Movie prime

ആകാശമാകുന്ന വീട്

 

വീട് ഒരു സര്‍വകലാശാലയാണ്. ഒരു വ്യക്തിയുടെ ജൈവികമായ വികാസപരിണാമങ്ങളില്‍ വീട് ചെലുത്തുന്ന സ്വാധീനം ഒരു ശില്പിയുടെയോ പരിശീലകനന്റെയോ സംഭാവനയ്ക്കു തുല്യമാണ്. അത്  വ്യക്തിത്വത്തില്‍ കൈവയ്ക്കാത്ത ഒരു ഇടവുമുണ്ടാവില്ല. വ്യക്തിയെ സംബന്ധിച്ചിത്തോളം വീടിന്റെ ഊഷ്മാവിനെ ഏതളവില്‍ പരിഗണിക്കുന്നു, സ്വീകരിക്കുന്നു എന്നത് നിര്‍ണ്ണായകമാണ്. അത് ആ വ്യക്തിയുടെ ആന്തരികവികാസത്തന്റെ തോതിനെ ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ വീട് പകരുന്ന ഊഷ്മാവ് ചിലര്‍ക്ക് അതിശീതവും മറ്റുചിലര്‍ക്ക് ഉഗ്രതാപവുമാകാം. തന്റെ വികാസ പരിണാമങ്ങള്‍ക്ക് വീടിന്റെ ഉഷ്മാവിനെ ഉപയോഗപ്പെടത്തുമ്പോള്‍ അതിനെ സ്വാഭാവിക വളര്‍ച്ചയ്ക്ക് അനുഗണമായ ഊഷ്മളതയായി തിരിച്ചറിയപ്പെട്ടാല്‍ അതൊരു അനുഗ്രഹമായി പരിവര്‍ത്തനം ചെയ്യപ്പെടുന്നു, അല്ലെങ്കല്‍ വീട് ഒരു തടവറയായി രൂപരിണാമം കൈവരിക്കുന്നു.

കനകരാഘവന്‍
കനകരാഘവന്‍

വീട് പകരുന്ന ഊഷ്മളതയുടെ തോത് അളക്കാനുള്ള ആന്യൂനശ്രമമായി തിരിച്ചറിയപ്പെടുന്നു # ഹോം എന്ന ചലച്ചിത്രം. ടോള്‍സ്റ്റോയ് 'അന്നാകരേനിന' തുടങ്ങുന്നത് 'സംതൃപ്തമായ എല്ലാ കുടുംബവും ഒരു പോലെയായിരുക്കും; എന്നാല്‍ അസംതൃപ്തമായ ഓരോ കുടുംബവും അതിന്റേതായ രീതിയില്‍ വ്യത്യസ്തമായിരിക്കും' എന്ന വരിയോടു കൂടിയാണ്. ഈ ചലച്ചിത്രത്തിലൂടെ കടന്നു പോകുമ്പോള്‍ ആ  വരികള്‍ ഓര്‍ത്തു പോകും.

ഒരു വീടിന്റെ ഹൃദയമിരിക്കുന്നത് ആരിലാണെന്നു നിര്‍വചക്കുക പ്രയാസം. അത് പരസ്പര പൂരകമാണ്. മതാപിതാക്കള്‍ക്കു മക്കളും മക്കള്‍ക്കു മാതാപിതാക്കളും ഭാര്യയ്ക്കു ഭര്‍ത്താവും ഭര്‍ത്താവിനു ഭാര്യയുമായിരിക്കും. വീട് ഒരേ സമയം ഒരാളും അതേസയം അനേകരുമാണ്. അതിലെ ഊഷ്മളതയുടെ ഉറവിടം എവിടെ നിന്നാണെന്നു പറയാനാവില്ല. അതു കസ്തൂരിമാനില്‍ നിന്നു വമിക്കുന്ന സുഗന്ധം പോലെയാണ്. മാന്‍ ഒരിക്കലും സുഗന്ധത്തിന്റെ ഉറവിടം തിരിച്ചറിയാറില്ലല്ലോ. ആ സുഗന്ധം # ഹോമില്‍ പ്രേക്ഷകനെ ചൂഴുന്നു. ഒടുവില്‍ അത് ഓരോരത്തരിലുമുണ്ടെന്ന തിരച്ചറിവ് സ്വാഭാവികമായി സംജാതമാകുകയും ചെയ്യുന്നു.

# ഹോമില്‍ ആദ്യ കസ്തൂരിമനായി തിച്ചറിയപ്പെടുന്നത് ഇന്ദ്രന്‍സ് അവതരിപ്പിക്കുന്ന ഒലിവര്‍ ട്വിസ്റ്റാണ്. തനിക്കുള്ളതില്‍ തൃപ്തിയും ആനന്ദവും കണ്ടെത്തുന്ന ഒരു ശുദ്ധമനസ്സിന്റെ ഉടമയായ സാത്വികന്‍. ശുചിത്വമാണ് അയാളുടെ പ്രധാനവൃത്തിയെന്നു തോന്നിപ്പോകും. പ്രായാധിക്യം തളര്‍ന്നിയ സ്വന്തം പിതാവിന്റെ മൂത്രപുരീഷങ്ങള്‍ തന്റെ വീടിന്റെ ശംശുദ്ധിയെ കെടുത്തരുതെന്ന് അയാള്‍ ഏറെ ആഗ്രഹിക്കുന്നുണ്ട്. ശുചീകരണ പ്രക്രിയയിലൂടെ അയാള്‍ തന്നെത്തന്നെയാണ് ശുദ്ധീകരിക്കുന്നതെന്ന് പ്രേക്ഷകര്‍ മനസ്സിലാക്കുന്നു.

ഒലിവര്‍ ട്വിസ്റ്റിന്റെ വിപരീത മനോനിലയാണ് അയാളുടെ മൂത്തമകന്‍ ആന്റണി. ശ്രീനാഥ് ഭാസിയാണ് ആ കഥാപാത്രത്തെ അവതിരിപ്പിക്കുന്നത്. അയാള്‍ ചലച്ചിത്ര സംവിധായകനാണ്. അടുത്ത പ്രോജക്ടിനു വേണ്ട കഥയുടെ ക്ലൈമാക്‌സിനുവേണ്ടി ഉഴലുകയാണ്. കഴിഞ്ഞ സിനിമ വിജയിച്ചതിന്റെ ഭാരം അയാളുടെ ചുമലില്‍ അധികമായുണ്ട്. ആ പ്രതിച്ഛായ കാത്തുസൂക്ഷിക്കേണ്ട തീവ്രയത്‌നത്തിലാണ് അയാള്‍. അതിനിടയില്‍ അയാള്‍ക്ക് തന്റെ കാമുകിയും പ്രതിശ്രുതവധുവുമായ പ്രിയയുമായി കലാപവും നടത്തേണ്ടതുണ്ട്. ഒടുവില്‍ ഒരു പരിഹാരമെന്ന നിലയില്‍ അയാള്‍ വീടിന്റെ സ്വാസ്ഥ്യത്തില്‍ എത്തിച്ചേരുകയാണ്. പക്ഷേ അവിടെ അയാള്‍ അഭിമുഖീകരിക്കുന്നത് തന്റെ അഹത്തെ തൃപ്തിപ്പെടുത്താത്ത അന്തരീക്ഷമാണ്. അയാള്‍ക്ക് വീട് ഒരു തടവറയായി  തോന്നിത്തുടങ്ങുന്നു. അറിഞ്ഞോ അറിയാതെയോ തന്റെ പ്രധാന പ്രതിയോഗിയായി അച്ഛനെ അവരോധിക്കുകയും ചെയ്യുന്നു.

കുടുംബാന്തരീക്ഷത്തിലെ അപശ്രുതികള്‍ തിരക്കഥാകൃത്തും സംവിധായകനുമായ റോജിന്‍ തോമസ്  രസകരമായി ചമയ്ച്ചു വയ്ക്കുന്നു, # ഹോമില്‍. ഒലിവറും കുട്ടിയമ്മയും ആന്റണിയും തമ്മിലുള്ള ആശയവിനിമയങ്ങളില്‍ അത് ആര്‍ജ്ജവത്തോടെ ആവിഷ്‌കരിക്കപ്പെടുന്നു. ആന്റണി ഒരേസമയം അച്ഛനെ തട്ടുകയും തലോടുകയും ചെയ്യുന്നുണ്ട്. പക്ഷേ ഒരു ചന്ദനത്തിരിയുടെ ചാരംപോലെ ലോലമനസ്‌കനായ ഒലിവറിനു മകന്റെ തിരസ്‌കാരം വലിയൊരു ആഘാതമാകുന്നു. അസ്തിത്വമില്ലാത്ത ഒരു വ്യക്തിത്വമായി അയാള്‍ തന്നെ സ്വയം നിരീക്ഷിക്കുന്നു. അതിനു പരിഹാരമായി, എഴുതിയാല്‍ കടലാസിന്റെ അരപ്പുറം പോലും നിറയാത്ത ശുഷ്‌കമായ ജീവിതപശ്ചാത്തലമുള്ള ഒലിവര്‍ ട്വിസ്റ്റ് തന്റെ കൗമാരകാലത്ത് ചെയ്ത ഒരു സത്കര്‍മ്മത്തിന്റെ അവതരണത്തിലൂടെ സ്വന്തം ജീവിതസ്ഥലിയുടെ വ്യാപ്തിയും ഗഹനതയും വ്യത്യസ്തതയും മകന്റെ മുന്നില്‍ വിപുലപ്പെടുത്തി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നു.

പക്ഷേ പ്രതീക്ഷയ്ക്കു വിപരീതമായി ഒലിവര്‍ യുക്തിയില്ലാത്ത കഥാകാരനായി മകന്റെ മുന്നില്‍ പരിണമിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ മകന്റെ അംഗീകാരം പിടച്ചു പറ്റാനുള്ള അയാളുടെ എല്ലാ യത്‌നവും പരാജയപ്പെടുന്നു. അത് ഒലിവറുടെ ഇളയ മകനുമായുള്ള ബന്ധത്തിലും നിഴലിക്കുന്നുണ്ട്. തലമുറകള്‍ തമ്മിലുള്ള വൈജ്ഞാനിക തലത്തിലുള്ള പൊരുത്തക്കേടായാണ് അത് പ്രകടമാകുന്നത്. മാറുന്ന കാലത്തിന്റെ പ്രതീകമായി ഇവിടെ ഉപയോഗപ്പെടുത്തിയിരിക്കുന്നത് സ്മാര്‍ട്ട് ഫോണാണ്. സാര്‍വജനീനമായ ഒരു ആശയവിനിമയ ഉപാധി എന്നതിലുപരി നവയുഗത്തിന്റെ പുത്തനറിവുകള്‍ ആവശ്യപ്പെടുന്ന ഉപകരണമാണത്.

മാത്രമല്ല വര്‍ത്തമാനകാല സമൂഹത്തില്‍ തലമുറകളെ തമ്മില്‍ കൃത്യമായി വേര്‍തിരിക്കുന്ന പ്രധാന ഘടകം കൂടിയാണ് സ്മാര്‍ട്ട് ഫോണ്‍. അതിന്റെ മുന്നില്‍ അത്ഭുതം കൂറി പകച്ചു നില്‍ക്കുന്ന പഴയതലമുറയ്ക്ക് അപര്‍ഷതാബോധത്തില്‍ നിന്ന് സ്വയം ഉദ്ധരിക്കാന്‍ പുത്തന്‍ തലമുറയുടെ ശിക്ഷണം കൂടിയേ തീരൂ. ഇത് കേവലം സാങ്കേതികജ്ഞാനത്തിന്റെ അഭാവം മാത്രമാണെന്ന തിരിച്ചറിവ് ഇവിടെ ഇരുകൂട്ടര്‍ക്കുമുണ്ടാകുന്നില്ല. തങ്ങളുടെ നിലനില്‍പ്പിനേല്‍ക്കുന്ന ആഘാതമായാണ് മുന്‍തലമുറ ഈ വിഷയത്തിലെ അജ്ഞതയെ കാണുന്നത്. ഒലിവറിനു സംഭവിക്കുന്നതും ഇതാണ്. എന്നാല്‍ തന്റെ അസ്തിത്വം സ്ഥാപിച്ചെടുക്കാന്‍ ഒലിവര്‍ നിശ്ചയിക്കുന്നതിലൂടെ അയാളുടെ കാഴ്ചയുടെ തലങ്ങള്‍ക്കു സാരമായ മാറ്റം സംഭവിക്കുന്നു.

പക്ഷേ അതു തുടക്കത്തില്‍ യുക്തിസഹമായോ സമഗ്രമായോ  ഓലിവറിനു വിനിമയം ചെയ്യാനാകുന്നില്ല എന്ന പരിമിതി നേരിടുന്നുണ്ട്. വീണുകിട്ടിയ വെളിച്ചം പങ്കുവച്ച് ആനന്ദിക്കാന്‍ ശ്രമിക്കുന്ന വേളകളിലും മറ്റുള്ളവരുടെ മുന്നില്‍ അയാള്‍ പരാജയപ്പെടുകയാണ് ചെയ്യുന്നത്. പക്ഷേ ഒലിവറിലെ പൂര്‍വാര്‍ജിതസംസ്‌കാരത്തിന്റെ പൊരുള്‍ കൈവെടിയാതിരിക്കുന്നിടത്താണ് ഒരു പൂര്‍ണ്ണ വിജയമായി അയാളെ മറ്റുള്ളവര്‍ തിരിച്ചറിയുന്നത്. വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയരുതെന്ന ബൈബിള്‍ വചനം തന്റെ ആത്മാവിന്റെ ഭാഗമായി ഉള്‍ക്കൊള്ളുന്ന വ്യക്തിത്വമാണ് അയാളുടേത്. തന്റെ സത്കര്‍മ്മം ഉചിതമായ വേദിയില്‍ പോലും പ്രഖ്യാപിക്കാനും അതിന്റെ കര്‍തൃത്വം അവകാശപ്പെടാനും ഒലിവറെ പ്രേരിപ്പിക്കാത്തത് ആ സംസ്‌കൃതിയാണ്. ആ വേളയില്‍ അയാള്‍ അനുഭവിച്ച ആനന്ദം മറ്റുള്ളവരിലേക്ക് പ്രസരിക്കുന്നത് ക്രമേണ പ്രേക്ഷകര്‍ക്കും അനുഭവവേദ്യമാകുന്നു. അത് ആന്റണിയുടെ അഹംബോധത്തെ പവീത്രീകരിക്കുന്നത് അയാള്‍ ഒലിവര്‍ ട്വിസ്റ്റിനു നല്‍കുന്ന ചുംബനത്തിലൂടെ പൂര്‍ത്തിയാകുന്നത് നാം അറിയുന്നു.

പ്രതിച്ഛായകളില്‍ ബന്ധിതമല്ലാത്ത ഒരു മനസ്സിന്റെ സ്വാതന്ത്ര്യമാണ് അവിടെ ആഘോഷിക്കപ്പെടുന്നത്. അപ്പോള്‍ കടന്നു വരുന്ന സംശുദ്ധമായ പ്രകാശം ആന്റണിയെ തന്നിലേക്കു തിരിഞ്ഞു നോക്കാന്‍ സഹായിക്കുന്നു. സ്വാവബോധവും സര്‍ഗ്ഗാത്മകതയും തമ്മില്‍ എത്രമാത്രം ഇഴുകിച്ചേര്‍ന്നു കിടക്കുന്നുവെന്നാണ് റോജിന്‍ തോമസ് ദൃശ്യങ്ങളിലൂടെയും വാക്കുകളിലൂടെയും വ്യക്തമായി അവതരിപ്പിക്കുന്നത്. പ്രതിച്ഛായയുടെ ബന്ധനമില്ലാത്ത മനസ്സുകളിലാണ് സര്‍ഗ്ഗാത്മകതയുടെ അനര്‍ഗളത കുടികൊള്ളുന്നതെന്നു ആന്റണിക്ക് തിരിച്ചറിവുണ്ടാകുന്നു. ഇവിടെ ഒലിവര്‍ട്വിസ്റ്റും ആന്റണിയും തുലനം ചെയ്യപ്പെടുകയാണ്. ഒലിവറിന്റെ നിസ്തുലത ബോധ്യമാകുമ്പോള്‍ അതിലൂടെ ആന്റണി തന്റെ പരിമിതികളെയാണു മനസ്സിലാക്കുന്നത്.

അത് പവിത്രമായ സംസ്‌കാരധാരയുടെ പ്രവാഹമാണ്. പ്രത്യക്ഷത്തില്‍ സ്വബോധമില്ലാത്ത മുത്തശ്ശനില്‍ നിന്ന് അച്ഛനിലൂടെ പകര്‍ന്നുകിട്ടിയ സംസ്‌കൃതിയുടെ  വെളിച്ചം. ആ തിരിച്ചറിവ് പരുവപ്പെട്ടു വളര്‍ന്ന് അറിവിന്റെ തലത്തിലെത്താന്‍ വീട് പകരുന്ന ജൈവികമായ ഊഷ്മളതയാണ് അരങ്ങൊരുക്കിയത്. ആ വേദിയില്‍ കൊണ്ടാടപ്പെടുന്നത് അന്യോന്യം അറിയുന്നതിന്റെ ആഘോഷമാണ്. അതു ജീവിതത്തെ നിര്‍മലവും ലളിതവും ഭാരരഹിതവുമാക്കുന്നു.

# ഹോമിലെ കഥാപാത്രങ്ങള്‍ ഓരോരുത്തരും തങ്ങളുടെ തലത്തില്‍ സമ്പൂര്‍ണ്ണരാണ് എന്ന വസ്തുത പ്രത്യേകം എടുത്തുപറയേണ്ടിരിക്കുന്നു. ഓരോരുത്തരും അവരുടെ ഇടം കണ്ടെത്താനുള്ള ശ്രമത്തിലാണ്. അതു കൊണ്ടുതന്നെ ഈ കഥയെ സംഘര്‍ഷഭരിതമാക്കാന്‍ ഒരു പ്രതിനായകനില്ല. ഓരോരുത്തരുടെയും  മനസ്സാണ് പ്രതിനായകസ്ഥാനത്ത് നില്‍ക്കുന്നത്. ഓരോ കഥാപാത്രവും യുദ്ധം ചെയ്യുന്നത് തന്നോടു തന്നെയാണ്.  ഗൃഹാന്തരീക്ഷം പകര്‍ന്നു നല്‍കുന്ന സ്‌നേഹത്തിന്റെ ഊഷ്മളത തന്നെയാണ് അത്തരം മാനസ്സിക പ്രതലം ഒരുക്കുന്നത്.

ഇന്ദ്രന്‍സ് തന്റെ അഭിനയത്തിന്റെ ഇടങ്ങളില്‍ സവിശേഷ സാന്നിദ്ധ്യമായി വീണ്ടും അടയാളപ്പെടുത്തുന്നത് നാം ഈ ചിത്രത്തില്‍ കാണുന്നു. എം. പി. സുകുമാരന്‍ നായരുടെ രാമാനത്തില്‍ ഇന്ദ്രന്‍സ് അവതരിപ്പിച്ച ശബ്ദം നഷ്ടപ്പെട്ടുപോകുന്ന ബാങ്കുവിളിക്കുന്ന 'മുഅദ്ദിന്‍' മനസ്സിനെ വേട്ടയാടുന്ന ദൃശ്യമായി  കടന്നുവരാറുണ്ട്. ഇവിടെ നിറവിന്റെ, തിച്ചറിയപ്പെട്ടതിന്റെ സ്വാകാര്യസുഖം പുഞ്ചിരിയായണിഞ്ഞ മുഖമാണ് പ്രക്ഷകനെ അനുധാവനം ചെയ്യുന്നത്. മഞ്ജുപിള്ളയുടെ കുട്ടിയമ്മയിലൂടെയുള്ള മാതൃസാന്നിദ്ധ്യം പുതിയ തലമുറയുമായി ആവലാതി പങ്കുവയ്ക്കുന്ന സംസ്കൃതചിത്തയായ അമ്മയാണ്.

ഈ ചിത്രത്തില്‍ ഓരോ കഥാപാത്രത്തിന്റെയും നിലപാട് വ്യക്തമാകുന്ന സുദീര്‍ഘമായ ഒരു സീനുണ്ട്. ആന്റണിയുടെയും അയാളുടെ പ്രതിശ്രുത വധു പ്രിയയുടെയും കുടുംബങ്ങള്‍ ഒത്തുചേരുന്ന രംഗമാണത്. അതിഥികളുടെ മുന്നില്‍ വച്ച് ഒലിവര്‍ പരസ്യമായി ഇകഴ്ത്തപ്പെടുന്ന സാഹചര്യത്തില്‍ കുടുംബത്തിന്റെ പ്രതിച്ഛായ സംരക്ഷിക്കാനല്ല തന്റെ ഭര്‍ത്താവിന്റെ അസ്തിത്വത്തിനു തുണയേകാനാണു യാതൊരുമടിയുമില്ലാത, അതിന്റെ വരുംവരായ്കകള്‍ പരിഗണിക്കാതെ കുട്ടിയമ്മ പ്രതികരിക്കുന്നത്.

ഒരു ഗൃഹനായികയുടെ സ്‌നേഹത്തിന്റെയും കരുതലിന്റെയും താപത്തില്‍ നിന്നുയരുന്ന പൊട്ടിത്തെറിയായി അതു മാറുമ്പോള്‍, അത് ഉന്നയിക്കുന്ന ചോദ്യങ്ങള്‍ പ്രസക്തമാണെന്നു തിരിച്ചറിയപ്പെടുന്നു. കുടുംബാന്തരീക്ഷത്തില്‍ കൈമോശം വരുന്ന അവശ്യം വേണ്ട മര്യാദകള്‍ തിരിച്ചുപിടിക്കാനുള്ള ശ്രമമാണത്. വളരെ ചാരുതയോടുകൂടിയാണ് മഞ്ജുപ്പിള്ള തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. കുടുംബന്ധങ്ങള്‍ക്കിടയില്‍ സ്‌നേഹത്തിന്റെ എണ്ണമയം പകരുന്ന വ്‌ളോഗറായ ചാള്‍സിനെ ശ്രദ്ധേയമാക്കിയിരിക്കുന്നു നസ്ലന്‍.

അടുത്തകാലത്തിറങ്ങിയ കുരുതി എന്ന ചിത്രത്തില്‍ ക്ഷുഭിതയൗവത്തിന്റെ വേറിട്ട തലം അവതരിപ്പിച്ചതിനെക്കാള്‍ മികവാര്‍ന്ന രീതിയിലാണ് # ഹോമിലെ കഥാപാത്രത്തെ ആവിഷ്കരിച്ചിരിക്കുന്നത്. തന്റെ സ്വാഭാവിക സാന്നിദ്ധ്യം കൊണ്ടു നിറവുപകര്‍ന്ന കഥാപാത്രമാണ് കൈനകരി തങ്കരാജിന്റെ അപ്പച്ചന്‍. ഈ.മ.യൗ. എന്ന ചലച്ചിത്രത്തിനുശേഷം  മറ്റൊരു മിഴിവാര്‍ന്ന കഥാപാത്രമാണ് ഈ ചലച്ചിത്രത്തിലെ ഓര്‍മ്മ നഷ്ടപ്പെട്ട ടൈപ്പിസ്റ്റ്.

തിരക്കഥയിലെ ഏകാഗ്രത, നീല്‍ ഡിക്കൂഞ്ഞയുടെ ഛായാഗ്രഹണത്തിന്റെയും രാഹുല്‍ സുബ്രഹ്മണ്യന്റെ സംഗീതത്തിന്റെയും മികവ് എന്നിവ ഹോമിനെ കൂടുതല്‍ പ്രിയതരമാക്കുന്ന ഘടകങ്ങളാണ്. കഥയുടെ ഏറിയപങ്കും സംഭവിക്കുന്ന ഓലിവര്‍ ട്വിസ്റ്റിന്റെ ഗൃഹാന്തരീക്ഷവും സവിശേഷതയാര്‍ന്നതാണ്. വീടിന്റെ വേറിട്ടതും പരിചിതമല്ലാത്തതുമായ ആന്തരിക രൂപഘടന കഥയുടെ വികാസപരിണാമങ്ങളെ സാര്‍വലൗകിക തലത്തിലേക്ക് ഉയര്‍ത്തുന്നു.