in

ഭിന്നശേഷിക്കാര്‍ക്ക് തുടര്‍ പരിശീലനം ഉറപ്പാക്കാന്‍ വീട്ടില്‍ ഒരു വിദ്യാലയം

Differently Able
ലോക് ഡൌൺ  കാലത്ത് ഭിന്നശേഷിക്കാരായ കുട്ടികളുടെ തുടര്‍പരിശീലനം ഉറപ്പുവരുത്തുന്നതിനുവേണ്ടി സാമൂഹ്യ നീതി വകുപ്പും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മന:ശാസ്ത്ര വിഭാഗവും സംയുക്തമായി നടപ്പിലാക്കുന്ന സിഡിഎംആര്‍പി പദ്ധതിക്കുകിഴില്‍ വീട്ടില്‍ ഒരു വിദ്യാലയം എന്ന പേരില്‍ വ്യത്യസ്തമായ പരിശീലന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ബുദ്ധിവികാസത്തിന് വെല്ലുവിളികളുള്ള കുട്ടികളെ വീടുകളില്‍ പരിശീലനം നല്‍കാന്‍ സഹായിക്കുന്ന സഹായ ഉപകരണങ്ങളുടെ വിതരണം, രക്ഷിതാക്കള്‍ക്കുള്ള പരിശീലന മാര്‍ഗരേഖകള്‍, ടെലി റിഹാബിലിറ്റേഷന്‍, ഓണ്‍ലൈന്‍ ട്രെയിനിങ് പ്രോഗ്രാം മുതലായ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളാണ് വീട്ടില്‍ വിദ്യാലയം എന്ന പദ്ധതിയിലൂടെ നടപ്പിലാക്കി വരുന്നത്. ഭിന്നശേഷിക്കാരുടെ സമഗ്ര ഉന്നമനം ലക്ഷ്യമിട്ട് സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സി.ഡി.എം.ആര്‍.പി.ക്ക് അടുത്തിടെ ഐക്യരാഷ്ര്ട്ര സഭ ശാസ്ത്ര വിദ്യാഭ്യാസ സാംസ്‌കാരിക സംഘടനയുടെ യുനെസ്‌കോ ചെയര്‍ പദവി ലഭിച്ചിരുന്നതായും മന്ത്രി വ്യക്തമാക്കി.Differently Able

ഈ പദ്ധതിയുടെ ഭാഗമായി ബുദ്ധിപരമായ വെല്ലുവിളികളുള്ള കുട്ടികള്‍ക്ക് പഠന പരിശീലന പ്രവര്‍ത്തനങ്ങളും തെറാപ്പ്യൂട്ടിക് ഇടപെടലുകളും സുഖകരമാക്കാന്‍ വേണ്ടി എന്‍.ഐ.ഇ.പി.ഐ.ഡി. സിക്കന്ത്രാബാദിന്റെ സഹായത്തോടുകൂടി സിഡിഎംആര്‍പി മുഖേന ബുദ്ധിപരമായ വെല്ലുവിളികളുള്ളവര്‍ക്ക് സൗജന്യമായി ടീച്ചിംഗ് ലേണിംഗ് മെറ്റീരിയല്‍ അഥവാ ടിഎല്‍എം കിറ്റ് വിതരണം ചെയ്യുന്നു. ആദ്യഘട്ടത്തില്‍ അപേക്ഷിച്ച 1300 ബുദ്ധിപരമായ വെല്ലുവിളികളുള്ള കുട്ടികള്‍ക്ക് ഈ കിറ്റുകള്‍ വിതരണം ചെയ്യുവാന്‍ സജ്ജമായിരിക്കുന്നു.

കുട്ടികളുടെ പ്രായം, വെല്ലുവിളി അവസ്ഥ എന്നിവയ്ക്കനുസരിച്ച് തയ്യാറാക്കിയ നാലുതരം ടിഎല്‍എം കിറ്റുകളാണ് വിതരണത്തിന് തയ്യാറായിരിക്കുന്നത്. ഓരോ കിറ്റിലും ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് വീടുകളില്‍ നിന്ന് പരിശീലനം നല്‍കാന്‍ ആവശ്യമായ 22 ഓളം പഠന പരിശീലന സഹായ ഉപകരണങ്ങള്‍ ആണ് ഉള്ളത്. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക് കായികക്ഷമത, സംസാരഭാഷ, ശ്രദ്ധയും ഏകാഗ്രതയും, ആശയം വികസനം, ഫംഗ്ഷണല്‍ അക്കാദമിക്, പ്രായോഗിക സാമൂഹിക കഴിവുകള്‍, പ്രാഗ്മാറ്റിക് സോഷ്യല്‍ കഴിവുകള്‍ തുടങ്ങിയ വ്യത്യസ്ത കഴിവുകള്‍ വികസിപ്പിക്കാനാവശ്യമായ ഉപകരണങ്ങളാണ് ഓരോ കിറ്റിലും ഉള്ളത്. മുതിര്‍ന്ന കുട്ടികള്‍ക്കുള്ള കിറ്റില്‍ മൊബൈല്‍ ഫോണ്‍, കാല്‍ക്കുലേറ്റര്‍, വാച്ച് മുതലായവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതോടൊപ്പം രക്ഷിതാക്കള്‍ക്കായി തയ്യാറാക്കിയ പന്ത്രണ്ടോളം പരിശീലന മാര്‍ഗരേഖയും ഇതോടൊപ്പം നല്‍കുന്നു. കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നതിനു വേണ്ടി രക്ഷിതാക്കള്‍ക്കായി നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ വീഡിയോ ക്ലാസുകള്‍ സിഡിഎംആര്‍പി തെറാപ്പിസ്റ്റുകള്‍ തയ്യാറാക്കി നല്‍കും.

ലോക്ക്ഡൗണ്‍ കാലയളവില്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ പരിശീലനവും കരുതലും ഉറപ്പുവരുത്തുവാനായി റീഹാബിലിറ്റേഷന്‍ പ്രൊഫഷണലുകളെ ഏകോപിപ്പിച്ചുകൊണ്ട് കോഴിക്കോട് മലപ്പുറം കണ്ണൂര്‍ ജില്ലാ സാമൂഹ്യ നീതി വകുപ്പുകളുടെ നേതൃത്വത്തില്‍ സിഡിഎംആര്‍പി ടെലി റീഹാബിലിറ്റേഷന്‍ പരിപാടിയും നടപ്പിലാക്കി വരുന്നു. ടെലി റീഹാബിലിറ്റേഷന്‍ പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്ക് തെറാപ്പി പരിശീലന പ്രവര്‍ത്തനങ്ങള്‍ വീട്ടില്‍ തന്നെ നല്‍ക്കുന്നതിനാവശ്യമായ അടിസ്ഥാനപരമായ വിവിധ പരിശീലന മാര്‍ഗരേഖകളും കൂടാതെ ഹോം പ്രോഗ്രാമിന്റെ ഭാഗമായി ഭിന്നശേഷിക്കാരുടെ രക്ഷിതാക്കള്‍ക്കായി 50 ലേറെ പരിശീലന വീഡിയോകളും തയ്യാറാക്കി രക്ഷിതാക്കള്‍ക്ക് നല്‍കിവരുന്നു.

ഭിന്നശേഷി കുട്ടികളുടെ പരിചരണത്തിനായി സിഡിഎംആര്‍പി തയ്യാറാക്കിയ രക്ഷിതാക്കള്‍ക്കുള്ള മാര്‍ഗരേഖ യുനസ്‌കോ ഔദ്യോഗികമായി അംഗീകരിച്ച് ഏഴുഭാഷകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

Covid Treatment

സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്കും മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കി

KSUM

കൊവിഡ് പ്രതിരോധിക്കാന്‍ നൂതനാശയങ്ങളുമായി വിദ്യാര്‍ത്ഥികള്‍