in

കാനഡയിലെ എയര്‍ലൈന്‍ സോഫ്റ്റ് വെയർ കമ്പനിയെ ഐബിഎസ് ഏറ്റെടുത്തു

തിരുവനന്തപുരം: വ്യോമയാന മേഖലയിലെ പ്രമുഖ സാങ്കേതികവിദ്യാ സ്ഥാപനമായ ഐബിഎസ് സോഫ്റ്റ് വെയർ കാനഡയിലെ ആഡ് ഓപ്റ്റ് എന്ന മുന്‍നിര എയര്‍ലൈന്‍ സോഫ്റ്റ് വെയർ കമ്പനിയെ ഏറ്റെടുത്തു.

ആഡ് ഓപ്റ്റിന്‍റെ ഉടമസ്ഥരായ ക്രോണോസ് ഇന്‍കോര്‍പറേറ്റഡ് എന്ന അമേരിക്കന്‍ ബഹുരാഷ്ട്ര മനുഷ്യശേഷി മാനേജ്മെന്‍റ് സോഫ്റ്റ് വെയർ സ്ഥാപനവുമായാണ് ഏറ്റെടുക്കലിനുള്ള കോടികള്‍ വില മതിക്കുന്ന കരാര്‍ ഐബിഎസ് ഒപ്പിട്ടത്.

ലോകത്തിലെ പ്രമുഖ വിമാനക്കമ്പനികളായ എയര്‍ കാനഡ, ഈസി ജെറ്റ്, എമിറേറ്റ്സ്, ഫെഡ്എക്സ്, ഗരുഡ, ലയണ്‍ എയര്‍, ക്വന്‍റാസ് തുടങ്ങിയവയുടെതടക്കം ക്രൂ മാനേജമെന്‍റ് സോഫ്റ്റ് വെയർ കൈകാര്യം ചെയ്യുന്നത് കാനഡയിലെ മോണ്‍ട്രോള്‍ ആസ്ഥാനമായ ആഡ് ഓപ്റ്റാണ്. മാസച്ചുസെറ്റ്സ് ആസ്ഥാനമാക്കി ആഗോളവ്യാപകമായി ആറായിരത്തോളം വിദഗ്ധരുമായി പ്രവര്‍ത്തിക്കുന്ന ക്രോണോസ് 2004-ലാണ് ആഡ് ഓപ്റ്റിനെ കൈവശപ്പെടുത്തിയത്. ഒരു സംഘം ഗണിതശാസ്ത്രജ്ഞരും ഓപ്പറേഷന്‍സ് റിസര്‍ച്ച് വിദഗ്ധരും ചേര്‍ന്ന് 1987-ല്‍ തുടങ്ങി പടിപടിയായി വളര്‍ന്ന് ആഡ് ഓപ്റ്റ് മുന്‍നിര ഏവിയേഷന്‍ സോഫ്റ്റ് വെയർ സ്ഥാപനമായി വളരുകയായിരുന്നു.

ഈ ഏറ്റെടുക്കലിലൂടെ ഐബിഎസിന്‍റെ നിരയില്‍ 20 വിമാനക്കമ്പനികള്‍ കൂടിയെത്തും. വടക്കെ അമേരിക്കയില്‍ ശക്തമായ സാന്നിധ്യമാണ് ഇത് നല്‍കുക. 25 വര്‍ഷത്തിലേറെ പ്രവര്‍ത്തന പരിചയമുള്ള വിദഗ്ധരടക്കം പ്രവര്‍ത്തിക്കുന്ന ആഡ് ഓപ്റ്റ് ടീമിന്‍റെ അനുഭവ പരിചയം ഐബിഎസിന് വ്യോമയാന സാങ്കേതികവിദ്യയില്‍ മികച്ച മുതല്‍ക്കൂട്ടാകും.

തിരുവനന്തപുരം ടെക്നോപാര്‍ക്ക് ആസ്ഥാനമായി തുടക്കമിട്ട് 21 വര്‍ഷം കൊണ്ട് മൂവായിരത്തോളം ജീവനക്കാരുള്ള ലോകോത്തര കമ്പനിയായി വളര്‍ന്ന ഐബിഎസിന്‍റെ ചരിത്രത്തിലെ ഏഴാമത്തെ ഏറ്റെടുക്കലാണിത്. അമേരിക്കയിലെ മൂന്നും യൂറോപ്പിലെ രണ്ടും കമ്പനികളെയും ഇന്ത്യയിലെ ഒരു കമ്പനിയെയും നേരത്തെ ഏറ്റെടുത്തിരുന്നു. ബ്രിട്ടീഷ് എയര്‍വെയ്സ്, കെഎല്‍എം, എമിറേറ്റ്സ് തുടങ്ങിയ വമ്പന്‍ വിമാനക്കമ്പനികളുടെ ഏവിയേഷന്‍ സോഫ്റ്റ് വെയർ കൈകാര്യം ചെയ്യുന്നത് ഐബിഎസ് ആണ്.

ഫ്ളൈറ്റ്-ക്രൂ മാനേജ്മെന്‍റ് മേഖലകളില്‍ കൂടി ആധിപത്യം സ്ഥാപിക്കാന്‍ ആഡ് ഓപ്റ്റ് ഏറ്റെടുക്കല്‍ ഐബിഎസിനെ സഹായിക്കും. ഇതോടെ ക്രൂ പ്ലാനിങ്, പെയറിങ്, റോസ്റ്ററിങ്, ഓപ്റ്റിമൈസിങ്, ട്രാക്കിങ് എന്നിങ്ങനെ വന്‍വിമാനക്കമ്പനികളുടെ ബൃഹത്തും സങ്കീര്‍ണവുമായ മുഴുവന്‍ പ്രവൃത്തികളും ഏറ്റെടുക്കാന്‍ ഐബിഎസിനു കഴിയും. ഏറ്റെടുക്കലിലൂടെ ആഡ് ഓപ്റ്റിന്‍റെ മോണ്‍ട്രോള്‍ ആസ്ഥാനത്തെ ഈ മേഖലയിലെ മികവിന്‍റെ കേന്ദ്രമായി ഐബിഎസ് വികസിപ്പിക്കും. ഫ്ളീറ്റ്-ക്രൂ മാനേജ്മെന്‍റില്‍ ലോകത്തിലെ ഏറ്റവും മികച്ച സോഫ്റ്റ് വെയർ സൃഷ്ടിക്കാനാണ് ഏറ്റെടുക്കലിലൂടെ ഐബിഎസ് ലക്ഷ്യമിടുന്നത്.

ഈയിടെയാണ് ഐബിഎസ് യുഎഇ-യിലെ ഇത്തിഹാദ് എയര്‍വെയ്സ്, ലോകത്തിലെ ഏറ്റവും വലിയ അഞ്ച് ചരക്ക് വിമാനക്കമ്പനികളിലൊന്നായ കൊറിയന്‍ എയര്‍, ലോകത്തിലെ ഏറ്റവും വലിയ എയര്‍ലൈന്‍ ഗ്രൂപ്പുകളിലൊന്നായ ചിലെയിലെ ലറ്റാം എയര്‍വെയ്സ് എന്നിവയുമായി സഹകരിക്കാനുള്ള കരാറിലേര്‍പ്പെട്ടത്.

വ്യോമയാന മേഖലയില്‍ തങ്ങളുടെ ശേഷി വര്‍ധിപ്പിക്കുന്ന തരത്തില്‍ നൂതന സാങ്കേതികവിദ്യാ സ്ഥാപനങ്ങളെ ഏറ്റെടുക്കുന്നത് ഐബിഎസി-ന്‍റെ നയത്തിന്‍റെ ഭാഗമാണെന്ന് എക്സിക്യൂട്ടിവ് ചെയര്‍മാന്‍ വി.കെ മാത്യൂസ് പറഞ്ഞു. ആഡ് ഓപ്റ്റ് നല്‍കുന്നത് മികച്ച ഉല്പന്നങ്ങളാണ്. രണ്ടു സ്ഥാപനങ്ങളും കൂടിച്ചേരുമ്പോള്‍ സര്‍വീസ് നടത്തുന്നതിലും ജീവനക്കാരുടെ ക്രമീകരണത്തിലും ഏറ്റവും ആധുനികവും സമ്പൂര്‍ണവുമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവയ്ക്കാന്‍ കഴിയുക. ഇതേ നയം പിന്തുടര്‍ന്ന് വ്യോമയാന മേഖലയില്‍ തങ്ങളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തി ഉപയോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

വ്യോമയാന മേഖലയില്‍ ചിരപ്രതിഷ്ഠ നേടിയ ഐബിഎസ് ആഡ് ഓപ്റ്റിനെ ഏറ്റെടുക്കുന്നതോടെ സാങ്കേതികവിദ്യയില്‍ വിപ്ലവാത്മകമായ കൂട്ടുകെട്ടാണ് സൃഷ്ടിക്കപ്പെടുന്നതെന്ന് ക്രോണോസ് ചീഫ് കസ്റ്റമര്‍ ആന്‍ഡ് സ്ട്രാറ്റജി ഓഫീസര്‍ ബോബ് ഹ്യൂഗ്സ് പറഞ്ഞു. ഇത് രണ്ടു സ്ഥാപനങ്ങളുടെയും ഉപയോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും പ്രയോജനപ്പെടുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

മേക്കര്‍ വില്ലേജ് ഉത്പന്നങ്ങള്‍ക്ക് ബ്രിട്ടനില്‍ അനന്ത സാധ്യതകള്‍

റൂം ഫോര്‍ റിവര്‍ പദ്ധതിയുടെ ഗുണവശങ്ങള്‍ കേരളത്തില്‍ നടപ്പാക്കും മുഖ്യമന്ത്രി