ്‌തു. ഉറുദു അക്ഷരമാല ബ്രാഹ്മണർക്ക് അത്രമേൽ അഹിതമായിരുന്നു. ഹിന്ദിയെ പാഠ്യപദ്ധതിയാക്കി തീർക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചത് ആചാര്യ രാമചന്ദ്ര ശുക്ളയായിരുന്നു. ഹിന്ദി ഉറുദു മിശ്ര പാരമ്പര്യത്തിൽപ്പെട്ട എല്ലാ കൃതികളേയും ശുക്ള തള്ളിക്കളഞ്ഞു. അദ്ദേഹം തയ്യാറാക്കിയ പാഠപുസ്തകൾ 1932 മുതൽ മധ്യേന്ത്യയിൽ പാഠപുസ്തകങ്ങളാക്കുകയുണ്ടായി. അതുവരെ പാഠപുസ്തകങ്ങൾ ഹിന്ദിയും ഉറുദുവും ചേർന്ന ഹിന്ദുസ്ഥാനിയിലായിരുന്നു. ഇത്തരം പ്രവർത്തനങ്ങളിലൂടെ ഹിന്ദി പാഠപുസ്തകങ്ങൾ ഹിന്ദു അസ്തിത്വത്തെ എങ്ങിനെ രൂപപ്പെടുത്തി എന്നതിനെ തെളിയിക്കുന്നതായിരുന്നു.

പുരാണങ്ങൾ, ഹൈന്ദവ മതാനുഷ്ഠാനങ്ങൾ തുടങ്ങി ശക്തമായ പ്രതിലോമാശയങ്ങളാണ് പാഠപുസ്തകങ്ങളിൽ കുത്തിനിറച്ചത്. ഇന്ത്യയുടെ സുവർണകാലത്തെക്കുറിച്ചുള്ള പരാമർശങ്ങൾ ഉടനീളം അതിൽ ആവിഷ്ക്കരിക്കപ്പെട്ടു. ഹിന്ദി ഹിന്ദുവിന്റെ ഭാഷയായി അതിന് മുൻപ് ഒരിക്കലും അടയാളപ്പെടുത്തിയിരുന്നില്ല. ഹിന്ദുവിനെ അഭിസംബോധചെയ്യുന്ന പാഠങ്ങൾ ഉൾപ്പെടുത്തിയ പുസ്തകങ്ങളിലാകട്ടെ മുസ്ലീംങ്ങളെക്കുറിച്ച് പരാമർശമേ ഉണ്ടായിരുന്നില്ല.

ഹിന്ദി, ഹിന്ദു, ഹിന്ദുരാഷ്ട്രം
അമിത് ഷാ

ഹിന്ദി പാഠപുസ്തകങ്ങൾ എങ്ങിനെ ഒരു പ്രത്യേക മത സാംസ്കാരിക വ്യക്തിത്വം രൂപപ്പെടുത്തിയെടുക്കാൻ സഹായിച്ചു എന്നുള്ളതിന്ന് ഇത് തെളിവ് നൽകുന്നുണ്ട്. ഹിന്ദി- ഉറുദു സങ്കലന ഭാഷയായ ഹിന്ദുസ്ഥാനി ഉപയോഗിക്കണമെന്ന ഗാന്ധിജിയുടെ അഭ്യർത്ഥനക്ക് പോലും പുല്ല് വിലയാണ് ഹൈന്ദവ വാദികൾ നൽകിയത്. ഒരർത്ഥത്തിൽ ജനങ്ങളെ മതാടിസ്ഥാനത്തിൽ വിഭജിക്കുക എന്നതായിരുന്നു ഹൈന്ദവ മേധാവികളുടെ ലക്ഷ്യം. സ്വാതന്ത്ര്യാനന്തരവും ഹിന്ദി പാഠ പുസ്തകങ്ങൾക്ക് വലിയ മാറ്റമൊന്നും സംഭവിക്കുകയുണ്ടായില്ല.

സംസ്കൃതത്തിന് മാത്രമേ രാഷ്ട്രഭാഷയാകാനുള്ള അർഹതയുള്ളൂ എന്ന് പറഞ്ഞത് ആർ.എസ്.എസ് തലവനായിരുന്ന ഗോവാൾക്കറാണ്. ഹിന്ദി ഒരു ആന്തരിക സംവിധാനം മാത്രമാണെന്നും അദ്ദേഹം പറയുകയുണ്ടായി. ഭാഷാ സംസ്ഥാനങ്ങളോടുള്ള ഹൈന്ദവ ശക്തികളുടെ എതിർപ്പ് സുവിദിതമാണ്. ഹിന്ദി വിരുദ്ധ പ്രസ്ഥാനങ്ങളെന്ന പേരിൽ അവയെ അടിച്ചമർത്താനാണ് ബ്രാഹ്മണിക്കൽ ഫാസിസ്റ്റ് ശക്തികളുടെ ശ്രമം.